"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...
അഞ്ചു വയസ്സുള്ള എന്റെ മകൻ കാണിക്കുന്ന അസാമാന്യ ധൈര്യമാണ് ഈ കത്തെഴുതാനുള്ള കാരണം. ഞങ്ങൾ നാലാം നിലയിലുള്ള ഫ്ലാറ്റിലാണ് താമസം. കണ്ണുതെറ്റിയാൽ കുട്ടി പാരപ്പറ്റിൽ ഇറങ്ങിനിൽക്കും. അവന് ഉയരവും താഴ്ച്ചയുമൊന്നും പ്രശ്നമല്ല. വെറിപിടിച്ചപോലെ എന്ത് സാഹസത്തിനും തയ്യാറാണ്. വീണാലും കൈപൊള്ളിയാലുമൊന്നും അവനത് വിഷയമല്ല. തുടർന്നും അതെ പ്രവർത്തി തന്നെ ചെയ്യും. ഇതുമൂലം ഞങ്ങൾ വളരെ വിഷമത്തിലാണ്. അവനെ തനിച്ചാക്കി എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയാണ്.
വീടുവിചാരമില്ലായ്മ, ക്ഷമയില്ലായ്മ, നിയന്ത്രണമില്ലായ്മ, ആരെയും പേടിക്കാതിരിക്കുക ഇതെല്ലാം എഡിഎച്ച്ഡി ( ഹൈപ്പർ ആക്റ്റിവ്) അവസ്ഥയുടെ ലക്ഷണങ്ങളാണ്. ഇത്തരക്കാർക്ക് അപകട സൂചന നൽകാനുള്ള തലച്ചോറിന്റെ കഴിവ് വളരെ കുറവാണ്. എടുത്തുചാടി ഓരോ കാര്യങ്ങളിൽ പ്രവർത്തിക്കും. ആ സമയങ്ങളിൽ കുട്ടിക്ക് പേടിയോ മറ്റു ചിന്തകളോ ഒന്നും ഉണ്ടാവില്ല. സിവിയർ ഹൈപ്പർ ആക്റ്റിവ് ആയ കുട്ടികളാണ് ഇങ്ങനെ. അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിക്കില്ല. അതെ പ്രവർത്തി തന്നെ വീണ്ടും ആവർത്തിക്കും. ആഗ്രഹങ്ങൾ ഉണ്ടായാൽ ഉടൻതന്നെ അത് നേടിയെടുക്കണം എന്ന തോന്നലാണ് അപ്പോൾ. മറ്റുള്ളവർ ഭയപ്പെടുമ്പോൾ കുട്ടിക്ക് അതൊരു രസമാണ്. വീണ്ടും ചെയ്യാനുള്ള പ്രേരണ അവനിൽ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ വിലക്കുകൾക്ക് എതിരായി പ്രവർത്തിക്കാനുള്ള പ്രവണതയും ശക്തമായിരിക്കും. ഈ അവസ്ഥ പ്രകൃത വൈകല്യങ്ങളിൽ ഉൾപ്പെടും. ഏകദേശം 10 ശതമാനം കുട്ടികൾക്ക് ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
നാഡീ ദോഷങ്ങളാണ് പ്രധാന കാരണം. കുട്ടി സ്‌കൂളിൽ പെരുമാറ്റ ദോഷം വരുത്തുന്നുണ്ടെങ്കിലോ അതവന്റെ പഠനത്തെ ബാധിക്കുന്നുണ്ടെങ്കിലോ ചികിത്സ ആവശ്യമാണ്. രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സയുടെ കാലയളവ് തീരുമാനിക്കുക. ഇതേറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. കുട്ടിക്കാലത്തെ വികൃതിയായിട്ടു കണ്ടു തള്ളിക്കളയരുത്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത്തരക്കാർ വലുതാവുമ്പോൾ മറ്റെന്തെങ്കിലും ദുർശീലത്തിന് അടിമപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കും.