ചക്ക എരിശ്ശേരിയും മാമ്പഴക്കാളനും മാങ്ങാക്കറിയും കൂട്ടി വയറു നിറയെ ചോറുണ്ടു കഴിഞ്ഞ്, പായസ മധുരം കൂടി കഴിച്ചാ ൽ വിഷു പൊടിപൊടിക്കും. പഞ്ചസാര, ശർക്കര, തേൻ, പഴം, കൽക്കണ്ടം എന്നിങ്ങനെ പഞ്ചരസങ്ങളടങ്ങിയ ഒരു വെറൈറ്റി പായസം ആകട്ടെ ഇത്തവണ.
തിരുവനന്തപുരംകാർക്ക് ഈ പായസം നല്ല പരിചയമുണ്ടാകും. പണ്ട് ആറ്റുകാൽ പ്രദേശത്തെല്ലാം കരിമ്പു കൃഷി ഉണ്ടായിരുന്നതു കൊണ്ട് ശർക്കര ധാരാളമുണ്ടായിരുന്നത്രേ. മധുര മീനാക്ഷി ദേവി ക്ഷീണിച്ച് വന്ന് വിശ്രമിക്കാനിരുന്നപ്പോൾ, വിശപ്പു മാറ്റാനായി ആറ്റുകാൽ ഗ്രാമത്തിലുള്ളവർ വീട്ടിലുണ്ടായിരുന്ന ചേരു വകൾ വച്ച് പെട്ടെന്ന് ഉണ്ടാക്കികൊടുത്ത പാ യസമാണ് ഇതെന്നാണ് ഐതിഹ്യം. പഞ്ചാര പായസത്തിന്റെയോ ശർക്കര പായസത്തിന്റെയോ രുചിയല്ല ഈ പഞ്ചമധുര പായസത്തിന്. ഇതുവരെ അനുഭവിക്കാത്ത വേറിട്ടൊരു സ്വാദാണ്.
ഓട്ടുരുളിയിൽ തയാറാക്കി പാകമാകുമ്പോ ൾ തൊടിയിൽ നിന്ന് വെട്ടിയെടുത്ത തൂശനിലയിൽ ഒഴിച്ചു വയ്ക്കണം. തണുത്താൽ കഷണങ്ങളായി മുറിച്ചെടുക്കാം. പലതരം മധുരങ്ങളും പാലും നെയ്യുമെല്ലാം ചേരുന്നതുകൊണ്ടാകാം എത്ര കഴിച്ചാലും മടുക്കില്ല ഈ മധുരം.
ഞാൻ ഈ പായസം ഉണ്ടാക്കാൻ തയാറെടുക്കുന്നത് കണ്ടപ്പോൾ തന്നെ ഇളയ മകൻ റൂഷിൻ പറഞ്ഞേൽപിച്ചു. ‘അമ്മാ, എനിക്കിത്തിരി തരണം’ തൊണ്ടവേദനയും പനിയുമായി ആശുപത്രിവാസവും കഴിഞ്ഞു വന്നിട്ടേയുള്ളൂ. എന്തു കഴിക്കാനെടുത്താലും ‘തൊണ്ട വേദനയെടുക്കുന്നു, എനിക്കു വേണ്ട’ എന്നു പറഞ്ഞിരുന്ന ആളാണ്. ‘പായസ മണം’ കിട്ടിയപ്പോൾ അസുഖമൊക്കെ ഏതുവഴി പോയെന്നറിഞ്ഞില്ല. ശരിയാണ്, അത്ര രുചിയാണ് ഈ പഞ്ചമധുരത്തിന്.
ശർക്കര പാനിയാക്കാനോ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് പാലെടുക്കാനോ ഒന്നും സമയം കളയേണ്ട. വളരെ എളുപ്പത്തി ൽ തന്നെ തയാറാക്കാം ഈ രുചികൈനീട്ടം.
പഞ്ചമധുര പായസം
1. ചെമ്പ പച്ചരി - കാൽ കിലോ
2. പാൽ - അര ലിറ്റർ
3. ശർക്കര - കാൽ കിലോ
4. പഞ്ചസാര - കാൽകിലോ
5. തേങ്ങ - ഒരു മുറി, ചുരണ്ടിയത്
6. കശുവണ്ടി പരിപ്പ് - ഒരു പിടി
ഉണക്കമുന്തിരി - ഒരു പിടി
കൽക്കണ്ടം ചെറിയ കഷണങ്ങളാക്കിയത് - മൂന്ന് വലിയ സ്പൂൺ
7. നെയ്യ് - രണ്ടു വലിയ സ്പൂൺ
തേൻ - ഒരു വലിയ സ്പൂൺ
8. ഏലയ്ക്ക - അഞ്ച്, പൊടിച്ചത്
ചെറുപഴം - മൂന്ന്, അരിഞ്ഞത്

തയ്യാറാക്കുന്ന വിധം
1. ചേരുവകൾ തയാറാക്കി
വയ്ക്കുക.
2. അരി കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിക്കുക
3. മുക്കാൽ വേവാകുമ്പോൾ പാൽ ചേർത്തു തിളപ്പിക്കുക.
4. ഇതിലേക്ക് ശർക്കര പൊടിച്ചത്
ചേർക്കുക
5. പഞ്ചസാര ചേർക്കുക
6. തേങ്ങ ചുരണ്ടിയത് ചേർക്കുക
7. കശുവണ്ടിപരിപ്പും ഉണക്കമുന്തിരി യും കൽക്കണ്ടവും ചേർക്കുക..
8. നെയ്യും തേനും ചേർക്കുക
9. പഴം അരിഞ്ഞതും ഏലയ്ക്ക പൊടിച്ചതും ചേർത്ത് തിളപ്പിച്ച് കുറുകിയ പരുവമാകുമ്പോൾ വിളമ്പാം.