കാലവും മാറി വരുന്ന ട്രെൻഡുകളും മായ്ക്കാത്ത ചില കോസ്റ്റ്യൂം ഓർമ കൾ മലയാള സിനിമ സമ്മാനിച്ചിട്ടുണ്ട്. അതിൽ ആദ്യം വരുന്ന നടിയാണ് നദിയ മൊയ്തു. സ്ലീക് സൽവാർ കട്ട്, പ്രത്യേകതയുള്ള ദുപ്പട്ടാ ഡ്രേപിങ്, ടോപ് നോട്ട് ഹെയർസ്റ്റൈൽ അങ്ങനെ ശക്തമായ ഫാഷൻ സ്റ്റേറ്റ്മെന്റ് നമുക്ക് സമ്മാനിച്ച നടി. ഒരു വശത്ത് ഞൊറിഞ്ഞു കുത്തിയ ദുപ്പട്ട, മറുവശത്ത് രണ്ടു തുമ്പുകളും കെട്ടി ഷോൾഡറിൽ വച്ചാൽ നദിയ സ്റ്റൈലായി. മുടി ഉയർത്തി കെട്ടി, വലിയ കറുത്ത പൊട്ടു കുത്തിയ എത്രയോ സുന്ദരിമാരാണ് ആ കാലത്ത് ഡ്യൂപ്ലിക്കേറ്റ് നദിയമാരായി വിലസിയത്.
സ്വന്തമായ ഫാഷൻ സ്വാധീനവുമായി വന്ന് മനസ്സിൽ കയറിയത് ശോഭനയാണ്. എന്തിട്ടാലും അതിനൊരു ‘ശോഭന ടച്ച്’ ഉണ്ടാകും. കൂടു തലും ഇന്ത്യൻ വസ്ത്രങ്ങളാണ് ശോഭന പോപ്പുലറാക്കിയത്. മിറർ വർക്കും സിൽവർ ആഭരണങ്ങളും അവർ തന്ന എവർഗ്രീൻ ഫാഷൻ സ്റ്റേറ്റ്മെന്റാണ്. പഴ്സണാലിറ്റിയുടെ റിഫ്‌ളക്‌ഷനുകളാണ് പഴ്സണൽ സ്റ്റൈലായി ഈ നടിമാരിലൂടെ നമുക്ക് കിട്ടിയത്.
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ അമല ‘തലതെറിച്ച പെൺകുട്ടി’ ഇമേജുമായാണ് വന്നത്. വയർ ഭാഗത്ത് കെട്ടിട്ട ചെക് ഷർട്ടും ഹൈ വെയ്സ്റ്റ് ജീൻസും സ്കൂളുകളിലും ക്യാംപസുകളിലും എത്രയോ പെൺകുട്ടികളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഈ നടിമാരുടെ ആകർഷണീയതയ്ക്ക് കാരണം സ്വന്തം ശരീരമറിഞ്ഞുള്ള അവരുടെ സ്റ്റൈൽ സെൻസാണ്. പിന്നീട് വന്ന, ന്യൂ ജെനറേഷൻ നടിമാരിൽ സ്വന്തമായി ഫാഷൻ സ്റ്റേറ്റ്മെന്റുള്ള വ്യക്തിയാണ് റിമ കല്ലിങ്കൽ. ഏതു കോംസ്റ്റ്യൂമിലും മാറാത്ത റിമ സ്റ്റേറ്റ്മെന്റ് ഉണ്ടാകും. പാർവതിയും വളരെ എക്സ്പിരിമെന്റൽ, ബോൾഡ് സ്റ്റൈൽ സെൻസുള്ള പഴ്സണാലിറ്റിയാണ്.
സിനിമയിലെ ഫാഷൻ ട്രെൻഡുകൾ യുവതലമുറ അന്ധമായി അനുകരിക്കുകയല്ലേ?
സിനിമയിലെ വസ്ത്രങ്ങൾ കണ്ട് കണ്ണ് വിടരുമ്പോൾ, അത് നമ്മുടെ ശരീരത്തിനും നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനും യോജിച്ചവയാണോയെന്ന് നോക്കിയേ പറ്റൂ. ഇഷ്ടപ്പെട്ട കോസ്റ്റ്യൂം കഷ്ടപ്പെട്ട് സ്വന്തമാക്കി ഇടുമ്പോൾ, ‘ഈ കുട്ടിക്കിതെന്തു പറ്റി’യെന്നവണ്ണം ആളുകൾ നോ ക്കിയാൽ തീരില്ലേ കോൺഫിഡൻസ്? അതുകൊണ്ട് സിനിമയിൽ കണ്ട് ഇഷ്ടപ്പെട്ട എലമെന്റ് നമ്മുടെ ആവശ്യത്തിനും വ്യക്തിത്വത്തിനുമനുസരിച്ച് മാറ്റി അല്ലെങ്കിൽ മിക്സ് മാച് ചെയ്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കാം.
റെഡിമെയ്ഡ് മാർക്കറ്റിനെ സിനിമ സ്വാധീനിക്കുന്നുണ്ടോ?
നടിമാരുടെ പേരിലും സിനിമയുടെ പേരിലുമെല്ലാം എത്രയോ ട്രെൻഡുകൾ വിറ്റഴിയുന്നുണ്ട്. ‘ഹൗ ഓൾഡ് ആർ യു’ സിനിമയ്ക്കു ശേഷം മഞ്ജു വാരിയർ അണിഞ്ഞ സാരികൾ അതേ പേരിൽ തന്നെയാണ് മാർക്കറ്റിൽ വന്നത്. ‘പ്രേമം’ സ്റ്റൈൽ ബ്ലാക് ഷർട്ടും കറുത്ത കരയുള്ള മുണ്ടും ആൺകുട്ടികളുടെ ഇടയിൽ വൈറലായത് മറക്കാനാകുമോ? നിറങ്ങളും ഡിസൈനുകളും എല്ലാം സിനിമയിൽ നിന്ന് മാർക്കറ്റ് കോപ്പി ചെയ്യപ്പെടുന്നുണ്ട്.
മാറി വരുന്ന ട്രെൻഡുകളിൽ എപ്പോഴും ഒാർക്കേണ്ട കാര്യമെന്താണ്?
∙ഫാഷൻ ഒരു സൈക്കിൾ പോലെ ആവർത്തിച്ചു വരും. അതുകൊണ്ട് ഒൗട്ട് ഓഫ് ഫാഷനായെന്നു കരുതി വിലയേറിയ ആക്സസറീസോ ഈടു നിൽക്കുന്ന വസ്ത്രങ്ങളോ ഉപേക്ഷിക്കരുത്. ചുരിബോട്ടം, ലെഗിൻസ്, പഫ് സ്ലീവ് ഇവയെല്ലാം കറങ്ങിത്തിരിഞ്ഞ് കണ്ടംപററി സ്റ്റൈലിലേക്ക് വീണ്ടും വന്നിറങ്ങിയതാണ്. പലാസോ എന്ന പേരിൽ വീണ്ടും വന്നത് ബെൽബോട്ടമല്ലേ?.
∙ ഏറ്റവും വേഗത്തിൽ ട്രെൻഡ് മാറി മറിയുന്നത് സാരി ബ്ലൗസിന്റെ സ്ലീവിലാണ്. അതുകൊണ്ടു തന്നെ സ്ലീവ് മാത്രം അഴിച്ചുമാറ്റി ട്രെൻഡിയായതു ചേർത്താൽ ബ്ലൗസ് ഏറെക്കാലം ഉപയോഗിക്കാം.