എന്റെ പേര് സ്വാതി. സ്വന്തം നാട് ആന്ധ്രയാണ്. കഴിഞ്ഞ 14 കൊല്ലമായി കേര ളത്തിലാണ് താമസം. ‘എനിക്കൊന്നു നേരിൽ സംസാരിക്കണമെന്നുണ്ട്. അൽപസമയം അനുവദിക്കുമോ?’ തെലുങ്ക് കലർന്ന മലയാളത്തിലാണു ചോദ്യം. അവളുടെ സ്വരത്തിൽ എന്തോ ആകുലതയുടെ ഭാരമുണ്ട്. അടുത്ത ദിവസം തന്നെ കാണാമെന്നു ഞാനവളോടു പറഞ്ഞു. മെല്ലിച്ച ഇരുണ്ട നിറക്കാരി. അധികം ഉയരമില്ല, നീണ്ട മുടി. മുഖത്തു നിരാശയും പരിഭ്രമവും ആകാംക്ഷയും കൂടിച്ചേർന്ന ഭാവം.
‘സ്വാതി എങ്ങനെ കേരളത്തിലെത്തി?’
‘അതൊരു വലിയ കഥയാണ്. എനിക്കൊരു 12 വയസ്സൊക്കെയുളളപ്പഴാ... പാവപ്പെട്ടവരായിരുന്നു ഞങ്ങള്... ഒരിക്കലും ഒരു സിനിമയ്ക്കോ ഹോട്ടലിലോ ഒന്നും എന്നേം രണ്ടനിയന്മാരേം കൊണ്ടുപോയിട്ടില്ല... പക്ഷേ, ഒരു ദിവസം കേരളത്തിലേക്ക് യാത്ര പോകാമെന്നു പറഞ്ഞ് അപ്പായും അമ്മേം എന്നെയും കൊണ്ടുപോന്നു. അനിയന്മാരെ കൊണ്ടുപോന്നില്ല. എനിക്കു പുതിയ ഉടുപ്പൊക്കെ വാങ്ങി തന്നു. യാത്രയ്ക്കിടെ ഞാൻ വേണമെന്ന് പറഞ്ഞതൊക്കെ വാങ്ങിത്തന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് അവരങ്ങനെ ചെയ്യുന്നത്. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
അപ്പായ്ക്കു കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല, കാശുമില്ല. എന്നിട്ടും എന്തിനാണ് ഒരു യാത്രയ്ക്കു പുറപ്പെട്ടതെന്നോ എനിക്കിഷ്ടപ്പെട്ടതെല്ലാം അന്നു വാങ്ങിച്ചു തന്നത് എന്തിനാണെന്നോ എനിക്കിറിയില്ല... അമ്മായും അപ്പായും വർത്തമാനം പറഞ്ഞിരിക്കുന്നതു കണ്ടിട്ടാണ് ഞാനിടയ്ക്കൊന്നു മയങ്ങിപ്പോയത്. ഉറക്കമുണർന്നപ്പോ അവർ രണ്ടുപേരും എന്റെയടുത്തില്ല. ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്ന എന്നെ റയിൽവേ പൊലീസ് കൂട്ടിക്കൊണ്ടുപോയി...
ഞാൻ പറഞ്ഞ വിവരങ്ങൾ അനുസരിച്ച് പൊലീസ് അന്വേഷിച്ചു. അപ്പായും അമ്മയും നാട്ടിൽ എത്തിയിട്ടില്ല. ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും എന്നെ കൂട്ടിക്കൊണ്ടു പോകാൻ ആരും വന്നില്ല. അന്നു മുതൽ പല അനാഥാലയങ്ങളിലും അഭയ കേന്ദ്രങ്ങളിലുമാണ് ഞാൻ വളർന്നത്. 18 വയസ്സു തികഞ്ഞപ്പോൾ ജോലി ചെയ്യാൻ തുടങ്ങി. പല ജോലികൾ ചെയ്തെങ്കിലും കൂലിയായി കിട്ടിയത് ശകാരവാക്കുകളും പൊള്ളുന്ന വേദനകളുമായിരുന്നു. പട്ടിയെ കെട്ടിയിടുന്ന തുടലിൽ എന്നെ പൂട്ടിയിട്ടവർ പോലുമുണ്ട്.
ഒടുവിൽ അനാഥാലയത്തിൽ താമസിച്ചു പഠിച്ച സ്കൂളിലെ ഒരു ടീച്ചറിന്റെ അടുത്തെത്തി. ടീച്ചറിനെന്നോട് ഒത്തിരി സ്നേഹമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ടീച്ചറിന്റെ ഭർത്താവ് എന്നെ ശല്യപ്പെടുത്താൻ തുടങ്ങി. ഒരു രാത്രി അയാളെന്നെ ഉപദ്രവിക്കാൻ വന്നപ്പം ഞാൻ കറിക്കത്തിക്കൊണ്ടയാളെ വെട്ടി. പിന്നെ, കേസും പൊലീസും ആകെ കുഴപ്പമായി. ഒരു വിധത്തിലാണ് അതിൽ നിന്നൊക്കെ തലയൂരിയത്.’ ഇത്രയും പറഞ്ഞു തീർത്തപ്പോൾ ഒരു ദീർഘനിശ്വാസം അവളിൽ നിന്ന് ഉയർന്നു.
‘കേസിന്റെ നാളുകളിൽ കോടതിമുറ്റത്തു വച്ചു പരിചയപ്പെട്ട ഒരാളുമായി ഞാൻ അടുപ്പത്തിലായി. അയാളുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിൽ വച്ചാ കല്യാണം നടന്നത്. കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഞങ്ങൾ ഹണിമൂൺ ട്രിപ്പിനു പോയി. ട്രിപ്പെന്നു കേട്ടപ്പോൾ എനിക്കു പേടിയായിരുന്നു... പണ്ട് അ മ്മായുടെയും അപ്പായുടെയും കൂടെയുള്ള ആ യാത്രയുടെ ഓർമയായിരുന്നു ഉള്ളിൽ. അയാൾ നിർബന്ധിച്ച് പറഞ്ഞിട്ടാ ഞാൻ പുറപ്പെട്ടത്. പക്ഷേ, എന്നെക്കൊണ്ടുപോയത് ഒരു കെണിയിലേക്കായിരുന്നു. അവർ നാലഞ്ചാണുങ്ങൾ ഉണ്ടായിരുന്നു. അവരെന്നെ എന്തൊക്കെയോ ചെയ്തു, ചെയ്യിച്ചു. പാതി ജീവനോടെ അവിടെനിന്നു രക്ഷപ്പെട്ടു’ ഇതു പറയുമ്പോൾ അവൾ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അൽപനേരം മുഖം പൊത്തി അവൾ മിണ്ടാതെയിരുന്നു. പിന്നെ, സംസാരിച്ചു തുടങ്ങി.
‘അതോടെ ഞാനൊരു കാര്യം നിശ്ചയിച്ചു. ദുരിതപ്പെടാൻ മാത്രമായിട്ട് ഞാനിനി ജീവിക്കുന്നില്ല. ആത്മഹത്യയാണ് ഒരേയൊരു വഴി. ചാകാൻ വേണ്ടി കുറേ ഗുളികയൊക്കെ വാങ്ങി റെയിൽവേ സ്റ്റേഷനിലോട്ടു പോകുമ്പഴാ ടൗൺ ഹാളിനു മുൻപിൽ വച്ച് മാഡത്തിന്റെ പ്രസംഗം കേട്ടത്. ‘എത്ര തോറ്റുപോയാലും ഏതു നിമിഷവും നമുക്കു നമ്മളെ വിജയിപ്പിക്കാൻ പറ്റും. എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടാലും നമുക്കു രക്ഷപ്പെടാൻ ഒരു വാതിൽ തുറന്നു കിടപ്പുണ്ടാകും’ ആ പ്രസംഗം കേട്ടപ്പോൾ മുതൽ മനസ്സിലൊരു പ്രതീക്ഷ. എനിക്കു രക്ഷപ്പെടാനും ഒരു വാതിൽ തുറന്നു കിടപ്പുണ്ടാകുമോയെന്ന്... അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം മാറ്റിവച്ചു. ’
അവളൊരു നിമിഷം നിർത്തി. പിന്നെ, പിടയുന്ന ആകാംക്ഷയോടെ എന്റെ മുഖത്തുറ്റു നോക്കിക്കൊണ്ടു ചോദിച്ചു. ‘സത്യമാണോ അന്നു പ്രസംഗിച്ചത്? അതോ വെറുതേ... ഭംഗിവാക്കു പറഞ്ഞതാണോ’ അവളുടെ നിറയുന്ന കണ്ണുകളും നിഷ്കളങ്കമായ ചോദ്യവും എന്റെ ഉള്ളുലച്ചു. ഞാൻ സ്വാതിയുടെ രണ്ടു കൈകളിലും പിടിച്ചു.
‘മോളേ, നീയും ഞാനും ഇവിടെ നിൽക്കുന്നു എന്നതുപോലെ സത്യമാണ്, നമുക്ക് ഏതു ദുരിതത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴി തുറന്നു കിടപ്പുണ്ടാകും.’
അഞ്ചു വർഷങ്ങൾക്കുശേഷം വിജയകരമായി നടക്കുന്ന ഒരു കൊച്ചു വസ്ത്ര നിർമാണശാലയുടെ ഉടമയാണ് സ്വാതി. ചെറിയ രീതിയിൽ ഉടുപ്പുകൾ തുന്നിക്കൊടുത്ത്, മൂന്നു പെൺകുട്ടികൾക്കു തൊഴിൽ നൽകി അവൾ വരുമാനമുണ്ടാക്കുന്നു. അന്ന് പ്രസംഗത്തിൽ ഞാൻ പറഞ്ഞത് പ്രവർത്തിയായി തെളിയിച്ചു കാണിച്ചു സ്വാതി. അതേ, സത്യമാണ്. ഏതു നിമിഷവും നമുക്ക് നമ്മളെ വിജയിപ്പിക്കാൻ കഴിയും.