നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ട് പത്തു വർഷമായെങ്കിലും സോനം കപൂറിന്റെ മാസ്മരിക സൗന്ദര്യം തെല്ലും കുറഞ്ഞിട്ടില്ല. 80 കിലോയിൽ നിന്നാണ് സോനം ഇന്നു കാണുന്ന സൈസ് സീറോ പെൺകുട്ടിയായത്. കഠിനമായ ഡയറ്റിങ്ങിന്റെ ഫലമാണ് ഇന്നത്തെ സുന്ദരരൂപം. തടിച്ചവർ മെലിയുമ്പോൾ സ്കിൻ സാധാരണ ലൂസാകും. പക്ഷേ, അതൊക്കെ ശ്രദ്ധിച്ച് ആരോഗ്യപൂർണമായ ഡയറ്റ് ആണ് സോനം പിൻതുടർന്നത്. സാലഡ് മാത്രമേ കഴിക്കുകയുള്ളു. നിത്യവും 11 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കും.
വളരെ സ്വീറ്റായ പെൺകുട്ടിയാണ് സോനം. സോനത്തിനെ ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനാണ്. സാരി, സൽവാർ തുടങ്ങിയ ട്രഡീഷനൽ വേഷങ്ങൾ ചേരുന്ന ഒരു പെൺകുട്ടിയല്ല സോനം. മോഡേൺ വെസ്റ്റേണ്‍ ഔട്ട്ഫിറ്റാണ് ഇണങ്ങുക. ആദ്യ നോട്ടത്തിൽ തന്നെ സോനത്തിന്റെ മുടി ആരേയും ആകർഷിക്കും. പക്ഷേ, സോനത്തിന് ഏറ്റവും ഇഷ്ടം അവളുടെ കണ്ണുകളാണ്. കറുത്ത കണ്ണുകളാണ് ഫേവറിറ്റ്. എത്‌നിക് മേക്കപ്പിനേക്കാൾ വെസ്റ്റേൺ മേക്കപ്പിനാണ് എപ്പോഴും പ്രാധാന്യം നൽകുക. അങ്ങനെയാണ് ഗ്രാഫിക് മേക്കപ്പുകൾ സോനത്തിന് പരീക്ഷിക്കുന്നത്. പിങ്കും ഓറഞ്ചും ലിപ്സ്റ്റിക്ക് പോലെ തന്നെ ലൈറ്റ് ഷേയ്ഡിലുള്ള ഗ്ലോസി നിറങ്ങളും സോനത്തിന് നന്നായി ഇണങ്ങും.

ഗ്രാഫിക് ലൈൻ
കണ്ണുകളുടെ വലുപ്പം കൂട്ടാനും കുറയ്ക്കാനുമുള്ള മാജിക്കാണ് ഗ്രാഫിക് ലൈൻ. സ്റ്റേജ് ഷോകൾക്കും ഫോട്ടോ ഷൂട്ടിനുമെല്ലാം കണ്ണുകളിൽ ഗ്രാഫിക് ലൈൻ ചെയ്യുന്നത് കൂടുതൽ ആകർഷണീയമാക്കും. കാഷ്വലായിട്ടുള്ള ഉപയോഗത്തിന് ഗ്രാഫിക് ലൈൻ ചേരില്ലെങ്കിലും ചെറിയ രീതിയിൽ ചെയ്താൽ വ്യത്യസ്ത ലുക്ക് സ്വന്തമാക്കാം, കറുപ്പും നീലയും നിറത്തിൽ ഗ്രാഫിക് ലൈനുകൾ നൽകാം. തുടക്കത്തിൽ സാധാരണ രീതിയിൽ എഴുതി അറ്റത്തേക്ക് വരുമ്പോൾ ചതുരാകൃതിയിൽ വരയ്ക്കുന്നതാണ് ഗ്രാഫിക് ലൈൻ രീതി. വലിയ കണ്ണുകളാണെങ്കിൽ അറ്റത്ത് കട്ടി കുറച്ച് ചതുരാകൃതിയാക്കാം. ചെറിയ കണ്ണുകൾ വലുതാക്കി തോന്നിക്കാൻ അൽപം കട്ടി കൂട്ടി അഗ്രങ്ങൾ വരക്കാം. ഗ്രാഫിക് കണ്ണുകൾ നൽകുമ്പോൾ ഡാർക് ഷെയ്ഡിലുള്ള ലിപ്സ്റ്റിക്ക് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
കണ്ണുകളുടെ അറ്റങ്ങളിൽ ചതുരാകൃതിയിലോ ട്രയാങ്കിൾ രൂപത്തിലോ വരച്ച് കട്ടിയായി നിറം നൽകിയാൽ ഗ്രാഫിക് ലൈൻ കണ്ണുകൾ സ്വന്തമാക്കാം. ഔട്ടർലൈൻ വരച്ചതിനു ശേഷം വേണം ഉൾവശങ്ങളിൽ നിറം നൽകാൻ. പെൻ പോലെയുള്ള ഐലൈനർ ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ വരയ്ക്കാം. ഈ ലൈനറിലെ ജെൽ കാജൽ എളുപ്പത്തിൽ ഉണങ്ങാനും സഹായിക്കുന്നു. കറുപ്പും നീലയും നിറങ്ങളും ഉപയോഗിക്കാം. മസ്കാരയും ഐഷാഡോയും നൽകിയ ശേഷം വേണം ഇത്തരം ലൈനർ ഉപയോഗിക്കാൻ. ഒരു തവണ വരച്ചു കഴിഞ്ഞാൽ അത് മാറ്റുന്നത് അഭംഗിക്ക് കാരണമാകുമെന്ന് പ്രത്യേകം ഓർക്കുക.