Tuesday 22 June 2021 04:26 PM IST

‘സെറീന ഗേളിയായി അഭിനയിക്കുകയായിരുന്നില്ല, പെരുമാറുകയായിരുന്നു’; ഗേളിയുടെ പിറവിക്കു പിന്നിലെ കഥ ഓര്‍ത്തെടുത്ത് ഫാസിൽ

V.G. Nakul

Sub- Editor

fazil554bbnhfd

നെഞ്ചിൽ സങ്കടങ്ങളുടെ കടലൊളിപ്പിച്ച് അവൾ തനിക്കു ചുറ്റുമുള്ളവർക്ക് സന്തോഷം പകർന്നു. മരണത്തിനും ജീവിതത്തിനും മധ്യേയുള്ള നൂൽപ്പാലത്തിലൂടെ നടക്കുമ്പോഴും തന്നെ സ്നേഹിക്കുന്നവരുടെ, താന്‍ സ്നേഹിക്കുന്നവരുടെ ജീവിതത്തിന് പ്രതീക്ഷയുടെ വെളിച്ചം പകർ‌ന്നു. ഒരു ദിവസം അവൾ പോയി. മടങ്ങിവരുമെന്നുറപ്പില്ലാത്ത യാത്ര. പക്ഷേ, അവളുെട മുത്തശ്ശി കുഞ്ഞൂഞ്ഞമ്മയും കൂട്ടുകാരന്‍ ശ്രീകുമാറും കുട്ടിക്കൂട്ടവുമൊക്കെ പ്രതീക്ഷയോടെ, പ്രാർഥനയോടെ കാത്തിരുന്നു. പ്രേക്ഷകരും കണ്ണീരോെട മനസ്സില്‍ പറഞ്ഞു, ‘അവൾ വരും, അവൾക്ക് വരാതിരിക്കാനാകില്ല... ’

അവൾ ഗേളി മാത്യു. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എ ന്ന എവർഗ്രീൻ ഹിറ്റിലൂടെ ഫാസില്‍ മലയാളികൾക്ക് സമ്മാനിച്ച നൊമ്പരപ്പൂവ്. നദിയ മൊയ്തു എന്ന അനുഗ്രഹീത അഭിനേത്രിയുടെ ആദ്യ കഥാപാത്രം...

‘‘ധാരാളം സിനിമകൾ കണ്ടിരുന്ന കാലമാണ്. അതിൽ  ഏതോ ഒരു ടെലിഫിലിമിലെ അമ്മ–മകൾ ബന്ധം എന്നെ ആഴത്തിൽ തൊട്ടു. അതിൽ നിന്നു കുറച്ചു കൂടി വ്യത്യസ്തമായി ഒരു അമ്മൂമ്മ–ചെറുമക ൾ ബന്ധം സിനിമയാക്കി അവതരിപ്പിച്ചാൽ കൊള്ളാം എന്നു തോന്നി. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലേക്കെത്തിയത് അങ്ങനെയാണ്.’’ 35 വര്‍ഷം മുന്‍പുള്ള സിനിമാഒാര്‍മകളിലൂെട ഫാസില്‍ സഞ്ചരിച്ചു. ഗേളിയുടെ പിറവിക്കു പിന്നിലെ കഥ തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ ഒാര്‍ത്തെടുക്കുകയാണ്. ‘‘േനാക്കെത്താദൂരത്തില്‍ അമ്മൂമ്മ–ചെറുമകൾ ബന്ധമാണ് ജീവനാഡിയെങ്കിലും അതിൽ അമ്മ–മകൾ ബന്ധം കൂടിയുണ്ടെന്നതാണ് മറ്റൊരു കൗതുകം’’

പുതുമുഖം എന്ന തീരുമാനം

ഒറ്റയ്ക്ക് താമസിക്കുന്ന അമ്മൂമ്മയെ തേടിയെത്തുന്ന കൊച്ചുമകള്‍ എന്നു ചിന്തിച്ചപ്പോൾ മനസ്സിൽ വന്നത്, വളരെ സ്മാർട്ടായ, ആക്ടീവായ ഒരു പെൺകുട്ടിയാകണം അതെന്നാണ്. അങ്ങനെ ഒരു നായികയെ അവതരിപ്പിക്കണം എന്ന ആഗ്രഹത്തോടെയാണ് ആ കഥയിലേക്കു കടന്നതും. ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് കഥ വികസിച്ചതെങ്കിലും, ഇപ്പോൾ ആലോചിക്കുമ്പോൾ എങ്ങനെയാണ് ഗേളി എന്ന പേര് നായി കയ്ക്ക് വന്നതെന്ന് എനിക്കൊരു പിടിയുമില്ല.

ഗേളി ആരാകണം എന്നു ചിന്തിച്ചപ്പോഴേ ഒരു പുതുമുഖമാകണം ആ വേഷത്തിലെത്തേണ്ടതെന്നു തീരുമാനിച്ചിരുന്നു. കണ്ടു പഴകിയ മുഖമാണെങ്കിൽ കഥാപാത്രത്തിന്റെ കൗതുകവും ഭംഗിയും പോകും.

ആ രീതിയിലുള്ള ഒരു കഥ മലയാളത്തിൽ വന്നിട്ടുണ്ടോ എ ന്നു പോലും  എനിക്കു സംശയമായിരുന്നു. പ്രധാന കഥാപാത്രമായി ഒരു പെണ്ണ്. അമ്മൂമ്മയുമായി കലഹം, ബഹളം, അടുപ്പം ഒക്കെയാണല്ലോ കഥാഗതി. മാത്രമല്ല, അവളുടെതു മാത്രമായ ഒരു വേദന മനസ്സിൽ ഒതുക്കി, അത് മറക്കാന്‍ സന്തോഷത്തിന്റെ മുഖംമൂടിയിട്ടു നടക്കുന്നവളുമാണ്. അതിനൊക്കെ യോജിക്കുന്ന ഒരു പുതിയ അഭിനേതാവിനെ കണ്ടെത്തുക എന്നത് ഏറെ വിഷമകരമായിരുന്നു.

പ്രതിഭയുള്ള മറ്റൊരുപാട് നായികമാരുണ്ടായിട്ടും അവരെയൊന്നും ‍ഞാൻ സമീപിച്ചിട്ടില്ല. ഉദാഹരണത്തിന് ഉർവശിയാണ് ഗേളിയാകുന്നതെങ്കിൽ ഗേളി ഉർവശിയായിപ്പോകും. ഗേളി എന്ന കഥാപാത്രം രണ്ടാമതേ വരൂ.

nokk44dfggg

എം.ടി അന്നു പറഞ്ഞത്

എന്റെ രണ്ടു സഹോദരൻമാർ ദോഹയിലാണ്. അവരുടെ പൊതുസുഹൃത്താണ് മുംബൈ മലയാളിയായ മൊയ്തു. അദ്ദേഹത്തിന്‍റെ മകൾ സെറീന ഒരു കല്യാണപ്പാർട്ടിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ കണ്ടപ്പോൾ എനിക്കു തോന്നി, ഈ കുട്ടിയെ ഒന്നു നേരിട്ടു കണ്ടാലോ എന്ന്. ഞാൻ തിരക്കിയപ്പോൾ അവർ മുംബൈയിൽ ചുനാഭട്ടിയിലാണ് താമസം.

ഞാൻ മുംെെബയിലേക്കു േപായി. മൊയ്തുവാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ വന്നത്. സെറീന അപ്പോള്‍ സെക്കൻഡ് ഇയർ ഡിഗ്രിക്ക് പഠിക്കുകയാണ്. ഞാന്‍ െചല്ലുമ്പോള്‍ കോളജിൽ നിന്നു വന്നിട്ടില്ല. ഞാൻ കാത്തിരുന്നു. അതൊരു നീണ്ട കാത്തിരിപ്പായിരുന്നു. കുറച്ചു ചിത്രങ്ങളെടുക്കണമെന്ന ഉദ്ദേശത്തോടെ ഞാനൊരു ചെറിയ ക്യാമറയും കയ്യിൽ കരുതിയിരുന്നു.

കാത്തിരിപ്പിനൊടുവിൽ സെറി കോളജിൽ നിന്നെത്തി. ആ നിമിഷം എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. സെറി കയറി വരുമ്പോേഴ എനിക്കു തോന്നാന്‍ തുടങ്ങി, ‘ഈ കയറി വരുന്നത് ഗേളിയാണെന്ന്.’ ഗേളി എന്റെ ചുറ്റും നടക്കുകയാണ്, ഗേളി എന്നോടു സംസാരിക്കുകയാണ് എന്നൊക്കെ വളരെ ആ ഴത്തിൽ തോന്നിക്കൊണ്ടിരുന്നു. ഗേളിക്ക് ഇതിനപ്പുറം ഒരാളില്ല എന്ന് ആ നിമിഷം ഞാനുറപ്പിച്ചു.

ഞാൻ സെറീനയുടെ കുറേ എക്സ്പ്രഷൻസ് ക്യാമറയില്‍ പകർത്തി. വളരെ എക്സ്പ്രസീവായിട്ടുള്ള മുഖവും കണ്ണുകളും. ഞാന്‍ പറഞ്ഞ കഥ വളരെ താൽപര്യത്തേെട സെറി കേട്ടിരുന്നു.

ഞാൻ തിരിച്ചു കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ എം.ടി വാസുദേവൻ നായർ സാര്‍ മദ്രാസിലേക്കോ മറ്റോ പോകാന്‍ അവിടെയുണ്ടായിരുന്നു. ഞാനദ്ദേഹത്തോട് പലതും സംസാരിച്ച കൂട്ടത്തിൽ ഇതും പറഞ്ഞു. സെറീനയുടെ ഫോട്ടോയും കാണിച്ചു. ഫോട്ടോ കണ്ട് അദ്ദേഹം ആദ്യം പറഞ്ഞത് ‘വെരി എക്സ്പ്രസീവ് ഐസ്’ എന്നാണ്. ആ കഥാപാത്രത്തിനു വേണ്ടി ആകെ കണ്ടതും പരിഗണിച്ചതും ആ കുട്ടിയെ മാത്രമാണ്.

കൂളിങ് ഗ്ലാസും വച്ചുള്ള ആ വരവ്

ഷൂട്ടിങ്ങിന് സെറീനയും അമ്മയും കൂടി വന്നപ്പോൾ വിളിക്കാന്‍ എയർപോർട്ടിലേക്ക് ഞാനും  പോയി. അവിെടയും എനിക്കു തോന്നി, ‘അമ്മയോടൊപ്പം ഫ്ലൈറ്റ് ഇറങ്ങി വരുന്നത് സെറീനയല്ല, ഗേളിയാണ്’ എന്ന്. ഒരു കൂളിങ് ഗ്ലാസും വച്ചാണ് െസറീന വന്നത്. സിനിമയിലും ഒരു കൂളിങ് ഗ്ലാസ് സീക്വൻസുണ്ടല്ലോ. ഒക്കെക്കൂടി എല്ലാം എന്റെ മനസ്സിനിണങ്ങും പോലെ സംഭവിക്കുകയായിരുന്നു.

ഷൂട്ടിങ് സമയത്ത് എനിക്കൊന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. സെറി പെരുമാറിയത് ഗേളിയായാണ്. ഗേളി ഇത്രകാലമായിട്ടും നിലനിൽക്കുന്നതിന്റെ  കാരണം, സെറി ഗേളിയായി അഭിനയിക്കുകയായിരുന്നില്ല, പെരുമാറുകയായിരുന്നു എന്നതാണ്. അഭിനയവും പെരുമാറ്റവും തമ്മിലുള്ള വ്യത്യാസം അ താണ്. പിന്നീട് സ്ക്രീനിൽ കണ്ടപ്പോഴും ഞാൻ പ്രതീക്ഷിച്ചതിലും മുകളിലായിരുന്നു ആ കഥാപാത്രത്തിന്റെ കരുത്ത്.

റുമേനിയയുെട ജിംനാസ്റ്റിക് താരം നദിയ കൊമേനച്ചി കത്തി നില്‍ക്കുന്ന കാലമാണ്. പത്രങ്ങള്‍ നിറയെ അവരുടെ പടവും വാര്‍ത്തകളും. അപ്പോൾ എന്റെ സഹോദരനാണു ചോദിച്ചത് ‘ആ പേരിലെ നദിയ എടുത്ത് സെറീനയ്ക്ക്  കൊടുത്താലോ’ എന്ന്. എനിക്കും തോന്നി അതു കൊള്ളാമെന്ന്. സെറീന മൊയ്തു എന്നതിനേക്കാള്‍ ഗംഭീരമായിരിക്കും നദിയ മൊയ്തു. തികച്ചും വ്യത്യസ്തം. അങ്ങനെ സെറീന മൊയ്തു, നദിയ മൊയ്തു ആയി.

nokkrre455

ഗേളിക്ക് മാതൃകകളില്ല

പൂർണമായും നായികാ കേന്ദ്രീകൃത സിനിമയാണ് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’. എെന്‍റ ആദ്യ സിനിമയായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതല്‍ അങ്ങനെയൊരു പരീക്ഷണ സ്വഭാവമുണ്ട്. ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യിൽ ബേബി ശാലിനിയുടെ മാജിക് വിജയിച്ചതോടെയാണ് പുതുമ തേടി അമ്മൂമ്മ–ചെറുമകൾ കഥയിലേക്കെത്തിയതെന്നും പറയാം.

ഒരു മാജിക് ഉള്ള സ്ത്രീയാണ് ഗേളി. ഉള്ളിൽ സങ്കടക്കടലൊളിപ്പിച്ച് പുറമേക്ക് ചിരിച്ച് കളിച്ച് മറ്റുള്ളവരുടെ സ ന്തോഷങ്ങളെ സൃഷ്ടിക്കുന്നവൾ. ആ കഥാപാത്രത്തെ ഒരുക്കുമ്പോൾ എനിക്ക് യഥാർഥ വ്യക്തികളുടെ മാതൃകകളുണ്ടായിരുന്നില്ല. നമ്മളറിയാതെ നമ്മളെക്കൊണ്ടെഴുതിക്കുന്ന കഥാപാത്രങ്ങൾ എന്നു പറയില്ലേ, അങ്ങനെ ഞാൻ പോലുമറിയാതെ സ്വയം ഉരുത്തിരിഞ്ഞു വന്ന കഥാപാത്രമാണ് ഗേളി. അങ്ങനെയായിരിക്കണം ഇങ്ങനെയായിരിക്കണം എന്നിങ്ങനെ, കഥയ്ക്കൊപ്പം അവളും എന്നില്‍ വളരുകയായിരുന്നു. അ തു കൊണ്ടാണ് ആ കഥാപാത്രം ഇപ്പോഴും ക്ലാസിക് ആയി നിലനിൽക്കുന്നത്.

അക്കാലത്ത് നവാഗതയായിരുന്ന ഭാഗ്യലക്ഷ്മിയാണ് ഗേളിക്ക് ശബ്ദം നൽകിയത്. ഓരോ ഡയലോഗും പറഞ്ഞു കൊടുത്ത് ഡബ് ചെയ്യിക്കുകയായിരുന്നു. ഗേളി എന്ന കഥാപാത്രത്തിന്റെ എലിവേഷനിൽ ഭാഗ്യലക്ഷ്മിക്കും ഒരു പ്രധാന പങ്കുണ്ട്. നദിയയ്ക്ക് ആ പടത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡും കിട്ടി.

1985 ഫെബ്രുവരിയിലാണ് ചിത്രം റിലീസായത്. ഇത്രയും പേർ കാത്തിരിക്കുമ്പോൾ ഗേളി തിരിച്ചു വരുക എന്നതാണല്ലോ കാവ്യനീതി. റിലീസിന് മുൻപ് സിനിമയുടെ ക്ലൈമാക്സ് എന്നെ വളരെയേറെ പേടിപ്പിച്ചിരുന്നു. ‘ഓപ്പറേഷൻ സക്സസ്’ എന്നൊരു വാക്കെങ്കിലും വേണ്ടതാണ്, എന്തെങ്കിലും കൂടി ഷൂട്ട് ചെയ്യണം എന്നു വിതരണക്കാർ ഉൾപ്പടെ പലരും പറ‍ഞ്ഞു. പക്ഷേ, ആ കോളിങ് ബെൽ തിരിച്ചു വയ്ക്കുന്നതില്‍ സിനിമ അവസാനിക്കുന്നത് ഒരു കവിത പോലെ എനിക്കു തോന്നി. ‘അവര്‍ കാത്തിരുന്നു. അവൾ എന്നെങ്കിലും വരുമെന്ന്’ എന്നാണ് ഒടുവിൽ എഴുതിക്കാണിച്ചത്. ഇപ്പോൾ ചിന്തിക്കുമ്പോൾ അതായിരുന്നു ആ സിനിമയുടെ സൗന്ദര്യം. പകരം ഓപ്പറേഷൻ തിയറ്ററും കുറച്ചു മാസങ്ങൾക്കു ശേഷം മുംബൈ എന്നുമൊക്കെ കാണിച്ചിരുന്നെങ്കിൽ എല്ലാ സൗന്ദര്യവും പോയേനെ.

ഒരിക്കലുമില്ല, രണ്ടാം ഭാഗം

നോക്കെത്താദൂരത്തിന്‍റെ രണ്ടാംഭാഗം കുറെയൊക്കെ ചിന്തിച്ചിരുന്നു. ‘ഗേളി തിരിച്ചു വരുമോ’ എന്ന് പലരും ചോദിച്ചപ്പോൾ, അവൾ തിരിച്ചു വരുന്നു, അപ്പോഴേക്കും അമ്മൂമ്മ പോയിരുന്നു, അവൾ ശ്രീകുമാറിനെയും തപ്പി നടക്കുന്നതൊക്കെയായി ആലോചിച്ച്, കുറേ കഴിഞ്ഞപ്പോൾ വിട്ടു. ഒരു പടം അതിന്റെ പരമാവധിയിൽ കൊടുത്താൽ അതിനപ്പുറത്തേക്ക് അതിന്റെ രണ്ടാം ഭാഗം വരാന്‍ വലിയ പ്രയാസമാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ടും മണിച്ചിത്രത്താഴുമൊക്കെ അതിന്റെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. അതിനപ്പുറം ഒരു ര ണ്ടാംഭാഗം ഉണ്ടാക്കുകയെന്നത് ഉള്ള പേര് പോകാൻ സാധ്യതയുള്ള പരിപാടിയാണ്.

അത്രത്തോളം ഗേളിയെ സ്േനഹം

‘‘ഗേളി ഇത്ര വലിയ കഥാപാത്രമാണെന്ന ധാരണ ഒട്ടുമില്ലാതെയാണ് ഞാൻ അഭിനയിച്ചത്. യഥാർഥ ജീവിതത്തിൽ എങ്ങനെയാണോ അങ്ങനെയാണ് ഗേളിയായി പെരുമാറിയത്. ഡ്രസ് പോലും ഞാനാണു തിരഞ്ഞെടുത്തത്.’’ വർഷങ്ങളിൽ തിളക്കം മങ്ങാത്ത ഓർമയുടെ കൈപിടിച്ച് നദിയ മൊയ്തു പറയുന്നു.

‘‘നീ എങ്ങനെയാണോ കോളജിൽ പോകുന്നത് അതു പോലെ കോസ്റ്റ്യൂം ഉപയോഗിച്ചോളൂ’ എന്നു ഫാസിൽ അങ്കിളും പറഞ്ഞു.

ആദ്യ ചിത്രത്തിൽ തന്നെ ഇങ്ങനെയൊരു കഥാപാത്രം. അതൊരു വലിയ ഭാഗ്യമാണ്. ഇപ്പോഴും മലയാളികൾക്ക് ഞാൻ ഗേളിയാണ്. അതിന് ഒരു ഗുണവും ദോഷവുമുണ്ട്. ഏത് അഭിനേതാക്കളും കൊതിക്കുന്ന അവസരം കിട്ടി എന്നതാണ് ഗുണം. നോക്കെത്താദൂരത്തിനു േശഷം പല മികച്ച വേഷങ്ങളും അവതരിപ്പിച്ചെങ്കിലും അതൊന്നും പ്രശസ്തിയിൽ ഗേളിയെ കടന്നു പോയില്ല എന്നതാണ് ദോഷം. പക്ഷേ, ആ ദോഷം എനിക്ക് പ്രശ്നമല്ല. അത്രത്തോളം ഞാൻ ഗേളിയെ സ്നേഹിക്കുന്നു.’’                                     

Tags:
  • Movies