Saturday 26 June 2021 02:25 PM IST : By Jacob Varghese Kunthara

മതിലിനരികിൽ നിരയായി വളർത്താം, പെട്ടെന്ന് വളർന്നു തണലേകും; കുറ‍ഞ്ഞ സ്ഥലത്തും പ്രൗഢിയുടെ പച്ചപ്പേകും അലങ്കാര മുളകൾ

jacobb5544ffgghkkk

സ്ഥലക്കുറവ്, മരങ്ങൾക്ക് വളരാൻബുദ്ധിമുട്ടുള്ള ആഴം കുറഞ്ഞ മണ്ണ്... ഇത്തരം പ്രശ്നങ്ങൾ ഉള്ള സ്ഥലത്ത് യോജിച്ച ചെടിയാണ് അലങ്കാര ഇലച്ചെടിയായ മുള. മതിലിനരികിൽ നിരയായി വളർത്താം. പെട്ടെന്ന് വളർന്നു തണലേകുമെന്ന പ്രത്യേകതയുമുണ്ട്. ലളിതമായ ശ്രദ്ധ മതി. പൂന്തോട്ടത്തിലെ പാറക്കൂട്ടത്തിനും കാസ്കെയ്ഡിനുമൊപ്പം കാടിന്റെ പ്രതീതി കിട്ടാൻ മുളംകൂട്ടം സഹായിക്കും.

പ്രകൃതിയുടെ ഈണം

മഞ്ഞ മുള, ബുദ്ധ ബാംബൂ, വേരിഗേറ്റഡ് ബാംബൂ, ഫേൺ ലീഫ് ബാംബൂ തുടങ്ങിയ ഇ നങ്ങൾക്കൊപ്പം ഗോൾഡൻ ബാംബൂ, പെയിന്റിങ് ബ്രഷ് ബാംബൂ, വൈറ്റ് ബാംബൂ, ബ്ലാക്ക് ബാംബൂ എന്നിവയും വിപണിയിലുണ്ട്. ലക്കി ബാംബൂ മുള ഇനമല്ല; ഡ്രസീന എന്ന അലങ്കാര ഇലച്ചെടിയുടെ വർഗത്തിലുള്ള ചെടിയാണ്.

ചെറിയ പൂന്തോട്ടത്തിൽ അത്ര ഉയരത്തിൽ വളരാത്ത മൾട്ടിപ്ലെക്സ് ബാംബൂ, വൈറ്റ് ബാംബൂ, ഫേൺ ലീഫ് ബാംബൂ, വേരിഗേറ്റഡ് ബാംബൂ ഇവ യോജിക്കും. വിസ്താരമുള്ളിടത്തേക്ക് ഉയരത്തിൽ വളരുകയും വലിയ കൂട്ടമാകുകയും ചെയ്യുന്ന ഇനങ്ങൾ യോജിക്കും. ഗോൾഡ ൻ ബാംബൂ, മഞ്ഞ മുള, ലാത്തി മുള, പച്ച മുള, ഇവ തിരഞ്ഞെടുക്കാം. ഉയരം കുറഞ്ഞ ജൈവവേലി ഒരുക്കാൻ ഫേൺ ലീഫ് ബാംബൂ, വേരിഗേറ്റഡ് ബാംബൂ,  മൾട്ടിപ്ലെക്സ് ബാംബൂ, വൈറ്റ് ബാംബൂ ഇവയാണ് യോജിച്ചത്. ഇവ കുറേക്കാലം വലിയ ചട്ടികളിലും പരിപാലിക്കാനാകും.

മുളയ്ക്ക് മണ്ണിനടിയിൽ, പടർന്നു വളരുന്ന കാണ്ഡം കൂടിയുണ്ട്. മുള വളരുന്നതിന് ഒന്ന് - രണ്ട് മീറ്റർ ചുറ്റളവിൽ മേൽമണ്ണിന് തൊട്ടു താഴെയായി വേരുപടലം ഉണ്ടാകും. ഇവിടെ ഒരു ചെടിയും വളരില്ല. മറ്റു ചെടികൾക്ക് ശല്യമാകാതിരിക്കാൻ മുള മണ്ണിൽ പ്രത്യേകം തയാറാക്കിയ പ്ലാന്റർ ബോക്സിനുള്ളിലാണ് വളർത്തേണ്ടത്. അല്ലെങ്കിൽ അധികമായി പുറത്തേക്കു വളരുന്ന പുതിയ നാമ്പുകൾ അപ്പപ്പോൾ നീക്കി വളർച്ച പിടിച്ചു നിർത്തണം.

ഏതു തരം മണ്ണിലും കാലാവസ്ഥയിലും വളരുന്ന മുള വേനൽക്കാലത്തു നന്നായി നന നൽകിയില്ലെങ്കിൽ ഇല പൊഴിയും. മഴക്കാലത്ത് സ മൃദ്ധമായി വളരും. മിക്ക ഇനങ്ങളും മുളംതണ്ട് നട്ടു വളർത്താം. ഒരു വർഷമെങ്കിലും വളർച്ചയായ തണ്ടാണ് വേണ്ടത്. രണ്ട് മുട്ടുകൾക്കിടയിൽ ഒന്നിൽ കൂടുതൽ മുട്ടുകളും അവയിൽ മുളപ്പുകളും ഉള്ള ഭാഗം മുറിക്കണം.

സങ്കര ഇനങ്ങൾ  മണ്ണിനടിയിലുള്ള കാണ്ഡഭാഗത്തോടെയുള്ള തണ്ടാണ് നടാൻ ഉപയോഗിക്കുക. പരമ്പരാഗത ഇനങ്ങളുടെ തണ്ട് നട്ടാൽ പെട്ടെന്ന് വളരും. സങ്കര ഇനങ്ങൾ മെല്ലെയേ വളരൂ. തളിർപ്പുകൾ വണ്ണം കുറഞ്ഞ ശിഖരങ്ങളാകും. പിന്നീട് മണ്ണിനടിയിൽ കാണ്ഡം ഉണ്ടായി കരുത്തും വണ്ണവുമുള്ള തണ്ടുകൾ വളർന്നു കൂട്ടമാകും.

സ്വഭാവമറിഞ്ഞ് നടാം

നിരയായോ കൂട്ടമായോ പരിപാലിക്കാൻ മുള ഇനത്തിന്റെ വളർച്ചാസ്വഭാവമനുസരിച്ചു നടണം. പെട്ടെന്ന് കൂട്ടമായി മാറുന്ന മഞ്ഞ മുള, പച്ച മുള,  ലാത്തി മുള,  ബുദ്ധ ബാംബൂ തുടങ്ങിയവ അഞ്ച് അടി അകലത്തിൽ നടാം. ഗോൾഡൻ ബാംബൂ, പെയിന്റിങ് ബ്രഷ് ബാംബൂ തുടങ്ങിയവ മൂന്ന് അടി അകലം നൽകിയാണ് നടേണ്ടത്. പുൽത്തകിടിയിൽ മുള നിൽക്കുന്ന ഭാഗത്തു പുല്ല് വളരില്ല. പകരം വെള്ളാരംകല്ല് വിരിക്കാം.  

Bamboo hedge along a wall in Southeast Asia

നാല്– അഞ്ച് മണിക്കൂർ വെയിൽ കിട്ടുന്നിടത്താണ് മുള നടേണ്ടത്. തണൽ അമിതമായാൽ ഇല കൊഴിഞ്ഞ് ചെടിയുടെ ഭംഗി കുറയും. ആ ദ്യ രണ്ടു വർഷം തണ്ട് പെട്ടെന്ന് വളരാനും കൂട്ടമാകാനും നന ഉപകരിക്കും. മിക്ക ഇനങ്ങളിലും മൂന്ന്– നാല് മാസം കൊണ്ട് മുളംതണ്ടിന്റെ വളർച്ച പൂർണമാകും. നാല് മുതൽ 40 വർഷം വരെയാണ് ഒരു തണ്ടിന്റെ ആയുസ്സ്. പൂവിടുന്ന തണ്ട് പിന്നീട് ഉണങ്ങി നശിക്കും. മൂപ്പെത്തി ക്ഷയിച്ച തണ്ടുകൾ നീക്കം ചെയ്യുന്നത് പുതിയ തണ്ടുകൾ വളരാനും അവയ്ക്ക് മുകളിലേക്ക് നിവർന്നു വളരാനുള്ള ഇടം ലഭിക്കാനും സഹായിക്കും.

 വല്ലപ്പോഴും മുളയുടെ ചുറ്റും ചാണകപ്പൊടി, ആട്ടിൻകാഷ്ടം തുടങ്ങിയ ജൈവവളങ്ങൾ ഇടാം. മുളയുടെ ചുവട്ടിൽ നിന്ന് ഒരു മീറ്റർ അകലെയാണ് ഈ ജൈവവളങ്ങൾ ഇടേണ്ടത്. ഗോൾഡൻ ബാംബൂ, ബ്ലാക് ബാംബൂ ഇവയെല്ലാം തണ്ട് വളരുന്നതിനനുസരിച്ചു നിറം മാറി കൂടുതൽ ആകർഷകമാകും. ഇവയുടെ വശങ്ങളിലേക്കുള്ള ശിഖരങ്ങൾ മുറിച്ചു നിർത്താം. ആവശ്യത്തിന് വളർച്ചയായാൽ തലപ്പ് നീക്കി ഉയരം ക്രമീകരിക്കാം.

നിരയായി നട്ടവ വെട്ടി നിർത്തിയാൽ തണ്ടിന്റെ വശങ്ങളിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകും. വേനൽക്കാലത്ത് കമ്പുകോതൽ ഒഴിവാക്കണം. ഇലകളുടെ പുറംഭാഗത്തു  സിലിക്ക കൊണ്ടുള്ള ആവരണമുള്ളതുകൊണ്ട് ഈ അലങ്കാര ഇലച്ചെടിക്ക് രോഗ-കീടങ്ങൾ കുറവാണെന്ന പ്രത്യേകതയുണ്ട്. 

പുൽത്തകിടി വാടിയാൽ

സ്റ്റെറാമീൽ അടിവളമായി നൽകി പുല്ല് നട്ടു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പുല്ല് ഉണങ്ങി. എന്താണ് പരിഹാരം?

എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടങ്ങിയ സ്റ്റെറാമീൽ അമിതമായി ചേർക്കുന്നത് ഒഴിവാക്കണം. ഇതിലെ ഘടകങ്ങൾ ചിതലിനെ ആകർഷിക്കും. പുല്ലിന്റെ വേരും മറ്റും ചിതൽ തിന്നു തീർത്തും പുല്ല് ഉണങ്ങും. സ്റ്റെറാമീൽ അടിവളമായി നൽകിയാൽ നന്നായി നനയ്ക്കണം. നട്ടശേഷം ചിതൽനാശിനി പ്രയോഗിക്കുന്നതും കുതിർത്ത വേപ്പിൻപിണ്ണാക്ക് വിതറുന്നതും ചിതലിനെ അകറ്റും. മിശ്രിതത്തിൽ നേരിയ അളവിൽ മാത്രം ഫാക്റ്റംഫോസ് പോലുള്ള രാസവളം ചേർത്താൽ മതിയാകും. ആറ്റുമണൽ മിശ്രിതത്തിൽ കലർത്തുന്നത് പുല്ല് പടർന്നു വളരാൻ നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ മുള വളരുന്നിടത്ത് അധിക സമയം വെള്ളം തങ്ങി നിന്നാൽ ഇല പൊഴിയും.

∙ മുളയുടെ കൊഴിയുന്ന ഇലകൾ പാഴാക്കിക്കളയാതെ കമ്പോസ്റ്റ് തയാറാക്കാം. പൊഴിയുന്ന ഇലകൾ ചുവട്ടിൽ വേനൽക്കാലത്തു പൊതയായി നൽകുന്നത് മണ്ണിൽ ഈർപം നിലനിർത്താൻ നല്ലതാണ്.

∙ മണ്ണിനടിയിലൂടെ പടർന്നു വളരുന്ന കാണ്ഡം ഉൾപ്പെടെ നീക്കിയാൽ മാത്രമേ മുളംകൂട്ടത്തിന്റെ വളർച്ച നിയന്ത്രിക്കാൻ സാധിക്കൂ.

How-to-Grow-Bamboo-22
Tags:
  • Columns