Friday 03 June 2022 02:42 PM IST : By Jacob Varghese Kunthara

ഇത്രയേറെ നിറങ്ങളുണ്ടോ ഭൂമിയിൽ എന്ന് തോന്നിപ്പോകും; പൂന്തോട്ടത്തിന് വർണഭംഗിയേകും കണ്ണാടിച്ചന്തമുള്ള കോളിയസ്, പരിപാലിക്കേണ്ട വിധം

jacob-gardddd667 Photo & Text: Jacob Varghese Kunthara, റിട്ടയേഡ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, കൊച്ചി

ഇത്രയേറെ നിറങ്ങളുണ്ടോ ഭൂമിയിൽ എന്ന് േതാന്നിപ്പിക്കും ചില പൂന്തോട്ടങ്ങൾ. പല നിറങ്ങളിലെ പൂക്കൾ മാത്രമല്ല,  ഇലച്ചെടികളും പൂന്തോട്ടത്തിന് വർണഭംഗിയേകും. കോളിയസ് എന്ന ഇലച്ചെടിയുണ്ടെങ്കിൽ ഏത് ഉദ്യാനത്തിനും നിറച്ചാർത്തേകാനാകും.

പല നിറങ്ങൾ വരച്ചിട്ടതു േപാലെയുള്ള ഇലകളാണ് കോളിയസിന്റെ പ്രത്യേകത. ഇളം ഇലകളിൽ പുതിയ നിറങ്ങളുമായി മാസം തോറും വർണ വിസ്മയം കാഴ്ചവയ്ക്കുന്ന ഈ ഇലച്ചെടിക്ക്  മലയാളികൾക്കിടയിൽ 'മാസം മാറി' ‘കണ്ണാടി ചെടി’ എന്നെല്ലാം ഓമനപ്പേരുകളുമുണ്ട്. കോളിയസ് പരിചരിക്കേണ്ട രീതിയെക്കുറിച്ച് അറിയാം.

കൂട്ടമായി വളർത്താം കോളിയസ്

മതിയായ വെയിൽ കിട്ടുന്നിടത്ത് കുറഞ്ഞ  സമയം കൊണ്ട് നിറക്കൂട്ട് പകരാൻ യോജിച്ച അലങ്കാരച്ചെടിയാണ് കോളിയസ്. വിത്തുവഴിയും ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) വഴിയും ഉൽപാദിപ്പിച്ചെടുത്ത അനേകായിരം ഇനങ്ങളിൽ കോളിയസ് ലഭിക്കും. ഇനിയും എത്രയോ പുതുപുത്തൻ വർണക്കൂട്ടിലെ ഇനങ്ങൾക്ക് വഴിയൊരുക്കാൻ കോളിയസിനു കഴിയും.

പരമ്പരാഗത ചെടികളിൽ  നിന്നു വ്യത്യസ്തമായി നവീന ഇനങ്ങളായ വിസാർഡ്, റെയിൻബോ, ബ്ലാക്ക് ഡ്രാഗൺ, ഫെയറി വെ, സൂപ്പർ ഫൈൻ, പ്രീമിയം സൺ എല്ലാം അധികം ഉയരം വയ്ക്കാത്തതും സ്വാഭാവികമായി നിറയെ ശാഖകൾ ഉൽപാദിപ്പിക്കുന്ന പ്രകൃതമുള്ളവയുമാണ്.

പ്ലാന്റർ ബെഡിലോ ചട്ടിയിലോ ഒരിനമോ പ ല ഇനങ്ങളോ മുഴുവനായി നിറഞ്ഞു നിൽക്കുന്ന വിധത്തിൽ, കൂട്ടമായി വളർത്തുമ്പോഴാണ് കൂടുതൽ ഭംഗി. നിലത്തു നടാനായി വെള്ളം അധികസമയം തങ്ങിനിൽക്കാത്ത പൂന്തോട്ടത്തിന്റെ ഇടങ്ങൾ തിരഞ്ഞെടുക്കുക. അധികനേരം വെള്ളം കെട്ടിനിന്നാൽ ചുവടുചീയൽ രോഗം വന്ന് ചെടി നശിച്ചുപോകും. ഉച്ചയ്ക്ക് ശേഷമുള്ള കടുത്ത വെയിൽ കിട്ടാത്ത ഇടങ്ങളിൽ  ഈ ഇലച്ചെടി ആകർഷകമായി വളരും. ചൂട് അധികമായാൽ ഇലകൾ വേഗത്തിൽ വാടികൊഴിയും.

തലപ്പ് ഉപയോഗിച്ച് കോളിയസ് അനായാസം വളർത്തിയെടുക്കാൻ കഴിയും. മുട്ടിനു തൊട്ടു താഴെ വച്ചു തലപ്പ് മുറിച്ചെടുക്കണം. മുറിച്ചെടുത്ത തലപ്പിന്റെ താഴെ ഭാഗത്തുള്ള ഇലകളുടെ ഞെട്ടു മാത്രം നിർത്തി ബാക്കി നീക്കം ചെയ്തശേഷം നടാൻ ഉപയോഗിക്കുക. സ്ഥിരമായി വളർത്താൻ ഉദ്ദേശിക്കുന്ന ചട്ടിയിലോ നിലത്തോ നേരിട്ട് നടാം. നഴ്സറി കവറിൽ നട്ടു വളർച്ചയായ ശേഷം മാറ്റി നടുകയും ചെയ്യാം.

പാത്രത്തിലെടുത്ത വെള്ളത്തിൽ മുറിച്ചെടുത്ത തലപ്പിന്റെ ചുവടുഭാഗം മാത്രം മുങ്ങുന്ന വിധം  ഇറക്കിവച്ചാൽ വേരുകൾ ഉണ്ടാകും. ഇതിനുശേഷം നടാം. ചുവന്ന മണ്ണും ചകിരിച്ചോറും വളമായി നന്നായി ഉണങ്ങിയ ചാണകപ്പൊടിയും അൽപം കുമ്മായവും കലർത്തിയ മിശ്രിതത്തിലാണ് കോളിയസ് നടേണ്ടത്. നഴ്സറി കവർ നിറയ്ക്കാനും ഇതേ മിശ്രിതം മതി. ചെടി നട്ടശേഷം മിശ്രിതത്തിൽ നേരിയ ഈർപ്പം നിൽക്കുന്ന വിധത്തിൽ ആവശ്യാനുസരണം നനയ്ക്കണം.

IMG_2475

വിപണിയിൽ ലഭിക്കുന്ന സങ്കര ഇനങ്ങളുടെ വിത്തും കോളിയസ് നട്ടുവളർത്താൻ ഉപയോഗിക്കാം. പരന്ന പാത്രത്തിൽ ചകിരിച്ചോറും ആറ്റുമണലും ഒരേ അളവിൽ കലർത്തി കുതിർത്ത മിശ്രിതത്തിൽ വിത്തു പാകാം. നേരിയ കനത്തിൽ മിശ്രിതത്തിനുമേൽ വിത്ത് വിതറിയ ശേഷം കൈ‌ കൊണ്ട് മൃദുവായി ഇവ മിശ്രിതവുമായി കലർത്തണം. സ്‌പ്രെയർ ഉപയോഗിച്ച് നന നൽകുക. ഒരാഴ്ചയ്ക്കുള്ളിൽ തൈകൾ ഉണ്ടാകും. ആവശ്യത്തിന് വളർച്ചയായാൽ മാറ്റി നടാം. വിത്തുവഴി ഉൽപാദിപ്പിച്ച ചെടികൾക്ക് കമ്പു മുറിച്ചു നട്ട ചെടികളേക്കാൾ കൂടുതൽ ശാഖകൾ ഉണ്ടാകും.

നിറത്തിന് നല്ലത് ജൈവവളങ്ങൾ

കാലാവസ്ഥ അനുസരിച്ചാണ് കോളിയസിനു നന നൽകേണ്ടത്. വേനൽക്കാലത്ത് ദിവസം ഒരു നേരം നനയ്ക്കണം. ചെടി വളർന്നു തുടങ്ങിയാൽ വളങ്ങൾ നൽകാം. ജൈവവളങ്ങളാണ് ഇലകൾക്ക് തിളക്കമുള്ള നിറം കിട്ടാൻ കൂടുതൽ യോജിച്ചത്. ചാണകപ്പൊടി കൂടാതെ സ്റ്റെറാ  മീൽ (sterameal), എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് ഇവ ജൈവവളമായി ഉപയോഗിക്കാം.

കോളിയസിൽ  കൂടുതൽ ശാഖകൾ ഉണ്ടായി തിങ്ങി നിറയാൻ കമ്പുകോതലിനുപകരം കൂമ്പ് നുള്ളുകയാണ് വേണ്ടത്. ചെടി വളർന്നു തുടങ്ങിയാൽ ആവശ്യാനുസരണം കൂമ്പ് നുള്ളി ഉയരം ക്രമീകരിക്കാം. ഇതുവഴി നിരവധി ശാഖകൾ വളർന്നു കൂടുതൽ ആകർഷകമാകും.

ഇലകളുടെ ഭംഗിക്കായി വളർത്തുന്ന ഈ ചെടി പൂവിടാൻ അനുവദിക്കരുത്. പൂമൊട്ടുകൾ നുള്ളി നീക്കം ചെയ്യണം. ഒരുവർഷത്തിലധികം വളർച്ചയായ ചെടി ചിലപ്പോൾ തണ്ടുകൾ കൂടുതൽ നീളം വച്ച്, ഇലകൾ കൊഴിഞ്ഞു കാണാൻ ഭംഗിയില്ലാതാവും. ഈ അവസ്ഥയിൽ തലപ്പ് മുറിച്ചെടുത്ത് നട്ട് പുതിയ ചെടികൾ വളർത്തിയെടുക്കണം.

വേനൽക്കാലത്ത് തണ്ടിലും ഇലയുടെ അടിഭാഗത്തും പഞ്ഞിപോലെ കാണപ്പെടുന്ന മീലിമൂട്ടയാണ് കോളിയസിനെ ബാധിക്കാനിടയുള്ള മുഖ്യകീടം. ഇവമൂലം ഇലകൾ കൊഴിയുകയും ചെടി പിന്നീട് നശിക്കുകയും ചെയ്യും.

ഒരു ലീറ്റർ വെള്ളത്തിൽ അഞ്ച് മില്ലി ജീവാണുകീടനാശിനിയായ ബെവേറിയ ചേർത്ത ലായനി മീലിമൂട്ടയെ അകറ്റാൻ ഫലപ്രദമാണ്. കൂടുതൽ ഗുണം കിട്ടാൻ ഈ കീടനാശിനി പ്രയോഗിക്കുന്നതിനു മുൻപ് ചെറിയ കഷണം ശർക്കര കൂടി െപാടിച്ച് ലായനിയിൽ കലർത്താം. നാലു ദിവസത്തിനുശേഷം ഒരിക്കൽക്കൂടി ഈ കീടനാശിനി ചെടി മുഴുവനായി തളിക്കണം. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം പെഗാസസ് കീടനാശിനി ചേർത്ത് ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

ടർട്ടിൽ വൈൻ

ടർട്ടിൽ വൈൻ നന്നായി വളരുന്നില്ല. എ ങ്ങനെയാണ് ഇവ പരിചരിക്കേണ്ടത്?

കല്ലീസിയ ജനുസ്സിൽപ്പെട്ട വള്ളിച്ചെടിയാണ് ടർട്ടിൽ വൈൻ. ഞാന്നു വളരുന്ന സ്വഭാവമുള്ള ഇവ തൂക്കുചട്ടികളിൽ വളർത്താം. കമ്പ് മുറിച്ചു നട്ടു വളർത്തിയെടുക്കുന്ന ടർട്ടിൽ വൈൻ നന്നായി വെള്ളം വാർന്നു പോകുന്ന, ആറ്റുമണൽ ചേർത്ത മിശ്രിതത്തിൽ നടാം. മിശ്രിതം നിറക്കുന്നതിന് മുൻപ് അടിയിൽ ഓടിന്റെ കഷണങ്ങൾ നിരത്തുന്നത് വെള്ളം തങ്ങി നിൽക്കുന്നത് ഒഴിവാക്കും. ഉച്ച കഴിഞ്ഞുള്ള കടുത്ത വെയിൽ കിട്ടാത്ത ഇടങ്ങളിലാണ് ഈ ചെടി പരിപാലിക്കേണ്ടത്. വെയിൽ അമിതമായാൽ ഇലകൾ കരിയും. കാലാവസ്ഥയനുസരിച്ച് രണ്ട് – മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം നനയ്ക്കുക. പൊടിച്ച ആട്ടിൻകാഷ്ടം, ചാണകപ്പൊടി ഇവ വളമായി നൽകാം. ചാണകം വെള്ളത്തിൽ പുളിപ്പിച്ചതിന്റെ തെളി നേർപ്പിച്ചതും നല്ല വളമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ വളർത്തുന്ന ഇടത്ത് തണൽ അമിതമായാൽ ഇലകളുടെ ആകർഷകമായ നിറം മാറി മങ്ങിയ പച്ചനിറം വന്ന് ചെടി ഭംഗിയില്ലാതാവും.

∙ നന്നായി പ്രായമെത്തി ഇലകൊഴിഞ്ഞ ചെടിയുടെ തലപ്പ് നടാൻ മുറിച്ചെടുത്തശേഷം ചുവടു ഭാഗം പറിച്ചു നീക്കം ചെയ്യണം.

∙ ഇലതീനി പുഴുക്കൾ ചെടിയെ ശല്യം ചെയ്യാറുണ്ട്. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം 'അഗാസ്' കീടനാശിനി ചേർത്ത് ഒന്നു - രണ്ട് തവണ തളിക്കണം.   

kollll6787
Tags:
  • Columns