Wednesday 04 December 2019 06:47 PM IST

‘ചെറിയ നേട്ടങ്ങൾ വലിയ ലക്ഷ്യത്തിലേക്കുള്ള ആരംഭം; തിരിച്ചറിഞ്ഞ് അതിനായി പരിശ്രമിക്കുക’

Dr. Divya S Iyer IAS

hard-work-quotesyguguh

വിജയദശമി ദിനത്തിൽ ഓരോ കുഞ്ഞിന്റെയും കൈപിടിച്ച് അരിയിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നെഴുതിക്കുമ്പോൾ മനസ്സ് നിറയെ പ്രാർഥന ആയിരുന്നു. അറിവിന്റെ വെളിച്ചത്തിന്റെ ഒരു പൊൻകിരണമാകട്ടെ ഈ ആദ്യാക്ഷരം. ആ പ്രഭയിൽ മുങ്ങിക്കുളിച്ച് അനശ്വരമായ ഒരു ജീവിതയാത്രയുടെ ശുഭാരംഭമാകട്ടെ ഈ നിമിഷം എന്ന്.

എന്തും നന്നായി ആരംഭിച്ചാൽ നന്നായി പര്യവസാനിക്കും എന്നാണല്ലോ വിശ്വാസം. സ്കൂളിൽ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്കു പോകുമ്പോൾ അമ്മ പറയും ‘‘നന്നായി ഉത്തരം അറിയാവുന്ന ചോദ്യം ശരിയായ നമ്പർ ഇട്ട് ആദ്യം എഴുതൂ’’ എന്ന്.  കാരണം, ആദ്യത്തെ ഉത്തരം നന്നായി എഴുതാൻ സാധിച്ചാൽ ബാക്കിയുള്ളവ കൂടുതൽ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കും. ചെറുപ്രായത്തിൽ പരീക്ഷയോടുള്ള ഭീതി മാറ്റാനുള്ള സൂത്രപ്പണികൂടിയാണ് ഇത്.  

പ്ലേറ്റോ തന്റെ പ്രശസ്ത ഗ്രന്ഥം ‘ദ റിപ്പബ്ളിക്കി’ൽ പറയുന്നു,  ‘ഒരു പ്രവൃത്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ ആരംഭമാണ്’.  ഒന്നോർത്താൽ ഇതു ശരിയാണ്.  ഒരു നല്ല സംഭാഷണത്തിൽ ആരംഭിക്കുന്ന ബന്ധം സൗഹൃദത്തിൽ കലാശിക്കുന്നതും നല്ല സീനുകൾ കൊണ്ട് തുടക്കം കുറിക്കുന്ന സിനിമ വൻ ഹിറ്റ് ആകുന്നതും നല്ല ഒാപണിങ് ബാറ്റ്സ്മാൻ ഉള്ള ടീം വിജയത്തിലേക്കു കുതിച്ചു പായുന്നതും... സമൂഹത്തിൽ മാറ്റത്തിന്റെ ശംഖനാദമുതിർത്ത ധീരന്മാരെല്ലാം ഒരു ആരംഭത്തിൽ സങ്കോചത്തെ സധൈര്യം കീഴടക്കിയവരാണ്.

വേറിട്ടു നിൽക്കുന്ന വിജയി

തോൽവിയെ അഭിമുഖീകരിച്ച ശേഷം വീണ്ടും ആരംഭിക്കാനുള്ള ധൈര്യം അതാണ് വിജയികളെ വേറിട്ടു നിർത്തുന്നത്. അങ്ങനെയുള്ള ഒരു കഥയാണ് ട്രാവിസ് കലനിക്ക്, ഗാരെറ്റ് കാംപ് എന്നീ സുഹൃത്തുക്കളുടേത്. ഇവരുടെ പേരുകൾ നമ്മൾ ഒരുപക്ഷേ, കേട്ടുകാണില്ല. എങ്കിലും ഇവർ ആരംഭിച്ച സംരംഭത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും – ഊബർ.  

കയ്യിലുള്ള സ്മാർട് ഫോണിലെ രണ്ടു ബട്ടൺ അമർത്തിയാൽ മതി, നിർദിഷ്ട സ്ഥലത്തേക്കുള്ള യാത്ര ആരംഭിക്കാം. കാറും ഓട്ടോയും എന്നു വേണ്ട ഇന്നു ഭക്ഷണം വരെ ഊബറിലൂടെ ഓർഡർ ചെയ്തു വരുത്താം.  

മേൽപറഞ്ഞ രണ്ടുേപർക്കും പാരീസിൽ ഒരു കോൺഫറൻസിന് എത്താൻ ടാക്സി അന്വേഷിച്ച് ലഭിക്കാതെ വന്നു. അപ്പോഴാണ് ഫോണിലൂടെ ടാക്സി ബുക്കു ചെയ്യാൻ സാധിച്ചെങ്കിൽ എന്ന ആശയം അവർ നടപ്പിലാക്കാൻ ശ്രമിച്ചത്.  അതിനു മുൻപ് അവർ തുടങ്ങിയ രണ്ടു മൂന്നു  സംരംഭങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാത്തതുകൊണ്ട്  ഈ സംരംഭത്തിൽ നിക്ഷേപിക്കാൻ പലരും വിമുഖത കാട്ടി. എന്നാൽ വീണ്ടും ആരംഭിക്കാനുള്ള ആത്മവിശ്വാസം കൈവിടാതെ ഇവർ  പുതിയ ആശയവുമായി മുന്നോട്ട് പോയി. 2009ൽ ഊബർ  ആരംഭിക്കുക തന്നെ ചെയ്തു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്ന് ഉണ്ടായ അതിശയിപ്പിക്കുന്ന പ്രതികരണം വാണിജ്യ ലോകത്തെ ഒരു പുതിയ പരിണാമമായി. സംരംഭകർക്ക് നല്ല ഉത്തേജനവും.  

നമ്മിൽ പലരും ജീവിതത്തിൽ ചെറിയ നേട്ടങ്ങൾകൊണ്ട് തൃപ്തരാകും. അത്തരം ചെറിയ നേട്ടം സ്വന്തമായാൽ അത് പുതിയ ബൃഹത്തായ ലക്ഷ്യത്തിലേക്കുള്ള ആരംഭമായിരിക്കണം  എന്നു തിരിച്ചറിയുകയോ അതിനായി പരിശ്രമിക്കുകയോ െചയ്യുന്നില്ല പലരും.

കേരളത്തിലെ യുവസമൂഹം ഇതൊക്കെ മനസ്സിലാക്കിയതു കൊണ്ടാകണം സ്റ്റാർട്ട് അപ് റാങ്കിങ് അഥവാ നവസംരംഭകത്വ സൂചികയിൽ ഭാരതത്തിൽ മികച്ച സ്ഥാനം നാം കൈവരിച്ചത്. ഇതിൽ എടുത്തു പറയേണ്ട ഒന്ന് കേരളത്തിലെ മാൻഹോൾ വൃത്തിയാക്കാൻ യുവാക്കൾ നിർമിച്ചെടുത്ത ‘ബാൻഡികൂട്ട് റോബട്ട്’ ആണ്. തങ്ങളുടെ ഇഷ്ടവിനോദമായ ‘അയൺ മാനി’ൽ നിന്നു കുറിച്ച ആരംഭം  ഇന്ന്എത്തി നിൽക്കുന്നത് ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതും  ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതുമായ ഒരു സാങ്കേതിക വിദ്യയിലാണ്.  

അപകടകരവും അനാരോഗ്യകരവുമായ സാഹചര്യങ്ങളി ൽ മനുഷ്യർ ഇറങ്ങി വൃത്തിയാക്കിക്കൊണ്ടിരുന്ന മാൻഹോളുകളുടെ പേര് ഇനി  ‘റോബോഹോൾ’ എന്നു മാറ്റേണ്ടി വരും. കാരണം ഇനി ഇവ വൃത്തിയാക്കുക റോബട്ടുകൾ ആയിരിക്കും. ഇത് ഒരു പുതിയ നല്ല അധ്യായത്തിന്റെ  ആരംഭം!

ബ്ലാക്ബെൽറ്റിന്റെ അർഥം

കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ശിഷ്യൻ തന്റെ ബ്ലാക്ക് ബെൽറ്റ് സ്വീകരിക്കാനായി ഗുരുവിന്റെ അടുക്കൽ ചെന്നപ്പോൾ ഗുരു പറഞ്ഞു: ‘‘നീ ഈ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കാനുള്ള ആയോധനകല പരീക്ഷയിൽ വിജയിച്ചു. എന്നാൽ ഇനി ഒരു പരീക്ഷയിൽ കൂടി വിജയിച്ചാലേ നിനക്ക്  ബെൽറ്റ് സ്വന്തമാക്കാൻ  സാധിക്കൂ.’’

ശിഷ്യൻ: ‘‘എന്തു പരീക്ഷയാണ് ഗുരോ?’’

ഗുരു: ഈ ബ്ലാക്ക് ബെൽറ്റ് നേടുന്നതിന്റെ അർഥം എ ന്താണെന്നാണ് നീ മനസ്സിലാക്കിയിരിക്കുന്നത്?

ശിഷ്യൻ: ഗുരോ, എന്റെ ഇത്രയും വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ബ്ലാക്ക് ബെൽറ്റ്.’’

ഗുരു: ‘‘അല്ല! പോയി അടുത്ത വർഷം തിരിച്ചുവരൂ’’

വീണ്ടും ഗുരുവിന്റെ മുന്നിലെത്തിയ ശിഷ്യന് പറഞ്ഞു: ‘‘എന്റെ ഗുരുത്വത്തിന് അർഹതപ്പെട്ട സമ്മാനമാണ് ഈ ബെൽറ്റ്’’.  വീണ്ടും ഉത്തരം തെറ്റാണെന്നു പറഞ്ഞ് ശിഷ്യനെ മടക്കി അയച്ചു.  അടുത്ത വർഷം തിരിച്ചെത്തിയ ശിഷ്യനോട് അതേ ചോദ്യം ഗുരു ആവർത്തിച്ചു.   ‘‘ഈ ബ്ലാക്ക് ബെൽറ്റ് എനിക്ക് ഒരു പുതിയ ആരംഭമാണ്. ഉത്തരവാദിത്തത്തിന്റെയും കൃത്യനിഷ്ഠയുടെയും പുതിയ മാനങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു പുതിയ ആരംഭം.’’ ഗുരു മറുത്തൊന്നും പറയാതെ ബ്ലാക് ബെൽറ്റ് നൽകി.

Tags:
  • Inspirational Story