Friday 25 January 2019 03:17 PM IST

ഹുമുത, ഹുക്ത, ഹ്‌വർസ്ത; ഈ മൂന്നു കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ ആര്‍ക്കും ജീവിതം മധുരമാക്കാം!

Dr. Divya S Iyer IAS

divya-iyer457874

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എന്‍റെ അമ്മൂമ്മ സുബ്ബലക്ഷ്മിക്കു പന്ത്രണ്ടു വയസ്സാണ്. ഡല്‍ഹിയിലാണ് അന്നു താമസം. തനിക്കു പ്രിയപ്പട്ട നേതാക്കളെ കാണാന്‍ തിരക്കിട്ട തെരുവുകളിലൂടെ നടത്തിയ സാഹസിക യാത്രയും, അർധരാത്രിയിൽ ഒരു മിന്നൽ വെളിച്ചമെന്ന പോലെ ഉണ്ടായ സ്വാതന്ത്ര്യത്തിന്‍റെ ആഹ്വാനവും, ജനസാഗരം നവയുഗത്തെ വരവേൽക്കാൻ ആർത്തിരമ്പിയതും എല്ലാം അമ്മൂമ്മ ആവർത്തിച്ചു പറയുമായിരുന്നു. ഒാരോ തവണ അതു േകള്‍ക്കുമ്പോഴും അനുഭവപ്പെട്ട േകാരിത്തരിപ്പ് ഇപ്പോഴും എന്റെ ഉള്ളിന്റെയുള്ളിലുണ്ട്.

സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടാബ്ലോയിലും നാടകങ്ങളിലും പങ്കെടുക്കുക പതിവായിരുന്നു. ഗാന്ധിജിക്കു തന്റെ സ്വർണവളയും മാലയും ഊരിനൽകിയ ത്യാഗസ്വരൂപിണി കൗമുദിയെ അവതരിപ്പിച്ചതൊക്കെ തെളിമയോടെ ഒാര്‍ക്കുന്നു.

ഇന്ത്യയെക്കുറിച്ചു പറയുമ്പോള്‍ ‘നാനാത്വത്തിൽ ഏകത്വം’ എന്നതാണ് ഏറ്റവും വിസ്മയിപ്പിക്കുന്ന ഘടകം. വൈവിധ്യം തുളുമ്പുന്ന സംസ്കാരങ്ങൾ, ജീവിതചര്യകൾ, ഭാഷകൾ, മതങ്ങൾ... എന്തെല്ലാം ഇടകലർന്ന ജനതയാണ് നമ്മു ടേത്. ഈ വ്യത്യാസങ്ങളെയെല്ലാം സന്തോഷപൂർവം അംഗീകരിക്കാനും അവയിലെ മേന്മകളെ കണ്ടെത്തി സ്വായത്തമാക്കാനും കഴിയുമ്പോഴാണ് നമ്മള്‍ യഥാർഥ ഭാരതീയരാകുന്നത്. വിഭിന്നതകള്‍ ചൂണ്ടിക്കാട്ടി വിടവുകൾ സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുവെങ്കിൽ ചെറുത്തു നിൽക്കാനും നമുക്ക് സാധിക്കണം. കാരണം, ദേശീയ വികാസത്തിനു മാത്രമല്ല, വ്യക്തി വികസനത്തിനും ഏറ്റവും േവണ്ട കാര്യമാണ് പരസ്പ രമുള്ള ഐക്യം.

‘കിസ്സാ ഐ സൻജൻ’ എന്ന ഗ്രന്ഥത്തിൽ ഇറാൻ വിട്ടോടി ഇന്ത്യയിലേക്കു ചേക്കേറിയ പാഴ്സി വിഭാഗക്കാരുടെ കഥ പ റയുന്നുണ്ട്. എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും മധ്യേയാണ് ഇതു നടക്കുന്നത്. കടൽ കടന്ന് പതിനായിരക്കണക്കിനു ജനങ്ങൾ സൗരാഷ്ട്രയുടെ തെക്കേ അറ്റത്തെ തുറുമുഖമായ ‘ദിയു’വിലെത്തി, പിന്നീട് ഒരു കടൽക്കാറ്റും കൂടി മറികടന്ന് ഗുജറാത്തിലും.

അവിടുത്തെ നാട്ടുരാജാവായിരുന്നു റാണ. അഭയം ചോദിച്ചു വന്ന പാഴ്സി തലവന്‍റെ മുന്നില്‍ വായ്ത്തല വരെ പാല്‍ നിറഞ്ഞു നിൽക്കുന്ന ഒരു പാത്രം കാഴ്ച വയ്ക്കുകയാണ് രാജാവ് ചെയ്തത്. തന്റെ സാമ്രാജ്യം ആ പാത്രം പോലെ നിറഞ്ഞു നിൽക്കുകയാണെന്നും വന്നു കയറിവർക്ക് അവിടെ ഇടമുണ്ടാകില്ലെന്നും സൂചിപ്പിക്കാനാണ് അദ്ദേഹം ഈ ഉപായം സ്വീകരിച്ചത്.

പാഴ്സി തലവൻ ഒന്നുമുരിയാടാതെ, ഒരു നുള്ള് പഞ്ചസാര പാൽപാത്രത്തിലിട്ട് അലിയിച്ചു ചേർത്തു. ഒട്ടും തുളുമ്പാതെ അലിഞ്ഞു േചര്‍ന്ന് പാലിനു മധുരമേകിയ പഞ്ചസാര പോലെ രാജ്യത്തിന്റെ എല്ലാ നന്മകളും സംരക്ഷിച്ച്, അതിനനുയോജ്യമായി തങ്ങൾ കഴിഞ്ഞുകൊള്ളാം എന്നായിരുന്നു അദ്ദേഹം അതിലൂടെ രാജാവിനു നല്‍കിയ സന്ദേശം. എല്ലാവരും ചെയ്യേണ്ടതും പിന്‍തുടരേണ്ടതും ഇതു തന്നെ. ജീവിതം അന്യോന്യം മധുരിതമാക്കുക.

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ലോകത്തോടു വിളിച്ചു പറഞ്ഞ ശ്രീ നാരായണഗുരുവിന്റെ നാടായ കേരളത്തിന് ഇതൊന്നും പുതിയ കാര്യമല്ല. എങ്കിലും നാനാ ത്വത്തിലെ ഏകത്വം ആണ് നമ്മുടെ ഏറ്റവും വലിയ ശക്തി എന്ന് സ്വയം വീണ്ടും വീണ്ടും ഓർമിപ്പിക്കേണ്ടിയിരിക്കുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരുടെ വിജയമന്ത്രവും ഇതു തന്നെ.

ഹുമുത, ഹുക്ത, ഹ്‌വർസ്ത

മൂന്നേ മൂന്നു കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ ആര്‍ക്കും സ്വന്തം ജീവിതവും സാമൂഹിക ജീവിതവും മധുരമാക്കാം. അതിനു സ്വീകരിക്കേണ്ട മാർഗം ഈ മൂന്നു വാക്കുകളിൽ അടങ്ങിയിട്ടുണ്ട്, ഹുമുത, ഹുക്ത, ഹ്‌വർസ്ത. നല്ല ചിന്തകൾ, നല്ല വാക്കുകൾ, നല്ല കൃത്യങ്ങൾ എന്നാണ് ഇവയുടെ അർത്ഥം. വിദ്യാർഥിയോ ഉദ്യോഗസ്ഥനോ വീട്ടമ്മയോ ആരുമായിക്കൊള്ളട്ടെ, ഇവ പിന്തുടർന്നാൽ ഒരുമയും സ്േനഹവും സന്തോഷവും കൂടെയെത്തും.

വിവാഹത്തിനു ശേഷം ഞാൻ അടിക്കടി കേൾക്കുന്ന മൊഴിമുത്തുകളാണ് കടിച്ചാൽ പൊട്ടാത്ത ഈ മൂന്നു വാക്കുകൾ. എന്റെ ജീവിതകഥയിലെ നായകൻ ജോലി െചയ്തിരുന്ന ബോംബെ ഹൗസിലെ ടാറ്റാ കമ്പനി ഒാഫിസിന്‍റെ പ്രവേശന കവാടത്തിൽ ഇവ എഴുതിവച്ചിട്ടുണ്ടത്രേ.

dr