Saturday 29 October 2022 12:12 PM IST : By രതീഷ് ആർ. മേനോൻ, ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ

ഗൂഗിൾ പേ ട്രാൻസാക്‌ഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം; സുരക്ഷിതമായി പണമിടപാട് നടത്താന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

gpay-chat-hiii

കയ്യില്‍ കറന്‍സി കൊണ്ടുനടക്കുന്ന കാലമൊക്കെ എത്ര പെട്ടെന്നാണു നമ്മള്‍ ഉപേക്ഷിച്ചത്. ഇപ്പോള്‍ മൊബൈല്‍ ഫോണിലാണ് എല്ലാവരും പണം കൊണ്ടുനടക്കുന്നത്. സംശയിക്കേണ്ട, ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകളെ കുറിച്ചാണ് പറഞ്ഞത്.

വേഗത്തിലും സിംപിൾ ആയും ട്രാന്‍സാക്ഷന്‍ നടത്താമെന്നതാണ് ഇവയുടെ ഗുണം. മാത്രമല്ല, കയ്യില്‍ കറന്‍സി കൊണ്ടുനടക്കുന്നുവെന്ന ഭയമില്ലാതെ എവിടെയും യാത്രയും ചെയ്യാം. ഗുണങ്ങൾ പലതാണെങ്കിലും ഇവ വരുത്തുന്ന ചില ബുദ്ധിമുട്ടുകളും ഉണ്ട്.

ട്രാൻസാക്‌ഷൻ ഹിസ്റ്ററി

ആർക്കു വേണമെങ്കിലും പെട്ടെന്നു തന്നെ പണം കൈമാറാനുള്ള എളുപ്പവഴിയാണ് യുപിഐ ആപ്പുകൾ എന്നു പറഞ്ഞല്ലോ. ആപ്ലിക്കേഷൻ തുറന്നാൽ ചാറ്റ് ഹിസ്റ്ററി പോലെ ഇടപാടുകളുടെ വിവരങ്ങൾ വിരൽത്തുമ്പിലെത്തുകയും ചെയ്യും. എന്നാൽ ചിലർക്കെങ്കിലും ഇതു വലിയ തലവേദനയാണ്. രഹസ്യമായി നടത്തിയ പണമിടപാട് ആകുമ്പോൾ പ്രത്യേകിച്ചും.

ഗൂഗിള്‍ പേയിലൂടെ ട്രാന്‍സാക്‌ഷന്‍ നടത്തിയ ശേഷം ആ ഇടപാടിന്റെ ഹിസ്റ്ററി ആരും കാണാതിരിക്കണമെന്നോർത്ത് ഡിലീറ്റ് ചെയ്യാൻ തോന്നിയാല്‍ കുടുങ്ങും. കാരണം നേരിട്ടൊരു സൗകര്യം അതിനായി ഗൂഗിള്‍ പേയില്‍ കാണാനാകില്ല. എന്നുകരുതി ഇങ്ങനെ ഡിലീറ്റ് ചെയ്യാൻ പറ്റില്ല എന്നു കരുതല്ലേ.

ഗൂഗിൾ പേ ട്രാൻസാക്‌ഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം.

പഠിക്കാം പടിപടിയായി

ഗൂഗിൾ പേയുടെ ഹോം പേജില്‍ വലതു വശത്തായി നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണ്‍ ഉണ്ടാകും. അതിൽ ടച്ച് ചെയ്ത് സെറ്റിങ്സ് (Settings) ഓപ്പൺ ആക്കുക.

അപ്പോൾ വരുന്ന പേജിൽ പ്രൈവസി & സെക്യൂരിറ്റി (Privacy and Security) എന്നത് സെലക്റ്റ് ചെയ്യുക. അപ്പോൾ വരുന്ന ഭാഗത്ത് ഡാറ്റ പേഴ്സണലൈസേഷന്‍ (Data personalisation) എന്നത് സെലക്റ്റ് ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ട് (Google account) എന്നു നീല നിറത്തില്‍ ക്ലിക്ക് ചെയ്യാവുന്ന ഒരു ലിങ്ക് കാണാം.

അത് ക്ലിക് ചെയ്താല്‍ ഗൂഗിള്‍ പേയില്‍ നിങ്ങള്‍ ഇതുവരെ നടത്തിയ ട്രാന്‍സാക്ഷൻസ് ലിസ്റ്റ് ചെയ്തുവരും. ഇവ ഓരോന്നിനും നേരേ ഒരു ക്രോസ് മാര്‍ക്ക് (X) ഉണ്ടാകും.

ഡിലീറ്റ് ആക്കേണ്ട ട്രാന്‍സാക്‌ഷനുകളുടെ നേരെയുള്ള ക്രോസ് മാര്‍ക്ക് അമര്‍ത്താം. അടുത്ത വിൻഡോയിൽ ‘ഓകെ’ കൂടി ക്ലിക് ചെയ്താൽ ആ ട്രാൻസാക്‌ഷൻ ഗൂഗിൾ പേ ഹിസ്റ്ററിയിൽ നിന്ന് ഡിലീറ്റ് ആകും.

ഇതുപോലെ ഗൂഗിള്‍ പേയിലെ എത്ര ട്രാന്‍സാക്‌ഷൻസ് വേണമെങ്കിലും എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാം.

പ്രത്യേക ശ്രദ്ധയ്ക്ക്  

ഇങ്ങനെ ട്രാൻസാക്‌ഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും ഗൂഗിള്‍ പേയില്‍ നിന്നു മാത്രമേ ഇതു ഡിലീറ്റ് ആകൂ.

നിങ്ങളുടെ ഗൂഗിള്‍ പേയുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ പാസ്സ്‌ബുക്ക് പ്രിന്റ് ചെയ്തെടുത്താലോ, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്താലോ ട്രാൻസാക്‌ഷൻ വിവരങ്ങളെല്ലാം അതിൽ പൂർണമായി ഉണ്ടാകും.

Tags:
  • Columns