Saturday 22 September 2018 05:06 PM IST : By സ്വന്തം ലേഖകൻ

പഴയ വസ്തുക്കൾ ബിന്ദുവിന്റെ കയ്യിലെത്തിയാൽ പിന്നെയത് ഫ്രഞ്ച് ആർട്ട്; ഒപ്പം പോക്കറ്റ് നിറയെ വരുമാനവും

art

യൂട്യൂബിൽ ഹാൻഡിക്രാഫ്റ്റുകളെ പറ്റി സെർച്ച് ചെയ്തപ്പോഴാണ് ‘ഡെക്കാപോജ്’ എന്ന പേര് ശ്രദ്ധിച്ചത്. പേരിന്റെ കൗതുകം കണ്ട് അന്വേഷിച്ചപ്പോൾ ടിഷ്യു പേപ്പർ ഉപയോഗിച്ച് പഴയ സാധനങ്ങൾ മോടിപിടിപ്പിക്കുന്ന ഫ്രഞ്ച് ആർട്ടാണെന്ന് മനസ്സിലായി.

പിന്നെ, യൂട്യൂബിൽ നോക്കി എന്താണെന്നു ചെയ്തു പഠിച്ചു. ഒരുപാട് പ്രശ്നങ്ങൾ ആദ്യം തോന്നിയെങ്കിലും, പുതുമയുള്ളൊരു ബിസിനസ് വീട്ടിലിരുന്നു ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്.’’ ഡെക്കാപോജ് ബിസിനസിന്റെ ഫ്രഷ്നസ് ഉപയോഗിച്ച് ലാഭമുണ്ടാക്കുകയാണ് തിരുവനന്തപുരം ക വടിയാറിലെ വീട്ടമ്മ ബിന്ദു ജോയി.

യൂട്യൂബ് പഠനകാലം

ഭർത്താവ് ജോയിയുടെ വേർപാടിനു ശേഷം തെളിച്ചം കുറഞ്ഞുപോയ ജീവിതത്തിനൊരു മാറ്റം എന്നേ ബിന്ദു ആലോചിച്ചുള്ളൂ. എന്തെങ്കിലും പുതുമയുള്ള ജോലി സ്വയം കണ്ടെത്തണമെന്നും കരുതി.

ചെറുപ്പത്തിൽ ബെഡ്ഷീറ്റിലും കർട്ടനിലുമൊക്കെ അമ്മച്ചിയോടൊപ്പം ഡിസൈനിങ് ചെയ്യുമായിരുന്നതിന്റെ ഓർമയിൽ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടങ്ങാമെന്നായിരുന്നു ആദ്യത്തെ പ്ലാൻ. പടങ്ങൾ നോക്കി വരയ്ക്കാന്‍ പണ്ടുമുതലേ ഇഷ്ടമായിരുന്നു. ആ വഴിക്കും അന്വേഷണങ്ങള്‍ നടന്നു. പക്ഷേ, പുതുമയുള്ളതൊന്നും ബിന്ദുവിനു കണ്ടുപിടിക്കാനായില്ല.

make

അങ്ങനെ ഒരിക്കൽ യൂട്യൂബിൽ മാർത സ്റ്റ്യൂവാർട്ടിന്റെ വിഡിയോ കാണാനിടയായി. പഴയ സാധനങ്ങളെ നല്ല ഷോകെയ്സ് ഉൽപന്നങ്ങളാക്കി വയ്ക്കാൻ പറ്റുന്നൊരു രീതി. ‘ഡെക്കാപോജ്’ എന്ന വാക്കിന്റെ അർഥം തന്നെ കട്ട് ആൻഡ് പെയിസ്റ്റ് എന്നൊക്കെ മനസ്സിലാക്കുന്നത് പിന്നീടാണ്.

പണ്ട് സൈബീരിയയിൽ ശവകുടീരങ്ങൾ ഡെക്കറേറ്റ് ചെയ്യാനായി കല്ലുകൾ അതിന് ചുറ്റും ഒട്ടിച്ച് ഭംഗിയാക്കിയിരുന്നു. അങ്ങനെ ഒട്ടിക്കുന്ന ശൈലിയിൽ നിന്നാണ് പിന്നീട് ഡെക്കാപോജ് ഉണ്ടാകുന്നത്. സൈബീരിയയിൽ നിന്ന് ഈ രീതി ചൈനാക്കാർ ഏറ്റെടുത്തു. പിന്നെ, യൂറോപ്പിലെത്തിയപ്പോൾ അത് ഫ്രഞ്ച് ആർട് ആയി മാറി. ഉപേക്ഷിക്കുന്ന സാധനങ്ങളെ വീണ്ടും പ്രയോജനപ്പെടുത്താനാണു ഡെക്കാപോജ് പഠിപ്പിക്കുന്നത്

വിഡിയോയിൽ പറഞ്ഞതു കേട്ടയുടനെ കുറച്ചു പശയും പെയിന്റും സാധാരണ ടിഷ്യു പേപ്പറുമെടുത്ത് ഞാനൊരു ശ്രമം നടത്തി നോക്കി. പക്ഷേ, നമ്മുടെ സാധാരണ പശ ഉപയോഗിച്ച് ചെയ്ത ആദ്യത്തെ സ്‌റ്റെപ് തന്നെ കുളമായി. തെറ്റി പഠിച്ചാലെ നന്നാക്കാൻ പറ്റൂ എന്ന് പറയുന്നതുകൊണ്ടാകും തെറ്റിയതെന്ന് ഞാൻ ആശ്വസിച്ചു. പക്ഷേ, പണി പിന്നെയും കിട്ടിക്കൊണ്ടിരുന്നു. ഇത് എവിടെയെങ്കിലും പോയി പഠിച്ചാലെ അടിസ്ഥാനം ഉറയ്ക്കുവെന്ന് തോന്നിത്തുടങ്ങി. അപ്പോഴാ ണ് ബെംഗളൂരുവിൽ ഇതിന് ക്ലാസ് ഉണ്ടെന്നറിഞ്ഞത്. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടു. ഇനി പഠിച്ചിട്ട് തന്നെ കാര്യം എന്ന് മനസ്സിലുറപ്പിച്ചു.

ബെംഗളൂരുവിലെ ക്ലാസ് അറ്റൻഡ് ചെയ്ത് കഴിഞ്ഞപ്പോ ഴാണ് ഇത് ചില്ലറക്കാര്യമല്ലെന്ന് മനസ്സിലായത്. പിന്നെ, ക്ലാസിൽ നിന്ന് കിട്ടിയ അറിവ് ഉപയോഗിച്ച് ഡെക്കാപോജ് ഉ ണ്ടാക്കാൻ തുടങ്ങി. പഴയ ബോട്ടിൽ കഴുകി വൃത്തിയാക്കിയായിരുന്നു പരീക്ഷണങ്ങൾ. ഷോപ്പിങ് വെബ്സൈറ്റിൽ നിന്ന് ‘മൊട് പൊട്ജ്’ പശയും, ചിത്രങ്ങളുള്ള ടിഷ്യു പേപ്പറുകളും വാങ്ങിച്ചു.

ടിഷ്യു മാജിക്

കുപ്പിയിലെ പഴയ പെയിന്റും വരകളും സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ചു കളയണം. എന്നിട്ട് കുപ്പിയിൽ പ്രൈമർ അടിക്കണം. അതുകഴിഞ്ഞ് നമുക്ക് ഡെക്കാപോജിന് വേണ്ട കളർ കുപ്പിയുടെ മുകളിലായി രണ്ട് കോട്ട് അടിക്കണം. വളരെ സൂക്ഷിച്ച് ബ്രഷ് ഉപയോഗിച്ചു വേണം ഇത് ചെയ്യാൻ. ഇതു കഴിഞ്ഞിട്ടാണ് നമ്മുടെ പ്രധാന പണിയായ ടിഷ്യു കട്ടിങ്.

_ASP9236

ബ്രഷ് വെള്ളത്തിൽ മുക്കി ടിഷ്യുവിലെ ചിത്രങ്ങളുള്ള ഭാഗത്തിന് ചുറ്റും ബോർഡർ വരച്ച് വേണം, ടിഷ്യുവിലെ പടം വെട്ടിയെടുക്കാൻ. അതിനുശേഷമാണ് ‘മൊട് പൊട്ജ്’ ടിഷ്യുവിൽ പുരട്ടി ബോട്ടിലിൽ ഒട്ടിക്കുന്നത്. മൂന്ന് കോട്ട് പശയെങ്കിലും പുരട്ടേണ്ടി വരും. ബോട്ടിൽ വാർണിഷ് ചെയ്തു കഴിഞ്ഞ് ഡെക്കാപോജ് പെർഫക്‌ഷനോടെ ഉണ്ടാക്കാൻ നാലു ദിവസമെങ്കിലും വേണം.

നല്ല രീതിയിൽ ഡെക്കാപോജുകൾ ഉണ്ടാക്കാൻ തുടങ്ങിയ പ്പോഴാണ് പുറത്താരെയെങ്കിലും കാണിക്കണം എന്ന് ആഗ്രഹം തോന്നിയത്.

അങ്ങനെ ഞാൻ ഉണ്ടാക്കിയ ഡെക്കാപോജിന്റെ ചിത്രം എന്റെ കൂട്ടുകാരി ലിൻസിക്ക് വാട്സ്ആപ് ചെയ്തുകൊടുത്തു. ‘നല്ല പെയ്ന്റിങ്’ എന്നായിരുന്നു അവളുടെ മറുപടി. അ ത് എനിക്കു കൂടുതൽ കൗതുകമായി, ഞാനവൾക്ക് ഒരു ഡെക്കാപോജ് സമ്മാനമായി കൊടുക്കാൻ തീരുമാനിച്ചു, അവളുടെ വീട്ടിലേക്ക് ‘ബോട്ടിൽ ഡെക്കാപോജുമായി’ ചെന്നപ്പോൾ അവളുടെ ശ്രദ്ധ മുഴുവനും ആ കുപ്പിയിൽ മാത്രമായിരുന്നു. അതിനു ശേഷമാണ് ഇതൊരു ബിസിനസ് ആക്കാമെന്ന ആശയം മനസ്സിൽ മുളയ്ക്കുന്നത്.

ഓൺലൈൻ തുടക്കം

പെയിന്റിങ് എന്ന് കരുതിയ ഡെക്കാപോജിന്റെ കഥ മുഴുവൻ അന്നെന്നെകൊണ്ട് അവൾ പറയിച്ചു. ആ എക്സൈറ്റ്മെന്റിന്റെ ധൈര്യവും എന്റെ മൂന്ന് ആൺ മക്കൾ അരുൺ, അലൻ, കെവിൻ എന്നിവരുടെ പിന്തുണയുമാണ് ഈ ബിസിനസിലേക്ക് എന്നെ നയിച്ചത്. ഫെയ്സ്ബുക്കിൽ ‘എബണി ആൻഡ് ഐവറി’ എന്ന പേരിൽ ഒരു പേജ് തുടങ്ങി. ആദ്യമൊക്കെ ആളുകൾ ഇത് എങ്ങനെ സ്വീകരിക്കുമെന്ന ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, മക്കൾ ധൈര്യം തന്നതു കൊണ്ട് മുന്നോട്ട് പോയി. ഇപ്പോൾ ആ പേജിലൂടെയാണ് ബിസിനസ് മുഴുവനും.

ടിഷ്യുവിലാണ് ചെയ്യുന്നതെങ്കിലും ഡെക്കാപോജുകളൊക്കെ കഴുകാൻ സാധിക്കും. ഷോകേസ് ഉൽപന്നങ്ങളായി മാത്രമേ ഡെക്കാപോജുകളെ ഉപയോഗിക്കാൻ പറ്റൂ. വീട്ടിലെ പ ഴയ സാധനങ്ങൾക്കു പുതിയ സൗന്ദര്യം നൽകാൻ സഹായിക്കുന്നൊരു രീതിയാണ് ഡെക്കാപോജ് നിർമാണം. ഇപ്പോൾ ‍‍‍ഡെക്കാപോജ് ആർട് പഠിപ്പിക്കാനായി വിവിധ ഇടങ്ങളിൽ ക്ലാസ്സുകളും നടത്താറുണ്ട്.

ബോട്ടിലുകളിൽ മാത്രമല്ല പഴയ പാത്രം, തേപ്പുപെട്ടി, ഹാങ്ങറുകൾ, റാന്തൽ, പോട്ട്, മിൽക് കാൻ, ബക്കറ്റ്, മൊബൈൽ കവർ, ഫർണിച്ചർ എന്നിവയിലും ഡെക്കാപോജ് ചെയ്യാൻ സാധിക്കും. നിർമാണരീതി ശാസ്ത്രീയമായി പഠിച്ചാൽ പിന്നെ, നിങ്ങളുടെ ക്രിയേറ്റിവിറ്റി ഉപയോഗിച്ചുളള പരീക്ഷണങ്ങൾ നടത്താം. സമയമെടുത്ത് പതുക്കെ ചെയ്താൽ മാത്രമേ ഉദ്ദേശിക്കുന്ന പെർഫക്‌ഷൻ കിട്ടൂ. അങ്ങനെ ചെയ്താലെ ക ളയുന്ന സാധനങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ഡെക്കാപോജ്, നമുക്ക് നഷ്ടപ്പെടുന്ന സന്തോഷങ്ങൾ തിരിച്ചുതരൂ.