ADVERTISEMENT

ഇന്ത്യക്കാര്‍ക്ക് പട്ട് അഥവാ സില്‍ക്ക് എന്നത്, വാക്കിനപ്പുറം വൈകാരികമായ ഒരടുപ്പം കൂടിയാണ്. വിവാഹം പോലുള്ള മംഗളകരമായ അവസരങ്ങളില്‍ പട്ട് വസ്ത്രങ്ങള്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. ചൈനയിൽ നിന്നാണ് നൂൽ ഉത്ഭവിച്ചതെങ്കിലും, നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വലിയ പട്ടു ഉപഭോക്താവായിരുന്നു ഇന്ത്യ. അത്രയ്ക്ക് ജനപ്രിയമാണ് ഇവിടുത്തെ സില്‍ക്ക് വിപണി. 

സില്‍ക്ക് തുണിത്തരങ്ങളെ നമ്മള്‍ സ്നേഹിക്കുന്നത് പോലെതന്നെ, അവയുടെ ഉത്പാദന രീതികൾ മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ഒരു ജീവിയെ കൊന്നാണ് പട്ട് ഉത്പാദിപ്പിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും, അഞ്ചര മീറ്റര്‍ സാരി നിർമ്മിക്കാൻ 30,000 മുതല്‍ 50,000 വരെ പട്ടുനൂൽപ്പുഴുക്കളെ കൊല്ലുന്നുവെന്ന് നിങ്ങൾക്കറിയാമോ? 

ADVERTISEMENT

മൾബറി ഇലകളാണ് പട്ടുനൂൽപ്പുഴുക്കളുടെ ഭക്ഷണം. അവ വളര്‍ന്നു പാകമാകുമ്പോള്‍, കാറ്റർപില്ലറുകൾ അവയുടെ കൊക്കൂണുകൾ നിർമിക്കുന്നതിനായി ദ്രാവക പ്രോട്ടീൻ സ്രവിക്കുന്നു. കൊക്കൂണുകൾ ശേഖരിക്കുന്നതിനായി പുഴുക്കളെ ചൂടുവെള്ളത്തില്‍ വേവിക്കുകയോ, നീരാവി ഉപയോഗിച്ച് പുഴുങ്ങി എടുക്കുകയോ ചെയ്യുന്നു. ഇത്തരം ഹിംസാത്മകമായ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെയാണ് മനോഹരമായ പട്ട് പിറവി എടുക്കുന്നത്.

ഒരു ജീവിയെ പോലും നോവിക്കാതെ പട്ടുനൂല്‍ വികസിപ്പിക്കുക എന്ന ആശയത്തില്‍ നിന്നാണ് അഹിംസ സിൽക്കിന്റെ തുടക്കം. നെയ്ത്തുകാരുടെ കുടുംബത്തിൽ നിന്നുള്ള കുസുമ രാജയ്യയാണ് അഹിംസ സിൽക്കിന്റെ സ്ഥാപകന്‍. അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ മൂന്നു വർഷത്തോളം നാരുകളെയും ഫിലമെന്റുകളെയും കുറിച്ച് പഠിച്ചു.

ADVERTISEMENT

1990 കളുടെ തുടക്കത്തിൽ അദ്ദേഹം ആന്ധ്രാപ്രദേശിലെ കൈത്തറി വകുപ്പിൽ ജോലി ചെയ്യുകയായിരുന്നു. മുൻ രാഷ്ട്രപതി ആർ വെങ്കട്ടരാമന്റെ ഭാര്യ ജാനകി, പട്ടുനൂൽ നിർമാണ കേന്ദ്രങ്ങളിൽ സന്ദർശനത്തിനെത്തിയപ്പോൾ, കാറ്റർപില്ലറുകളെ കൊല്ലാതെ പട്ടുനൂൽ നിർമിക്കാൻ കഴിയുമോ എന്ന് രാജയ്യയോട് ചോദിച്ചു. ആ ചോദ്യമാണ് അദ്ദേഹത്തെ അഹിംസ സിൽക്കിന്റെ നിർമാണത്തിലേക്ക് നയിച്ചത്.

1991ൽ അദ്ദേഹം ആദ്യ സാമ്പിൾ പട്ടുസാരികൾ നിര്‍മ്മിച്ചു. പിന്നീട് 2001ൽ അഹിംസ സിൽക്ക് ഒരു വാണിജ്യ ഉൽപ്പന്നമാക്കി മാറ്റുകയും ചെയ്തു. "ജീവനുള്ള പട്ടുനൂൽപ്പുഴുക്കളെ അവയുടെ കൊക്കൂണുകളിൽ തിളപ്പിച്ച് ആവശ്യമായ നൂൽ വേർതിരിച്ചെടുക്കുന്ന പരമ്പരാഗത രീതിക്ക് പകരം, പട്ടുനൂൽ നിശാശലഭങ്ങളെ അവയുടെ കൊക്കൂണുകളിൽ നിന്ന് സ്വാഭാവികമായി വേര്‍പെടുത്തി പുറത്തുവരാനും അവരുടെ ജീവിതം സമാധാനപരമായി തുടരാനും ഞങ്ങൾ അനുവദിക്കുന്നു. ഇത്തരം കൊക്കൂണുകൾ ഉപയോഗിച്ച് ആവശ്യമായ നൂൽ വേർതിരിച്ചെടുക്കുകയും സിൽക്ക് തുണികള്‍ നിർമിക്കുകയും ചെയ്യുന്നു. അഹിംസ എന്ന ആശയം ലോകത്തിന് മുന്നിൽ ഇങ്ങനെയാണ് ഞങ്ങള്‍ പ്രചരിപ്പിക്കുന്നത്."- അദ്ദേഹം വിശദീകരിക്കുന്നു.

ADVERTISEMENT

സാധാരണ സിൽക്ക് പോലെ മൃദുവായതും തിളങ്ങുന്നതുമാണ് അഹിംസ സിൽക്ക്. ഈ തുണി ഉപയോഗിച്ച് വസ്ത്രങ്ങൾ മുതൽ ബേബി ലിനൻ വരെ എല്ലാം നിർമിക്കുന്നു. ഉത്പാദനത്തിന് കൂടുതൽ സമയമെടുക്കുന്നതിനാല്‍ സാധാരണ സിൽക്കിനേക്കാൾ അഹിംസ സിൽക്കിന് വില അല്‍പം കൂടുതലാണ്.

ലോകപ്രശസ്തര്‍ക്കും, ഹോളിവുഡ് സെലിബ്രിറ്റികള്‍ക്കുമിടയില്‍ വലിയ ‍‍ഡിമാന്റാണ് അഹിംസ സില്‍ക്കിനുള്ളത്. ചാൾസ് രാജകുമാരന്‍, മാർപാപ്പ തുടങ്ങിയരെല്ലാം അഹിംസ സിൽക്കിന്റെ ഉപയോക്താക്കളാണ്. 2006 ൽ രാജയ്യയ്ക്കു അഹിംസ സിൽക്കിന്റെ പേറ്റന്റും വ്യാപാരമുദ്രയും നൽകി. 27 വർഷത്തെ നീണ്ട കരിയറിന് ശേഷം, തെലങ്കാന സർക്കാരും 2018 ൽ രാജയ്യയെ പ്രമുഖ വ്യക്തിത്വമായി അംഗീകരിച്ചു. 

ADVERTISEMENT