Monday 08 January 2018 03:50 PM IST

20 വർഷം മുമ്പ് വാങ്ങിയ കാഞ്ചീപുരം സാരി പുത്തൻ പോലെ?

Tency Jacob

Sub Editor

fashion-saree-makeup1 ഫോട്ടോ: സരിൻ രാംദാസ്, മോഡൽ: റിഷിക പോൾ

ഓർമകളുടെ ഗന്ധം പേറുന്നതുകൊണ്ടു മാത്രം നമ്മൾ സൂക്ഷിച്ചു വയ്ക്കുന്ന കുറേ സാരികളുണ്ട്. ആദ്യമായി ചുറ്റിയ സാരി, ആദ്യ ശമ്പളം കൊണ്ട് വാങ്ങിയത്, പെണ്ണുകാണാൻ വന്നപ്പോൾ ഉടുത്തത്, പ്രിയപ്പെട്ടവൻ ആദ്യമായി വാങ്ങിത്തന്ന സാരി, കുഞ്ഞിന്റെ ചോറൂണിനെടുത്തത്... ഇടയ്ക്കിടെ വെയിലത്തുണക്കി മടക്കി വയ്ക്കും. ഉടുക്കണമെന്നൊക്കെ ആഗ്രഹം തോന്നും. പഴഞ്ചൻ സ്ൈറ്റല്‍ കണ്ട് ആരെങ്കിലും കളിയാക്കിയാലോ? അൽപം ക്ഷമയും കരവിരുതുമുണ്ടെങ്കിൽ ഈ പഴയ സാരികൾ ‘സ്ൈറ്റലിഷാ’ക്കാം.

1. ഐസ്ക്രീമോ പായസമോ വീണ് കറ പിടിച്ച് ഉടുക്കാൻ പറ്റാതിരിക്കുന്ന പട്ടുസാരികൾ എല്ലാവരുടെ കൈയിലുമുണ്ടാകും. സാരികളുടെ കസവിന് പക്ഷേ, കോട്ടം തട്ടിയിട്ടുണ്ടാകില്ല. ഇതിന്റെ ബോർഡർ മാത്രം മുറിച്ചെടുത്ത് നിറത്തിനു ചേരുന്ന മറ്റൊരു തുണിയിലോ പ്ലെയ്ൻ സാരിയിലോ തുന്നി പിടിപ്പിക്കുക. കേരളാ കസവ് സാരിയിലായാൽ എലഗന്റ് ലുക്കായിരിക്കും. താ ഴെയും മുകളിലും വെവ്വേറെ നിറങ്ങളിലുള്ള ബോർഡറുകളും നൽകാം.

2. ഉടുത്തുടുത്ത് സാരിയുടെ നിറം മടുത്തു തുടങ്ങിയോ? ഡൈ ചെയ്ത് വേറെ നിറമാക്കൂ. കാഞ്ചീപുരം പട്ടും ബിന്നി സിൽക്കും ക്രേപ്പും ഡൈ ചെയ്താൽ കിടിലനായിരിക്കും.

saree-makeover7

3. എന്നും ഒരേ സാരി, ഒരേ മുന്താണി... പുതുമയ്ക്കായി ഒരു വഴിയുണ്ട്. മുന്താണി മുറിച്ചു മാറ്റുക. പകരം വേറെ മുന്താണി വച്ചു പിടിപ്പിക്കുക. സാരിക്ക് ചേ രുന്ന മൂന്നു നിറത്തിലുള്ള തുണി മുന്താണിയുടെ ഭാഗത്തിനായി തയ്ച്ചു വയ്ക്കുക. അതേ മെറ്റീരിയലിലുള്ള ബ്ലൗസും വേണം കേട്ടോ. ഓരോ അവസരത്തിൽ ഓരോ മുന്താണി റണ്ണിങ് സ്റ്റിച്ച് ചെയ്തു തയ്ച്ചു പിടിപ്പിക്കാം. റണ്ണിങ് സ്റ്റിച്ചായതുകൊണ്ട് എളുപ്പത്തിൽ അഴിച്ചെടുത്ത് അടുത്തത് വയ്ക്കുകയുമാകാം.

4. സാരിയെ ഹാഫ് സാരിയാക്കിയാലോ. കാഴ്ചയിൽ ദാവണിയുടത്തതുപോലെ ഇരിക്കുമെങ്കിലും സംഭവം നമ്മുടെ പഴയ സാരി തന്നെയാണ്. ഹെവി വർക്ക് ചെയ്ത ബോർഡർ വാങ്ങി സാരിയിൽ തയ്ച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. പാവാടയുടെ മേൽ ദാവണിയുടുക്കുമ്പോൾ എങ്ങനെ വരുമോ അതേ രീതിയിൽ വേണം ബോർഡർ വയ്ക്കാൻ.

5. പഴയ പ്ലെയിൻ കാഞ്ചീപുരം സാരികളിൽ സ്ക്രീൻ പ്രിന്റ്സ്, രജ്പുത് പ്രിന്റ്സ് അല്ലെങ്കിൽ ഇഷ്ടമുള്ള ഡിസൈൻസ് പ്രിന്റ് ചെയ്താൽ സാരിയുടുക്കുമ്പോൾ പ്രൗഢ സൗന്ദര്യമെന്ന് ആരും പറയും.

c-spred 2.indd

6. ഒരേ സാരി ഒരുപാടു നാൾ ഉടുത്തു ബോറടിച്ചെങ്കിൽ ആ മടുപ്പു മാറ്റാനും വഴിയുണ്ട്. സാരിയുടെ പ്ലീറ്റ്സ് വരുന്ന ഭാഗം മുറിച്ചെടുത്തിട്ട് അവിടെ സാരിയുടെ നിറത്തോടു ചേരുന്ന നെറ്റ് ഫാബ്രിക് പിടിപ്പിക്കുക. ബ്ലൗസിനും നെറ്റ് ഫാബ്രിക് തന്നെ മതി. അല്ലെങ്കിൽ സാരിയുടെ കൃത്യം നടുവിലൂടെ നീളത്തിൽ മുറിച്ചു മാറ്റുക. അതിനുശേഷം കോൺട്രാസ്റ്റ് ആയ വേറെ തുണി വച്ചു പിടിപ്പിക്കുക. ത്രെഡ് പൈപ്പിങ് കൂടി ചെയ്താൽ ആരും ഒന്നു നോക്കി പോകും.

7. പേസ്റ്റൽ ഷേഡ് സാരികൾ വേഗം തന്നെ അലമാരയുടെ താഴത്തെ തട്ടിലേക്ക് പോകാറുണ്ട്. ഡൾ ലുക് തന്നെ കാരണം. ഈ സാരിയെ സുന്ദരിയാക്കാൻ ക്രോഷോ ലേയ്സോ, കോൺട്രാസ്റ്റ് നിറമുള്ള തുണി വാങ്ങി ഫ്രില്ലുകളോ പിടിപ്പിച്ചാൽ മതി. സാരിക്കിണങ്ങുന്ന പുതിയ മെറ്റീരിയലിൽ ബ്ലൗസ് കൂടി തയ്പ്പിച്ചാൽ യുണീക്ക് ആൻഡ് ഫാൻസി ലുക്ക് കിട്ടും.

8. പ്ലെയിൻ സാരികളുടെ ചെസ്റ്റിലും മുന്താണിയിലും മാത്രമായി അൽപം ചിത്രപ്പണികൾ സ്വയം ചെയ്യാവുന്നതേയുള്ളൂ. ആദ്യം സാരിയുടുത്തു നോക്കുക. ഇടത്തെ തോൾഭാഗത്തിന്റെ സ്ഥാനം മാർക്ക് ചെയ്യുക. അവിടെ നിന്നു തുടങ്ങി താഴോട്ട് പതിനാറ് ഇഞ്ചാണ് വലത്തേ ബ്രെസ്റ്റ് വരെയുള്ള അളവ്. ഈ ഭാഗത്ത് അർധ വൃത്തത്തിലോ ഇഷ്ടമുള്ള ആകൃതിയിലോ മിറർ വർക്കുകളോ സീക്വൻസോ പിടിപ്പിക്കാം. ബ്ലൗസിന്റെ സ്ലീവിലും പിടിപ്പിക്കണം.

9. കാഞ്ചീപുരം സാരിയുടെ ബോർഡറും മുന്താണിയും മാറ്റി പകരം സാരിയുടെ നിറത്തിന് ചേരുന്ന വെൽവെറ്റ് തുണി പിടിപ്പിച്ച ശേഷം സർദോസി വർക്ക് ചെയ്തെടുക്കാം.

saree-makeover5

10. ഒരു കാലത്ത് ട്രെൻഡായിരുന്നു നെറ്റ് സാരികൾ. കീറുകയോ ഉപയോഗിക്കാനാകാതാവുകയോ ചെയ്താൽ ബോർഡർ വെട്ടിയെടുത്ത് ഷിഫോൺ അല്ലെങ്കിൽ കോട്ടൻ സിൽക്ക് തുണികൾ വാങ്ങി അതിൽ വച്ചു പിടിപ്പിച്ചാൽ പുതിയ സാരി റെഡി.

11. കാഞ്ചീപുരം സാരിയുടെ കസവ്  മങ്ങുകയോ ചൂളിഞ്ഞ് ഭംഗിയില്ലാതാകുകയോ ചെയ്ത് ഉപയോഗിക്കാതിരിക്കുന്നുണ്ടോ. അവിടെയും കലംകാരി കൊണ്ട് മാജിക് കാണിക്കാം. കസവു ബോർഡറും മുന്താണിയും കളഞ്ഞ് അവിടെ റോ സിൽക്കിലോ ടസ്സറിലോ കലംകാരി പ്രിന്റ് ചെയ്തെടുത്ത ബോർഡറുകൾ പിടിപ്പിക്കാം. കോട്ടൻ അല്ലെങ്കിൽ സിൽക് കലംകാരി ഇതിനായി തിരഞ്ഞെടുക്കാം. കലംകാരി പ്രിന്റുകളുടെ ഫാഷൻ അത്ര വേഗം ഔട്ടാകില്ല.

12. സാരിയിൽ പല വലുപ്പത്തിലുള്ള മിറർ വാങ്ങി ഇഷ്ടമുള്ള ആകൃതിയിൽ ഒട്ടിക്കുക. മരത്തിന്റെയോ ആനയുടെയോ ഒക്കെ ആകൃതിയിൽ ഇവയൊട്ടിച്ചെടുക്കാം. ത്രെഡ് വർക്കില്ലാതെ മിറർ ഒട്ടിച്ചാലും പ്രത്യേക ഭംഗിയുണ്ടാകും. ചെസ്റ്റ് ഭാഗത്തും മുന്താണിയിലും ബീഡ് വർക്ക് ചെയ്താലും മനോഹരമായിരിക്കും. ആപ്ലിക് വർക്കിനു ചുറ്റും ബീഡ് വർക് ചെയ്തും പരീക്ഷിക്കാം. മുത്തുകൾ വാങ്ങുമ്പോൾ സാരിയിൽ വയ്ക്കാനുള്ള കട്ട് ബീഡ്സ് തന്നെ ചോദിച്ച് വാങ്ങുക. കാരണം ഇതിന്റെ അടിഭാഗം പരന്നതായിരിക്കും. അടിഭാഗം ഉരുണ്ടിരിക്കുന്ന സാധാരണ മുത്തുകൾ തുണിയിൽ ഒട്ടിച്ചാൽ പെട്ടെന്ന് അടർന്നു പോകും.

saree-makeover4

13. ഓണക്കാലമായാൽ കേരളാ കസവു സാരിക്കാണ് ഡിമാൻഡ്. അതിൽ വ്യത്യസ്തത കൊണ്ടു വരാൻ കസവിനടിയിലൂടെ കോൺട്രാസ്റ്റ് നിറത്തിലുള്ള തുണി വച്ചുപിടിപ്പിക്കാം. അറ്റത്തു പൈപ്പിങ്ങും കൂടി നൽകിയാൽ ഉടുത്തു നടക്കുമ്പോൾ ആകർഷകമായിരിക്കും.

14. പഴയ സെറ്റു മുണ്ടുകളിൽ കരയുടെ നിറത്തിൽ സ്ക്രീൻ പ്രിന്റിങ് ചെയ്താൽ ആരും ഒന്നു നോക്കി പോകും. താൽപര്യമെങ്കിൽ മ്യൂറൽ പെയിന്റിങ് ചെയ്യിക്കാം. ഏതു സദസ്സിലും നിങ്ങൾ വേറിട്ടു നിൽക്കും.

15. പോൾകാ ഡോട്സ് ഇപ്പോഴും ട്രെൻഡാണ്. പ്ലെയ്ൻ സാരികളിൽ വിവിധ നിറത്തിലുള്ള ചെറു വൃത്തങ്ങൾ ഒട്ടിച്ചു വയ്ക്കാം. കേരളാ സാരിക്ക് നൽകാവുന്ന കിടിലൻ മേക്കോവറാണ് സ്വർണ നിറത്തിലുള്ള പോൾകാ ഡോട്സ്.

c-spred-.indd

16. പഴയ സാരികൾക്ക് പുത്തൻ സ്ൈറ്റലിലുള്ള കോൾഡ് ഷോൾഡേഴ്സ്, ഹൈ നെക്ക്, ബോട്ട് നെക്ക്, ഹെവി വർക്ക് ബ്ലൗസുകൾ ഇട്ടാൽതന്നെ പുതിയതായി തോന്നിക്കും. ചെക്ക്, ഇക്കത്ത് പ്രിന്റുകളും പരീക്ഷിക്കാം.

17. തയ്യൽ സാധനങ്ങൾ വിൽക്കുന്ന കടയിൽ ചെന്നാൽ വസ്ത്രത്തിൽ വച്ചു പിടിപ്പിക്കാവുന്ന കുറേ ഓർണമെന്റ്സ് കിട്ടും. ചിലങ്കമണികളും ചെറിയ തൊങ്ങലുകളുമൊക്കെ വാങ്ങി സാരിയിൽ പിടിപ്പിക്കാം. പഴയ കോട്ടാസാരികളിലും മറ്റും തടിയുടേയും ജ്യൂട്ടിന്റേയും അലങ്കാരങ്ങൾ പിടിപ്പിച്ചാൽ നല്ലതായിരിക്കും.  അതുപോലെ കമ്പിളി നൂലുകൾ വാങ്ങി മുറിച്ച് ടസ്സലുകളുണ്ടാക്കി സാരിയുടെ മുന്താണിയിൽ പിടിപ്പിച്ചാലും വ്യത്യസ്ത ലുക്ക് കിട്ടും.

18. ഉടുത്തു മടുത്ത സാരികളിൽ പൂക്കാലം തീർക്കാം. മറ്റൊരു പഴയ സാരിയിൽ നിന്നു പൂക്കളും ഇലകളും ആകൃതിയിൽ വെട്ടിയെടുത്ത് സാരി ബോഡിയിൽ തയ്ച്ചു പിടിപ്പിക്കാം. ചുറ്റും തയ്ക്കാതെ നടുവിൽ മാത്രം സ്റ്റിച്ച് ചെയ്യുക. കാറ്റിലിളകുന്ന പൂക്കൾ കാഴ്ചയിൽ ഏറെ സുന്ദരമായിരിക്കും. ഇതേപോലെ സാറ്റിൻ തുണികൊണ്ടോ റിബൺ കൊണ്ടോ പൂക്കളുണ്ടാക്കി പിടിപ്പിക്കുന്നതും വ്യത്യസ്തമായിരിക്കും.

saree-make-over6

19. പ്രിന്റഡ് സാരിയൊക്കെ സീനിയേഴ്സിന്റെ ഫാഷനല്ലേ എന്നിനി കരുതേണ്ട. അതു സ്ൈറ്റലിഷാക്കാൻ ഉഗ്രൻ ഐഡിയയുണ്ട്. മുന്താണി വെട്ടിക്കളഞ്ഞ് പകരം ചേരുന്ന നിറത്തിൽ ഓർഗൻസ തുണി പിടിപ്പിക്കുക. ബ്ലൗസും ഒാർഗൻസയിൽ തന്നെ തയാറാക്കാം. സാരിയിലെ പ്രിന്റിനു മുകളിലൂടെ കോൺട്രാസ്റ്റ് നിറത്തിൽ അതേ ഡിസൈനിൽ റണ്ണിങ് സ്റ്റിച്ചോ എംബ്രോയ്ഡറിയോ ചെയ്യിക്കാം. അമ്മയുടെ സാരിയിലെ കടുംനീല പൂക്കൾക്കു ചുറ്റും ഓറഞ്ച് നി റത്തിൽ ബോർഡർ നൽകിയാൽ മകൾക്കും ഇണങ്ങുന്ന സാരിയായി.

20. ഉപയോഗിക്കാൻ പറ്റാത്ത രണ്ടു സാരികൾ തമ്മിൽ കൂട്ടിയോജിപ്പിച്ചും പുത്തൻ സ്ൈറ്റലാക്കാം. പകുതി പകുതിയായോ അല്ലെങ്കിൽ പ്രത്യേക പാറ്റേണില്‍ യോജിപ്പിച്ചോ സാരിക്ക് ചാരുത പകരാം.

21. സാരിയിൽ കീറൽ വീഴുകയോ നൂലിഴകൾ അകന്നു പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ റെഡിമെയ്ഡ് ആപ്ലിക് പീസുകൾ വാങ്ങി പിടിപ്പിക്കാം. ഒരു ഭാഗത്തു മാത്രമായി ചെയ്താൽ ഭംഗി കുറയുമെന്നതുകൊണ്ട് ഒരു പാറ്റേൺ കണ്ടെത്തി സാരിയിൽ മുഴുവൻ ചെയ്യണം.

22. കാഞ്ചീപുരം സാരിയുടെ ബോർഡറുകളിലുള്ള ചിത്രങ്ങളുടെ ആകൃതിയിൽ കലംകാരി തുണി വെട്ടിയെടുത്ത് ആപ്ലിക് വർക് ചെയ്ത് പിടിപ്പിച്ചാൽ ഭംഗിയായിരിക്കും. ഉദാഹരണത്തിന് മാങ്ങയുടെയോ  പൂവിന്റെയോ ഡിസൈനിലാണ് കസവ് ഉള്ളതെങ്കിൽ അതേ ആകൃതിയിൽ കലംകാരി തുണി വെട്ടിയെടുത്ത് ആപ്ലിക് വർക് ചെയ്ത് പിടിപ്പിക്കാം. കസവ് കറുത്തിട്ടുണ്ടെങ്കിൽ അതിന് മുകളിലായോ അല്ലെങ്കിൽ കസവിനിടയിലൂടെയോ ഇത് ചെയ്യാം. അതിനുശേഷം ചുറ്റും മുത്തുകളും കല്ലുകളും പിടിപ്പിച്ചാൽ മനോഹരമാകും.

saree-makeover8

23. ഷിഫോൺ, ജോർജറ്റ് സാരികളുടെ നിറങ്ങളി ൽ എപ്പോഴും ട്രെൻഡ് മാറി മാറി വരും. അങ്ങനെയുള്ള സാരികളുടെ അടിയിൽ കോൺട്രാസ്റ്റ് നിറത്തിലുള്ള ഷിഫോൺ അല്ലെങ്കിൽ നെറ്റ് മെറ്റീരിയൽ വാങ്ങി തയ്ക്കുകയാണെങ്കിൽ ഡബിൾ ഷേഡുള്ള പുതിയൊരു സാരിയായി.

24. കട്ട് വർക് ചെയ്ത സിൽക് സാരികൾ ഇപ്പോൾ ട്രെൻഡാണ്. ഒറ്റക്കളർ പ്ലെയിൻ സാരിയുണ്ടെങ്കിൽ കട്ട് വർക് ചെയ്ത് ട്രെൻഡിയാകാം. മുന്താണിയിലെ കളറോ അതല്ലെങ്കിൽ സാരിക്കു ചേരുന്ന കോൺട്രാസ്റ്റ് നിറമോ കട്ട് വർക്ക് ചെയ്യാം. കട്ട് വർക്ക് ഫാഷൻ ഏതു പ്രായക്കാർക്കും ഏതു കാലത്തിനും ഇണങ്ങും. സാരിയുടെ മുന്താണിയിലും ചെസ്റ്റ് ഭാഗത്തു മാത്രമായും കട്ട് വർക്ക് ചെയ്യാം.

25. തീരെ മോശമായ സാരികളും വെറുതെ കളയേണ്ട. ഇവയുടെ കേടു വരാത്ത ഭാഗങ്ങളിൽ നിന്ന് ചെറിയ ചതുരക്കഷണങ്ങൾ മുറിച്ചെടുക്കാം. പല സാരികളുടെ പല നിറത്തിലുള്ള ഇത്തരം പീസുകൾ കടും നിറത്തിലുള്ള സാരിയിൽ പാച്ചസായി ഒട്ടിച്ചാൽ ആരും പറയും, യു ആർ ഓസം.

വിവരങ്ങൾക്ക് കടപ്പാട്:  ലിൻഡ്സി, തിരുവനന്തപുരം, രഞ്ജിനി എം. രവി, മെഗ് ഡിസൈൻ ആൻഡ് ആൾട്ടർ, കൊച്ചി.