Tuesday 20 December 2022 03:05 PM IST : By സ്വന്തം ലേഖകൻ

വയർ നിറഞ്ഞ പ്രതീതി തോന്നിക്കും, ശരീരഭാരം കുറയ്ക്കും: ചില്ലറക്കാരനല്ല ഉലുവ: 10 ഗുണങ്ങൾ

fenu-greek

ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകാൻ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് ഉലുവ. ഇതിനു പുറമെ ഉലുവയ്ക്കു നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആയുർവേദ ഔഷധങ്ങൾ തയാറാക്കാനും ഉലുവ ധാരാളമായി ഉപയോഗിക്കുന്നു.ഉലുവ പ്രമേഹം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.

ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈഗനല്ലിനും ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളുമാണ് പ്രമേഹം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നത്. ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ നിരക്ക് കുറയ്ക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടാനും ഉലുവ സഹായിക്കും. ഉലുവയിൽ കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ആയ ഗാലക്ടോമനൻ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഉപാപചയം കൂട്ടാനും വയർ നിറഞ്ഞ പ്രതീതി തോന്നിക്കാനും ഇതു വഴി കഴിയും. ഉലുവയിലെ നാരുകൾ വൻകുടൽ കാൻസർ തടയാൻ സഹായിക്കുന്നു. ഉലുവയിൽ ഈസ്ട്രജന്റെ ഗുണങ്ങൾ നൽകുന്ന ഡയസ്ജെനിൻ, റൈബോഫ്ലേവനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആർത്തവ അസ്വാസ്ഥ്യം കുറയ്ക്കാൻ സഹായിക്കും. ഉലുവ കുതിർത്തതിനുശേഷം അതിട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്. വിളർച്ച അകറ്റാനും മുലപ്പാൽ വർധിപ്പിക്കാനും ഉലുവ കഴിക്കുന്നതു നല്ലതാണ്. ഉലുവ പോലെ തന്നെ മികച്ച ആരോഗ്യ ഗുണങ്ങൾ തരുന്നതാണ് ഉലുവയിലയും. ഉലുവയില തോരനായും കറിയായും ചപ്പാത്തി, ദോശ എന്നിവയി ൽ ചേർത്തും ഉപയോഗിക്കാം.

തയാറാക്കിയത്

ജീനാ വർഗീസ്

ന്യൂട്രിഷനിസ്‌റ്റ് , ആലപ്പുഴ