∙ കോവിഡിനു ശേഷം നെഞ്ചിടിപ്പ് ക്രമാതീതമായി കാണുന്നു. കാരണമെന്ത്?
കോവിഡ് രോഗവിമുക്തരായവരിൽ നെഞ്ചിടിപ്പ് കൂടുന്നതായി കണ്ടിട്ടുണ്ട്. ലോങ് കോവിഡ് എന്നു പറയുന്ന കോവിഡ് വന്നുപോയ ശേഷമുള്ള ചെറിയതോ വലിയതോ ആയ രീതിയിലുള്ള നീർവീക്കം നീണ്ടു നിൽക്കുന്നതിനെ തുടർന്നുള്ള ചുമ, ശ്വാസംമുട്ടൽ, കഠിനമായ സന്ധിവേദന, പേശീവേദന എന്നിവയും കണ്ടുവരുന്നു. ഇതിന്റെ കൂടെത്തന്നെ നെഞ്ചിടിപ്പ് കൂടുന്നതും കാണുന്നു. ചെറിയതായി നടക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടുക, ഹൃദയമിടിപ്പിൽ അസാധാരണത്വം തോന്നുക എന്നിവയാണ് കാണുന്നത്. ഇതു രണ്ടു കാരണങ്ങളാലാണ്. ഒന്ന്, നമ്മുടെ ഹൃദയമിടിപ്പും മറ്റും നിയന്ത്രിക്കുന്ന ശരീരത്തിലെ കേന്ദ്രങ്ങളെ നീർവീക്കം ബാധിക്കുന്നതു മൂലം നെഞ്ചിടിപ്പ് കൂടാം. രണ്ടാമതായി, ക്ഷീണവും ശ്വാസംമുട്ടലും മൂലം സാധാരണഗതിയിൽ കാര്യങ്ങളൊന്നും ചെയ്യാൻ പറ്റാത്തതു കാരണം ലഘുവായ എന്തെങ്കിലും ശ്രമം നടത്തുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടാനുള്ള സാധ്യതയുണ്ട്. വളരെ ലഘുവായി കോവിഡ് വന്നുപോയ, ആശുപത്രിവാസം വേണ്ടിവന്നിട്ടില്ലാത്തവരിൽ പോലും ലോങ് കോവിഡിന്റെ ഭാഗമായി നെഞ്ചിടിപ്പ് കൂടാം. ഈ നെഞ്ചിടിപ്പ് അത്ര ഗുരുതരമായ കാര്യമല്ല. ഏതാനും ആഴ്ചകളോളം നീണ്ടുനിൽക്കുകയും അതിനു ശേഷം ഏറെക്കുറെ സുഖംപ്രാപിക്കുകയും ചെയ്യും.
∙ കോവിഡിനു ശേഷം രക്തം കട്ട പിടിക്കാൻ സാധ്യതയുണ്ടോ? ഡി ഡൈമർ ടെസ്റ്റ് വഴി രക്തം കട്ടപിടിക്കാനുള്ള സാധ്യത തിരിച്ചറിയാനാകുമോ?
കൊറോണ വൈറസ് മൂലമുള്ള നീർവീക്കം പ്രധാനമായും രക്തക്കുഴലുകളെ ബാധിക്കുന്നു. രക്തത്തിലുള്ള ഇൻഫ്ലമേറ്ററി മാർക്കേഴ്സ് വർധിക്കുന്നതു കാരണം രക്തത്തിന്റെ കട്ടി കൂടാനും കട്ടപിടിക്കാനും ഉള്ള സാധ്യത ഈ കോവിഡ് സമയത്തു കൂടുതലാണ്.
ഇതളക്കാനാണ് ഡി ഡൈമർ ടെസ്റ്റ് ചെയ്യുന്നത്. ഇതു കോവിഡ് ചികിത്സയുടെ ഭാഗമായിട്ടും ചികിത്സയ്ക്കു ശേഷവും ചെയ്യാറുണ്ട്. ഡി ഡൈമർ കൂടിയിരിക്കുകയാണെങ്കി ൽ അതിനർഥം ശരീരത്തിൽ വർധിച്ചതോതിൽ നീർവീക്കം ഉണ്ട്, രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. നിലവിൽ രക്തം കട്ടപിടിച്ച സാഹചര്യത്തിലാണോ രോഗിയുള്ളത് എന്നും തിരിച്ചറിയാം.
കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഏതൊരു രക്തക്കുഴലിലും രക്തക്കട്ട രൂപപ്പെടാം. അതുകൊണ്ടാണ് കോവിഡ് കാരണം ചിലർക്കു ഹൃദയാഘാതവും സ്ട്രോക്കുമൊക്കെ വരുന്നത്. കാലിലെ സിരകളിലാണ് രക്തം കട്ടപിടിക്കുന്നതെങ്കിൽ ഡിവിറ്റി അഥവാ ഡീപ് വെയിൻ ത്രോംബോസിസ് എന്നു പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാം.
∙ കോവിഡ് ബാധിതരിൽ ഹൃദയപേശികൾ ദുർബലമായി പ്രശ്നങ്ങളുണ്ടാകുന്നുവെന്ന് കേട്ടു. ഇതു ശരിയാണോ?
രക്തം കട്ടപിടിക്കുന്നതു കൂടാതെ രക്തക്കുഴലുകളിൽ തന്നെ നീർവീക്കം വന്നിട്ട് അവ വികസിക്കുവാനും മറ്റുമുള്ള സാഹചര്യം കോവിഡ് മുക്തരായ ചിലരിൽ കാണുന്നുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന കാവസാക്കി എന്ന ഒരു രോഗമുണ്ട്. കുട്ടികളുടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾ നീർവീക്കം കാരണം വികസിക്കുകയും അതിനകത്തു രക്തക്കട്ട വരുകയും ചെയ്യുന്ന സാഹചര്യം. ഇതേ രീതിയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്നവരുടെ ഹൃദയരക്തധമനികളിൽ നീർവീക്കം വരാം. ഇതിനെ കൊറോണറി വാസ്കുലൈറ്റിസ് എന്നു വിളിക്കുന്നു.
പല രോഗികളിലും പല സ്ഥലത്താണ് വീക്കം കാണുന്നത്. ശ്വാസകോശങ്ങളിലാണു കൂടുതൽ. കൂടാതെ കരളിലോ വൃക്കയിലോ ഒക്കെ വരാം. വളരെ സങ്കീർണമായ കോവി ഡ് വരുന്ന സാഹചര്യത്തിൽ ഹൃദയ മാംസപേശികളിൽ തന്നെ നേരിട്ട് നീർവീക്കം വരാം. ഇതിനെ മയോകാർഡൈറ്റിസ് എന്നു പറയുന്നു. ഇതും കോവിഡിന്റെ പശ്ചാത്തലത്തിൽ കണ്ടുവരുന്നുണ്ട്. തന്മൂലം ഹൃദയത്തിന്റെ പമ്പിങ്ങും ബിപിയുമൊക്കെ കുറയുന്ന അവസ്ഥയിലേക്കും പോകാം.
മറ്റൊന്ന് സ്ട്രെസ്സ് കാർഡിയോമയോപ്പതി എന്ന സംഗതിയാണ്. ബ്രോക്കൺ ഹാർട്ട് സിൻഡ്രം എന്നും വിശേഷിപ്പിക്കാറുണ്ട്. ഏതെങ്കിലുമൊരു മെഡിക്കൽ–ഫിസിക്കൽ–മെന്റൽ സ്ട്രെസ്സ് വരുമ്പോൾ പെട്ടെന്നു ഹൃദയത്തിന്റെ പമ്പിങ് കുറയുന്ന ഒരു അവസ്ഥയാണിത്. ഐസിയുവിൽ കിടക്കുന്ന കഠിനമായ, സങ്കീർണമായ കോവിഡ് രോഗികളിൽ ഇതു വിരളമായാണെങ്കിലും കണ്ടുവരുന്നുണ്ട്.
മൈഗ്രെയ്നും ആർത്തവ ക്രമക്കേടുകളും
∙ നേരത്തെ സൈനസൈറ്റിസ് ഉള്ള വ്യക്തിയാണ്. ഇപ്പോൾ കൂടുതലായതുപോലെ തോന്നുന്നു. ഇതു സ്വാഭാവികമാണോ?
കോവിഡ് ബാധിക്കുന്നത് പ്രധാനമായും നമ്മുടെ ശ്വസനേന്ദ്രിയ നാളിയേയാണ്. ഈ നാളി തുടങ്ങുന്നത് മൂക്കിൽ നിന്നാണ്. മൂക്ക്, തൊണ്ട, ട്രക്കിയ തുടർന്ന് ശ്വാസകോശം എന്നിങ്ങനെ എല്ലാ ഭാഗങ്ങളെയും വൈറസ് ബാധിക്കുന്നു. നേരത്തെ തന്നെ സൈനസൈറ്റിസ് പ്രശ്നമുണ്ടായിരുന്നവരിൽ അവരുടെ സൈനസിന്റെ മ്യൂക്കോസയുടെ ആവരണമൊക്കെ മോശമായതിനാൽ ഈ അണുബാധ പെട്ടെന്നു തന്നെ സൈനസുകളെ ബാധിച്ച് സൈനസൈറ്റിസ് വരാനിടയുണ്ട്. മാത്രമല്ല, വൈറൽ സൈനസൈറ്റിസിനും സാധ്യതയുണ്ട്. മൂക്കിലൂടെ ട്യൂബിട്ട് ഐസിയുവിൽ കിടന്നവർക്കു തണുപ്പു കാരണവും സൈനസൈറ്റിസ് ഉണ്ടാകാം. സൈനസൈറ്റിസ് ഇല്ലാത്തവരാണെങ്കിൽ പോലും ദീർഘമായ മൂക്കടപ്പ് കാരണം സൈനസൈറ്റിസ് വരാനിടയുണ്ട്. ഏതാനും ദിവസത്തെ ആന്റിബയോട്ടിക് ചികിത്സകൊണ്ട് ഇതു സുഖപ്പെടുത്താം.
∙ കോവിഡിനു ശേഷം നേരത്തെ ഉണ്ടായിരുന്ന, ഇയർ ബാലൻസ്
പ്രശ്നം തിരികെ വന്നു. ഇതിനു കോവിഡുമായി ബന്ധമുണ്ടോ?
ശരീരബാലൻസ് നിലനിർത്തുന്ന നാഡികളെ കൊറോണ വൈറസ് ബാധിക്കാമെന്നതിനാൽ ജലദോഷവും തൊണ്ടവേദനയും ഉണ്ടാക്കുന്നതിനൊപ്പം കോവിഡ് കുറച്ചൊരു വെസ്റ്റിബുലർ ന്യൂറോനൈറ്റിസും ഉണ്ടാക്കാനിടയുണ്ട്. സാധാരണഗതിയിൽ തലച്ചോറ് ഈ പ്രശ്നത്തെ ഒരുപരിധി വരെ സ്വയം പരിഹരിക്കും. ഇതു നീണ്ടുനിന്നാൽ ഔഷധചികിത്സ കൊണ്ട് പരിഹരിക്കാം.
∙ കോവിഡിനു ശേഷം ഫംഗൽ അണുബാധകൾ കൂടുതലായി വരാമെന്നു കണ്ടു. ശരിയാണോ?
കോവിഡിന്റെ കൂടെ തന്നെ ബ്ലാക്ക് ഫംഗസ് പോലെയുള്ള ഫംഗൽ ബാ ധ ഉണ്ടായതായി നാം കണ്ടതാണ്. കോവിഡ് ചികിത്സയിൽ, പ്രത്യേകിച്ച് കോവിഡ് തീവ്രമായ ഘട്ടത്തിലു ള്ള ചികിത്സയിൽ സ്റ്റിറോയിഡുക ൾ നാം ഉപയോഗിക്കാറുണ്ട്. ഇതുപലതരം പാർശ്വഫലങ്ങൾക്ക് ഇടയാക്കാറുണ്ട്. പ്രധാനമായും ഇത് പ്രമേഹരോഗം പുതുതായി ഉണ്ടാകാനും ഉള്ള രോഗം തീവ്രമാകാനും ഇടയാക്കാം. ഫംഗൽ അണുബാധകൾ ഉണ്ടാക്കാനുമിടയുണ്ട്. കോവിഡ് തന്നെ ശരീരത്തിന്റെ പ്രതിരോധശേഷിയെ കുറയ്ക്കുന്നതാണു കാരണം. കൃത്യമായി തിരിച്ചറിഞ്ഞു ചികിത്സിക്കാനായാൽ ഒരു പ്രശ്നവും ഉണ്ടാകില്ല.
∙ കോവിഡിനു ശേഷം മൂന്നു മാസം കഴിഞ്ഞപ്പോൾ മുതൽ ദേഹം മുഴുവൻ ചൊറിച്ചിലാണ്.
കോവിഡ് നേരിട്ട് ഈ രീതിയിലൊന്നും ചർമത്തെ ബാധിക്കുന്നില്ല എ ന്നാണ് പഠനങ്ങളുടെ വെളിച്ചത്തിൽ പറയാനാവുക. എന്നാൽ ചില വൈറസ് ബാധകളെ തുടർന്നു ചൊറിച്ചിൽ ഉണ്ടാകുന്നതായി കാണാറുണ്ട്. ചൊറിച്ചിലിനു മറ്റു കാരണങ്ങളെന്തെങ്കിലുമുണ്ടോ എന്നു നോക്കണം. പ്രമേഹം, ഫംഗൽ അണുബാധകൾ, ശുചി ത്വക്കുറവ് എന്നിവ പോലെ. മാത്രമല്ല, മാസ്ക്, സാനിറ്റൈസർ എന്നിങ്ങനെ വ്യത്യസ്ത രാസഘടകങ്ങൾ അടങ്ങിയ ഉൽപന്നങ്ങൾ നാം നിത്യേന ഉപയോഗിക്കുന്നുണ്ടല്ലൊ. ഈ രാസഘടകങ്ങളോടു വരുന്ന അലർജിയാകാനാണ് കൂടുതൽ സാധ്യത. ഏതായാലും ഒരു ത്വക് രോഗവിദഗ്ധനെ കാണിക്കുക.
∙ കോവിഡിനു ശേഷം മുടികൊഴിച്ചിൽ ഉണ്ട്. പരിഹരിക്കാൻ എന്തു ചെയ്യണം?
കോവിഡിനെ തുടർന്ന് ഒട്ടേറെ പേരിൽ മുടികൊഴിച്ചിൽ കാണുന്നുണ്ട്. ഏത് ഗുരുതരമായ അസുഖവും വന്നുകഴിഞ്ഞാൽ തലമുടി ടെലോജൻ ഘട്ടത്തിലേക്കു പോകും. തലമുടി വളർച്ച താൽക്കാലികമായി നിലയ്ക്കും. അപ്പോൾ മുടി കൊഴിഞ്ഞുപോവും. ടൈഫോയ്ഡ്, വൈറൽ പ നി പോലുള്ള അസുഖങ്ങളെ തുടർന്നു മുടികൊഴിയുന്നതു പലർക്കും അനുഭവമുള്ള കാര്യമാണല്ലൊ. കുറച്ചു നാൾ കഴിയുമ്പോൾ മുടികൊഴിച്ചിൽ തനിയെ തന്നെ നിലയ്ക്കാനാണ് സാധ്യത. പോഷകപ്രദമായ ആഹാരം കഴിക്കാനും നന്നായി ഉറങ്ങാനും മനസ്സ് ശാന്തമായി വയ്ക്കാനും ശ്രദ്ധിക്കുക.
∙ കോവിഡ് മാറിയ ശേഷം കാൽമുട്ടുവേദന, സന്ധിവേദന എന്നിവ വർധിച്ചു കാണുന്നു?
കോവിഡിനു ശേഷം വേദനകൾ കൂടുതലായി കാണുന്നുവെന്നത് യാഥാ ർഥ്യമാണ്. വൈറസുകൾ ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിച്ച് ആ രോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം വേദനകളും. ഇതിന്റെ പേരിൽ വേദനാസംഹാരികൾ ദീർഘനാൾ കഴിക്കുന്നതു നല്ലതല്ല. സ്വയമേ തന്നെ ഈ വേദനകളൊക്കെ മാറിപ്പോകും. കോവിഡ് മുക്തരായ ശേഷം ഒാരോരുത്തരുടെയും അവസ്ഥയ്ക്കനുസരിച്ചുള്ള തീവ്രതയിൽ ക്രമമായി വ്യായാമം ചെയ്യുക, ചെറുചൂടുവെള്ളത്തിൽ കുളിക്കുക എന്നിവയൊക്കെ വേദന കുറ യ്ക്കും. വേദന സഹിക്കാൻ വയ്യെങ്കി ൽ ഒരു ഡോക്ടറെ കണ്ട് ചെറിയ കാലയളവിലേക്കു മരുന്നു കഴിക്കാം.
∙ കോവിഡ് മാറിയശേഷം ആർത്തവം ക്രമരഹിതമാണ്.
കോവിഡിനെ തുടർന്ന് ആർത്തവചക്രത്തിൽ ചെറിയ ചില വ്യതിയാനങ്ങൾ സംഭവിക്കുന്നതായി കാണുന്നുണ്ട്. ഏതുതരത്തിലുള്ള മാനസിക പിരിമുറുക്കവും ആർത്തവചക്രത്തിന്റെ കാലയളവിലും തവണകളിലും മാറ്റം വരുത്താം. കോവിഡിനെ തുടർന്ന് ആർത്തവചക്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെയും ഈ രീതി യിൽ കണ്ടാൽ മതിയാകും. എങ്കിലും ആർത്തവരക്തസ്രാവം വളരെ കൂടുതലാവുകയോ നിലയ്ക്കാതെ വരുകയോ ചെയ്താൽ ഗൈനക്കോളജിസ്റ്റിനെ കാണണം.
∙ കോവിഡിനു ശേഷം തീവ്രമായി, ഛർദിയോടെ മൈഗ്രെയ്‌ൻ വരുന്നു.
കോവിഡ് നേരിട്ട് മൈഗ്രെയ്ൻ ഉ ണ്ടാക്കുന്നില്ലെങ്കിലും തലവേദന ഉ ണ്ടാക്കുന്നുണ്ട്. കോവിഡിന്റെ ലക്ഷണമായി തലവേദന വരാറുണ്ട്. കോവിഡിനു ശേഷം തലവേദന നീണ്ടുനിൽക്കുകയോ മൈഗ്രെയ്ൻ വരുകയോ ചെയ്യുന്നതിന്റെ കാരണം
കൊറോണ വൈറസ് നമ്മുടെ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊ ണ്ടാണ്. സ്ട്രെസ്സ് മൂലവും മൈഗ്രെയ്ൻ ഉണ്ടാകാം. അതിനെ സാധാരണ മൈഗ്രെയ്നിനു ചികിത്സിക്കുന്നതുപോലെ തന്നെ ചികിത്സിക്കുക എന്നേയുള്ളു.
∙കോവിഡ് മാറിയവരിൽ അനീമിയ വ്യാപകമായി കാണുന്നു. കാരണമെന്താണ്. പരിഹാരം?
കോവിഡ് നേരിട്ട് അനീമിയ ഉണ്ടാക്കുന്നില്ല. പക്ഷേ, കോവിഡ് കാലത്തെ ഭക്ഷണം കഴിപ്പ് ശരിയല്ലാത്തതു മൂലവും മറ്റു രോഗങ്ങൾ മൂർച്ഛിക്കുന്നതു കൊണ്ടും അനീമിയയ്ക്കു സാധ്യതയുണ്ട്. എന്തായാലും കോവിഡിനു ശേഷം ക്ഷീണവും തലചുറ്റലുമൊക്കെ അനുഭവപ്പെട്ടാൽ ഹീമോഗ്ലോബിൻ നിരക്ക് പരിശോധിക്കുക. കുറവാണെന്നു കണ്ടാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണസാധനങ്ങൾ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ബീഫ്, ചുവന്ന ചീര പോലുള്ള ഇലക്കറികൾ, ഈന്തപ്പഴം, ശർക്കര എന്നിവയൊക്കെ അയൺ ധാരാളമായുള്ള വിഭവങ്ങളാണ്. ഈ പോഷകസമ്പുഷ്ടമായ ഭക്ഷണം കൊണ്ടുതന്നെ വിളർച്ച മാറ്റാം, ഡോക്ടർ പ്രത്യേകമായി നിർദേശിച്ചാൽ മാത്രം അയൺ സപ്ലിമെന്റുകൾ കഴിച്ചാൽ മതിയാകും.
∙ ഒമിക്രോൺ വകഭേദം മൂലമുള്ള കോവിഡാണ് വന്നത്. ആ സമയത്ത് വയറിനു പ്രശ്നമുണ്ടായിരുന്നു. ഇതുവരെ മാറിയിട്ടില്ല.
ഡെൽറ്റ വൈറസാണെങ്കിലും ഒമിക്രോൺ ആണെങ്കിലും ദഹനേന്ദ്രിയ വ്യൂഹത്തെ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. പല രോഗികളും വയറിളക്കവും ഛർദിയുമൊക്കെയായി വരാറുണ്ട്. സാധാരണഗതിയിൽ രണ്ടാഴ്ച കഴിയുമ്പോഴേക്കും ഈ പ്രശ്നങ്ങളൊക്കെ മാറാറുണ്ട്. എന്നാൽ ചിലരിൽ മാത്രം ഗ്യാസ്, വയറിളക്കം, ഛർദിക്കാൻ വരുക, വിശപ്പില്ലായ്മ എന്നീ പ്രശ്നങ്ങൾ മാറാതെ നിൽക്കാം. ദഹനേന്ദ്രിയപഥത്തെ നേരിട്ടു കൊറോണ വൈറസ് ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കോവിഡ് ഭേദമായിട്ടും ഉദരസംബന്ധമായ അസ്വസ്ഥതകൾ നീണ്ടുനിന്നാൽ ഒരു ഉദരരോഗവിദഗ്ധനെ കണ്ടു കൂടുതൽ വിശദമായ പരിശോധന നടത്തണം. കോവിഡിനു മുൻപേ തന്നെ ചെറിയതോതിൽ ഉണ്ടായിരുന്ന എന്തെങ്കിലും ഉദരരോഗങ്ങൾ മൂർച്ഛിച്ചിട്ടുണ്ടോ എന്നു നോക്കേണ്ടതുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്:
1. ഡോ. ജേക്കബ് കെ. ജേക്കബ്
2. ഡോ. പി. എസ്. ഷാജഹാൻ
3. ഡോ. ആനന്ദ് മാർത്താണ്ഡ പിള്ള
4. ഡോ. പി. എ. മുഹമ്മദ് കുഞ്ഞ്