ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോകുക. തുടർന്ന് സംസാരിക്കാനും ചിരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എല്ലാത്തിനും ഉപരിയായി മുഖത്തിനുണ്ടാകുന്ന വൈകല്യം രോഗിയെ മാനസികമായി തകർത്തുകളയുന്നു. ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു നടനാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അതില്പരമൊരു ദുഃഖമില്ല. കഴിഞ്ഞ ദിവസം സിനിമ- സീരിയൽ നടൻ മനോജിന്റെ കഥയിലൂടെയാണ് ‘ബെൽസ് പാൾസി’ എന്ന ഭീകരനെ മലയാളി അടുത്തറിഞ്ഞത്. എന്നാൽ ‘ബെൽസ് പാൾസി’ ഭയപ്പെടുന്നത് പോലെ ഗുരുതരമല്ലെന്നും പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണെന്നും പറയുകയാണ് കൺസൾട്ടന്റ് ന്യൂറോ സർജനായ ഡോക്ടർ അരുൺ ഉമ്മൻ.
എന്താണ് ബെൽസ് പാൾസി?
ബെൽസ് പാൾസി വളരെ സർവസാധാരണമായ അസുഖമാണ്. സിനിമാനടന് രോഗം വന്നതോടെ എല്ലാവരും ശ്രദ്ധിച്ചു എന്നുമാത്രം. ബെൽസ് പാൾസി സ്ട്രോക്കല്ല, മുഖത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന തളർച്ചയാണ്. നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ഫേഷ്യൽ മസിൽസിന്റെ സഹായത്തോടെയാണ്. ഈ മസിൽസിനെ സപ്പോർട്ട് ചെയ്യുന്നത് ഫേഷ്യൽ നെർവ് ആണ്. ആ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി. ഇഡിയോപ്പതിക് ലോവർ മോട്ടോർ ന്യൂറോൺ ഫേഷ്യൽ നെർവ് പാൾസി എന്നാണ് ഈ രോഗത്തിന്റെ സയന്റിഫിക് നാമം.
കാരണമില്ലാതെ വരും..
രോഗം വരാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. പെട്ടെന്നുണ്ടാകുള്ള ഞരമ്പിന്റെ പ്രവർത്തന വൈകല്യമാണ്. അതായത് ഞരമ്പിൽ നീര് വന്നത് പോലെ തളർച്ചയുണ്ടാകും. അതുകൊണ്ടാണ് ഇതിനെ ഇഡിയോപ്പതിക് എന്ന് പറയുന്നത്. മുഖം നോർമൽ സൈഡിലേക്ക് കോടിപ്പോകും. നെറ്റി ചുളിക്കാൻ പറ്റില്ല, കണ്ണടയ്ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും, വിസിൽ അടിക്കാൻ പറ്റില്ല, ഭക്ഷണം കഴിക്കുമ്പോൾ കവിളിൽ കെട്ടിക്കിടക്കും.
ബെൽസ് പാൾസി മൂലമുണ്ടാകുന്ന പ്രധാന ബുദ്ധിമുട്ട് മുഖത്തിന്റെ ഭംഗി പോകും എന്നതാണ്. രോഗം കണ്ടുകഴിഞ്ഞാൽ സ്‌ട്രോക് ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. വരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടുമൂന്നു ശതമാനം ആളുകൾക്ക് മാത്രം ഫേഷ്യൽ നെർവിൽ ട്യൂമറോ തകരാറോ കാണാറുണ്ട്. അപകടം സംഭവിച്ച് ഞരമ്പുകൾക്ക് തകരാറ് സംഭവിക്കുമ്പോഴും ഇങ്ങനെ വരാം.
ആദ്യ മണിക്കൂറുകൾ പ്രധാനം
ബെൽസ് പാൾസി വന്നു കഴിഞ്ഞാൽ കൃത്യസമയത്ത് മരുന്ന് കൊടുത്ത് ചികിത്സ ആരംഭിക്കണം. ഒപ്പം ഫിസിയോതെറാപ്പിയും ആരംഭിക്കാം. കൂടെ ടെൻസ് എന്ന് പറയുന്ന ചികിത്സ കൂടിയുണ്ട്. ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ ചെറിയ ഇലക്ട്രോഡ് വച്ച് ഷോക്ക് ഏൽപ്പിക്കുന്നതാണ് ടെൻസ്. ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകൾക്കും രോഗം പൂർണ്ണമായും ഭേദമാകും. ചിലർക്ക് കുറച്ചുനാളത്തേക്ക് നിലനിൽക്കും. വൈറൽ ഇൻഫെക്ഷൻ മൂലവും രോഗം വരാം. അതിനു ആന്റിബയോട്ടിക് മരുന്നുകൾ എടുത്താൽ മതിയാകും.
ആർക്ക് എപ്പോൾ വേണമെങ്കിലും ബെൽസ് പാൾസി വരാവുന്നതേയുള്ളൂ.. ചിലർ തനിയെ മാറിക്കോളും എന്ന് പറഞ്ഞിരിക്കും. അത് പറ്റില്ല, നിർബന്ധമായും ഫിസിയോതെറാപ്പി ചെയ്യണം. തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ആരംഭിക്കുകയാണെങ്കിൽ പൂർണ്ണമായും മാറും. ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനമാണ്. ഒരു തവണ വന്ന് മാറിക്കഴിഞ്ഞാലും പിന്നീട് വരാം. പക്ഷെ, പേടിക്കേണ്ട കാര്യമില്ല. രോഗം വന്ന് മാറിക്കഴിഞ്ഞാൽ പിന്നെ സ്ഥിരമായി മരുന്ന് കഴിക്കേണ്ട സാഹചര്യമില്ല. അതുകൊണ്ട് ബെൽസ് പാൾസിയെ കുറിച്ചോർത്ത് ഇനി ഭയം വേണ്ട.