ജോലിക്കിടയില്‍, ആഹാരം കഴിക്കുമ്പോള്‍, ഓടി വന്നു ട്രെയിനില്‍ കയറിയ ഉടന്‍ പെട്ടെന്നൊരു തലകറക്കം. ഒരു മിനിറ്റു കൊണ്ടു പ്രശ്നം മാറി പഴയ പടിയായി. ‘പ്രഷര്‍ കൂടിയതിന്റെയാ. ഒന്നു ബിപി പരിശോധിക്കുന്നതു നല്ലതാ...’ ഉപദേശിക്കാന്‍ പലരും കാണും. വാട്സാപ്പ് മെസേജുകളിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും ഇക്കാര്യം പലരുെടയും മനസ്സില്‍ പതിഞ്ഞിട്ടുമുണ്ടാകും, പ്രഷര്‍ കൂടുന്നതിന്റെ ലക്ഷണമാണു തലകറക്കം. എന്നാല്‍ ഈ ധാരണ തെറ്റാണ്.
രക്തസമ്മർദം എന്ന ബ്ലഡ് പ്രഷര്‍ കൂടുന്ന അവസ്ഥയാണല്ലോ ഹൈപ്പർടെൻഷൻ (രക്താതി മർദം) ഏറ്റവും കൂടുതലായി കണ്ടുവരുന്ന ലൈഫ്സ്റ്റൈൽ രോഗവും ഹൈപ്പർ ടെൻഷൻ തന്നെ. 120/80 എന്ന മാജിക് നമ്പറാണ് നോര്‍മൽ ബ്ലഡ് പ്രഷർ. ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന സിസ്റ്റോളിക് മർദമാണ് 120. ഹൃദയം വികസിക്കുമ്പോഴുണ്ടാകുന്ന ഡയസറ്റോളിക് മർദമാണ് 80. പ്രഷർ 140/90 എന്ന പരിധി വിടുമ്പോഴാണ് സാധാരണ നിലയിൽ ഹൈപ്പർ ടെൻഷൻ എന്നു പറയുന്നത്.
ഹൈപ്പർ ടെൻഷൻ പൊതുവെ ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃശ്ചികമായി നടത്തുന്ന വൈദ്യ പരിശോധനയിലായിരിക്കും ആദ്യമായി രക്താതിമർദം കണ്ടെത്തുന്നത്. അല്ലെങ്കിൽ ഹാർട്ട്അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ സങ്കീർണതകളുണ്ടാകുമ്പോള്. അതുകൊണ്ടാണ് ഹൈപ്പർടെൻഷനെ സൈലന്റ് കില്ലർ എന്നു വിളിക്കുന്നത്.
തലയുടെ പുറകുഭാഗത്ത് രാവിലെ അനുഭവപ്പെടുന്ന വേദന, കാഴ്ച മങ്ങൽ, തലയ്ക്കു ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ചിലരില്‍ ഉണ്ടായെന്നു വരാം. എന്നാൽ തലകറക്കം ഹൈപ്പർടെൻഷന്റെ ലക്ഷണമല്ല. തലകറക്കത്തിന്റെ സാധാരണ കാരണങ്ങളിലൊന്ന് ചെവിയിലെ തകരാറുകളാണ്. പനിയെ തുടർന്ന് ഉൾചെവിയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റിബുലാര്‍ നാഡിക്കുണ്ടാകുന്ന നീർവീക്കം, തലകറക്കത്തോടൊപ്പം കേൾവിക്കുറവ്, ചെവിക്കുള്ളിലനുഭവപ്പെടുന്ന മൂളൽ എന്നിവയുണ്ടാക്കുന്ന മെനിയേഴ്സ് രോഗം തുടങ്ങിയവയൊക്കെ തല കറക്കമുണ്ടാക്കാം.
കണ്ണിന്റെ തകരാറുകളും കഴുത്തിലെ കശേരുക്കളുടെ തേയ്മാനവുമൊക്കെ തലകറക്കമുണ്ടാക്കാം. പൊസിഷനൽ വെർട്ടിഗോ എന്ന രോഗത്തെ തുടർന്നും തലകറക്കം അനുഭവപ്പെടും. തല ഒരു വശത്തേക്ക് ചെരിക്കുമ്പോഴാണ് ഈ രോഗാസ്ഥയില്‍ തലകറക്കം അനുഭവപ്പെടുക. ഒരു കാരണമില്ലാതെയും ചിലരില്‍ ഇത്തരം തലകറക്കം കണ്ടുവരാറുണ്ട്.
തലകറക്കമുള്ളവർ വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. കിടക്കയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കുകയും ഒരു വശത്തേക്കു ചെരിയുകയുമരുത്. ആവശ്യമായ പരിശോധനകളിലൂടെ തലകറക്കത്തിന്റെ കൃത്യമായ കാരണം കണ്ടെത്തി ചികിത്സ തേടണം.