Monday 16 November 2020 12:39 PM IST

ശ്വാസതടസമുള്ളവർക്ക് കോവിഡ് ലക്ഷണങ്ങൾ വന്നാൽ എങ്ങനെ ഉറപ്പിക്കാം? ; രോഗം പകരുന്നത് തടയാൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം

Shyama

Sub Editor

bgghg

സ്ഥിരമായി ശ്വാസസംബന്ധമായ അസുഖങ്ങളുള്ളവർക്ക് കോവിഡിന്റെ ലക്ഷണങ്ങളിലൊന്നായ ശ്വാസതടസമുണ്ടായാൽ പലരും അത് കോവിഡാണെന്ന് വൈകിയാണ് തിരിച്ചറിയുന്നത്. ഇത് കൂടുതൽ പേരിലേക്ക് രോഗം പകരുന്നതിന് ഇടയാക്കിയേക്കാം....

മീനയ്ക്ക് (പേര് മാറ്റം വരുത്തിയിട്ടുണ്ട്) വർഷങ്ങളായി ശ്വാസതടസ്സമുണ്ട്. അതിന്റെ ഇൻഹെയ്‌ലറും മറ്റ് മരുന്നുകളും എപ്പോഴും ഒപ്പം കൊണ്ട് നടക്കുന്ന ആളുമാണ്. ഈയടുത്തും ശ്വാസംമുട്ട് വന്നു. പതിവു പോലെ മരുന്നും ഇൻഹെയ്‌ലറും ഉപയോഗിച്ച് ദിവസങ്ങൾ കഷ്ടപ്പെട്ട് തള്ളി നീക്കി. ജോലിക്കും പോയി. എന്നാൽ മൂന്നാം ദിവസമായപ്പോഴേക്കും പഴയ മരുന്നുകൾ കൊണ്ടൊന്നും ശ്വാസം മുട്ട് നിൽക്കുന്നില്ല. അങ്ങനെ സംശയം തോന്നി ടെസ്റ്റ് ചെയ്തപ്പോൾ– കോവിഡ് പോസിറ്റീവ്. ആ രണ്ട് ദിവസം കൊണ്ട് ഓഫീസിൽ അടുത്തുണ്ടായവരിലേക്കും രോഗം പടർന്നിരുന്നു. ലക്ഷണങ്ങൾ ആദ്യം കണ്ടു തുടങ്ങിയപ്പോഴേ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒന്ന് ടെസ്റ്റ് ചെയ്തിരുന്നെങ്കിൽ രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് കുറയ്ക്കാമായിരുന്നു.

ഇത് ഒരാളുടെ മാത്രം കാര്യമല്ല. എത്ര ജാഗ്രതാ നിർദേശം പറഞ്ഞിട്ടും കേട്ടിട്ടും ഇപ്പോഴും പലരും ലക്ഷണങ്ങൾ അവഗണിക്കുന്നു, ലക്ഷണങ്ങളുണ്ടെങ്കിലും അത് മറ്റ് അസുഖങ്ങളുടെ ഭാഗമായിട്ടാകാം എന്ന് കരുതി അതിന്റെ മരുന്ന് കഴിക്കുന്നു, ലക്ഷണങ്ങൾ പുറത്ത് പറയാതിരുന്ന് സ്വയം ചികിത്സ എടുക്കുന്നു... ഇതൊക്കെ വലിയ അപകടങ്ങളുണ്ടാക്കും എന്ന് ഡോക്ടർമാർ ആവർത്തിക്കുന്നുണ്ട്.

ശ്വാസ സംബന്ധമായ പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കേണ്ട് ചില കാര്യങ്ങൾ

∙ പണ്ട് മുതലേ ശ്വാസതടസങ്ങൾ ഉള്ളവർ വളരെ ജാഗ്രതയോടെയിരിക്കേണ്ട സമയമാണിത്. കഴിവതും ആളുകൾ കൂടുന്ന ചടങ്ങുകളിലോ മറ്റ് ഇടങ്ങളിലേക്കോ പോകാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

∙ ശ്വാസ തടസം അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടർ നിർദേശിച്ച കൈയിലുള്ള മരുന്നോ ഇൻഹെയ്‌ലറോ ഉപയോഗിക്കുക. എന്നിട്ടും സ്വാഭാവികമായി ഉണ്ടാകുന്നതിൽ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും കൂടുതലോ കോംപ്ലിക്കേഷൻസോ ഉണ്ടായാൽ ഉടൻ തന്നെ കോവിഡ് കെയർ നമ്പറുകളിലോ ആശുപത്രികളുമായോ ബന്ധപ്പെടുക. അതുമല്ലെങ്കിൽ അപ്പോൾ തന്നെ ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ച് കാര്യം പറയുക.

∙ കിതപ്പ്, ചുമ, തൊണ്ടവേദന, അൽപ്പനേരത്തേക്കുള്ള ശ്വാസ തടസം, ശ്വാസംമുട്ടൽ തുടങ്ങി എന്ത് ലക്ഷണമുണ്ടെങ്കിലും ജാഗ്രത പാലിക്കുക. ആഗോഗ്യപ്രവർത്തകരെ വിവരമറിക്കുക.

∙ ജോലി ചെയ്യുന്ന ഇടങ്ങളിലും മറ്റും പരമാവധി ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുക.

∙ ജോലിക്ക് പോകുന്ന ഇടങ്ങളിലും മറ്റുള്ളവരുമായി ഇടപഴകേണ്ട മറ്റെന്ത് സാഹചര്യം വരുമ്പോഴും സാമൂഹിക അകലം പാലിക്കുക.

∙ സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി വർത്താനം പറയുന്ന ശീലം നല്ലതല്ല. നിങ്ങളും നിങ്ങൾക്കൊപ്പമുള്ളവരും മാസ്ക് മൂക്കും വായും പൂർണമായും മൂടുന്ന തരത്തിൽ ധരിക്കുക. എതിർവശത്തുള്ള ആളുടെ മാസ്ക് നേരെയല്ലെങ്കിൽ അതൊന്ന് നേരെ വയ്ക്കാൻ പറയാൻ ഇക്കാലത്ത് ആരും മടി കാണിക്കരുത്.

∙ മാസ്ക് മാറ്റി പൊതു ഇടങ്ങളിൽ തുപ്പുന്ന ശീലവും തീർത്തും ഉപേക്ഷിക്കുക. പോലീസിനെ പേടിച്ചിട്ടല്ലാതെ തന്നെ ഒരു നല്ല ശീലം ശീലിക്കാൻ ഇതൊരു അവസരമായെടുക്കുക.

∙ പനിയില്ലാതെ ശ്വാസം മുട്ടൽ വന്നാൽ അത് കോവിഡ് അല്ലെന്ന് കരുതി മിണ്ടാതിരിക്കരുത്. ലക്ഷണങ്ങൾ പലർക്കും പലവിധമാണ്. അതു കൊണ്ട് ജാഗ്രത കുറയ്ക്കരുത്.

∙ കുട്ടികളുമായി നടക്കാനും വ്യായാമത്തിനും ഒക്കെ പോകുന്നവർ അവരെ പൊതു ഉപകരണങ്ങൾ ഉപയോഗിച്ച് കളിക്കാൻ തൽക്കാലം വിടരുത്. നടക്കുന്നതിനരികിലായി ഊഞ്ഞാലും സീ–സോയും ഒക്കെയുണ്ടെങ്കിലും അതുപയോഗിച്ചാലുള്ള അപകടം കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുക. കൂട്ടമായി നടക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

∙ ശ്വാസതടസമുള്ളവരും അല്ലാത്തവരും ഒക്കെ ശ്രദ്ധിക്കേണ്ട കാര്യമാണ് അനാവശ്യമായി അവിടിവിടെയൊക്കെ തൊടുന്ന ശീലം ഒഴിവാക്കുക എന്നത്. കൈവരികളിൽ തൊട്ട് തൊട്ട് നടക്കുക, സൂപ്പർമാർക്കറ്റിൽ ആവശ്യമില്ലാത്ത സാധനങ്ങൾ പോലും എടുത്ത് നോക്കുക, ചുമരിൽ പിടിക്കുക, ചാരി നിൽക്കുക, ബാങ്കിലും മറ്റും പോകുമ്പോൾ അവിടെയുള്ള ഗ്ലാസ് ബാരിക്കേഡുകളിൽ തൊടുക, ഇടയ്ക്കിടെ കണ്ണിലും മുഖത്തും തൊടുക... തുടങ്ങി നമ്മൾ അറിയാതെ തുടർന്നു വന്ന ശീലങ്ങൾ ബോധപൂർവ്വം തന്നെ വേണ്ടെന്നു വയ്ക്കണം. എവിടെയെങ്കിലും തൊടേണ്ടി വന്നാൽ കൈകൾ സാനിറ്റൈസ് ചെയ്യുക.

വാക്സീൻ കണ്ടുപിടിക്കാത്ത പക്ഷം. നമ്മൾ തന്നെയാണ് ‘സോഷ്യൽ വാക്സീൻ’. ശാരീരിക അകലം പാലിച്ച്, മാസ്ക് വച്ച്, കൈ കഴുകി/സാനിറ്റൈസറിട്ട്, ആവശ്യമില്ലാതെ എങ്ങും തൊടാതെയാണ് നിങ്ങൾ ഓരോരുത്തരും സോഷ്യൽ വാക്സീനായി മാറുന്നത്.

ആരോഗ്യത്തോടെയിരിക്കാൻ ചില ശ്വസനവ്യായാമങ്ങൾ

ശ്വസനവ്യായാമങ്ങൾ അഥവാ ബ്രീത്തിങ്ങ് എക്സർസൈസുകൾ ഒന്നും മരുന്നിന് പകരമല്ല. ചികിത്സയുടെ ഫലം കൂട്ടാനും സാധാരണ ജീവിതം സുഗമമാക്കാനും വേണ്ടിയുള്ളവയാണ് എന്ന് പ്രേത്യേകം ഓർക്കാം...

∙ ശ്വാസം അകത്ത് എടുത്ത് കൗണ്ട് ചെയ്യുക. എന്നിട്ട് അതിലും ഇരട്ടി സമയം കൊണ്ട് പതിയെ പുറത്തേക്ക് വിടുക. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം ഒക്കെ അഞ്ച് മിനിറ്റ് നേരം ഇത് ചെയ്യാം.

∙ മൂക്കിലൂടെ ദീർഘശ്വാസമെടുത്തിട്ട് ചൂളം കുത്തുന്ന പോലെ ചുണ്ടുകൾ കൂട്ടിപ്പിടിച്ചിട്ട് അതിലൂടെ ദീർഘമായി തന്നെ നിശ്വസിക്കുക. നിശ്വാസം ശ്വാസമെടുപ്പിനേക്കാൾ സമയമെടുത്ത് ചെയ്യാൻ ശ്രദ്ധിക്കാം. ദിവസത്തിൽ മൂന്നോ–നാലോ തവണ ചെയ്യാം.

∙ മുട്ടുമടക്കി നിവർന്നു കിടക്കുക.(ആവശ്യമെങ്കിൽ കഴുത്തിനും കാൽമുട്ടിനു കീഴിലും തലയിണ വയ്ക്കാം) ഒരു കൈ വയറിനു മുകളിൽ നെഞ്ചിൻകൂടിനു കീഴേയായി വയ്ക്കുക. ഒരു കൈ നെഞ്ചിനു മുകളിലായും വയ്ക്കുക. എന്നിട്ട് മൂക്കിലൂടെ സാവധാനം ശ്വാസം ഉള്ളിലേക്കെടുക്കുക വയറിനു മുകളിലെ കൈ പൊങ്ങി വയറ് മുകളിലേക്ക് വരുന്നത് അറിയാം. ശേഷം ചൂളം കുത്തുന്ന പോലെ ചുണ്ടുപിടിച്ചിട്ട് അതിലൂടെ സാവധാനം നിശ്വസിക്കുക. ഒപ്പം കൈകൊണ്ട് വയറിൽ മൃദുവായി അമർത്താം. നിശ്വസിക്കുന്നതിനൊപ്പം വയറിന്റെ മസിലുകൾ ഉള്ളിലേക്ക് വലിയുന്നതും ശ്രദ്ധിക്കുക. തോളിലേയും കഴുത്തിലേയും പേശികൾ പൂർണമായും അയച്ചിടുക.

കിടന്നു ചെയ്ത് ശീലിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു കസേരയിലലോ അല്ലാതെയോ നിവർന്നിരുന്നും ഈ വ്യായാമം ചെയ്യാം. അഞ്ച് മിനിറ്റ് വീതം ദിവസത്തിൽ രണ്ടു മൂന്ന് തവണ ചെയ്യുന്നത് നന്ന്.

കടപ്പാട്:

പി. എസ്. ഷാജഹാൻ,

അഡീഷണൽ പൾമണറി മെഡിസിൻ,

ഗവ. ടി.ഡി. മെഡിക്കൽ കോളജ്,

ആലപ്പുഴ.

Tags:
  • Spotlight