ADVERTISEMENT

പ്രായമേറുന്തോറും പലകാരണങ്ങളാൽ ദന്തസൗന്ദര്യം കുറയാം. പക്ഷേ അതിനു പരിഹാരമായുള്ള ദന്തക്രമീകരണ ചികിത്സകൾ ചെറപ്പത്തിലല്ലേ ചെയ്യാൻ പറ്റൂ എന്നാണ് മിക്കവരുടേയും ധാരണ. എന്നാൽ ആധാരണ തിരുത്താം, ഏതു പ്രായത്തിലും ദന്തക്രമീകരണം നടത്തി മുഖസൗന്ദര്യം മെച്ചപ്പെടുത്താം

ക്രമം തെറ്റിയ പല്ലുകൾക്കുവേണ്ടി ചെയ്യുന്ന ദന്തക്രമീകരണ ചികിത്സ കുട്ടികളിലും കൗമാരപ്രായക്കാരിലും മാത്രമേ പറ്റുകയുള്ളുവെന്നത് പൊതുവേയുള്ള തെറ്റിദ്ധാരണയാണ് എന്നാൽ ഏതു പ്രായത്തിലും നമ്മുടെ മോണയുടെ ആരോഗ്യത്തിന് അനുസരിച്ചു ദന്തക്രമീകരണ ചികിത്സ ചെയ്യാം എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ ഏതു പ്രായത്തിലും നമ്മുടെ ചിരിയുടെ ആരോഗ്യവും ആകർഷകതയും കൂട്ടാൻ ദന്തക്രമീകരണ ചികിത്സ, ഒരു ഓർതോഡോൺന്റിസ്റ്റിനെ സമീപിച്ചു ചെയ്യാവുന്നതാണ്.

ADVERTISEMENT

പ്രായമാകുന്തോറും നാക്കിന്റെ വലുപ്പം കൂടുന്നതിനാലും, വൈറ്റമിൻ ഡി യുടെ കുറവിനാല്‍ എല്ലുകളുടെ ബലം കുറയുന്നതുകൊണ്ടും പല്ലുകൾക്കിടയിൽ വിടവുകൾ രൂപപ്പെടാം. അതുപോലെ കുട്ടിക്കാലത്തു ചികിത്സ തേടാതിരുന്ന പല്ലിന്റെ ഉന്തൽ, നിരതെറ്റൽ എന്നിവ പ്രായമാകുമ്പോൾ കൂടുതൽ സങ്കീർണമാകുന്നു. പല്ലുകളുടെ വേരിനു ചുറ്റുമുള്ള എല്ലിന്റെ ഉയരം കുറയുന്നതും പലവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ഈ പ്രായത്തിൽ കമ്പിയിടണോ?

ADVERTISEMENT

പ്രായമായ പലവരിലും കണ്ടു വരുന്ന പ്രധാന ആശയക്കുഴപ്പം ഈ പ്രായത്തിൽ കമ്പി ഇട്ടു നടന്നാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നത് ആണ്. തിരിച്ചറിയാൻ കഴിയാത്ത ക്ലിയർ അലൈനർ (Clear Aligner) ചികിത്സ, സിറാമിക് ബ്രാക്കറ്റുകൾ (Ceramic brackets) എന്നിവയുടെ ആവിർഭാവത്തോടെ ഈ ആശങ്കയ്ക്കു പരിഹാരമായി. കാരണം ദന്തക്രമീകരണ ചികിത്സയിലാണ് എന്നകാര്യം മറ്റുള്ളവർക്ക തിരിച്ചറിയാൻ പോലും കഴിയില്ല.

എന്നാൽ പ്രായമേറിയാലും കമ്പികെട്ടാം. പക്ഷേ ഉമിനീരിന്റെ അളവ് ചെറുപ്രായത്തിലെ അപേക്ഷിച്ചു മുതിർന്നവരിൽ കുറവായതിനാൽ മുത്തുകമ്പി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ താരതമ്യേനെ കൂടുതൽ ആയിരിക്കും. ഉയർന്ന ഗുണനിലവാരമുള്ള മുത്തുകൾ, ക്ലിയര്‍ അലൈനർ ചികിത്സ എന്നിവയും, ഉമിനീരിന്റെ ഉത്പാദനം കൂട്ടുന്ന സപ്ലിമെന്റുകളും ഇതിനെ മറികടക്കാൻ സഹായിക്കുന്നു.

ADVERTISEMENT

മോണരോഗവും അനുബന്ധമായ അസ്‌ഥികളുടെ തെയ്മാനവും പ്രായമായവരിൽ സാധാരണയായി കാണുന്ന അവസ്‌ഥകൾ ആണ്. അങ്ങനെ ഉള്ളവരിൽ ഡീപ് സ്കെയ്‍‌ലിങ് ഫ്ലാപ് സർജറി എന്നീ ചികിത്സചെയ്ത് മോണയുടെ ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രമേ ദന്തക്രമീകരണചികിത്സ ആരംഭിക്കുകയുള്ളു. അതുപോലെ പല്ലിനു ചുറ്റും ഉള്ള അസ്ഥികളുടെ ഉയരം നിശ്ചിത അളവിൽ ഇല്ല എങ്കിൽ പല്ലുകളുടെ ആട്ടം കൂടുവാനും ഇളകി പോകുവാനും കാരണംമാകുന്നു.മോണയുടെ ആരോഗ്യം കൃത്യമായി പരിപാലിക്കാൻ കഴിയാത്ത ആളുകൾക്ക് ക്ലിയർ അലൈനർ ചികിത്സ ആണ് ഏറ്റവും അനുയോജ്യം.

പല്ല് എടുത്തുള്ള ക്രമീകരണം വേണോ?

പല്ല് എടുത്തുള്ള ചികിത്സ സാധാരണയായി പ്രായമായവരിൽ ചെയ്യാറില്ല. പ്രായമാകുന്നതിനു അനുസരിച്ചു നമ്മുടെ എല്ലിന്റെ കനം (height) കുറയുന്നതും, വളർച്ചഘട്ടം കഴിഞ്ഞതിനാൽ എല്ലുകളുടെ അസ്ഥി പുനർനിർമ്മാണത്തിന്റെ തോത് കുറവായതിനാലും ചെറുപ്പക്കാരെ അപേക്ഷിച്ചു ചികിത്സാസമയം കൂടുതലായിരിക്കും. സാധാരണ പല്ല് എടുത്തുള്ള ചികിത്സ 1.5-2 വർഷം എടുക്കുന്നത് പ്രായമായവരിൽ 2-3 വർഷം വരെ എടുക്കാം. അതുപോലെ തന്നെ അണപ്പല്ലുകൾക്കു ഇടയിൽ ഉള്ള ഫൈബറുകളുടെ ബലം കുറയുന്നതിനാൽ, അണപ്പല്ലുകൾ സാധാരണയെക്കാൾ കൂടുതൽ മുന്നിലോട്ട് വരുകയും അണപ്പല്ലുകളുടെ പുറകിൽ വലിയവിടവ് രൂപപ്പെടാൻ കാരണമായി തീരുകയും ചെയ്യുന്നു.

പ്രമേഹവും മറ്റും ഉള്ളപ്പോൾ?

പ്രമേഹം നിയന്ത്രണവിധേയമാണ് എങ്കിൽ ദന്തക്രമീകരണ ചികിത്സ തേടാവുന്നതാണ്. പ്രമേഹരോഗികളിൽ മോണരോഗവും അനുബന്ധ അസ്‌ഥികളുടെ തേയ്‌മാനവും കൂടുതലായതിനാൽ അതും കൂടി കണക്കിൽ എടുത്ത് വേണം ചികിത്സ ചെയ്യാൻ.

ഏതു രോഗാവസ്തയിൽ ചികിത്സയിലാണെങ്കിലും അതു ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നടത്തിയിട്ടു വേണം ദന്തക്രമീകരണചികിത്സ നടത്തുവാൻ. കഴിക്കുന്ന മരുന്നുകളും പല്ലുകളുടെ നീക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ADVERTISEMENT