Friday 17 May 2024 03:49 PM IST

‘ഈ പ്രായമായ സ്ത്രീക്കു വേറെ പണിയൊന്നുമില്ലേയെന്ന് അവർ മനസ്സിൽ പറഞ്ഞു കാണണം’; സ്വപ്നങ്ങൾ നീന്തിക്കടന്ന് ‍ഡോ. കുഞ്ഞമ്മ മാത്യൂസ്

Chaithra Lakshmi

Sub Editor

dr-kunjamma346 ഫോട്ടോ: സുനിൽ കുമാർ പി.‍‍ഡി.

വിരമിച്ച ശേഷമുള്ള ജീവിതം സ്വപ്നങ്ങൾ നീന്തിക്കടക്കാനുള്ളതാണെന്നു തെളിയിക്കുകയാണു ‍ഡോ. കുഞ്ഞമ്മ മാത്യൂസിന്റെ നേട്ടങ്ങൾ...

‘‘ഇപ്പോൾ നീന്തുന്നതിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട.’’ തോൾവേദനയ്ക്കു ചികിത്സ തേടിയെത്തിയ കുഞ്ഞമ്മ മാത്യൂസിനോടു േഡാക്ടർമാർ കർശനമായി പറഞ്ഞു. പക്ഷേ, നീന്തലിൽ റെക്കോർഡിടാനുള്ള കുഞ്ഞമ്മയുടെ ആഗ്രഹത്തിന് ഏതൊഴുക്കിനെയും നേരിടാനുള്ള കരുത്തുണ്ടായിരുന്നു. കയ്യൊന്നുയർത്തി മുടി ചീകാൻ പോലും കഴിയാത്ത അസഹ്യമായ വേദന പോലും കുഞ്ഞമ്മ മാത്യൂസിനെ പിന്തിരിപ്പിച്ചില്ല.

ഏറെ ബുദ്ധിമുട്ടി ചികിത്സ പൂർത്തിയാക്കിയ ശേഷം ആ അറുപത്തിരണ്ടുകാരി നേരെ പോയതു നീന്തൽ പരീശീലനത്തിന്. വേമ്പനാട്ടു കായലിൽ ഒരു മണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് ഏഴു കിലോ മീറ്റർ ദൂരം നീന്തിയ േഡാ. കുഞ്ഞമ്മ മാത്യൂസ് വേൾഡ്‌വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള അർഹത നേടി.

ക്ലബ് ഫൂട്ട് എന്ന അവസ്ഥ നൽകിയ വെല്ലുവിളികൾ മറികടന്നാണു കുഞ്ഞമ്മ മാത്യൂസ് സ്വപ്നങ്ങളുടെ വഴിയേ നീന്തുന്നത്. എൽ‌െഎസി ഉദ്യോഗസ്ഥയായിരുന്ന കുഞ്ഞമ്മ േജാലി െചയ്യുന്നതിനിടെ സമയം കണ്ടെത്തി സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും എംഎഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഉ ദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം ജീവിതത്തിലെ സ്വപ്നങ്ങൾ നീന്തിത്തുടങ്ങുന്നതേയുള്ളൂവെന്നാണ് ഈ അറുപത്തിരണ്ടുകാരി പറയുന്നത്.

ഒഴുക്കിനെതിരെ നീന്തിയ നാളുകൾ

‘‘പെരുമ്പാവൂരിനടുത്തു കുന്നക്കുടിയിലാണു ജനിച്ചത്. കാക്കത്തുരുത്തേൽ കെ.വി. മത്തായിയുടെയും അന്നമ്മ മത്തായിയുടെയും നാലു മക്കളിൽ മൂത്തയാൾ. ജന്മനാ പാദങ്ങൾ അകത്തേക്കു വളഞ്ഞിരിക്കുന്ന ക്ലബ് ഫൂട്ട് എന്ന അവസ്ഥയുള്ളതുകൊണ്ടു സാധാരണ ആളുകളെപ്പോലെ  നിൽക്കാനും നടക്കാനും കഴിയില്ല. കുറച്ചു നേരം താങ്ങില്ലാതെ നിൽക്കുമ്പോൾ ബാലൻസ് കിട്ടാതെ വേച്ചു പോകും.

ഇപ്പോ ഈ അവസ്ഥയ്ക്കു ചികിത്സയുണ്ട്. എന്റെ  കുട്ടിക്കാലത്ത് അത്തരം ചികിത്സയെക്കുറിച്ച് അറിവില്ലായിരുന്നു. ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിച്ചു. കുട്ടിക്കാലം മുതൽ ആരെയും ആ ശ്രയിക്കുന്നത് ഇഷ്ടമായിരുന്നില്ല. എല്ലാ കാര്യങ്ങളും തനിയെ ചെയ്യാനാണ് ഇഷ്ടപ്പെട്ടത്.  

സ്കൂളിൽ പഠിക്കുമ്പോൾ നടന്നാണു പോയിരുന്നത്. മൂന്നര കിലോമീറ്റർ ദൂരമൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. മറ്റുള്ള കുട്ടികൾ  ഓടിപ്പോകുമ്പോൾ ഏറെ പിന്നിലാകും ഞാൻ. നടക്കുമ്പോൾ പിന്നിലാകുമെങ്കിലും പഠനത്തിൽ ഒരിക്കലും പിന്നിലായതേയില്ല. ശാരീരികമായ അവസ്ഥ ആത്മവിശ്വാസം കെടുത്തിയതേയില്ല. എന്തെങ്കിലും ആഗ്രഹിച്ചാൽ ഏതു തടസ്സവും തരണം ചെയ്ത് അവ യാഥാർഥ്യമാക്കണമെന്ന വാശി ഉള്ളിലുണ്ടായിരുന്നു.

കുസാറ്റിൽ നിന്നാണു കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ സ്പൈസസ് ബോർഡിൽ ജോലി കിട്ടി. 1992 ൽ എൽ‌െഎസിയിൽ ഉദ്യോസ്ഥയായി. 1994ൽ മ ലഞ്ചരക്കു വ്യാപാരിയായ പി.വി. ആന്റണിയുമായുള്ള വിവാഹം. ജോലിയും സൗകര്യവും കണക്കിലെടുത്തു ഞങ്ങൾ തൃശൂർ അഞ്ചേരിയിൽ സ്ഥിരതാമസമാക്കി. മകൾ ജ്യോത്സ്ന ജനിച്ചതോടെ തിരക്കുകളിൽ മുഴുകിയായി ജീവിതം.

ആ കാലത്തു നല്ല ജോലി, സ്വസ്ഥമായ കുടുംബജീവിതം എന്നുള്ള മോഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. കാലിനു വയ്യായ്കയുള്ളതു കൊണ്ട് എല്ലാക്കാര്യത്തിലും മറ്റുള്ളവരേക്കാൾ കുറേക്കൂടി അധ്വാനം ചെലുത്തേണ്ടി വന്നിരുന്നു. ഇതെല്ലാമായിട്ടും തുടർന്നു പഠിക്കണമെന്നു മോഹം തോന്നി.

ജോലി ചെയ്തു കൊണ്ടു കെമിസ്ട്രിയിൽ തുടർപഠനം നടത്തുക എളുപ്പമായിരുന്നില്ല. ലാബും മറ്റും കൈകാര്യം െചയ്യേണ്ടി വരുമെന്നതു തടസ്സമായി. അ തുകൊണ്ടു വിദൂരവിദ്യാഭ്യാസം വഴി സൈക്കോളജിയാണു തിരഞ്ഞെടുത്തത്. േജാലിയും വീട്ടുകാര്യങ്ങളും മോളുടെ കാര്യങ്ങളുമായി തിരക്കിലായിരുന്നെങ്കിലും ഒഴിവുസമയം പഠനത്തിനു വേണ്ടി നീക്കി വച്ചു.

സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും എംഎഫിലും പൂർത്തിയാക്കി പിന്നീട് പിഎച്ച്ഡിയുമെടുത്തു. വിശാഖപട്ടണത്തായിരുന്നു എന്റെ ഗൈഡ്. ഒരുപാടു തവണ അവിടെ പോകേണ്ടി വന്നു. ട്രെയിൻ യാത്രകളും കഠിനാധ്വാനവുമായി  നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്. എട്ടു വർഷമെടുത്താണു പിഎച്ച്ഡി പൂർത്തിയാക്കിയത്.  

swimming

പ്രാർഥനയായ മോഹം

പാദങ്ങൾക്ക് ഇത്തരമൊരു അവസ്ഥയുള്ളതു കൊ ണ്ടു പ്രായമേറുമ്പോൾ നിർബന്ധമായി വ്യായാമം ചെ യ്യേണ്ടതുണ്ട്. മറ്റുള്ളവരെപ്പോലെ നടക്കുക, ഓടുക പോലെയുള്ള വ്യായാമം പരിശീലിക്കാൻ എനിക്കു ബുദ്ധിമുട്ടാണ്. അതുകൊണ്ടു നീന്തലാണു തിരഞ്ഞെടുത്തത്. കുട്ടിക്കാലം മുതലേ നീന്തൽ ഇഷ്ടമാണ്. കുളത്തിലായിരുന്നു അക്കാലത്തെ നീന്തൽ.

ജോലി കഴിഞ്ഞു തിരികെയെത്തിയ ശേഷം നീന്താ ൻ പോകാനുളള സൗകര്യമുണ്ടായിരുന്നില്ല. അതുകൊ ണ്ട് ഒഴിവു ദിനങ്ങളിൽ സ്വിമ്മിങ് പൂളിൽ പോയി നീന്തും. അങ്ങനെയൊരു ദിവസം ആസ്വദിച്ചു നീന്തിത്തുടിക്കുമ്പോഴാണു മനസ്സിലൊരു മോഹം തോന്നിയത്. നീന്തൽ രംഗത്ത് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. അതിനുള്ള അവസരം ലഭിക്കണേ എന്നായിരുന്നു ആ കാലത്ത് എന്റെ പ്രാർഥന.

2018 ലോ മറ്റോ ആണ് ഒരു വിഡിയോ കണ്ടത്.  വേമ്പനാട്ട് കായലിനു കുറുകെ നീന്തിയ മാളു ഷെയ്ഖയുടെ വിഡിയോയായിരുന്നു അത്. അതുവരെ മനസ്സിൽ വ്യക്തതയില്ലാതിരുന്ന മോഹത്തിനു ജീവൻ വച്ചു. അതേപോലെ നീന്തി വേൾഡ് റെക്കോർഡ് സ്വന്തമാക്കണമെന്നതായി സ്വപ്നം. കുറച്ചു കാലം കഴിഞ്ഞപ്പോൾ ലോക റെക്കോർഡിടാൻ പരിശീലനം നൽകുന്ന കോതമംഗലത്തെ വാരപ്പെട്ടി  ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ ബിജു തങ്കപ്പൻ സാറിനെക്കുറിച്ചു വാർത്തകൾ വായിച്ചു. അദ്ദേഹത്തെ പരിചയപ്പെടണമെന്നു തീരുമാനിച്ചു.   

2023 മാർച്ചിൽ ജോലിയിൽ നിന്നു വിരമിച്ചു. അതിനു ശേഷം തിരക്കുകളിൽപ്പെട്ടതോടെ നീന്താൻ കഴിഞ്ഞില്ല. ആ സമയത്തു തോളിനു വേദന തുടങ്ങി. മൂന്നുമാസം ഒ ന്നും ചെയ്യാനാകാത്ത അവസ്ഥയായി. ചികിത്സ തേടിയതോടെ ഡിജനറേഷനും ടെൻഡോനൈറ്റിസുമാണെന്നു കണ്ടെത്തി. ഡിസംബറിൽ ബിജു തങ്കപ്പൻ സാറിനെ വിളിച്ചു റെക്കോർഡിടണമെന്ന മോഹം പങ്കുവച്ചു. അദ്ദേഹം അനുകൂലമായി മറുപടി നൽകിയതോടെ മനസ്സിലെ സ്വപ്നം നീന്തിത്തുടിച്ചു തുടങ്ങി.

വേദനയെ മറികടന്ന സ്വപ്നം

നീന്തൽ പരിശീലിക്കാൻ തീരുമാനിച്ച സമയം. തോൾവേദന തീവ്രമായി. കൈ തിരിക്കാൻ കഴിഞ്ഞിട്ടു വേണമല്ലോ നീന്തേണ്ടത്. ആശങ്കയോടെ ഡോക്ടർമാരെ മാറിമാറി കണ്ടു. നീന്തലിന്റെ കാര്യം മറന്നേക്കൂ എന്നാണു പറ‍ഞ്ഞത്. ഈ പ്രായമായ സ്ത്രീക്കു വേറെ പണിയൊന്നുമില്ലേയെന്ന് അവർ മനസ്സിൽ പറഞ്ഞു കാണണം.

ആ സമയത്ത് സുഹൃത്തു പറഞ്ഞിട്ടാണു കിസാറിലെത്തിയത് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ റിസർച്ച് സെന്റർ). 21 ദിവസം അവിടെ കിടന്നുള്ള ചികിത്സ വേണ്ടിവന്നു. ഫിസിയോതെറപ്പി, ഞവരക്കിഴി, മരുന്നുകൾ... മനസ്സിലെ സ്വപ്നമാണ് ഒട്ടും എളുപ്പമല്ലാത്ത ആ നാളുകളിൽ എനിക്കു തുണയായത്. ചികിത്സ പൂർത്തിയായപ്പോൾ വേദന കുറഞ്ഞു. ഡോക്ടറോടു നീന്തലിന്റെ കാര്യം പറഞ്ഞു.‘ നീന്താൻ പോയ്ക്കോളൂ. കുറേശ്ശേയായി മാത്രമേ സമയം വർധിപ്പിക്കാവൂ’ എന്നു നിർദേശിച്ചു. അങ്ങനെ നീന്തൽ പരിശീലനത്തിനായി കോതമംഗലത്തേക്കു തിരിച്ചു.

വാരപ്പെട്ടിയിലെ ഹോസ്റ്റലിൽ താമസിച്ചാണു പരിശീലനം നടത്തിയത്. പുഴയിൽ ഒഴുക്കിനെതിരെ രണ്ടു രണ്ടര മണിക്കൂർ നീന്താനാണു ബിജു തങ്കപ്പൻ സാർ പരിശീലിപ്പിച്ചത്. പുഴയിൽ നിന്നും കരയിലേക്കു കയറാൻ പോലും മടിയായിരുന്നു എനിക്ക് ആ സമയത്ത്.

ഒടുവിൽ ആ ദിനമെത്തി. വേമ്പനാട്ടു കായലിൽ ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ നിന്നു വൈക്കം ബീച്ചിലേക്കാണു നീന്തിയത്. മികച്ച പരിശീലനം നൽകിയ ആത്മവിശ്വാസവുമായി നീന്തിത്തുടങ്ങി.

കായലിങ്ങനെ പരന്നു കിടക്കുകയല്ലേ. കാറ്റിന്റെ ഓളവും ഒഴുക്കും ചിലപ്പോൾ തടസ്സമുണ്ടാക്കി. ചില സമയത്തു വിചാരിച്ചതു പോലെ നീന്തിക്കയറാനാകാതെ വന്നു. എന്നാലും പേടി തോന്നിയതേയില്ല. ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിന്റെ സന്തോഷമായിരുന്നു മനസ്സിൽ.  ഒരു മണിക്കൂർ നാൽപതു മിനിറ്റ് കൊണ്ടു ലക്ഷ്യം പൂർത്തിയാക്കി. അത്രയും നാളത്തെ കഷ്ടപ്പാടിനുള്ള പ്രതിഫലം.

2017 ൽ പെരിയാറിനു കുറുകെ നീന്തിയിട്ടുണ്ട്. 750 മീ. ദൂരമായിരുന്നു അത്. ആ സമയത്ത് ‘ഈ പ്രായത്തി ൽ എന്താണിത്? അടങ്ങിയൊതുങ്ങിയിരുന്നുകൂടേ’ എന്ന് നേരിട്ടു ചോദിച്ചവരുണ്ട്. അത്തരം ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാറില്ല.  എനിക്ക് എന്തും ചെയ്യാൻ കഴിയും എന്ന ആ ത്മവിശ്വാസമുണ്ട്.

ജീവിതപങ്കാളി ആന്റണിക്കും ദുബായിൽ ഡെന്റൽ സർജനായ മകൾ ജ്യോത്സ്ന കെ. ആന്റണിക്കും  ഇലക്ട്രിക്കൽ എൻജിനീയറായ മരുമകൻ ജോബിറ്റ് ജോസിനും ഞാൻ ആക്ടീവ് ആയിരിക്കുന്നതാണു സന്തോഷം. വല്യമ്മ ഞ ങ്ങളുടെ പ്രചോദനമാണെന്ന് അനിയത്തിയുടെ മക്കൾ.

വിരമിച്ച ശേഷമുള്ള ജീവിതം വിശ്രമിക്കാനുള്ളതെന്നു പലരും പറയാറുണ്ട്. എനിക്കു സമയം പാഴാക്കുന്നത് ഇഷ്ടമേയല്ല. കഴിയുന്ന സമയം മൂല്യമുള്ള കാര്യങ്ങൾ ചെയ്യാമല്ലോ. ഇനിയൊരു കൗൺസലിങ് സെന്റർ തുടങ്ങണമെന്നുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാനാണ് ഇഷ്ടം. എന്തു ചെയ്താലും നീന്തൽ ഉ പേക്ഷിക്കില്ലെന്നു തീരുമാനിച്ചിട്ടുണ്ട്.  

ഈ മാസം ആലുവ പെരിയാറിൽ മാരത്തോൺ സ്വിമ്മിങ് ആയ സ്വിമ്മത്തോൺ നടക്കുന്നുണ്ട്. ദേശീയ തലത്തിൽ ആളുകൾ പങ്കെടുക്കുന്ന മത്സരമാണ്. പത്തു കിലോമീറ്റർ മാരത്തോൺ മത്സരത്തിനു പേരു നൽകിയിട്ടുണ്ട്. എത്ര ദൂരവും നീന്തിയെത്താൻ ആത്മവിശ്വാസമുണ്ടല്ലോ കൂട്ടിന്.

Tags:
  • Health Tips
  • Glam Up