Saturday 11 December 2021 03:44 PM IST

‘ഒരിക്കൽ വൈകി വന്നപ്പോൾ വാതിൽ തുറന്നു കൊടുത്തില്ല; നേരം വെളുത്തപ്പോൾ എന്റെ കരണത്താണ് അടിച്ചത്’; കണ്ണുനിറച്ച് ഒരച്ഛൻ, ലഹരിയിൽ മുങ്ങിപ്പോയ കുട്ടികൾ

Vijeesh Gopinath

Senior Sub Editor

Drug-Addiction-among-Youth

ലഹരിക്കേസില്‍ ആര്യൻഖാൻ അറസ്റ്റിലായപ്പോൾ അത് മുംബൈയില്‍ അല്ലേ എന്ന് ആശ്വസിച്ചവർ ഏറെ. എന്നാൽ കേരളത്തിലെ കുട്ടികൾ സുരക്ഷിതണോ? 

ഏതാണ്ട് ആറായിരം കോടി രൂപയുെട ആ സ്തിയുണ്ട് ഷാരൂഖ് ഖാന്. 160 കോടി രൂപ മുടക്കി പണിത  െകാട്ടാരം പോലുള്ള വീട്. എല്ലാ ആഢംബരങ്ങളോടെ മുന്തിയ ഭക്ഷണം കഴിച്ചു വളർന്ന മകൻ ആര്യൻഖാൻ. പക്ഷേ, ദിവസങ്ങളോളം ആര്യൻ കിടന്നുറങ്ങിയത് ആ ർതർ റോഡിലെ ജയിലിൽ. കോടികൾ കയ്യിലുണ്ടായിട്ടും ഉന്നതമായ സ്വാധീനങ്ങളുണ്ടായിട്ടും ദിവസങ്ങളോളം ജാമ്യം കിട്ടിയില്ല. അതുകൊണ്ട്  ഒരു കാര്യം  മക്കളെ കൃത്യമായി ഒാർമിപ്പിക്കുക– ഷാരൂഖ് ഖാന്റെ  മകനായാലും  സാധാരണക്കാരന്റെ മകനായാലും  ലഹരിക്കേസിൽ പെട്ടാൽ നിയമം ഒരുപോലെയാണ്. പിന്നെ,  നിങ്ങളുടെ  പിതാവ് ഷാരൂഖ് ഖാനും അമ്മ ഗൗരിഖാനും അല്ലാത്തതു കൊണ്ട് ആശ്വസിപ്പിക്കാൻ ഒരു സൽമാൻ‌ഖാനും നിങ്ങളുടെ വീടു തേടി വരില്ല. കുടുംബം പോലും ഒറ്റപ്പെടും...

വായിച്ചു മറന്ന പതിവു ഫോർവേഡ് മെസേജുകളിലൊന്നാണ് ഇത്. നമ്മുടെ നാട്ടിൽ ഇതൊന്നുമില്ലെന്ന് ആശ്വസിക്കുന്നവരോട്  ചില കണക്കുകൾ പറയാം.

2008 ൽ നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേരളത്തിൽ റജിസ്റ്റർ ചെയ്തത് വെറും  508 കേസുകൾ മാത്രമായിരുന്നു. 2019 ആയപ്പോഴേക്കും  കേസുകളുടെ എണ്ണം 7099  ആയി. 2020 ൽ കൊറോണയും ലോക്ഡൗണുമൊക്കെയായി നാടു നിശ്ചലമായിട്ടു പോലും നാഷനൽ ക്രൈം റെക്കോർ‌ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം  4968 കേസുകൾ കേരളത്തിൽ റജിസ്റ്റര്‍ ചെയ്തു.

2020 ലെ കണക്കനുസരിച്ച് ലഹരിവസ്തുക്കളുമായി ബ ന്ധപ്പെട്ട്  ഇന്ത്യയിൽ  ആകെ റജിസ്റ്റർ ചെയ്ത കേസുകളില്‍  നാലാം സ്ഥാനത്താണ് നമ്മുടെ കൊച്ചു കേരളം.  

കോട്ടയത്തെ ആ 243 കുട്ടികൾ

ഇനി കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറയുന്നതു കേൾക്കുക.

‘‘സ്കൂളുകൾ പ്രവർത്തിച്ചിരുന്ന സമയത്ത് ഒാപ്പറേഷൻ ഗുരുകുലം പ്രോജക്റ്റ് കോട്ടയത്ത് ഉണ്ടായിരുന്നു. തെറ്റായ വഴികളിൽ നിന്നു കുട്ടികളെ രക്ഷിക്കുകയാണ് ല ക്ഷ്യം. സ്കൂൾ അടഞ്ഞു കിടക്കുകയാണെങ്കിലും ഈയടുത്ത് ധാരാളം മാതാപിതാക്കൾ ഗുരുകുലം നമ്പരിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. കൂടുതൽ പേരും വിളിച്ചത്  രണ്ടു പ്രശ്നങ്ങൾക്ക്. ഒന്ന് – മൊബൈൽ ഫോണിന്റെ ദുരുപയോഗം. പഠന സമയത്തു പോലും  ഗെയിം കളിക്കുന്നു.  വീട്ടുകാർ അറിയാതെ  വിലകൂടിയ ഗെയിം ടൂൾസ് വാങ്ങുന്നു.

രണ്ട്– പതിമൂന്നു വയസ്സു കഴിഞ്ഞ കുട്ടികളിൽ പലരും വൈകിയാണ് വീട്ടിലെത്തുന്നത്. ഒാൺലൈൻ ക്ലാസുകളിൽ കയറുന്നില്ല. സ്വഭാവത്തിൽ മാറ്റങ്ങൾ വന്നിരിക്കുന്നു.

രണ്ടാമത്തെ വിഭാഗത്തിൽ പെട്ട കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചു സംസാരിച്ചു. അവരിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായി.  ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി വരെ കൂട്ടത്തിലുണ്ടായിരുന്നു. ചിലരെ മാതാപിതാക്കൾ ഞങ്ങളുടെ അടുത്തെത്തിച്ചു. ചില വീടുകള്‍ ഞങ്ങൾ പരിശോധിച്ചു. കിടക്കയ്ക്കുള്ളിൽ‌ നിന്നും ഇൻസ്ട്രുമെന്റ് ബോക്സിൽ നിന്നുമെല്ലാം കഞ്ചാവ് പിടികൂടി.

തുടർച്ചയായി കുട്ടികൾ വിളിക്കുന്ന ഫോൺ നമ്പരുകൾ പരിശോധിച്ചു. നമ്പരിന്റെ ഉടമകളെ വിളിച്ചു വരുത്തി. അവരുടെ ഫോണുകളും പരിശോധിച്ചപ്പോൾ മയക്കുമരുന്നു കേസുകളിൽ പല പ്രാവശ്യം അറസ്റ്റിലായവരുടെ സംഘത്തിലേക്കാണ് എത്തിയത്.  വലിയ നെറ്റ് വർക്ക്.  സോഷ്യൽമീഡിയയിലൂടെ കോഡുകൾ ആക്കിയാണ്  ആശയവിനിമയം നടത്തിയിരുന്നത്. തുടർന്ന് ഒൻപതു കിലോ കഞ്ചാവുമായി വിശാഖപട്ടണത്തു നിന്നെത്തിയ മൂന്നുപേരെ കോട്ടയം റെയിൽവേസ്റ്റേഷനിൽ പിടികൂടി. അവരുടെ മൊബൈൽ ഫോണിൽ ‌നിന്ന് ഒരുപാടു കുട്ടികളുടെ നമ്പരുകൾ കിട്ടി. അങ്ങനെ രണ്ടുമൂന്നു മാസം കൊണ്ട് കഞ്ചാവ് ഉപയോഗിക്കുന്ന 243 കുട്ടികളെ  ഞങ്ങൾ കണ്ടെത്തി. ചിലരുടെ മാതാപിതാക്കൾ വിദേശത്താണ്. ഒരു റിസോർട് മാനേജരുടെ മകനും  ഈ സംഘത്തിൽ പെട്ടു പോയിരുന്നു. ആ കുട്ടിയെ ലഹരി കടത്താൻ വരെ ഉപയോഗിച്ചു.    

ലഹരിക്ക് അടിമകളായ പല കുട്ടികളും രക്ഷിതാക്കളെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ടാക്സി ഡ്രൈവറായ അച്ഛൻ പറഞ്ഞത് ഇങ്ങനെ.  ‘‘മകൻ പ്ലസ് ടു വിന് പഠിക്കുന്നു. അവൻ ആവശ്യപ്പെട്ടത് വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ വീട്ടിലുള്ളതെല്ലാം തല്ലി പൊട്ടിക്കും. മുത്തശ്ശിക്ക് കിട്ടുന്ന പെൻഷൻ എടുക്കും.’’ ഇതുകേട്ട് ഞാൻ ചോദിച്ചു, ‘‘നിങ്ങൾ ഒരച്ഛനല്ലേ? ശാസിച്ചു കൂടേ?’’ കണ്ണു നിറച്ച് അദ്ദേഹം പറഞ്ഞു,‘‘ഒരിക്കൽ വൈകി എത്തിയപ്പോൾ വാതിൽ തുറന്നു കൊടുത്തില്ല. നേരം വെളുത്തപ്പോൾ എന്റെ കരണത്താണ് അടിച്ചത്..’’ ഇങ്ങനെ കേരളത്തിലാകെ എത്ര കുട്ടികൾ ലഹരിയിൽ മുങ്ങി പോയിട്ടുണ്ടാകും?

രൂപം മാറുന്ന ലഹരി

shutterstock_154934858

ഭയക്കേണ്ടത് ലഹരിയുടെ രൂപമാറ്റമാണ്. പത്തു വർഷം മുൻപ്  വരെ പല രക്ഷിതാക്കളുടെയും പേടി കുട്ടി മദ്യപിക്കുമോ എന്നായിരുന്നു.  ഇപ്പോഴത് കഞ്ചാവ‌ും മയക്കുമരുന്നുകളും ഉപയോഗിക്കുമോ എന്നായി. പലരും കഞ്ചാവിൽ നിന്ന്  കൂടുതൽ അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് വഴിമാറുകയാണെന്ന് പൊലീസ്  പറയുന്നു.

കൂടുതൽ നേരം നീണ്ടു നിൽക്കുന്ന ഉന്മാദവും പിടിക്കപ്പെടാനുള്ള സാധ്യത കുറയുന്നതുമെല്ലാം പുതിയ  വഴികൾ തേടാൻ  പ്രേരിപ്പിക്കുന്നു.  പുതിയ തലമുറയിൽ പെട്ട ലഹരിമരുന്നുകളിൽ  രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നായിരുന്നു ഈ വർഷം കൊച്ചിയില്‍ നടന്നത്. ഒറ്റയടിക്ക് 733 സ്റ്റാമ്പുകൾ പിടിക്കുന്നത് ആദ്യമായാണ്.

ഒാഗസ്റ്റിൽ നാലു കോടിയുടെ സിന്തറ്റിക് മയക്കുമരുന്നു വേട്ട കൊച്ചിയിൽ മാത്രം നടന്നു. പുതുലഹരി രൂപങ്ങൾ കൗമാരക്കാരിലേക്ക് വളരെ വേഗത്തിലെത്താനുള്ള വഴികൾ തുറന്നു   കിടക്കുകയാണ്.  

രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ വിദ്യാർഥികളിലുണ്ടായ  വലിയ മാറ്റത്തിലൊന്ന് അവരുടെ കയ്യിലേക്ക് മൊബൈൽ ഫോൺ എത്തിയതാണ്. പഠനത്തിന് ഒാൺലൈൻ ക്ലാസുകൾ വലിയൊരു ശതമാനം കുട്ടികളെയും സ ഹായിച്ചെങ്കിലും ഇതു പോലുള്ള  ദോഷങ്ങളും ഉണ്ടായി.

വലിയൊരു നെറ്റ്‍വർക്കിലേക്ക് അവർക്ക് എളുപ്പത്തിൽ വാതിൽ തുറന്നു കിട്ടി. സ്കൂളിലായിരിക്കുമ്പോൾ അധ്യാപകരുടെ മേൽനോട്ടമുണ്ട്. സ്കൂൾ മതിൽക്കെട്ടിനു പുറത്തുള്ള സംഘങ്ങളുമായി അത്രയെളുപ്പത്തിൽ ബന്ധപ്പെടാനുള്ള സാഹചര്യവും ഇല്ലായിരുന്നു. ഇപ്പോഴതു മാറി.

ഒാൺലൈന്‍ ക്ലാസുകൾ അടച്ചിട്ട മുറികളിലേക്ക് മാറിയതോടെ കുട്ടി ആരോടൊക്കെ സംസാരിക്കുന്നു എന്നു പോലും പലപ്പോഴും രക്ഷിതാക്കൾക്ക് കണ്ടെത്താനാകാതെ വരുന്നു. മൊബൈലിലും ടെക്നോളജിയിലുമുള്ള രക്ഷിതാക്കളുടെ അറിവില്ലായ്മയും പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു.

ചെറിയ ലഹരിയിൽ നിന്ന് വലുതിലേക്ക്...

ചെറിയ ലഹരിയിൽ നിന്നാണ് വലിയ മയക്കു മരുന്നുകളിലേക്ക് പല കുട്ടികളും വീഴുന്നതെന്ന് എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി കൗൺസലിങ് സെന്ററിലെ സോഷ്യോളജിസ്റ്റ് വിനു വിജയൻ ചൂണ്ടിക്കാണിക്കുന്നു.

മൂന്നു വർഷത്തിനുള്ളിൽ വിമുക്തിയുടെ മൂന്ന് കൗൺസലിങ് സെന്ററുകളിലേക്ക് മാത്രം  സഹായം ചോദിച്ചു വിളിച്ചത് 5666 പേർ.  1685 കുട്ടികൾ നേരിട്ട് കൗൺസലിങിന് ഹാജരായി. വിനു വിജയൻ പറയുന്നു ‘‘ പതിനഞ്ചു മുതൽ പത്തൊൻപതു വയസ്സു വരെയുള്ള കുട്ടികളാണ് ഇവിടെ വിളിക്കാറുള്ളത്.  കേസുകൾ പരിശോധിച്ചപ്പോൾ ചില പൊതുവായ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടു.  

കൂട്ടൂകാരുടെ നിർബന്ധത്തിന് വഴങ്ങി കൊടുക്കുന്നു. ആദ്യ മാസങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഉപയോഗിക്കും  എന്നാൽ പിന്നീട് ഇടവേളകൾ കുറഞ്ഞു വ രും.  അഞ്ചു പേരുള്ള ചങ്ങാതിക്കൂട്ടത്തിൽ മൂന്നുപേർ ലഹരി  ഉപയോഗിക്കുന്നവരാണെന്നു കരുതുക. ആ കൂട്ടത്തിലെ ബാക്കി രണ്ടു പേർക്ക് ഈ ശീലമുണ്ടാകാനുള്ള സാധ്യത 92 ശതമാനമാണ്. ഇങ്ങനെയാണ് തുടക്കം.

മിക്ക കുട്ടികളും  ചുണ്ടിനിടയിലൊക്കെ വയ്ക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളിലൂടെയാണ് തുടങ്ങുന്നത്. ഇതിന് ലഹരി പോരെന്നു തോന്നുമ്പോൾ ക‍ഞ്ചാവു പോലുള്ള   മാർഗങ്ങളിലേക്ക് കടക്കും. നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന കാലം ട്രിഗർ പോയിന്റ് ആണ്. ഈ സമയമാണ് കുട്ടികളെ മാറ്റാൻ ഏറ്റവും നല്ലസമയം. ഇതു കണ്ടെത്തണം.’’ വിനു വിജയൻ.

എനിക്ക് സ്വാതന്ത്യ്രമില്ലേ?

drug-treatment-center

ഒട്ടേറെ പുതിയ ‘ആഘോഷങ്ങൾ’  കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.  സ്ലീപ്പ് ഒാവർ, രണ്ടു മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്ലാസയാത്രകൾ, പാർട്ടികൾ... പോകരുത് എന്ന ഒറ്റ വാക്കിൽ‌ പറഞ്ഞാൽ വീട്ടിൽ ഭൂകമ്പമാകും.  എനിക്ക്  സ്വാതന്ത്ര്യമില്ല എന്ന  ‘വൈകാരിക കാർഡ്’ ഇറക്കും. യാത്രയ്ക്കും മറ്റും പണം കൊടുത്തില്ലെങ്കില്‍ വാശിയും ബഹളവുമായി. ഇതെങ്ങനെ കൈകാര്യം ചെയ്യണം?

കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് സി.ജെ ജോൺ പറയുന്നു. ‘‘നമ്മുടെ കുട്ടികൾക്ക് അമേരിക്കയിലെ പോലെ സ്വാതന്ത്യം വേണം. പക്ഷേ, പോക്കറ്റ് മണിയുടെ കാര്യത്തിൽ അവർ‌ ഇന്ത്യക്കാരാണ്.   രക്ഷിതാക്കൾ തന്നെ നൽകണം. എന്നാൽ അതു കൊണ്ട് എന്തു ചെയ്തെന്ന് ചോദിക്കാനും പാടില്ല.  പണം കണ്ണടച്ച് തരുന്നതിലല്ല, തരുന്ന പണം എങ്ങനെ ചെലവാക്കുന്നു എന്നു നിരീക്ഷിക്കുകയാണ് നല്ല അച്ഛനുമമ്മയും ചെയ്യേണ്ടത് എന്ന് കുട്ടികളെ തന്നെ ബോധ്യപ്പെടുത്തണം.

ക്യാംപസ് പ്ലെയ്സ്മെന്റിലൂടെയൊക്കെ നല്ല ശമ്പളത്തിൽ ജോലിക്കുകയറുന്ന പല മിടുക്കരും മയക്കു മരുന്നിന്റെ വലയിലേക്ക് വീണു പോയിട്ടുണ്ട്.  കൈ നിറയെ പണം കിട്ടുന്നു, അതെങ്ങനെ ചെലവാക്കണമെന്ന്  അറിയാതെ വരുന്നു. ഒപ്പം ആനന്ദിക്കലാണ് ജീവിതം എന്ന നീതിശാസ്ത്രത്തിലേക്കും എത്തുന്നു. അപ്പോൾ ‘എല്ലാ ദിവസവും പണിയെടുക്കുന്നു, ബാക്കി രണ്ടു ദിവസം റിലാക്സ് ചെയ്യാം’ എന്ന ന്യായീകരണത്തിലേക്ക് എത്തും. അത്തരം ചെറിയ തുടക്കങ്ങൾ അവരെ നയിക്കുന്നത് മടക്കം അസാധ്യമായ വിപത്തുകളിലേക്ക് ആയിരിക്കും.

  കുട്ടികൾ നിരീക്ഷിക്കപ്പെടുക തന്നെ വേണം. അത് അവർ അറിയുകയും വേണം. യാത്രകൾ ആകാം. പക്ഷേ, താമസിക്കുന്ന ഹോട്ടലിലെയും ഒപ്പമുള്ള കൂട്ടുകാരുടെയും  നമ്പരുകൾ വാങ്ങണം.  സ്ലീപ്പ് ഒാവർ പാർ‌ട്ടികൾ കൂട്ടുകാരുടെ വീടുകളിൽ രക്ഷിതാക്കളുടെ മേൽ‌നോട്ടത്തിൽ മാത്രം മതി.’’ഡോ. സി.ജെ ജോൺ

 ‘എനിക്കു സ്വാതന്ത്ര്യമില്ല,’ ‘വീട്ടുകാർക്ക് പൊളിറ്റിക്കൽ കറക്ട്നസ്’ ഇല്ല എന്നൊക്കെ പറയുന്ന കുട്ടികളോട് ഒന്നേ പറയാനുള്ളൂ, ‘മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത‌ു’ കാണാൻ പൊയ്ക്കോളൂ. പക്ഷേ, ഒന്നോർ‌ക്കുക– ‘നാർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ്.’  

dr-ddrrr56677676 ഡോ. അരുൺ ബി നായർ, ഡോ. സി. ജെ. ജോൺ, പി. വിജയൻ െഎപിഎസ്

ഒറ്റക്കെട്ടായി ശ്രമിക്കണം: പി. വിജയൻ െഎപിഎസ്

െഎ.ജി, ഡയറക്ടർ ഒാഫ് സോഷ്യൽ പൊലീസിങ്‘‘കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൊതു പ്രവർത്തകരും ഒരുപോലെ ശ്രമിച്ചാലേ ഒരു തലമുറയെ മയക്കുമരുന്ന് എന്ന ശാപത്തിൽ  നിന്നു രക്ഷിക്കാനാകൂ.

കുട്ടികളോട്

ഏതു സാഹചര്യത്തിലും എത്ര നിർബന്ധമുണ്ടായാലും  മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാം. സ്വന്തം ആരോഗ്യം മാത്രമല്ല ഒരിക്കൽ പിടിക്കപ്പെട്ടാൽ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളുമാണ് നഷ്ടമാകുക. കൂട്ടുകൂടുമ്പോൾ   ശ്രദ്ധിക്കണം.  ഒപ്പമുള്ള കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അധ്യാപകരെ വിവരം അറിയിക്കുക.

അധ്യാപകരോട്

കുട്ടികളിലുണ്ടാകുന്ന മാറ്റം തിരിച്ചറിയുക. കാരണം കണ്ടെത്തുക. കൗൺസലിങ് നൽകുക. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കലല്ല പരിഹാരം.

രക്ഷിതാക്കളോട്

ദിവസവും കുട്ടികളോടു സംസാരിക്കുക. കുട്ടികളെ കൊണ്ട് സംസാരിപ്പിക്കുക. കുട്ടികൾ മൂഡ് ഒാഫ് ആയിരിക്കുമ്പോൾ കാര്യം ചോദിച്ചു മനസ്സിലാക്കുക. അമിത ഭാരം നൽകാതിരിക്കുക.

അനുനയത്തിൽ അവരുടെ ബാഗ് വസ്ത്രങ്ങൾ പരിശോധിക്കണം. പുകയിലത്തരികൾ, വസ്ത്രത്തിലെ പൊള്ളൽപാടുകൾ, ശരീരത്തിലെ പാടുകൾ ശ്രദ്ധിക്കുക. ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊട്ടിത്തെറിക്കരുത്, ആവശ്യമെങ്കിൽ  കൗൺസലിങിനുള്ള സാഹചര്യം ഉണ്ടാക്കുക.

പൊതുപ്രവർത്തകരോട്

സ്കൂൾ‌ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ ഉണ്ടാക്കുക. സ്കൂളിനും കുട്ടികൾക്കും  അദൃശ്യമായ സംരക്ഷണ വലയം ഉണ്ടാക്കുക.  പക്ഷേ, ഈ പ്രവർത്തനം ദുരുപയോഗപ്പെടരുത്. ആരുടെയും അവകാശം ഇല്ലാതാക്കാനല്ല ഈ വലയമെന്ന് തിരിച്ചറിയുക.’’

വേണം സമ്പർക്കപ്പട്ടിക: ഡോ. സി. ജെ. ജോൺ, സീനിയർ കൺസല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കൊച്ചി

‘‘കൊറോണ, നിപ്പ  പോലുള്ള പകർച്ചവ്യാധികൾ വന്നപ്പോൾ ആദ്യം ചെയ്തത് സമ്പർക്കപ്പട്ടിക തയാറാക്കുകയായിരുന്നു. മറ്റുള്ളവരിലേക്ക് പ കരാതിരിക്കാനുള്ള മുൻകരുതൽ. മയക്കുമരുന്നിന്റെ ഉപയോഗവും പകർച്ചവ്യാധിയാണ്. സമ്പർക്കപ്പട്ടിക തയാറാക്കി ചെയിൻ മുറിക്കണം  

പലപ്പോഴും കൂട്ടുകാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചാലും  കുട്ടികൾ രക്ഷിതാക്കളെ അറിയിക്കില്ല. അത് വലിയ ആപത്താണ്. പിന്നീട് നിനക്ക് പേടിയാണ്,നീ ആണല്ല തുടങ്ങിയ കൂട്ടുകാരുടെ കളിയാക്കലുകളിൽ വീണു പോയേക്കാം അതുകൊണ്ട് കൂട്ടുകാരെ കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ അറിവുണ്ടായിരിക്കണം.

ചങ്ങാതിക്കൂട്ടത്തിൽ ഒരാൾ ഉപയോഗിക്കുന്നു എ ന്ന് കണ്ടെത്തിയാൽ ആ കൂട്ടത്തിലെ മറ്റു മാതാപിതാക്കളെയും വിവരം അറിയിക്കണം. സംഘത്തിലെ മൂന്നു പേർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൽ ഒരാളെ മാത്രം പിന്തിരിപ്പിക്കുന്നത് പരാജയപ്പെട്ടേക്കാം. വീണ്ടും കൂട്ടത്തിലേക്ക് തിരിച്ചെത്തിയാൽ  കുട്ടിക്ക് ‘പുനർ പതനം’ ഉണ്ടാകും.  

 ചില ലഹരികൾ നല്ലതാണെന്ന്  തെറ്റിധാരണ പരത്തുന്ന വാർത്തകളിൽ വിശ്വസിക്കുന്നവരുണ്ട്.   എന്റെയടുത്ത് വന്ന ഒരു കുട്ടി എൻജിനീയറിങ് ഉപരിപഠനത്തിനായി   പ്രത്യേക രാജ്യത്തു പോകാൻ നിർബന്ധം പിടിക്കുന്നു. അതിനെക്കാൾ സാധ്യതകൾ ഉള്ള രാജ്യത്ത് പണം മുടക്കി അയയ്ക്കാൻ അവന്റെ രക്ഷിതാക്കൾ തയാറാണ്. പക്ഷേ അവൻ തയാറല്ല.

 ഒടുവിൽ അവൻ എന്നോടു തുറന്നു പറഞ്ഞു. ‘‘ഡോക്ടർ ആ രാജ്യത്ത് കഞ്ചാവ് നിയമപരമായി അനുവദനീയമാണ്.  അതുകൊണ്ട് എനിക്ക് അവിടെ പഠിക്കണം.’’ നമ്മുടെ കുട്ടികൾ ലഹരിക്കു വേണ്ടി എത്രത്തോളം സെർച് ചെയ്യുന്നു എന്നാലോചിക്കുക. ലഹരികൊണ്ട് തകർന്നു പോയവരുടെ വാർത്തകൾ അവരെ പറഞ്ഞു മനസ്സിലാക്കുക.

shutterstock_283865549

കുട്ടികളുടെ 15 മാറ്റങ്ങൾ: ഡോ. അരുൺ ബി നായർ, സൈക്യാട്രിസ്റ്റ് മെഡിക്കൽ കോളജ് തിരുവനന്തപുരം

കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള ചില വഴികൾ. കുട്ടികളെ സ്നേഹപൂർവം നിരീക്ഷിച്ചാലേ ഇത് തിരിച്ചറിയാൻ കഴിയൂ  

1. നന്നായി ഇടപെട്ടുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഉൾവലിയുന്നു. ദീർഘ നേരം അടച്ചിരിക്കുന്നു. വീട്ടുകാരോടു പോലും സംസാരിക്കുന്നില്ല. 

2. പെരുമാറ്റത്തിൽ പൊടുന്നനെയുള്ള വ്യത്യാസം ചെറിയ ശബ്ദങ്ങൾ പോലും അസഹിഷ്ണുത ഉണ്ടാക്കുന്നു.  പേരു വിളിക്കുമ്പോൾ പോലും പൊട്ടിത്തെറിക്കുന്നു. ദേഷ്യം നിയന്തിക്കാനാകാതെ വീട്ടിലെ പലതും തല്ലിപ്പൊട്ടിക്കുന്നു. മാതാപിതാക്കളെയോ സഹോദരങ്ങളെയോ അടിക്കാൻ ശ്രമിക്കുന്നു. 

3. ശരീരത്തിലെ മുറിപ്പാടുകൾ. കുത്തിവയ്പെടുത്തതു  പോലുള്ള പാടുകൾ. 

4. കണ്ണുകളുടെ ചുവപ്പ്. 

5. ഉറക്കത്തിന്റെ സമയക്രമത്തിലുള്ള മാറ്റം. 

6. പഠനത്തിൽ പെട്ടെന്നുള്ള മാറ്റം.  

7. പഴയ സുഹൃത്തുക്കളോടു താൽപര്യം നഷ്ടമായി പുതിയ സുഹൃത്തുക്കൾ വരുന്നു. അവരെക്കുറിച്ച് ചോദിക്കുമ്പോൾ വ്യക്തമായ മറുപടി ഉണ്ടാകില്ല. 

8. ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുക. 

9. പകൽ സമയത്ത്  മയക്കത്തിന്റെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങൾ.  നടക്കുമ്പോൾ ആടുന്നു. 

10. നന്നായി ആസ്വദിച്ചു കഴിച്ചിരുന്നവർക്ക് ഭക്ഷണം വേണ്ടാതാകുന്നു. ചിലർക്ക് അമിതമായ വിശപ്പ് ഉണ്ടാകുന്നു. ചിലർ മധുരം ഒരുപാടു കഴിക്കുന്നു.  

11. ചിത്ത ഭ്രമത്തിന്റെ  ലക്ഷണങ്ങൾ– ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നു.  ഇല്ലാത്ത കാഴ്ചകൾ കാണുന്നു.   

12. വിഷാദാവസ്ഥ പ്രകടിപ്പിക്കുന്നു. സംഭാഷണങ്ങളിൽ വിമുഖത.

13. ഒന്നും ചെയ്യാനുള്ള താൽപര്യമില്ലായ്മ (അമോട്ടിവേഷനൽ സിൻട്രോം) കാണിക്കുന്നു. 

14. ശക്തമായ തലവേദന, ശരീരം വലിഞ്ഞു മുറുകുന്ന പോലെ തോന്നുന്നു അക്രമാസക്തനാകുന്നു.  

15 വിറയൽ, നെഞ്ചിടിപ്പു കൂടുക,ദേഷ്യം വരുക

Tags:
  • Health Tips
  • Glam Up