Thursday 25 January 2024 02:40 PM IST

മരുന്നിലൂടെയും ഇൻജക്‌ഷനുകളിലൂടെയും പൊണ്ണത്തടി കുറയുമോ? ശസ്ത്രക്രിയ എത്രത്തോളം ഫലപ്രദം... അറിയേണ്ടതെല്ലാം

Roopa Thayabji

Sub Editor

fat-solution

നന്നായി ഭക്ഷണമൊക്കെ കഴിച്ചു തുടുതുടുത്ത് ഇരിക്കുന്നതു കാണാനാണു മിക്കവർക്കുമിഷ്ടം. ഒന്നു മെലിഞ്ഞാലോ. വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ, ഡയറ്റിങ്ങിലായിരിക്കും അല്ലേ, ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ... എന്നിങ്ങനെ നെഗറ്റീവ് അടിപ്പിച്ചു കൊല്ലും.

വണ്ണവും സന്തോഷവും പരസ്പരം ബന്ധമുണ്ടോ എന്ന ചർച്ച തൽക്കാലം അവിടെ നിൽക്കട്ടെ. വണ്ണത്തിനു ശാരീരിക ആരോഗ്യവുമായി വളരെ ബന്ധമുണ്ട് എന്നതാണു ചിന്തിക്കേണ്ട കാര്യം. അമിതവണ്ണം അത്ര നല്ല ലക്ഷണമല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പടിയുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ചിലപ്പോൾ ജീവനെടുക്കുന്ന സ്ഥിതിയിലേക്ക് ഇതു വളരാം. ഏതൊക്കെ സാഹചര്യങ്ങളിലാണ് അമിതവണ്ണം വില്ലനാകുന്നത്? എങ്ങനെ ഇതു ചിട്ടയായി നിയന്ത്രിക്കാം ?

കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്നതു കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ സർജറി വിഭാഗം പ്രഫസറും താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. സ ന്തോഷ് കുമാർ രവീന്ദ്രനാണ്.

1120387019

ആരോഗ്യ പ്രശ്നമാണോ

പൊണ്ണത്തടിയെ സൗന്ദര്യപ്രശ്നമായി മാത്രമാണു നമ്മൾ കരുതുന്നത്. എന്നാൽ തക്കസ മയത്തു ചികിത്സ തേടിയില്ലെങ്കിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇതു നയിക്കാം. അവയിൽ ഏറ്റവും ഗുരുതരമായത് ഒബ്സ്ട്രക്ടീവ് സ്ലീപ് ആപ്നിയ എന്ന ഉറക്കത്തിൽ ശ്വാസം കിട്ടാതെ ഞെട്ടിയുണരുന്ന അവസ്ഥയാണ്. ഉറങ്ങും, ഉണരും, വീണ്ടുമുറങ്ങും, ഉണരും ഇങ്ങനെ ശ്വാസം കിട്ടാതെ ഇവ ർ അസ്വസ്ഥരാകും.

രാത്രി ഉറക്കം കിട്ടാത്തതിനാൽ പകലും ഇ വർ ഉറക്കം തൂങ്ങിയിരിക്കും. ഉറക്കത്തിൽ ശ്വാസം മുട്ടുന്നതു കൊണ്ടു ശരീരത്തിലെ ഓക്സിജന്റെ അളവു കുറയുകയും ഹൃദയത്തെ ബാധിച്ചു ഹൃദയാഘാത സാധ്യതയിലേക്കു നയിക്കുകയും ചെയ്യും.

അമിതവണ്ണം മൂലം വയറിൽ കൊഴുപ്പടിയുമ്പോൾ വയറിനുള്ളിലെ സമ്മർദം (ഇൻട്രാ അബ്ഡൊമിനൽ പ്രഷർ) കൂടും. ഇതുമൂലം സ്ത്രീകൾക്ക് അറിയാതെ മൂത്രം പോകുക, ഹെർണിയ (പൊക്കിളിലെ ഹെർണിയ) തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. നേരത്തേ സിസേറിയൻ പോലുള്ള ഏതെങ്കിലും ഓപ്പറേഷൻ നടത്തിയവർക്ക് ആ മുറിവിലൂടെ ഹെർണിയ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

കാലുകളിന്മേലുള്ള വയറിന്റെ സമ്മർദം കൊണ്ടു രക്തയോട്ടം കുറയുന്നതിനാൽ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടാകുകയും രക്തം കട്ടപിടിക്കുകയും കാലിൽ നീരു വരുകയുമൊക്കെ ചെയ്യാം. വയറിൽ കൊഴുപ്പടിയുന്നതിനൊപ്പം കരളിലും കൊഴുപ്പ് അടിഞ്ഞാൽ നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് എന്ന ഗുരുതര രോഗം വരാം. കരൾ മാറ്റിവയ്ക്കലിലേക്കു നയിക്കാവുന്ന അവസ്ഥയാണിത്.

സ്ത്രീകളിലെ പിസിഒഡി അമിതവണ്ണത്തോടു ചേർത്തുവയ്ക്കാവുന്ന രോഗാവസ്ഥയാണ്. ആർത്തവ വിരാമ കാലത്തിനു വളരെ മുൻപേ ആർത്തവം നിന്നുപോകുക, വന്ധ്യത ഇവയെല്ലാം വണ്ണം കൂടുമ്പോൾ സംഭവിക്കാം. വണ്ണം കുറയ്ക്കുന്നതോടൊപ്പം ഇവ മാറും.

സ്തനാർബുദം, കോളൻ കാൻസർ, പാൻക്രിയാസ് കാ ൻസർ, കിഡ്നി കാൻസർ തുടങ്ങിയവ വരാനുള്ള സാധ്യതയും അമിതവണ്ണക്കാർക്കു കൂടുതലാണത്രേ. വണ്ണം കൂടുന്നതിനനുസരിച്ചു ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഇതു ഡയബറ്റിസിലേക്കു നയിക്കാം.

ശരീരഭാരം വളരെയധികം കൂടുമ്പോൾ കാലിലെ ജോയിന്റുകൾക്കും നട്ടെല്ലിനും താങ്ങാനാകാതെ ഡീജനറേറ്റീവ് ആർത്രൈറ്റിസ് എന്ന അവസ്ഥ വരാം. ഡിസ്കുകൾക്കു തകരാറുണ്ടാകാം. മുട്ടു തേയ്മാനവും വരാം. വണ്ണം കൂടുമ്പോൾ വീഴ്ചയിലെ പരുക്കുകൾ ഗുരുതരമാകാനുള്ള സാധ്യതയും കൂടും. പൊണ്ണത്തടി ഉള്ളവർക്കു ഡിപ്രഷൻ സാധ്യതയും കൂടുതലാണ്.

എങ്ങനെ മനസ്സിലാക്കാം

വ്യക്തിയെ കാണുമ്പോൾ പ്രകടമായി മനസ്സിലാകുന്ന ഷേപ്പ് വ്യത്യാസമാണു പൊണ്ണത്തടി തിരിച്ചറിയുന്ന ആദ്യ ഘടകം. ഇരട്ടത്താടി, കഴുത്തിനു പിറകിലെ കൊഴുപ്പ് (ബഫല്ലോ ഹംപ്), കഴുത്തിലെ കറുത്ത വരകൾ (കൊളസ്ട്രോൾ കൂടുമ്പോഴും കൊഴുപ്പു കൂടുമ്പോഴുമാണ് ഇവ പ്രകടമാകുന്നത്) ഇവയാണ് ലക്ഷണങ്ങളിൽ പ്രധാനം.

ബിഎംഐ പരിശോധനയാണു പൊണ്ണത്തടി ഉണ്ടോ എന്നു തിരിച്ചറിയാനുള്ള ശാസ്ത്രീയ മാർഗം. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ ഇരട്ടി കൊണ്ടു ഭാഗിക്കുമ്പോൾ കിട്ടുന്നതാണു നിങ്ങളുടെ ബിഎംഐ (Weight in Kilogram / height in square metre). ഇത് 25 നു മുകളിലാണെങ്കിൽ പൊണ്ണത്തടിയായി ഇന്ത്യൻ സ്റ്റാന്റേർഡ് പ്രകാരം കണക്കാക്കാം (വെസ്റ്റേൺ സ്റ്റാന്റേർഡിൽ ഇത് 30 ആണ്).

ശരീരത്തിലെ ആകെ കൊഴുപ്പിന്റെ അളവു (ബോഡി ഫാറ്റ് എസ്റ്റിമേഷൻ) കണക്കാക്കിയും പൊണ്ണത്തടി ക ണ്ടെത്താം. ഒരു ഉപകരണത്തിന്റെ സഹായത്തോടെ ശരീരത്തിൽ ചെറിയ രീതിയിലുള്ള കറന്റ് കടത്തിവിട്ട് അതിനെ എത്രമാത്രം പ്രതിരോധിക്കുന്നുണ്ട് എന്നു കണക്കാക്കും. കൊഴുപ്പിന്റെയും മസിലിന്റെയും അളവിനനുസരിച്ചുറിസൽറ്റിലും വ്യത്യാസം കാണിക്കും. ഡെക്സാ സ്കാൻ ഉപയോഗിച്ചും ശരീരത്തിലെ കൊഴുപ്പിന്റെ അളവു കണക്കാക്കാം. സ്കിൻ പോൾഡ് തിക്നെസ് പരിശോധന വഴി തൊലിക്കടിയിലെ കൊഴുപ്പു പാളികളുടെ കനം കണക്കാക്കിയും പൊണ്ണത്തടി ഉറപ്പിക്കാം.

മരുന്നു മതിയോ

പൊണ്ണത്തടിക്കു പൂർണമായും ഫലപ്രദമായ മരുന്നുകളില്ല. തടിയുള്ള മിക്കവർക്കും അമിത വിശപ്പുണ്ടാകും. ഈ വിശപ്പു കുറയ്ക്കാനുള്ള മരുന്നുകൾ ഡോക്ടർമാർ നിർദേശിക്കും. തലച്ചോറിലെ വിശപ്പു തോന്നിപ്പിക്കുന്ന സംവേദനങ്ങൾ കുറയ്ക്കുന്ന ഗുളികകളാണ് ഇതിൽ പ്രധാനം.

ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊഴുപ്പ് ദഹനത്തിലൂടെ ആഗിരണം ചെയ്യുന്നതു കുറയ്ക്കുന്ന ഗുളികകളും പൊണ്ണത്തടി തടയാനായി നിർദേശിക്കാറുണ്ട്. ഇവയൊക്കെ വളരെ വില കൂടിയവ ആണ്. ഗുളികകളേക്കാൾ വില കൂടിയ ഇൻജക്‌ഷനുകളുമുണ്ട്. പക്ഷേ, നമ്മുടെ സാഹചര്യത്തിൽ ഇവ മാസങ്ങളോളം തുടരാൻ സാധിക്കണമെന്നില്ല. ആഹാരനിയന്ത്രണവും വ്യായാമവും കൊണ്ടു ലഭിക്കുന്നത്ര ഫലപ്രദമായി വണ്ണം കുറയ്ക്കാൻ മരുന്നുകളൊന്നുമില്ല എന്നതാണു സത്യം.

ശസ്ത്രക്രിയ വേണ്ടിവരുമോ

പൊണ്ണത്തടി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ രോഗിക്കു ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ് ആദ്യം നിർദേശിക്കുക. ഹോർമോണുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം ഡയറ്റീഷന്റെ സേവനവും നൽകും. ഇങ്ങനെ ആറു മാസം കൊണ്ടു കുറഞ്ഞ ശരീരഭാരം കണക്കാക്കി നോക്കും. അഞ്ചു മുതൽ പത്തു കിലോഗ്രാം വരെയൊക്കെ മിക്കവരും ശരീരഭാരം കുറച്ചേക്കാം. 20– 25 കിലോഗ്രാം വരെ ശരീരഭാരം കുറച്ചവർക്കു സർജറി വേണ്ടിവരില്ല.

അമിതവണ്ണം കൊണ്ടു മറ്റു പല ബുദ്ധിമുട്ടും ഉണ്ടാകാം. മുട്ടുവേദന, ഇടുപ്പുവേദന, നടുവേദന, നട്ടെല്ലിലെ ഡിസ്കിനു തകരാർ തുടങ്ങിയ ഉണ്ടെങ്കിൽ വ്യായാമം ചെയ്യാനാകില്ല. ഭക്ഷണനിയന്ത്രണം കൊണ്ടു മാത്രം പൊണ്ണത്തടി കുറയ്ക്കാൻ പറ്റാത്ത ഇത്തരം സാഹചര്യങ്ങളിൽ സർജറി മാത്രമാണു പരിഹാരം.

പൊണ്ണത്തടിക്കൊപ്പം ഒബ്സ്ട്രക്റ്റീവ് സ്ലീപ് ആപ്നിയ, അമിത കൊളസ്ട്രോൾ, രക്താതിമർദം, നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, അതിനെ തുടർന്നുണ്ടാകുന്ന കിഡ്നി തകരാർ തുടങ്ങിയ അവസ്ഥകളും രോഗിക്കുണ്ടെങ്കിൽ എത്രയും വേഗം സർജറി നടത്തുകയാണു പോംവഴി.

ബിഎംഐയുടെ കണക്കിൽ പറഞ്ഞാൽ ഏഷ്യയിൽ 32.5 കഴിഞ്ഞ രോഗികൾക്കു രണ്ട് അനന്തര രോഗങ്ങളെങ്കിലും ഉണ്ടെങ്കിൽ സർജറി നിർദേശിക്കാവുന്നതാണ്.

സർജറി എങ്ങനെ

മൂന്നു തരത്തിലാണ് പൊണ്ണത്തടി നിയന്ത്രണവിധേയമാക്കുന്നതിനുള്ള സർജറി ചെയ്യുന്നത്. സ്ലീവ് ഗ്യാസ്ടക്ടമി എന്ന ആദ്യത്തേതാണ് ഇതിൽ ഏറ്റവും ലളിതമായത്. ആമാശയത്തിന്റെ ആഹാരം ശേഖരിക്കാനുള്ള കപ്പാസിറ്റി കുറയ്ക്കുന്ന ശസ്ത്രക്രിയയാണിത്.

1500– 2000 മില്ലിലിറ്റർ വരെയാണ് ആഹാരം ശേഖരിക്കാനുള്ള ആമാശയത്തിന്റെ പരമാവധി കപ്പാസിറ്റി. ശസ്ത്രക്രിയയിലൂടെ ആമാശയത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി 200– 300 എംഎൽ വരെയായി കപ്പാസിറ്റി കുറയ്ക്കുന്ന ശസ്ത്രക്രിയയാണു സ്ലീവ് ഗ്യാസ്ടക്ടമി. സർജറിക്കു ശേഷം രോഗി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ആനുപാതികമായി കുറയുകയും ആറു മാസം മുതൽ രണ്ടു വർഷം വരെ കൊണ്ടു രോഗി മെലിയുകയും ചെയ്യും. ഈ കാലയളവിൽ 30 മുതൽ 40 കിലോഗ്രാം വരെ ശരീരഭാരം കുറയുന്നതായാണ് കണ്ടിട്ടുള്ളത്.

കുറേക്കൂടി സങ്കീർണമായ പൊണ്ണത്തടിയുള്ളവർക്കു ചെയ്യുന്ന ശസ്ത്രക്രിയയാണ് മിനി ഗ്യാസ്ട്രിക് ബൈപാസ്. വണ്ണത്തോടൊപ്പം പ്രമേഹം, കൊളസ്ട്രോൾ പോലെ മറ്റ് അസുഖങ്ങൾ കൂടി വരുമ്പോഴാണു പൊണ്ണത്തടി സ ങ്കീർണമാകുന്നത്. ചെറുകുടലിന്റെ ആദ്യഭാഗങ്ങളിലൂടെ ആണ് നാം കഴിക്കുന്ന ആഹാരം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. ആ ഭാഗങ്ങൾ ഉൾപ്പെടുന്ന ആദ്യ 150 സെന്റിമീറ്റർ ഒഴിവാക്കിയ ശേഷം ബാക്കി ഭാഗം ആമാശയത്തോടു ബന്ധിപ്പിക്കും. ഒപ്പം ആമാശയത്തിന്റെ കപ്പാസിറ്റി കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ ശസ്ത്രക്രിയ.

വളരെക്കാലം കുറഞ്ഞ ശരീരഭാരം നിലനിർത്താൻ ഇ തു സഹായിക്കും. ഈ ശസ്ത്രക്രിയ ചെയ്യുന്നവർക്കു കുറച്ചു കാലത്തേക്കു വൈറ്റമിൻ ഗുളികകളും നിർദേശിക്കാറുണ്ട്. ഇതിലും സങ്കീർണമായ പൊണ്ണത്തടി ഉള്ളവർക്കാണ് ആർവൈജീബി (റുവൈ ഗ്യാസ്ട്രിക് ബൈപാസ്) സർജറി ചെയ്യുന്നത്.

ഇത്തരം ശസ്ത്രക്രിയകൾ പൊതുവേ ചെലവേറിയതാണ്. സർക്കാർ സംവിധാനത്തിൽ പൊതുജനങ്ങൾക്കു കുറഞ്ഞ നിരക്കിൽ ഈ സേവനം ലഭ്യമാകുന്നതു നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ മാത്രമാണ്. വ്യാഴാഴ്ചയാണ് ഓപി.

fat-solution

പൊണ്ണത്തടി വരാതിരിക്കാൻ

പൊണ്ണത്തടി വരാതിരിക്കാനും പ്രാരംഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാലും പ്രധാനമായി ചെയ്യേണ്ടത് ആ ഹാരത്തിലുള്ള നിയന്ത്രണമാണ്. കൊഴുപ്പു കൂടിയതും പ്രിസർവേറ്റീവ്സ് കലർന്നതും ട്രാൻസ്ഫാറ്റ് അടങ്ങിയതുമായ ഭക്ഷണം ഒഴിവാക്കണം.

ബീഫ്, പോർക്ക് എന്നിവ പോലുള്ള റെഡ് മീറ്റ് ആണ് കൊഴുപ്പു കൂടിയ ഭക്ഷണങ്ങളിൽ പെടുന്നത്. മീനും കോഴിയിറച്ചിയും കറി വച്ചു കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല, അവ ധാരാളം പ്രോട്ടീൻ അടങ്ങിയതാണ്. സാചുറേറ്റഡ് ഫാറ്റ് കൂടിയ എണ്ണകൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വെളിച്ചെണ്ണ, പാമോ യിൽ, നെയ്യ് എന്നിവയിൽ സാചുറേറ്റഡ് ഫാറ്റ് കൂടുതലാണ്. അവയ്ക്കു പകരം കനോള ഓയിൽ, പീനട്ട് ഓ യിൽ, ഒലിവ് ഓയിൽ എന്നിവ ഉ പയോഗിക്കാം.

ഭക്ഷണത്തിൽ പഞ്ചസാര (മധുരം) പരമാവധി ഒഴിവാക്കണം. മധുരം ഒഴിവാക്കാൻ പറ്റാത്തവർക്കു സീറോ കാലറി ആർട്ടിഫിഷൽ സ്വീറ്റ്നറുകൾ ഉപയോഗിക്കാം.

പതിവായി വ്യായാമം ചെയ്യണം. 20 മിനിറ്റ് എയ്റോബിക് വ്യായാമങ്ങളും 40 മിനിറ്റ് സ്ട്രെച്ചിങ് പോലുള്ളവയും അടക്കം ഒരു മണിക്കൂറാണു വ്യായാമത്തിനായി മാറ്റിവയ്ക്കേണ്ടത്. ഇതിലൂടെ 300– 500 കലോറി വരെ എരിയിച്ചു കളയാനാകും. ഇരുന്നുകൊണ്ടുള്ള ജോലികൾ പരമാവധി കുറയ്ക്കണം. ‘സിറ്റിങ് ഈസ് ദി ന്യൂ സ്മോക്കിങ്’ എന്നാണു പുതിയ പഠനങ്ങൾ പറയുന്നത്. നിന്നും നടന്നുമൊക്കെ ജോലികൾ പൂർത്തിയാക്കുന്നതാണ് നല്ലത്. ഇരുന്നുള്ള ജോലിയാണെങ്കിലും ഇടയ്ക്കിടെ എഴുന്നേറ്റു നടക്കണം.

ഭക്ഷണനിയന്ത്രണം, പതിവായ വ്യായാമം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ കൊണ്ടു 50 ശതമാനം പേർക്കും പൊണ്ണത്തടി നിയന്ത്രിച്ചു നിർത്താനാകും. 40 വയസ്സിനുള്ളിൽ പ്രായമുള്ളവർ വ്യായാമവും ഭക്ഷണനിയന്ത്രണവും ചെയ്യുമ്പോൾ ശരീരവും അതിനനുസരിച്ചു വഴങ്ങും. അതിനാ ൽ എത്ര നേരത്തേ കരുതലെടുക്കുന്നോ, അത്രയും നല്ലത്.

യഥാസമയം ചികിത്സ

വണ്ണത്തെക്കുറിച്ച് എന്തെങ്കിലും മിണ്ടിപ്പോയാൽ ബോഡി ഷെയ്മിങ് എന്നു പറഞ്ഞു കണ്ണുരുട്ടും ചിലർ. പൊണ്ണത്തടി സൗന്ദര്യപ്രശ്നം മാത്രമല്ല എന്ന് ആ ദ്യം തന്നെ മനസ്സിലാക്കണം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ‘ലൈഫ് ത്രെറ്റനിങ് ഡിസീസു’കളുടെ ഗണത്തിലാണു പൊണ്ണത്തടി പെടുന്നത്. അതായതു ജീവൻ വരെ നഷ്ടപ്പെടുത്താവുന്ന രോഗാവസ്ഥയാണ് പൊണ്ണത്തടി.

യഥാസമയം ചികിത്സ തേടാതിരുന്നാൽ അമിതവണ്ണമുള്ള സ്ത്രീകൾക്ക് അവരുടെ ആയുസ്സിൽ നിന്ന് ഏ ഴു വർഷവും പുരുഷന്മാർക്ക് ആറു വർഷവും നഷ്ടപ്പെടുന്നു എന്നാണു പഠനങ്ങളിലൂടെ കണക്കാക്കിയിട്ടുള്ളത്. ചികിത്സിക്കാൻ മടി കാട്ടി പൊണ്ണത്തടി നിയന്ത്രിക്കാവുന്ന ഘട്ടം കടന്നാൽ മറ്റു രോഗങ്ങളും പിടിമുറുക്കും. ഈ ഘട്ടം ഗുരുതരവും മാരകവുമാണ്.

തയാറാക്കിയത് : രൂപാ ദയാബ്ജി