പ്രഥമശുശ്രൂഷ നൽകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം...
ജീവനും ജീവിതവും ഏറെ വിലപ്പെട്ടതാണ്. ചില സാഹചര്യങ്ങളിൽ തക്ക സമയത്തു പ്രഥമശുശ്രൂഷ ലഭിക്കാതെ വന്നാൽ ജീവൻ നഷ്ടപ്പെടാം.
അപകടശേഷം കൃത്യമായ വൈദ്യസഹായം കിട്ടുന്നതു വരെയുളള സമയത്ത് നൽകാവുന്ന അടിസ്ഥാനപരമായ കരുതലാണ് പ്രഥമശുശ്രൂഷ. ജീവൻ രക്ഷിക്കുന്നതിനൊപ്പം പരുക്കുകൾ വൈകല്യമായി മാറുന്നതു തടയുന്നതിനും കൃത്യമായ പ്രഥമശുശ്രൂഷ സഹായിക്കും. പ്രഥമശുശ്രൂഷ നൽകുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കിക്കോളൂ.
ചുറ്റും വേണ്ട, ആൾക്കൂട്ടം
ഒരാൾ കുഴഞ്ഞുവീഴുന്നതു കണ്ടാൽ ചുറ്റും കൂടി നിൽക്കുന്നതാണു പൊതുവേയുള്ള രീതി. ഇങ്ങനെ കൂടി നിൽക്കുന്നത് ഒഴിവാക്കിക്കോളൂ. രോഗിക്കു ശ്വസിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ആദ്യം വേണ്ടത്. കുഴഞ്ഞു വീണ വ്യക്തി പ്രതികരിക്കുന്നുണ്ടോ ശ്വാസം, പൾസ് ഇവയുണ്ടോ എന്നിവ ഉറപ്പാക്കണം.
തോളെല്ലിൽ ശക്തിയായി തട്ടി രണ്ടു മൂന്നു തവണ വിളിക്കുക. പ്രതികരണമില്ലെങ്കിൽ സമീപമുളള ആരുടെയെങ്കിലും സഹായം തേടാം. പൾസ് നോക്കാനറിയാത്തവർ നെഞ്ചിന്റെ വികാസസങ്കോചം നോക്കി ശ്വാസഗതി ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ സിപിആർ നൽകുക. രക്തമർദം കുറയുക, ഹൈപ്പോഗ്ലൈസീമിയ ഇവ മൂലം ബോധം നഷ്ടപ്പെട്ടവരിൽ ശ്വാസഗതിയും നാഡിമിടിപ്പുമുണ്ടാകും. ഇടതുവശത്തേക്കു ചരിച്ചു കിടത്തി ഇവരെ ആശുപത്രിയിലെത്തിക്കാം.
നിർജലീകരണം, വിളർച്ച ഇവ കാരണമാകാം വിദ്യാർഥികൾ തലകറങ്ങി വീഴുന്നത്. ശുദ്ധവായു ഉറപ്പാക്കി മുഖത്തു വെള്ളം തളിക്കുക. ഉപ്പും മധുരവുമിട്ടുള്ള പാനീയങ്ങൾ ഇഷ്ടം പോലെ കുടിക്കാൻ നൽകാം.
അപകടം; ആദ്യ മണിക്കൂർ പ്രധാനം
വാഹനാപകടം, കെട്ടിടത്തിന്റെ മുകളിൽ നിന്നു വീഴുക.. തുടങ്ങി തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേൽക്കുന്ന തരം അപകടങ്ങളുണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂർ വളരെ നിർണായകമാണ്.
തല, കഴുത്ത്, അരക്കെട്ട്, നടുവ് ഇവിടങ്ങളിൽ പരുക്കുകളുളള രോഗിയെ അശ്രദ്ധമായി വാഹനത്തിൽ കയറ്റരുത്. ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനങ്ങളിൽ കൊണ്ടു പോകുന്നതു പരുക്കു കൂടുതൽ ഗുരുതരമാകാനും വൈകല്യത്തിലേക്കു നയിക്കുന്നതിനും കാരണമാകാം. 108 ആംബുലൻസ് വിളിക്കാം. നട്ടെല്ലിനും കഴുത്തിനുമുള്ള പരുക്ക് ഗുരുതരമാകുന്നതു തടയാനുള്ള സ്പൈൻ ബോർഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും ശാസ്ത്രീയ പരിശീലനം ലഭിച്ച പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവനവും ഈ ആംബുലൻസിലുണ്ടാകും.
കഴുത്തനങ്ങാതിരിക്കാനുള്ള സെർവിക്കൽ കോളർ, തല അനക്കാതിരിക്കാൻ ഇരുവശത്തും ഹെഡ് റെസ്റ്റ്, ശരീരമനങ്ങാതിരിക്കാൻ സ്പൈഡർ സ്ട്രാപ് ഇത്തരം സംവിധാനങ്ങളുള്ള സ്പൈൻ ബോർഡ് പരുക്ക് ഗുരുതരമാകുന്നതു തടയാൻ സഹായിക്കും.
ഒടിവുള്ള കാലുകൾ അനങ്ങാതിരിക്കാൻ തടിക്കഷണമോ കാർഡ്ബോർഡോ മാഗസിനോ ചേർത്തു െകട്ടി അനക്കാതെ വയ്ക്കുക. കൈകൾക്ക് ഒടിവുണ്ടെങ്കിൽ തുണി കൊണ്ടോ സ്ട്രാപ് കൊണ്ടോ സ്ലിങ് ഇടാം.
മൂക്ക്, വായ്, ചെവി ഇവയിൽ നിന്നു രക്തം വരുന്നുണ്ടെങ്കിൽ വെള്ളം നൽകരുത്. തലയ്ക്കു ക്ഷതമേറ്റ രോഗിക്കു വെള്ളം നൽകിയാൽ അവർ പെട്ടെന്ന് അബോധാവസ്ഥയിലാകാം. ഇവർക്ക് അനസ്തീസിയ ലഭിക്കുമ്പോൾ ഛർദിക്കാനുള്ള പ്രവണതയുണ്ടാകും. അബോധാവസ്ഥയിൽ ഛർദിൽ ശ്വാസകോശത്തിലേക്കു പോയി ശ്വാസതടസ്സമുണ്ടാകാം. ഇതു ഹൃദയാഘാതത്തിലേക്കു നയിക്കാം.
വാഹനാപകടത്തിൽപ്പെട്ടവരെ ട്രോമാ കെയർ സൗകര്യമുൾപ്പെടെ എല്ലാ സംവിധാനവുമുള്ള മെഡിക്കൽ കോളജിലേക്കോ പ്രധാന ഹോസ്പിറ്റലുകളിലേക്കോ മാത്രമേ കൊണ്ടു പോകാവൂ.
കയ്യിട്ടെടുക്കുന്നത് അപകടം
ചെറിയ കുട്ടികൾ ചെറിയ വസ്തുക്കൾ വായിലിടുകയോ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയോ ചെയ്യാം. ഇത്തരം അവസ്ഥയിൽ ശ്വാസതടസ്സമുണ്ടായി ജീവൻ അപകടത്തിലാകാം.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ ഒരു കൈത്തണ്ടയിൽ കമിഴ്ത്തി കിടത്തി മറുകൈ കൊണ്ടു തോളെല്ലുകൾക്കിടയിൽ അഞ്ചു തവണ മുകളിലേക്കു ശക്തിയായി തട്ടുക. ഉള്ളിൽ പോയ വസ്തു പുറത്തേക്കു വരും. കുഞ്ഞുങ്ങളുടെ വായിൽ കയ്യിട്ട് വസ്തു എടുക്കാൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ അവ സങ്കീർണമായ രീതിയിൽ കുടുങ്ങാനിടയുണ്ട്.
ഭക്ഷണമോ വസ്തുവോ കുടുങ്ങിയത് മുതിർന്നവരിലാണെങ്കിൽ രോഗിയെ തല കുനിച്ചു നിർത്തുക. പിന്നിൽ നിന്ന് ഒരു കൈ കൊണ്ടു രോഗിയെ താങ്ങുക. മറ്റേ കൈ കൊണ്ടു തോളെല്ലുകൾക്കിടയിലുള്ള ഭാഗത്തു മുകളിലേക്ക് അഞ്ചു തവണ ശക്തിയായി തട്ടണം.
അതല്ലെങ്കിൽ പിന്നിൽ നിന്ന് ഇരുകൈകളും പൊക്കിളിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്തു ചുറ്റുക. ഒരു കയ്യുടെ മുഷ്ടി ചുരുട്ടിപ്പിടിച്ചു മറ്റേ കൈപ്പത്തി കൊണ്ട് ശക്തിയായി ചുറ്റിപ്പിടിക്കണം. ഈ നിലയിൽ അഞ്ചു തവണ നെഞ്ചിനും വയറിനുമിടയിലുള്ള ഭാഗത്തു മർദമേൽപ്പിക്കണം. മുകളിലേക്കുയർത്തുന്നതു പോലെയാണു മർദമേൽപിക്കേണ്ടത്. ശ്വാസകോശത്തിന്റെ തുടക്കത്തിൽ സമ്മർദമേൽക്കുമ്പോൾ ഛർദിക്കാൻ തുടങ്ങും. കുഴഞ്ഞു വീഴാൻ തുടങ്ങുകയാണെങ്കിൽ സിപിആർ നൽകി ആശുപത്രിയിലേക്കെത്തിക്കുകയാണു മാർഗം.
പോകുന്ന വഴിയിൽ ഇടയ്ക്കിടെ സിപിആർ നൽകണം. ഹൃദയസ്തംഭനമൊഴിവാക്കാനാണിത്.
വേണ്ട ലേപനങ്ങൾ
ഏതു തരം പൊള്ളലാണെങ്കിലും പേസ്റ്റോ കയ്യിൽ കിട്ടുന്ന ഏതെങ്കിലും ലേപനമോ പുരട്ടുന്നതാണു നമ്മുടെ രീതി. തീപ്പൊള്ളലേൽക്കുക, തിളച്ച വെളളം ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ വീഴുക തുടങ്ങിയ സാഹചര്യങ്ങളിൽ ചർമത്തിലെ പല അടരുകളിലായാകാം പൊള്ളൽ ബാധിക്കുന്നത്.
20 മിനിറ്റ് മുതൽ അരമണിക്കൂർ വരെ ബക്കറ്റിലെ പാത്രത്തിലെയോ വെള്ളത്തിൽ മുക്കിപ്പിടിക്കുക. ടാപ്പ് തുറന്ന് ഒഴുകുന്ന വെള്ളത്തിനു കീഴിൽ പിടിക്കുകയുമാകാം. തുടർന്നും ചർമത്തിനു കേടുപാടുണ്ടാകുന്നതു തടയാൻ ഇതു സഹായിക്കും. െഎസ് വെള്ളം ഉപയോഗിക്കേണ്ട. തുടർന്നു പൊള്ളലേറ്റ ഭാഗം വൃത്തിയുള്ളതും അണുവിമുക്തവും നനച്ചു പിഴിഞ്ഞതുമായ തുണി കൊണ്ടു പൊതിഞ്ഞു േഹാസ്പിറ്റലിലെത്തുക.
പതിനേഴ് – ഇരുപതു ശതമാനത്തിനു മുകളിൽ പൊള്ളലേറ്റാൽ അലൂമിനിയം ഫോയിൽ േപാലെയുള്ള ഷീറ്റിൽ പൊതിഞ്ഞു ഹോസ്പിറ്റലിലെത്തിക്കുക എന്നതാണു മാർഗം. ആസിഡ് പോലെയുള്ളവ വീണാലും നന്നായി വെള്ളമൊഴിക്കാം.
പൊള്ളലേറ്റ ഉടനെ മരുന്നുകൾ, ടൂത്ത്പേസ്റ്റ്, വെണ്ണ, തേൻ തുടങ്ങിയ ലേപനങ്ങൾ പുരട്ടരുത്. ഇങ്ങനെ ചെയ്താൽ ലക്ഷണങ്ങൾ കൃത്യമായി വെളിപ്പെടാതെ പോകും. കുമിള േപാലെ വന്നാൽ കുത്തിപ്പൊട്ടിക്കരുത്. ഇങ്ങനെ ചെയ്യുന്നത് അണുബാധയ്ക്കു കാരണമാകും.
ലക്ഷണം അവഗണിക്കരുത്
എഴുന്നേൽക്കുമ്പോൾ വീഴാൻ പോകുന്ന അവസ്ഥ, കാഴ്ച പ്രശ്നം, അതികഠിനമായ തലവേദന, വാ കോടിപ്പോകുക തുടങ്ങിയവ സ്ട്രോക്കിന്റെ ലക്ഷണമാകാം. ഇവ അവഗണിക്കരുത്. കഴിയുന്നതും ആദ്യമണിക്കൂറിൽ ചികിത്സ തേടണം.
ആദ്യത്തെ 3.30 – 4 മണിക്കൂറിനുള്ളിൽ ന്യൂറോവിഭാഗ ചികിത്സ ഉറപ്പാക്കുന്ന വിദഗ്ധ ഹോസ്പിറ്റലിലെത്തിക്കേണ്ടതു വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ശരീരം തളർന്നു പോകാം.
അടിച്ചു വീഴ്ത്തരുതേ
വൈദ്യുതാഘാതമേറ്റാൽ വൈദ്യുതബന്ധം വിച്ഛേദിക്കുകയാണ് ആദ്യം െചയ്യേണ്ടത്. ൈവദ്യുതാഘാതമേറ്റയാളെ കൈ കൊണ്ടു പിടിക്കാനാകില്ലെന്നതിനാൽ ഉണങ്ങിയ വടി കൊണ്ട് വൈദ്യുതബന്ധത്തിൽ നിന്നു മോചിപ്പിക്കുന്നതാണു നല്ലത്. എന്നാൽ വൈദ്യുതാഘാതമേറ്റയാളെ അടിച്ചു വീഴ്ത്തുകയാണു വേണ്ടതെന്നാണു ഭൂരിഭാഗം പേരും കരുതുന്നത്. വൈദ്യുതാഘാതത്തേക്കാൾ അപകടകരമാകും ഇത്തരം അടി. ആദ്യം മെയ്ൻ സ്വിച്ച് ഓഫ് ചെയ്യുക.
ഇതിനു ശേഷം വൈദ്യുതാഘാതമേറ്റയാൾക്കു ശ്വാസോച്ഛ്വാസമുണ്ടോയെന്നു കൃത്യമായി പരിശോധിക്കണം. ശ്വാസോച്ഛ്വാസമില്ലെങ്കിൽ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഉടനടി സിപിആർ നൽകുക. തുടർന്ന് വേഗം അടുത്തുള്ള ആ രോഗ്യകേന്ദ്രത്തിൽ എത്തിക്കണം.
ഉടനെ നൽകേണ്ട വെള്ളം
വിഷം ഉള്ളിൽ ചെന്നാൽ ഉടനെ വെള്ളം കൊടുക്കാതിരിക്കുന്നതാണു നല്ലത്. ഏതു തരം വിഷമെന്നതു കണക്കാക്കിയാണു പ്രഥമശുശ്രൂഷ നൽകേണ്ടത്.
അമിതമായി ടാബ്‌ലറ്റ് പോലെയുള്ള മരുന്നു കഴിച്ചവർക്കു വെള്ളം നൽകരുത്. പെട്ടെന്ന് മരുന്ന് അലിഞ്ഞു ശരീരത്തെ ബാധിക്കാനും ഹൃദയാഘാതമുണ്ടാകാനും സാധ്യതയുണ്ട്. ഛർദിക്കാൻ സാധ്യതയുള്ളതു കൊണ്ട് ഇടതുവശത്തേക്കു കിടത്തി ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം.
മണ്ണെണ്ണയാണ് ഉള്ളിൽ േപായതെങ്കിൽ പാലോ പച്ചവെള്ളമോ ധാരാളം നൽകാം. ഇടതുവശത്തേക്കു ചരിച്ചു കിടത്താൻ മറക്കരുത്. കീടനാശിനിയാണ് ഉള്ളിൽ പോയതെങ്കിൽ ഒരു ഗ്ലാസിൽ പകുതിഭാഗം ഉപ്പു നിറച്ച് ബാക്കി പകുതിഭാഗം വെള്ളം ഒഴിച്ചു യോജിപ്പിച്ചു കുടിപ്പിക്കുക. ഛർദിക്കുമെന്നതിനാൽ ഇടതുവശത്തേക്കു ചരിച്ചു കിടത്തുക.
ആസിഡ് ഉള്ളിൽ പോയവരെ വെള്ളം കുടിപ്പിക്കരുത്. ആസിഡ് കടന്നുപോയ ഭാഗമെല്ലാം പൊളളലേറ്റിട്ടുണ്ടാകും. വെള്ളം കുടിച്ചാൽ ബാക്കി ഭാഗം കൂടി പൊളളലേൽക്കാനിടയുണ്ട്. അതുകൊണ്ട് കഴിയുന്നതും വേഗം ആശുപത്രിയിലെത്തിക്കുകയാണു വേണ്ടത്.
പ്രഥമ ശുശ്രൂഷ നൽകുമ്പോൾ
∙ രക്ഷിക്കാൻ ശ്രമിക്കുന്ന ആൾ ആദ്യം സ്വയരക്ഷ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. മറ്റൊരാളെ രക്ഷിക്കാൻ ശ്രമിച്ച് അപകടത്തിൽ ചെന്നു ചാടരുത്. ഒരാൾ വെള്ളത്തിൽ മുങ്ങിത്താഴാൻ തുടങ്ങുന്നതു കണ്ടു നീന്തലിൽ വൈദഗ്ധ്യമില്ലാത്തവർ എടുത്തു ചാടരുത്. ആദ്യം അപകടത്തിൽപ്പെട്ട ആളെ ആരെങ്കിലും രക്ഷിക്കും. മറ്റേയാളുടെ ജീവൻ അപകടത്തിലാകും. ഏത് അപകടസന്ദർഭങ്ങളിലും ഈ കാര്യം ഓർമ വേണം.
∙ ഏതു രോഗിക്കും പ്രാഥമികശുശ്രൂഷ നൽകുമ്പോൾ ശുദ്ധവായു ലഭിക്കുന്നുവെന്നും ശ്വാസതടസ്സമില്ലെന്നും ശ്വാസോച്ഛ്വാസം കൃത്യമെന്നും രക്തയോട്ടം സുഗമമെന്നും ഉറപ്പു വരുത്തുക.
∙എപ്പോഴും രോഗിയെ ഇടതുവശത്തേക്കു ചരിച്ചു കിടത്തുക. നേരെ കിടത്തിയാൽ അബോധാവസ്ഥയിൽ ആ വ്യക്തി ഛർദിക്കുമ്പോൾ അത് ശ്വാസകോശത്തിലേക്കു പോകാനും ശ്വാസതടസ്സമുണ്ടാകാനും ഇടയുണ്ട്. ഇതു ഹൃദയാഘാതത്തിലേക്കു നയിക്കാം.
∙ ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതു വരെയുള്ള ശുശ്രൂഷ മാത്രമാണ് ഫസ്റ്റ് എയ്ഡ് നൽകുന്നയാളുടെ കർത്തവ്യമെന്നോർമിക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. സുനിൽ മൂത്തേടത്ത്
പ്രഫസർ, അമൃത കോളജ് ഓഫ് നഴ്സിങ്, െകാച്ചി
രാജശേഖരൻ നായർ ജി.
സീനിയർ ഇൻസ്ട്രക്റ്റർ,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി
മെഡിക്കൽ സർവീസസ്, കോട്ടയം