Friday 17 February 2023 02:57 PM IST

പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ; ഭക്ഷണം പുറത്തുപോയി കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ammu Joas

Senior Content Editor

food567777poi

‘കുഴിമന്തി കഴിച്ചു യുവതി മരിച്ചു’ എന്ന വാർത്ത കണ്ടവരുടെ ഉള്ളൊന്നു കിടുങ്ങി. മാസങ്ങൾ മുൻപ് ‘ഷവർമ കഴിച്ചു ശവമാകല്ലേ’ എന്നു ട്രോളിയവർ ‘കുഴിമന്തി കഴിച്ചു കുഴിയിലാകല്ലേ’ എന്നു മാറ്റിയെഴുതി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ഹോട്ടൽ പരിശോധനകളിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടു പലരും ദീർഘനിശ്വാസത്തോടെ സ്വയം പറഞ്ഞു. ‘ആയുസ്സിന്റെ ബലം’.

വാർത്തകൾ മായുന്നതോടെ പരിശോധനകളുടെ ഉ ത്സാഹം കുറയും. ധാർമികരോഷവും ആശങ്കയും ആവിയാകും. എല്ലാം പഴയപടിയാകുന്നതാണ് പതിവ്. പച്ചമുട്ട ഉപയോഗിച്ചു മയണീസ് തയാറാക്കരുതെന്ന സർക്കാർ ഉത്തരവും ഹോട്ടലുകൾക്കു റേറ്റിങ് ഏർപ്പെടുത്താനുള്ള നീക്കവും പ്രതീക്ഷ പകരുന്നുണ്ടെങ്കിലും ‘ആയുസ്സിന്റെ ബലം’ എപ്പോഴും തുണയ്ക്കണമെന്നില്ല.

അതുകൊണ്ടു കുടുംബാംഗങ്ങളുടെ ജീവനെക്കരുതി ചില മുൻകരുതലുകൾ എടുത്തേ തീരു. ഹോട്ടലിൽ നിന്നു മാത്രമേ ഭക്ഷ്യവിഷബാധ വരൂ എന്നു കരുതല്ലേ. വീട്ടിലായാലും ഭക്ഷണം ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ, സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ വരാം.  

കാരണങ്ങൾ അറിയാം

ഓൺലൈൻ ഭക്ഷ്യവിപണി ആളുകൾക്കിടയിൽ  പ്രീതി നേടിയതും വിദേശ ഭക്ഷ്യവസ്തുക്കളുടെയും ഫാസ്റ്റ് ഫൂഡി ന്റെയും അമിതമായ ഉപയോഗവും ഭക്ഷണസംസ്കാരത്തെ ബാധിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, സംസ്കരണം, പാക്കേജിങ്, സൂക്ഷിക്കുന്ന വിധം തുടങ്ങിയ ഏതു ഘട്ടത്തിലും വരുത്തുന്ന അശ്രദ്ധ ഭക്ഷ്യവിഷബാധയിലേക്കു നയിക്കാം. നിരവധി ബാക്ടീരിയ, വൈറസ്, ഫംഗസ്, കീടനാശിനികൾ, ലോഹങ്ങൾ, മായം, സൂക്ഷിപ്പുകാലയളവ് ഉയർത്താൻ സഹായിക്കുന്ന വസ്തുക്ക ൾ എന്നിവയൊക്കെ വിഷബാധയ്ക്ക് ഇടവരുത്തും.

കേരളത്തിൽ റിലേറ്റീവ് ഹ്യുമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) കൂടുതൽ ആണ്. ഉഷ്ണപ്രദേശവും ഹ്യൂമിഡിറ്റിയും ചേർന്നാൽ സൂക്ഷ്മജീവികൾക്ക് പെരുകാനുള്ള അനുയോജ്യമായ അന്തരീക്ഷമാണ്. ഒരു തവണ ചൂടാക്കി പിന്നീടു സാധാരണ ഊഷ്മാവിൽ വച്ചാൽ അവയുടെ വളർച്ച വേഗത്തിലാകും.

മാംസവിഭവങ്ങൾ കഴിച്ചു ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്യുന്നവയിൽ അധികവും. എ ന്നാൽ നന്നായി തിളപ്പിക്കാത്ത വെള്ളം, പഴകിയ പാലുൽപ്പന്നങ്ങൾ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണപദാർഥങ്ങൾ വഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകുന്നുണ്ട്. വീട്ടിലുണ്ടാക്കി സൂക്ഷിച്ചുവച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണം വഴിയും ഉണ്ടാകാം.

155810708

വീട്ടുഭക്ഷണത്തിൽ ശ്രദ്ധിക്കാന്‍

∙ ഭക്ഷ്യവിഷബാധയ്‌ക്കെതിരെയുള്ള മുൻകരുതലുകളി ൽ ഏറ്റവും പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

∙ കിണറ്റിലെ വെള്ളം സമയാസമയം പരിശോധിക്കണം. വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നവർ സർവീസിങ് കൃത്യമായി ചെയ്യണം.

∙ ഗുണനിലവാരമുള്ള വിൽപ്പന കേന്ദ്രങ്ങളിൽ നിന്നു മാത്രമേ ഇറച്ചി വാങ്ങാവൂ.  ശുദ്ധമായ ഇറച്ചി ഇളം ചുവപ്പുനിറത്തിലുള്ളതും വലിയുന്നതുമായിരിക്കും. വഴുവഴുപ്പുള്ളതോ, നീല നിറത്തിലുള്ളതോ ആയ ഇറച്ചി രോഗം ബാധിച്ചതോ, ചത്ത മൃഗങ്ങളുടെയോ ആകാം.

∙ മത്സ്യത്തിന് ഫോർമാലിന്റെയോ അമോണിയയുടെയോ ഗന്ധമുണ്ടെങ്കിൽ വാങ്ങരുത്. ഫ്രഷ് മത്സ്യത്തിന് തിളക്കമുള്ള വൃത്താകൃതിയിലുള്ള കണ്ണുകളുണ്ടാകും. ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പു നിറവും. പഴകിയ മീനിന്റെ കണ്ണ് തെളിച്ചമില്ലാത്തതും കുഴിഞ്ഞതും നീല നിറത്തിലുമുള്ളതാകും.

∙ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രം ഭക്ഷണം പാചകം ചെയ്യുക. വൃത്തിയുള്ള പാത്രങ്ങളിൽ ഭക്ഷണം വിളമ്പണം.

∙ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ ഉടൻ തന്നെ സുരക്ഷിതമായി നിർമാർജനം ചെയ്യുക.

∙ സിങ്കിൽ പാത്രം ഇട്ടുവച്ചു പിറ്റേദിവസം കഴുകുന്ന ശീലം നല്ലതല്ല. പാത്രം അന്നന്നു കഴുകി ഉണക്കി വയ്ക്കാം

∙ ഭക്ഷണം തുറന്നു വയ്ക്കരുത്. ചീഞ്ഞ ഭക്ഷ്യവസ്തുക്കൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.

∙ പച്ചക്കറികൾ മഞ്ഞൾപ്പൊടിയും വിനാഗിരിയും  ഇട്ട് കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ പ്രത്യേകിച്ചും. മണ്ണ്, രാസവളം/കീട  നാശിനി ഇവ പറ്റിയിരുന്നാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം.

∙ ഇറച്ചിയും മീനും മുറിക്കാനും പച്ചക്കറി അരിയാനും വെവ്വേറെ ചോപ്പിങ് ബോർഡും കത്തിയും കരുതണം. ഇവ ഓരോ തവണ ഉപയോഗിക്കും മുൻപും പിൻപും കഴുകണം.

∙ പച്ച മാംസം ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ മൂടിവയ്ക്കണം. മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രീസറിൽ വയ്ക്കരുത്. വൈദ്യുതി മുടങ്ങിയാലും  ഇറച്ചിയിൽ അണുക്കൾ പെരുകാം. ഇതു ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും.

∙ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. ഒരേ എണ്ണയിൽ പലവട്ടം പപ്പടം വറക്കുന്ന ശീലം വേണ്ട.

∙ അന്നന്നു പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണു ന ല്ലത്. ഫ്രിജില്‍ വയ്ക്കേണ്ട സാഹചര്യമുണ്ടായാൽ മൂന്നു ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കുക. ഒരിക്കൽ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിജിൽ വയ്ക്കരുത്. ഫ്രിജ് ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.

∙ ടിൻഡ് ഫൂഡിലാണു ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ കൂടുതലായി കാണുന്നത്. ടിന്നിലടച്ചു വരുന്ന പ ഴങ്ങൾ, പച്ചക്കറികൾ, മാംസവിഭവങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുക. ടിൻഡ് ഫൂഡ് ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കുക.

ഹോട്ടൽ ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ

∙ പലരും പണം കൊടുത്തു ഭക്ഷ്യ വിഷബാധ വാങ്ങുകയാണ് ഇപ്പോൾ. ആഹാരസാധനങ്ങൾ റജിസ്ട്രേഷനുള്ള ക ടകളിൽ നിന്നു വാങ്ങുക. പാക്കേജ്ഡ് ഫൂഡിൽ ഭക്ഷ്യസുരക്ഷ നിഷ്കർഷിക്കുന്ന ലേബൽ ഉണ്ടെന്ന് ഉറപ്പാക്കുക.

∙ റസ്റ്ററന്റിൽ നിന്നു ഹോം ഡെലിവറിയായി വാങ്ങുന്ന ഭ ക്ഷണം ചൂടോടെ തന്നെ കഴിക്കുക. താപനിലയിൽ വരുന്ന വ്യത്യാസം ബാക്ടീരിയ പെരുകുന്നതിനു കാരണമാകും.

∙ ഷവർമയോ കുഴിമന്തിയോ അല്ല വില്ലൻ. ഏതു വിഭവവും ചിട്ടപ്രകാരവും വൃത്തിയോടെയും ഉണ്ടാക്കിയില്ലെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാക്കും. ഇറച്ചി വിഭവങ്ങളിൽ നിന്നു ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണം സാൽമൊണെല്ല എന്ന ബാക്ടീരിയ ആണ്.

ചിക്കൻ പൂർണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. ശരീരത്തിലെത്തിയാൽ നാലഞ്ചുമണിക്കൂറിനുള്ളിൽ ബാക്ടീരിയ പ്രവർത്തനം തുടങ്ങും. സാൽമൊണെല്ല ഇല്ലാതാകണമെങ്കിൽ മാംസം കുറഞ്ഞത് 750Cൽ 10 മിനിറ്റ് വേവണം. അല്ലെങ്കിൽ 550Cൽ 60 മിനിറ്റ്.  

∙ അൽഫാം, ഗ്രിൽഡ് ചിക്കൻ, ബാർബി ക്യൂ എന്നിവ പാ തി വേവിച്ച ശേഷം ഓർഡർ കിട്ടുമ്പോൾ മുഴുവനും വേവിച്ചു കൊടുക്കുകയാണു ചെയ്യുന്നത്. തിരക്കു കൂട്ടിയാൽ ഇവ പൂർണമായി വേവുന്നതിനു മുൻപ് കഴിക്കേണ്ടി വരാം.

∙ പതിവായി ഹോട്ടൽ ഭക്ഷണം കഴിക്കേണ്ടി വരുന്നവർ വെജിറ്റേറിയൻ വിഭവങ്ങൾ കൂടുതലായി കഴിക്കുക.

∙ ചില ഹോട്ടലുകളിൽ അടുക്കള സന്ദർശിക്കാനുള്ള അ വസരം നൽകാറുണ്ട്. അടുക്കളയുടെ വൃത്തി പരിശോധിച്ചു ഭക്ഷണം കഴിക്കാവുന്ന ഹോട്ടൽ തിരഞ്ഞെടുക്കാം.

∙ വഴിയരികിലും മറ്റും പാകം ചെയ്യുന്ന ഭക്ഷണം ഒഴിവാ  ക്കണം. പൊടിപടലങ്ങളും മറ്റും ഭക്ഷണത്തിൽ പറ്റിപ്പിടിച്ചിരുന്ന് അണുബാധയുണ്ടാകാം.

പരീക്ഷാകാലമാണ്, ഓർക്കണേ

സ്കൂൾ വിദ്യാർഥികൾക്കു പരീക്ഷാക്കാലമാണു വരുന്നത്. ചിട്ടയോടെയുള്ള പഠനത്തിനൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. നോൺ വെജിറ്റേറിയൻ ഫാസ്റ്റ് ഫൂഡിനോടാണു കുട്ടികൾക്കു പ്രിയം. ‘ഒരു വിഷയത്തിന്റെ റിവിഷൻ ഇന്നു തീർത്താൽ അൽഫാം വാങ്ങിത്തരാം’ എന്ന അനാരോഗ്യ വാഗ്ദാനങ്ങൾ വേണ്ട.

കുട്ടികളുടെ കാര്യത്തിൽ ഏറെ ജാഗ്രത വേണ്ട ഷിഗെല്ല രോഗത്തിന്റെ കാരണവും വൃത്തിഹീനമായ സാഹചര്യങ്ങളും പഴകിയ ഭക്ഷണവുമാണ്.

∙ വീട്ടിൽ വൃത്തിയായി തയാറാക്കിയ ഭക്ഷണം മാത്രം  നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. 10 മിനിറ്റ് വെട്ടിതിളച്ച വെള്ളം ഇളം ചൂടോടെ കുട്ടികൾക്കു നൽകണം.

∙ മുട്ട കൊണ്ട് ബുൾസ് ഐ തയാറാക്കുന്നതിനു പകരം  ഓംലെറ്റ് ആക്കിയോ പുഴുങ്ങിയോ നൽകാം. ശരിയായി വേവാത്ത മുട്ട ഭക്ഷ്യവിഷബാധയ്ക്കു കാരണമാകാം.

∙ സോസേജ്, സലാമി തുടങ്ങിയ പ്രൊസസ്ഡ് ഫൂഡ്, രുചിക്കൂട്ടുകൾ പൊതിഞ്ഞ റെഡി ടു കുക്ക് വിഭവങ്ങൾ ഇവയൊന്നും  നൽകാത്തതാണ് നല്ലത്.

∙ കുട്ടികൾക്കു ഛർദിലും വയറിളക്കവും വന്നാൽ പെട്ടെന്നു ക്ഷീണവും തളർച്ചയും അനുഭവപ്പെടും. ശരീരത്തിൽ നിന്നു ലവണാംശം നഷ്ട്ടപ്പെടുന്നതിനാലാണ് ഇത്. ഈ പ്രശ്നം പരിഹരിക്കാൻ ഒരു ലീറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ഉപ്പും അര ചെറിയ സ്പൂൺ പഞ്ചസാരയും ലയിപ്പിച്ചു കുടിക്കാൻ നൽകാം.

dr-padddd999

ലക്ഷണങ്ങൾ

∙ ഭക്ഷണം കഴിച്ച ശേഷമുണ്ടാകുന്ന ഓക്കാനം, ഛർദി, മനംപിരട്ടൽ, ശരീരവേദന, ശരീരത്തിൽ തരിപ്പ്, വയറിളക്കം, വയറുവേദന, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ.

∙ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബോട്ടുലിസം എന്ന ഭക്ഷ്യവിഷബാധയുണ്ടായാൽ ഛർദിയോ വയറിളക്കമോ ഉ ണ്ടാകണമെന്നില്ല. ശ്വാസംതടസ്സം, തലയിൽ നിന്ന് ആരംഭിച്ചു കാലിലെ പേശിയിലെത്തുന്ന തളർച്ച, നാവു കുഴയുക, വസ്തുക്കൾ രണ്ടായി കാണുക തുടങ്ങിയ ലക്ഷണങ്ങളാണു പ്രകടമാകുക.  

∙ ആഹാരം കഴിച്ചശേഷം മണിക്കൂറുകൾക്കുള്ളിലോ ചിലപ്പോൾ ഒരു ദിവസം വരെ നീണ്ടുനിൽക്കുന്ന ഇടവേളയ്ക്കു ശേഷമോ രോഗലക്ഷണങ്ങൾ പ്രകടമാകാം.

∙ സാധാരണ ഗതിയിലുള്ള അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധ രണ്ടു മൂന്നു മണിക്കൂർ കൊണ്ടു മാറും. നിരന്തരമായ ഛർദി, കടുത്ത വയറുവേദന, രോഗി തളർന്ന് അവശനിലയിലാകുക എന്നിങ്ങനെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി വിദഗ്ധചികിത്സ തേടണം.

കടപ്പാട്: ഡോ. ബി. പദ്മകുമാർ, പ്രഫസർ ഓഫ് മെഡിസിൻ, ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ

Tags:
  • Health Tips
  • Glam Up