Saturday 30 November 2024 03:05 PM IST : By ശ്യാമ

‘കേൾവി പ്രശ്നങ്ങളുള്ളവർ പുറത്തുപോകുമ്പോൾ ഇയർ പ്ലഗ് ഉപയോഗിക്കാം’; കേൾവിക്കുറവ് നാലു തരം, കരുതലോടെ പരിചരിക്കാം

hearing1

കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും

സംസാരം നിർത്തി ഫോ ണും മാറ്റി വച്ച് ഒരു മിനി റ്റ് ചുറ്റുമുള്ള ശബ്ദങ്ങളിലേക്കു ശ്രദ്ധിക്കൂ... ഫാനിന്റെ, ഏസിയുടെ, വണ്ടികളുടെ, വീടു പണി നടക്കുന്നതിന്റെ, പാത്രങ്ങൾ തമ്മിൽ കലമ്പുന്നതിന്റെ... ഇങ്ങനെ പല തരം ശബ്ദങ്ങൾ ന മുക്കു ചുറ്റും ഒഴിയാതെ ഒപ്പമുണ്ട്. നിശബ്ദത വേണമെന്ന് ആഗ്രഹിക്കുമ്പോൾ പോലും നമുക്കു ‘നിശബ്ദത’ അനുഭവിക്കാൻ സാധിക്കുന്നുണ്ടോ?

ശബ്ദ തോത് ഉയരുമ്പോൾ

തലച്ചോറിലേക്കു പുറത്തു നിന്നു വിവരങ്ങളെത്തുന്ന തോതിൽ മൂന്നിൽ രണ്ടും കേൾവി വഴിയാണ്. കഴിഞ്ഞ 30 – 40 വർഷത്തിൽ അന്തരീക്ഷത്തിലെ ശബ്ദം (ആംബിയന്റ് നോയിസ്) ഉയർന്നിട്ടുണ്ട്.

ശബ്ദമൊരു മർദ അലയാണ്. ഭിത്തിയിലൂടെ പോലും അകത്തേക്കു കടന്നുവരുന്നവ. ആരും മിണ്ടാതിരുന്നാലും 45–50 ഡെസിബെൽ ശബ്ദം നമ്മൾ കേൾക്കുന്നുണ്ട്. ഏറ്റവും സേഫ് ആയി മനുഷ്യനു കേൾക്കാവുന്ന ശബ്ദം പരമാവധി 0–70 ഡെസിബലാണ്.

ചെന്നൈയിലെ പ്രസിദ്ധ ഇഎൻടി സ ർജന്‍ ഡോ.മോഹനകാമേശ്വരന്റെ നേ തൃത്വത്തിൽ ഒരിക്കൽ നീലഗിരിയിലുള്ള ആദിവാസികളുടെയും ചെന്നൈ, ട്രിച്ചി നഗരത്തിൽ റോഡിൽ കച്ചവടം ചെയ്യുന്നവരുടെയും കേൾവിശക്തി താരതമ്യ പഠനത്തിനു വിധേയമാക്കി. വഴിവക്കിലിരുന്നു കച്ചവടം ചെയ്യുന്നവർക്ക് 55–65 ശതമാനത്തോളം കേൾവി തകരാറുകളുള്ളതായി പഠനത്തിൽ തെളിഞ്ഞു. എന്നാൽ എൺപതു വയസ്സിലും ആദിവാസി വിഭാഗത്തിലുള്ളവർക്കുകേൾവി നഷ്ടം വന്നിരുന്നില്ല.  

ആരോഗ്യകരമായ കേൾവിയുണ്ടാകുക, അതു കാത്തു സൂക്ഷിക്കുക എന്നതുകേൾവിയുടെ ഗുണനിലവാരത്തെ മാത്രം സംബന്ധിക്കുന്നതല്ല. അതു തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെയും സ്വാധീനിക്കുന്നുണ്ട്. കേൾവി കുറഞ്ഞാൽ ഒരു വ്യക്തി പലപ്പോഴും സമൂഹത്തിൽ നിന്നു വിട്ടുനിൽക്കാനും അതു വഴി മാനസികാരോഗ്യത്തെ സാരമായി ബാധിക്കാനും ഇടവരും.

എന്താണ് സൗണ്ട് ഹൈജീൻ?

വാഹനങ്ങളിൽ നിന്നും ലൗഡ് സ്പീക്കറിൽ നിന്നും ഉണ്ടാകുന്ന ഡിജിറ്റൽ നോയിസ് / ഇലക്ട്രോണിക് നോയിസ് (ഇയർ ഫോൺ പോലുള്ളവ ഉൾപ്പെടെ) ആണ് നിലവിൽ കേൾവിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. ഹെഡ്ഫോൺ വച്ച് ഉറങ്ങുന്നവർ പോലുമുണ്ട്.

2166433651

ശരിയായ കേൾവി നടക്കുന്നതു തലച്ചോറിലാണ്. ചെവി എന്നതു ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗമാക്കി തലച്ചോറിലെത്തിക്കാനുള്ള ഉപാധി മാത്രമാണ്. ഉറക്കത്തിലായാൽ പോലും ഈ തരംഗങ്ങൾ തലച്ചോറിലെത്തുന്നുണ്ട്. പത്തോ പതിനഞ്ചോ കിലോമീറ്റർ തുടർച്ചയായി ഓടിയാൽ പേശികൾക്കു ക്ഷീണം വരും പോലെ തലച്ചോറും ക്ഷീണിക്കും.  

സുരക്ഷിത കേൾവിക്ക് ഇണങ്ങുന്ന ശബ്ദം 40– 45 ഡെസിബെൽ ആകണമെന്നാണു പറയുന്നത്. പൊതു ഇടങ്ങളിൽ ലൗഡ് സ്പീക്കർ വയ്ക്കാൻ പല നിയമങ്ങളും പാലിക്കേണ്ടതുണ്ട്. രാത്രി പത്തിനും പകൽ ആറിനും ഇടയ്ക്ക് വലിയ ശബ്ദങ്ങൾ ഉപയോഗിക്കരുതെന്നും നിയമമുണ്ട്. വലിയ ശബ്ദം നമ്മുടെ ഓട്ടോണമസ് നെർവസ് സിസ്റ്റത്തെയാണു ത്വരിതപ്പെടുത്തുന്നത്. ഇതു ഹൃദയമിടിപ്പു കൂട്ടും. അതുവഴി രക്തസമ്മർദവും രക്തത്തിലെ പ്രമേഹവും കൂടും. ലൈംഗികശേഷിയുമായി ബന്ധപ്പെട്ട ഹോർമോണുകളായ ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ ഇവയുടെ അളവു കുറയ്ക്കുകയും ചെയ്യും.

മുൻകരുതലെടുക്കാം

∙ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ അവയുണ്ടാക്കുന്ന ശബ്ദം താരതമ്യം ചെയ്തു ശബ്ദം കുറഞ്ഞവ വാങ്ങാം. വണ്ടി വാങ്ങുമ്പോഴും താരതമ്യേന ശബ്ദം കുറവുള്ളതു വാങ്ങാം.

∙ ഫോൺ ഉപയോഗിക്കുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ സ്പീക്കറിൽ കേൾക്കുക. കഴിവതും സ്പീക്കറിലിട്ടു സംസാരിക്കുക. ഇയർ ഫോണിൽ ശബ്ദം കുറവാണെങ്കിൽ പോലും ആ ശബ്ദത്തിന്റെ നൂറു ശതമാനവും ചെവിയുടെ ടിമ്പാനത്തിൽ സ്പർശിക്കുന്നുണ്ട്, ഇയർ ഡ്രമ്മിൽ തട്ടുന്നുണ്ട്.

∙ പാട്ടും മറ്റും കേൾക്കുന്ന നേരത്തു മണിക്കൂറുകളോളം തുടർച്ചയായി കേൾ‌ക്കുന്നതിനു പകരം ഇടയ്ക്ക്  5 – 10 മിനിറ്റു നിർത്തി വിശ്രമം നൽകിയശേഷം കേൾവി തുടരാം.

∙ വീട്ടിലെ ഇലക്ട്രിക് വസ്തുക്കളിൽ നിന്നു വലിയ ശ ബ്ദം വന്നാൽ പരിശോധിച്ചു തകരാർ മാറ്റുക.

∙ കേൾവി പ്രശ്നങ്ങളുള്ളവർ പുറത്തു പോകുമ്പോൾ ഇ യർ പ്ലഗ് ഉപയോഗിക്കുക. സിനിമാ തിയറ്ററിൽ പ്രത്യേകിച്ചും. ഇതുവഴി 20 ശതമാനം വരെ ശബ്ദം നിയന്ത്രിക്കാൻ സാധിക്കും.

പലതരമുണ്ട് കേൾവി പ്രശ്നങ്ങൾ

കണ്ടക്റ്റീവ് ഹിയറിങ് ലോസ്

നമ്മുടെ ചെവിയെ മൂന്നായി തരം തിരിക്കാം. ബാഹ്യ കർണം, മധ്യകർണം, ആന്തരിക കർണം. ബാഹ്യകർണത്തിനും മധ്യ കർണത്തിലും വരുന്ന പ്രശ്നങ്ങൾ കൊണ്ടുള്ള കേൾവിക്കുറവാണ് കണ്ടക്റ്റീവ് ഹിയറിങ് ലോസ്.

ശബ്ദം വായുവിലൂടെ വരുമ്പോൾ ആ ശബ്ദത്തെ അ തേ ശക്തിയിൽ ആന്തരിക കർണത്തിൽ എത്തിക്കുന്നത് ബാഹ്യ– മധ്യ കർണമാണ്. അത് എത്തിക്കാൻ കഴിയാതെ വരുന്നതാണ് പ്രശ്നം. ഇത്തരക്കാർ വളരെ പതുക്കെയായിരിക്കും സംസാരിക്കുന്നത്. സ്വന്തം സംസാരം തന്നെ മുഴക്കത്തിൽ കേൾക്കുന്നതാണു കാരണം.

ഈ പ്രശ്നം തീർത്തും  മാറ്റിയെടുക്കാം. വളരെ അപൂർവമായി മാത്രമാണ് ഹിയറിങ് എയ്ഡ് വേണ്ടി വരിക.

∙ സെൻസറി ന്യൂറൽ ഡെഫ്നെസ്

People who suffer from loud noisy city sounds. Man and woman covering ears with hands. City audio speakers, annoyed signals from planes and cars. Cartoon flat isolated vector concept

കോക്ലിയയുടെ തകരാറു കൊണ്ട് വരുന്ന കേൾവി പ്രശ്നമാണ് സെൻസറി ന്യൂറൽ ഡെഫ്നെസ്. ഇതുള്ളവർ ഉച്ചത്തിൽ സംസാരിക്കും. കൂടുതൽ നാൾ നെർവ് ഡെഫ്നെസ് എന്ന കേള്‍വി പ്രശ്നം വന്നാൽ നിർത്തി നിർത്തിയോ ഉച്ചാരണം ശരിയാകാതെയോ ആകും സംസാരം.  ഇത്തരക്കാർ ടിവിയുടെയും മറ്റും ശബ്ദം വളരെ കൂട്ടി വയ്ക്കും. കേൾവിക്കുറവിനൊപ്പം ചെവിയിൽ ഇരപ്പ് കൂടി വരുന്ന ടിനിറ്റസും  കാണപ്പെടാം. ആന്തരിക കർണത്തിലുള്ള അസ്വാഭാവിക ശബ്ദം തന്നെയാണിത്.

ലോകത്തിലെ മൊത്തം കണക്കെടുക്കുമ്പോൾ പല പ ഠനങ്ങളും പറയുന്നതു പത്തിൽ ഒരാൾക്കു (പ്രത്യേകിച്ച് നാൽപതിനു മുകളിലുള്ളവർക്ക്) കേൾവിക്കുറവ് ഉണ്ടാകുന്നുണ്ടെന്നാണ്. ജീവിതശൈലീരോഗങ്ങളുള്ളവർക്കു കേൾവിക്കുറവു വരാനുള്ള സാധ്യത കൂടുതലാണ്. ഇതു കൂടാതെ അന്തരീക്ഷത്തിലെ ശബ്ദ മലിനീകരണം കൊണ്ടും കേൾവിക്കുറവ് ഉണ്ടാകാറുണ്ട്.

ഹിയറിങ് എയ്ഡ് എന്തെന്നറിയാം

ശബ്ദതരംഗത്തിന്റെ മര്‍ദം കൂട്ടി ഉച്ചത്തിലാക്കുകയാണ് ഹിയറിങ് എയ്ഡ് ചെയ്യുന്നത്. എല്ലാ തരം കേൾവിക്കുറവുകൾക്കും ഹിയറിങ് എയ്ഡ് ഫലിക്കണമെന്നില്ല. ജന്മനാ കേൾവിക്കുറവുള്ളൊരാൾക്കു മിക്കവാറും ഹിയറിങ് എയ്ഡ് സഹായകമാകാറില്ല. ചെവിയിലെ ഹെയർ സെൽ ഉണ്ടെങ്കിൽ മാത്രമേ എയ്ഡ് ഫലപ്രദമാകൂ.  

ഹിയറിങ് എയ്ഡ് വാങ്ങും മുൻപ് അതു വച്ചു നോക്കി പ്രയോജനപ്പെടുന്നു എന്ന് ഉറപ്പിച്ചിട്ടു വേണം തിരഞ്ഞെടുക്കാൻ. മിക്കവാറും സൗണ്ട് – പ്രൂഫ് മുറികളിലിരുന്നാണു പരിശോധനകൾ നടത്തുക. അതു വച്ചശേഷം പുറത്തേക്കിറങ്ങുമ്പോൾ മാത്രമാണു ബുദ്ധിമുട്ടു മനസ്സിലാകുക.

ചില ഹിയറിങ് എയ്ഡ് എല്ലാ ശബ്ദത്തേയും മുഴക്കമുള്ളതാക്കും. നൂതന എയ്ഡുകൾ സംസാരത്തെ മാത്രം തിരഞ്ഞെടുത്തു വലുതാക്കി കേൾപ്പിക്കുന്ന തരത്തിൽ പ്രവ ർത്തിക്കുന്നുണ്ട്.

പുറത്തെ അന്തരീക്ഷത്തിൽ ഒന്ന് – രണ്ടു മണിക്കൂറെങ്കിലും ഉപയോഗിച്ചു നോക്കിയിട്ടു വേണം എയ്ഡ് വാങ്ങാൻ. ഹിയറിങ് എയ്ഡ് ഓഡിയോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ വാങ്ങാം. പരിശോധന ചെയ്യേണ്ടതും ഹിയറിങ് എയ്ഡ് നിഷ്കർഷിക്കേണ്ടതും ഇഎൻടി ഡോക്ടർ ആണ്.

കരുതലോടെ പരിചരിക്കാം

∙ഹിയറിങ് എയ്ഡ് വയ്ക്കുന്നവരിൽ ചെവിയിലെ കായം  പുറത്തേക്കു പോകാതെ അടിയുന്നതായി കാണാറുണ്ട്. അതു കൃത്യമായി വൃത്തിയാക്കുക.

∙ എയ്ഡ് വയ്ക്കുന്നവർ അത് ആശയവിനിമയം നടത്തുമ്പോൾ മാത്രം വയ്ക്കുക. എയ്ഡ് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും ഉപയോഗിച്ചാൽ രണ്ടു ദിവസം കൂടുമ്പോൾ 80–100 രൂപയുടെ ബാറ്ററി മാറ്റേണ്ടി വരും.

∙ പതിവിലും കൂടുതലായി ചെവിക്കായം ഹിയറിങ് എ യ്ഡിൽ ഉണ്ടെന്നു തോന്നിയാൽ ഉടൻ ഇഎൻടി ഡോക്ടറെ കാണുന്നതാണു നല്ലത്. ആവശ്യമെങ്കിൽ ചെവി വൃത്തിയാക്കുകയും ചെയ്യാം.

∙ രാത്രി എയ്ഡ് വച്ചുകൊണ്ടു കിടക്കേണ്ടതില്ല.

∙സ്പിരിറ്റോ മറ്റോ കൊണ്ടു തുടച്ചു വൃത്തിയാക്കി എയ്ഡ് അതിന്റെ പെട്ടിയിൽ തന്നെ സൂക്ഷിക്കുക.  

ഹിയറിങ് എയ്ഡ് പലതുണ്ട്

ബോഡി വൺ ഹിയറിങ് എയ്ഡ്: ഇന്നിവ വിരളമായിട്ടേ ഉപയോഗിക്കപ്പെടുന്നുള്ളൂ. ചെവിയിൽ ഒരു ഡിവൈസ് വ ച്ചിട്ട് അതിൽ നിന്നു വരുന്ന വയർ താഴേക്ക് കിടക്കും പോലെയാണ് ഡിസൈന്‍.

ബിഹൈന്റ് ദി ഇയർ (ബിടിഇ മോഡൽ) : ചെവിക്ക് പുറകിലുറപ്പിക്കാം.

ഐസി ടൈപ് (ഇൻ ദി കനാൽ): അതു ചെവിയുടെ കനാലിലാകും ഇരിക്കുന്നത്. ഒരു ഭാഗം മാത്രം വെളിയിൽ കാണും.

സിഐസി : മുഴുവനായും  ക‌നാലിലുള്ളിൽ സ്ഥാപിക്കാകുന്ന ഉപകരണം. വളരെ നേരിയ ഒരു അംശം മാത്രമേ പുറത്തേക്കു കാണൂ.

മുൻപ് ബോഡി വൺ വച്ചാൽ മാത്രമേ തീരെ കേൾവിക്കുറവുള്ളവർക്ക് കേൾക്കാൻ സാധിച്ചിരുന്നുള്ളൂ. ഇപ്പോ ൾ‌ ബിടിഇ മോഡലിനാണ് ആവശ്യക്കാരെറെ. ചെവിക്കു പുറകിലായതുകൊണ്ടും മുടി കൊണ്ടു മറയുന്നതു കൊണ്ടും അത്ര ശ്രദ്ധിക്കില്ല എന്നതാണ് വലിയൊരു വിഭാഗം ആളുകളും ഇത് തിരഞ്ഞെടുക്കാൻ കാരണം. ഒരു കോഡ് മാത്രമേ ശരീരത്തിലേക്ക് വരൂ. അത് ചർമത്തിന്റെ നിറത്തിനനുസരിച്ചുള്ളവ കിട്ടും.

ഐസി ടൈപ്പ് വയ്ക്കാം. പക്ഷേ, വളരെ നേരം ചെവിക്കകത്ത് തന്നെ വച്ചാൽ ചെവിക്കായം അടിഞ്ഞു ചെവിയടയാനും ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധ വരാനും ഇടയാക്കും. പ്രത്യേകിച്ചും മധ്യകർണത്തില്‍ പ്രശ്നങ്ങളുള്ളവർക്ക് റിസ്ക് കൂടുതലാണ്.

ഹിയറിങ് എയ്ഡ് രണ്ടു തരമുണ്ട് – അനലോഗും ഡിജിറ്റലും. അനലോഗിൽ എല്ലാ ശബ്ദവും ഉച്ചത്തിലാകും. അതു പലർക്കും ബുദ്ധിമുട്ടാകാറുണ്ട്. കേൾവിക്കുറവുള്ളവരിൽ തന്നെ എല്ലാവർക്കും എല്ലാ ശബ്ദവും കിട്ടണമെന്നില്ല. എല്ലാ ഫ്രീക്വൻസിയിലും ഒരേ കേൾവിയല്ല സംഭവിക്കുന്നത്. ചിലർക്കു താഴ്ന്ന ഫ്രീക്വൻസിയിവുള്ളവ കേൾക്കാൻ സാധിക്കും. പക്ഷേ, എല്ലാത്തിനും ശബ്ദം കൂടുമ്പോൾ ഇത്തരം എയ്ഡുകൾ ഉപയോഗപ്പെടില്ല.

ഡിജിറ്റലിലാകുമ്പോൾ നമുക്ക് ആവശ്യമുള്ളപ്പോൾ മാത്രം ശബ്ദം ഉയർത്താനും കുറയ്ക്കാനും സാധിക്കും. ഡിജിറ്റലാണെങ്കിൽ രണ്ടു ചെവിക്കും കേൾവിക്കുറവുള്ളവർക്ക്  ചില അവസരത്തിൽ രണ്ട് വശത്തും വയ്ക്കേണ്ടി വരും.

ഹിയറിങ് എയ്ഡ് വാങ്ങുമ്പോൾ കഴിവതും വിശ്വസ്തത ഉറപ്പാക്കാവുന്ന കമ്പനികളുടേത് വാങ്ങുക. അതേപോലെ ഹിയറിങ് എയ്ഡ് ട്രയൽ നടത്തി നോക്കി മാത്രം വാങ്ങുക. ഉപകരണത്തിന്റെ വാറന്റി കൃത്യമായി നോക്കുക. ഇതൊരു ഇലക്ട്രിക് ഉപകരണമായതുകൊണ്ട് കൃത്യമായി സർവീസ് കിട്ടുന്ന വഴിയും നോക്കി ഉറപ്പാക്കുക. വിദേശത്തു നിന്ന് കൊണ്ടുവരുന്ന പല ഉപകരണങ്ങൾക്കും ഇവിടെ സർവീസ് ഉണ്ടാകണമെന്നില്ല.

കേൾവിക്കുറവു നാലു തരം

1. മൈൽഡ് : 30 – 40 ഡെസിബെലിൽ താഴെയുള്ള ശബ്ദം കേൾക്കാനുള്ള ബുദ്ധിമുട്ട്. ഹിയറിങ് എയ്ഡിന്റെ ആവശ്യം വരാറില്ല.

2. മോഡറേറ്റ് : 40 – 60 ഡെസിബെല്ലിൽ താഴെ കേൾക്കാനാകില്ല. ഹിയറിങ് എയ്ഡ് ഉപകാരപ്പെടും.

3. സിവിയർ : 60–90 ഇടയ്ക്കുള്ളതിനെയാണ് സിവിയര്‍ എന്നു പറയുക.

4. പ്രഫൗണ്ട്: 80ൽ കൂടുതൽ ഉള്ളവർക്ക് എയ്ഡ് വയ്ക്കുന്നത് ഉപകാരപ്പെടില്ല. പകരം കോക്ലിയർ ഇംപ്ലാന്റാണു വേണ്ടത്.   

ഇപ്പോൾ ഒരു കുഞ്ഞു ജനിക്കുമ്പോൾ തന്നെ കേൾവിക്കുള്ള സ്ക്രീനിങ് ചെയ്യുന്നുണ്ട്. അ തി ൽ പാസ് എന്നാൽ കേൾവി സാധാരണമട്ടിലാണ് എന്നാണ് അർഥം. റെഫർ എന്നാണെങ്കിൽ ഇഎന്‍ടി ഡോക്ടറെ കാണുക.  

പാരമ്പര്യമായി കേൾവി പ്രശ്നങ്ങളുള്ളവർ കുഞ്ഞിനെ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വീണ്ടും പരിശോധിക്കണം. ഹൃദയസംബന്ധിയായ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കും ഇതു ചെയ്യണം.

താലൂക്ക് ആശുപത്രി വരെയുള്ള സർക്കാർ ആ ശുപത്രികളിൽ യൂണിവേഴ്സൽ ഹിയറിങ് പരിശോധന നടത്താനുള്ള സംവിധാനമുണ്ട്.  

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ജോൺ പണിക്കർ,

കൺസൽറ്റന്റ് ഇഎൻടി ഹെഡ് ആൻഡ് നെക് സർജൻ,

ഗുഡ് ഹെൽത് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

Tags:
  • Health Tips
  • Glam Up