വൃക്കകള്‍ തകരാറിലായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ചികില്‍സയ്ക്കു പണമില്ലാതെ നട്ടം തിരിയുന്നു. തൃശൂര്‍ കണ്ണംകുളങ്ങര സ്വദേശിനിയായ പതിനഞ്ചുകാരിയാണ് നാട്ടുകാരുടെ കനിവ് തേടുന്നത്. തമിഴ്നാട്ടില്‍ നിന്ന് തൃശൂരില്‍ എത്തി താമസമാക്കിയ ദമ്പതികളുടെ മകളാണ് കലയരശി. വൃക്കകള്‍ എത്രയും വേഗം മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം.
പഠിക്കാന്‍ മിടുക്കിയാണ്. അസുഖം വന്ന ശേഷം പഠിക്കാനും കഴിയുന്നില്ല. ക്ഷീണം ബാധിച്ചു കഴിഞ്ഞു. പത്താംക്ലാസ് പരീക്ഷ എഴുതണം. ഡയാലിസിസ് നടത്താന്‍തന്നെ വലിയൊരു തുക വേണം. വറവ് പലഹാരങ്ങള്‍ ഉണ്ടാക്കി വീട്ടില്‍ കണ്ടുപോയി വിറ്റാണ് ദമ്പതികളുടെ ഉപജീവനം.
പ്രതിമാസം നാല് ഡയാലിസിസ് വേണം. അതിനുള്ള തുക കണ്ടെത്താന്‍ ദമ്പതികള്‍ക്കു കഴിയുന്നുമില്ല. സ്ഥലം കൗണ്‍സിലര്‍ ഇടപ്പെട്ട് ധനസഹായം സ്വരൂപിച്ചു വരികയാണ്. വീട് പണയപ്പെടുത്തി എടുത്ത വായ്പ കൊണ്ടാണ് ചികില്‍സ തുടങ്ങിയതു തന്നെ. വായ്പ മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ് കുടുംബം.