Saturday 11 December 2021 03:44 PM IST : By സ്വന്തം ലേഖകൻ

അശ്ലീല വിഡിയോയിലെ അഭിനേതാക്കളുമായി പങ്കാളിയെ താരതമ്യം ചെയ്യേണ്ട, അനന്തരഫലം ഗുരുതരം

sex-dr-reddy

മലയാളിയുടെലൈംഗികജീവിതത്തില്‍ കടന്നു വരുന്ന പുതിയ മാറ്റങ്ങള്‍ എന്തെല്ലാം ?-
പ്രമുഖ സെക്സോളജിസ്റ്റ് ഡോ. ഡി. നാരായണറെഡ്ഡി

കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഇപ്പോള്‍ സദാസമയം മൊെെബല്‍ സ്ക്രീനിലാണ്. മൊബൈൽ ഫോണിലൂടെ ദൈനംദിനകാര്യങ്ങളൊക്കെ നടക്കുന്ന കാലം. ഒരാളുടെ ലൈംഗികതയെ തൃപ്തിപ്പെടുത്താനും മൊബൈൽ ഫോൺ മതി എന്നൊരു അവസ്ഥ ഉണ്ടാകുന്നുണ്ടോ?

വലിയ മാറ്റങ്ങളാണ് നമ്മുടെ സാമൂഹികജീവിതത്തിൽ സംഭവിക്കുന്നത്. അവ ലൈംഗി കകാര്യങ്ങളിലും പ്രതിഫലിക്കുന്നു. പല കാര്യങ്ങളും ഇപ്പോൾ മൊബൈൽ ഫോൺ വ ഴി ചെയ്യാനാകും. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്നതല്ല, അത് എന്തിന് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണു പ്രശ്നം. ഔദ്യോഗികം, പഠനം, വിനോ ദം എന്നിവ മാറ്റിനിർത്തിയാൽ ബാക്കി സമയം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പലരും മൊെെബല്‍ ഉപയോഗിക്കുന്നതെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ശരാശരി ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറിലേറെ പലരും ലൈംഗികതയ്ക്കു വേണ്ടി മൊെെബല്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

സെക്സ് വിഡിയോ, പല പങ്കാളികൾ, ചാറ്റിങ്, സ്വയംഭോഗം തുടങ്ങിയ പല കാര്യങ്ങളാണ് ഇതിലൂടെ സാധിക്കുന്നത്. പക്ഷേ, ഇതൊന്നും ഒരാളിന്റെ ലൈംഗിക ജീവിതത്തെ ആരോഗ്യകരമായി തൃപ്തിപ്പെടുത്താൻ പര്യാപ്തമല്ല. മാത്രമല്ല കൂടുതൽ സമയം സ്മാർട് ഫോണിൽ ചെലവിടുന്നത് അഡിക്ഷന് കാരണമാകുകയും ചെയ്യും. അസംതൃപ്തിയാണ് ഇത്തരം അഡിക്ഷനിലേക്കു നയിക്കുന്നതെന്ന് മനഃശാസ്ത്രം പറയുന്നു.

മൊബൈൽ ആസക്തി ദാമ്പത്യത്തിൽ രണ്ടു പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഒന്ന് ദമ്പതിമാർക്കിടയിൽ ലൈംഗികത കുറയുന്നതിന് കാരണമാകുന്നു. ഏതു സമയവും മൊബൈലുമായി കഴിയുന്ന പുരുഷന്മാർ അവരുടെ പങ്കാളിക്കു നൽകേണ്ട വിലപ്പെട്ട സുഖനിമിഷങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. സ്മാർട് ഫോണുകളിലൂടെ അശ്ലീലത്തിന് അടിമപ്പെടുന്നവരിൽ കൂടുതലും പുരുഷന്മാരാണെങ്കിലും ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ തേടി വരുന്ന സ്ത്രീകളുടെ എണ്ണവും വർധിക്കുകയാണ്, പ്രത്യേകിച്ച് അവിവാഹിതകളായ പെൺകുട്ടികളുടെ. ആരോഗ്യകരമായ ലൈംഗിക സമീപനമല്ല ഇത്.

മൊെെബലിലൂടെയുള്ള അമിതമായ ലൈംഗിക ആസക്തി പുരുഷന്മാരിൽ ഉദ്ധാരണവൈകല്യത്തിനും സ്ത്രീകളിൽ പങ്കാളിയുമൊത്തുള്ള ലൈംഗിക താൽപര്യക്കുറവിനും കാരണമാകുന്നു.

ഫലത്തിൽ ‘വീട്ടിൽ സ്വർണം വച്ചിട്ട് മൊബൈലിൽ തോണ്ടി നടക്കേണ്ട അവസ്ഥ’യിലൂടെയാണ് പലരും കടന്നുപോകുന്നത്.

കോവിഡും ലോക്ഡൗണും ലൈംഗികജീവിതത്തിൽ ഏതു രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയത്? വർക് അറ്റ് ഹോം പോലെയുള്ള പു തിയ തൊഴിൽ സംസ്കാരം പങ്കാളികളുടെ ൈലംഗികജീവിതം സന്തുഷ്ടമാക്കി എന്നു കരുതാമോ?

കൊറോണ വൈറസിന്റെ വ്യാപനത്തിനു ശേഷം ലോകത്താകമാനം ഏറ്റവും കൂടുതൽ പഠനം നടന്ന വിഷയങ്ങളിലൊന്ന് കോവിഡ് കാലത്തെ ലൈംഗിക ജീവിതമാണ്. പുതിയൊരു തൊഴിൽസംസ്കാരവും കുടുംബ ജീവിതരീതിയും രൂപപ്പെടാൻ ഈ വൈറസിന്റെ വ്യാപനം കാരണമായി. ലൈംഗിക ജീവിതത്തിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടായി.

കോവിഡ്കാലത്തെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായ പഠനം പ്രസിദ്ധീകരിച്ചത് ‘േജർണ ൽ ഓഫ് എൻഡോക്രൈനോളജിക്കൽ ഇൻവെസ്റ്റിഗേഷൻ’ (Journal Of Endocrinological Investigation) ആണ്. വര്‍ക് അറ്റ് ഹോം കാലഘട്ടത്തില്‍ ദമ്പതികൾ ഒരുമിച്ച് വീട്ടിലുണ്ടായിരുന്നെങ്കിലും ലൈംഗികത അത്ര ആസ്വാദ്യമായിരുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

കോവിഡിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ പലരുടെയും ലൈംഗികാഭിലാഷങ്ങളെ മരവിപ്പിച്ചു. താങ്ങാനാകാത്ത ഉത്കണ്ഠയും ഭയവും പലരിലും ജനിപ്പിച്ചു. ശരീരം ദുർബലമായാൽ വളരെ പെട്ടെന്ന് രോഗബാധയുണ്ടാകുമെന്നും മരണത്തിനുവരെ കാരണമായേക്കുമെന്ന ഭീതി പലരെയും ലൈംഗികതയിൽ നിന്ന് പിന്തിരിപ്പിച്ചു. ലൈംഗികതയുടെ ഊഷ്മളത കുറഞ്ഞു. പല ലൈംഗിക ബന്ധങ്ങളും ദൈനംദിന ചടങ്ങുപോലെയായി.

പങ്കാളികൾ മാത്രം താമസിക്കുന്ന ഇടങ്ങളിൽ ആദ്യമാദ്യം അനിയന്ത്രിതമായിരുന്ന ലൈംഗികത പിന്നീട് വല്ലാതെ മടുപ്പിക്കുന്ന ഒന്നായി മാറി. അതിന് ലോക്ഡൗണും കാരണമായി. ലൈംഗികത വൈകാരികമായ പ്രവൃത്തിയാണ്. ലൈംഗിക വേഴ്ചകൾക്കായുള്ള കാത്തിരിപ്പ്, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത, പ്രതീക്ഷ, മാനസികമായും ശാരീരികമായുമുള്ള ആരോഗ്യാവസ്ഥ, ൈലംഗി കതയ്ക്കുള്ള തയാറെടുപ്പ്, അനുകൂല സാഹചര്യങ്ങൾ തുടങ്ങിയ ഒന്നിലധികം ഘടകങ്ങൾ ഒത്തുവരുമ്പോഴാണ് ലൈംഗികത ഊഷ്മളമാകുന്നത്.

എന്നാൽ കോവിഡും ലോക്ഡൗണും ഈ അനുകൂലസാഹചര്യങ്ങൾക്കു തടസ്സമായി. മറ്റൊരു പ്രധാന പ്രശ്നം ലോക്ഡൗൺ കാരണം വീട്ടിൽ കുടുങ്ങിപ്പോയത് പങ്കാളികൾ മാത്രമല്ല, മറ്റുള്ളവരുമുണ്ട് എന്നതാണ്. ഇത് പലരുടെയും സ്വകാര്യത ഇല്ലാതാക്കി. ആശുപത്രികളിലെയും മറ്റും തിരക്കും കോവിഡിന്റെ വ്യാപനവും മറ്റു പ്രതികൂലസാഹചര്യങ്ങളും നിമിത്തം ഗർഭധാരണം പലരും വേണ്ടെന്നു വച്ചു. ഇതും കോവിഡ് കാലത്തെ ലൈംഗികജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളിൽ ഒന്നാണ്.

ഇത്ര നിഷ്കളങ്കമാണോ ഈ സമൂഹം? പ്രത്യേകിച്ചും ലൈംഗികാതിക്രമങ്ങൾ വർധിക്കുന്ന കേരളത്തിൽ?

ലൈംഗികതയുമായി ബന്ധപ്പെട്ട അക്രമങ്ങൾ വേറെ വിഷയം ആണ്. അതും ലൈംഗിക ദാരിദ്ര്യവും ത മ്മിൽ താരതമ്യപ്പെടുത്താൻ പറ്റില്ല. ലോകത്ത് മുൻനിരയി ൽ ഉണ്ടായിരുന്ന പല രാജ്യങ്ങളും ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയപ്പോൾ അവിടെ തഴച്ചുവളർന്നത് ലൈംഗികവ്യാപാരമാണ്. അത് ലോകത്ത് നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുമുണ്ട്.

മലയാളികളുടെ ലൈംഗിക ജീവിതത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നുണ്ടോ?

ലോകത്ത് എല്ലായിടത്തും കുതിരകൾ ഇണ ചേരുന്നത് ഒരുപോലെയാണ്. അതു പോലെയാണു മനുഷ്യന്‍റെ കാര്യവും. അന്തരീക്ഷത്തിലോ സമീപനങ്ങളിലോ രീതികളിലോ പൊസിഷനുകളിലോ വ്യത്യാസമുണ്ടാകാം. എന്നാൽ മനുഷ്യരെല്ലാം ഇണ ചേരുന്നത് ഒരുപോലെയാണ്. മലയാളികളുടെ കാര്യത്തിലും മാറ്റമൊന്നുമില്ല. മലയാളികള്‍ക്കു മാത്രമായി പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ലോകത്ത് എല്ലായിടത്തുമുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ലൈംഗികപ്രശ്നങ്ങൾ തന്നെയാണ് മലയാളികള്‍ക്കുമുള്ളത്. ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും രോഗവുമായി ആൾക്കാർ എന്നെ കാണാന്‍ വരാറുണ്ട്. മലയാളികളും അക്കൂട്ടത്തിലുണ്ട്. പ്രശ്നങ്ങൾ സമാനമാണ്. അത് ഏതു സംസ്ഥാനക്കാരായാലും.

ഇങ്ങനെയൊക്കെയാണെങ്കിലും ലൈംഗിക കു റ്റകൃത്യങ്ങളും പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും മറ്റും കേരളത്തിൽ നിരന്തരം അരങ്ങേറുന്നു?

കേരളം വളരെ ജാഗ്രതയോടെ ഉണർന്നിരിക്കുന്ന സംസ്ഥാനമാണ്. ഇവിടുത്തെ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, യുവജനസംഘടനകൾ തുടങ്ങിയവ സജീവമായതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ അപ്പപ്പോൾ തന്നെ റിപ്പോർട്ടു ചെയ്യപ്പെടുകയും സമൂഹത്തിൽ അത് ചർച്ചയാകുകയും ചെയ്യുന്നു. എല്ലാ സമൂഹങ്ങളിലും ലൈംഗിക കുറ്റകൃത്യങ്ങൾ അരങ്ങേറുന്നുണ്ട്. അതിനു പക്ഷേ, പ്രതികരണങ്ങൾ ഉണ്ടാകാറില്ലെന്നു മാത്രം. കേരളത്തിൽ ജനങ്ങൾ പ്രതികരിക്കുന്നു. ഇതിന് ഗുണവും ദോഷവും ഉണ്ട്.

നിരപരാധികൾ കുറ്റവാളികളാകുന്നതും ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളെ ജനങ്ങൾ വിചാരണ ചെയ്യുന്നതുമാണ് േദാഷം. ലൈംഗിക കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയുന്നതാണു ഗുണം. എന്നാൽ കുറ്റവാളികൾക്കു പലപ്പോഴും വേണ്ട രീതിയിലുള്ള ശിക്ഷ കിട്ടാറില്ല. കഠിനമായ ശിക്ഷ ഉറപ്പാണെങ്കിൽ പിന്നെ, ഇത്തരം തെറ്റുകൾ ചെയ്യുന്നവർ ഒന്നു പേടിക്കും.

തീവ്രപ്രണയത്തിന്റെ പേരിലുള്ള കൊലപാതകം മറ്റൊരു പ്രശ്നമാണ്. അതിന്റെ അടിയൊഴുക്ക് ലൈംഗികതയാണെന്നു മാത്രം. ഇത്തരം കുറ്റകൃത്യങ്ങളിലേക്കു പോകുന്ന‌വർ ആദ്യം കടുത്ത വിഷാദത്തിലേക്കു വീഴും. സ്വന്തമാക്കാൻ കഴിയാത്ത ഇണയിലേക്ക് അവരുടെ ചിന്തകൾ ചുരുങ്ങും. വലിയ സ്വാർഥതയായിരിക്കും ഇത്തരക്കാർക്ക്. ‘റൊമാന്റിക് മാനിയാക്’ എന്നു വിളിക്കാവുന്ന ഗുരുതര മാനസിക രോഗാവസ്ഥയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. പ്രണയത്തിന്റെ പ്രതിഫലമായി അവർ കൊലപാതകത്തെ ന്യായീകരിക്കുന്നു. വളരെക്കുറച്ചുപേര്‍ ഇണയോടൊപ്പം ജീവിതം അവസാനിപ്പിക്കും. ഈ സവിശേഷ മാനസികഘടനയുമായി ജീവിക്കുന്നവർ സമൂഹത്തിന് വലിയ ഭീഷണിയാണ്. ഇക്കൂട്ടരെ നേരത്തെ തിരിച്ചറിഞ്ഞ് അകറ്റിനിർത്താൻ പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം.

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ‘ഭ യരഹിത ലൈംഗികത’യിലേക്ക് നമ്മുടെ സമൂ ഹം എത്തിയിട്ടുണ്ടല്ലോ? വിഡിയോ കോളിലൂടെയും മറ്റുമുള്ള വെർച്വൽ സെക്സ് ഉള്‍പ്പെടെ. ഇത് സമൂഹത്തെ എങ്ങനെയാണു ബാധിക്കുന്നത്?

ഭയരഹിത ലൈംഗികത എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല. ‘അജ്ഞാത ലൈംഗികത’ എന്ന് വിളിക്കുന്നതാണു കൂടുതൽ ഉചിതം. അമേരിക്കയിൽ മൊബൈൽ ഫോൺ വ്യാപകമാകുന്ന കാലത്ത് ‘ദ് ന്യൂയോർക്കർ’ പോലെയുള്ള മാസികകളിൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒറ്റ ദിവസത്തെ പങ്കാളികൾ’ എന്നാണ് ഈ സ്ഥിതിവിശേഷത്തെ വിശേഷിപ്പിച്ചത്. ‘കാഷ്വൽ സെക്സ്’ ഒരുകാലം വ രെ പല രാജ്യങ്ങളെയും വേട്ടയാടിയിരുന്ന ദുർഭൂതമായിരുന്നു. എയ്‍ഡ്സ് പോലെയുള്ള മാരകരോഗങ്ങൾ വന്നതിനുശേഷമാണ് ഇതിനു ശമനമുണ്ടായത്. ഇതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇലക്ട്രോണിക് ഉപകരണത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന സ്വയംഭോഗലൈംഗികത എന്നു വിശേഷിപ്പിക്കാം.

മുന്നേ സൂചിപ്പിച്ച അസംതൃപ്തി തന്നെയാണ് ഇതിനുള്ള കാരണം. ഈ ലൈംഗിക അതൃപ്തി അടിമത്തത്തിനു കാരണമാകുന്നു. ഇത്തരം ബന്ധങ്ങൾ താൽക്കാലിക സുഖം മാത്രമാണ് അവശേഷിപ്പിക്കുന്നതെന്നും അത് അപകടകരമാണെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കുന്നുമില്ല. മലയാളികൾ ഉൾപ്പെടുന്ന നമ്മുടെ സമൂഹവും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്.

ഫിലിപ്പൈൻസിൽ നിന്ന് എന്നെ വിളിക്കാറുള്ള ഒരു യുവതി പറഞ്ഞത്, അവരുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ കൂടുതൽ പേരും മലയാളി യുവാക്കളാണ് എന്നാണ്. ആണും െപണ്ണും വിവാഹിതരും അവിവാഹിതരും ഒ ക്കെ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നു. പങ്കാളികളിലൊരാള്‍ ഈ കുടുക്കില്‍ െപട്ടാല്‍ അവിടെ ദാമ്പത്യ ലൈംഗികത പരാജയമായിരിക്കും.

ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാന്നിധ്യം ശാസ്ത്രീയമായും അല്ലാതെയുമുള്ള ലൈംഗിക അവബോധത്തിനും വിജ്ഞാനത്തിനും സഹായകമാകുന്നുണ്ടോ? അതോ വിപരീതഫലമാണോ ഉണ്ടാക്കുന്നത്?

ഇന്ന് കൊച്ചുകുട്ടികൾക്കു പോലും ലൈംഗികകാര്യങ്ങൾ അറിയാം. അത് അധ്യാപകരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ചോദിച്ച് അറിയുന്നതല്ല. പകരം ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും സമപ്രായക്കാരിൽ നിന്നും മറ്റും കിട്ടുന്നതാണ്. അതിനർഥം കുട്ടികളെപ്പോലും സ്വാധീനിക്കാൻ ഇത്തരം മാധ്യമങ്ങൾക്കു കഴിയുന്നു എന്നതാണ്.

ഇത്തരം അറിവുകൾ കുട്ടികളിലും മുതിർന്നവരിലും പോസിറ്റീവായും നെഗറ്റീവായും പ്രവർത്തിക്കുന്നുണ്ട്. സാഹചര്യങ്ങളും ഇവിെട നിര്‍ണായകമാണ്.

നല്ലരീതിയിൽ വെള്ളവും വളവും കിട്ടുന്ന ചെടികൾ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതുപോലെ ആരോഗ്യപരമായ ചുറ്റുപാടിൽ ജീവിക്കുന്നവർ ഈ അറിവിനെ പോസിറ്റീവായി സ്വീകരിക്കുന്നു. അല്ലാതുള്ളവർക്ക് ഇത് നാശത്തിനുള്ള വഴിയൊരുക്കുന്നു.

മറ്റൊരു കാര്യം പറയാം. ഒരു മാസിക ലൈംഗികസംബ ന്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ആ വിഷയവുമായി ബന്ധമുള്ള ഒരാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ്. ഡോക്ടറോ ശാസ്ത്രജ്ഞനോ ഒക്കെയാകാം ആ ബന്ധപ്പെട്ട വ്യക്തി. അവിടെയൊരു എഡിറ്ററുടെ സാന്നിധ്യമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയോ? അവിടെ അങ്ങനെ യാതൊന്നുമില്ല. ആർക്കും എന്തും പറയാം. അതു മിക്കവാറും അശാസ്ത്രീയവും അബദ്ധവുമായിരിക്കും.

ഈ അടുത്തകാലത്തു കണ്ട ഒരു പരസ്യം ഏതോ യൂറോപ്യൻ രാജ്യത്ത് പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. അവിടെ സ്ത്രീകൾ വല്ലാത്ത ലൈംഗികദാരിദ്ര്യം അ നുഭവിക്കുന്നു. താൽപര്യമുള്ള പുരുഷന്മാർക്ക് അങ്ങോട്ടു പോകാം എത്ര വേണമെങ്കിലും കല്യാണം കഴിക്കാം എ ന്നൊക്കെയാണ്.

പല ലൈംഗിക രോഗങ്ങൾക്കും ഒറ്റമൂലികൾ നിർദേശിക്കുന്നവരുമുണ്ട്. േഡറ്റിങ് ആപ്പുകളും ചാറ്റിങ് ആപ്പുകളുമുണ്ട്. ഇതിനെയാണ് മഹാഭൂരിപക്ഷവും സ്വീകരിക്കുന്നത്. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പലരും അനുകരിക്കുകയും അബദ്ധങ്ങളിൽ വീഴുകയും ചെയ്യുന്നു.

വിവാഹത്തിനു മുൻപുള്ളതും വിവാഹേതരവുമായ ധാരാളം ലൈംഗിക ബന്ധങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നില്ലേ... ?

അതേ. ഇപ്പോഴതു കൂടുതലാണ്. ഒരു പങ്കാളിയിൽ പലരും ലൈംഗിക തൃപ്തി കണ്ടെത്തുന്നില്ല. കാമുകൻ, കാമുകി, രണ്ടാം ഭാര്യ, ഭർത്താവ്... അങ്ങനെ ഒന്നിലധികം പങ്കാളികൾ ലൈംഗികജീവിതത്തിലേക്കു കടന്നുവരുന്നു. മലയാളി സമൂഹവും ഇതിൽ നിന്നു വ്യത്യസ്തമല്ല.

പരസ്ത്രീ– പരപുരുഷബന്ധങ്ങൾ മുൻപും നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്തരം ബ ന്ധങ്ങൾക്ക് മുൻപെങ്ങുമില്ലാത്ത സ്വീകാര്യത കൈവന്നിരിക്കുന്നു. ‘ഇതും ഇതിനപ്പുറവും ലോകത്ത് നടക്കുന്നുണ്ട്.’ എന്നൊരു മനോഭാവമാണ് ഇതിനു കാരണം.

സുഖവും ലഹരിയും ജീവജാലങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നവയാണ്. സാഹചര്യങ്ങൾ അനുകൂലമാകുമ്പോ ൾ ഇതു രണ്ടും അന്വേഷിച്ചു പോകാനുള്ള പ്രവണതയും ഉണ്ടാകും. സമൂഹത്തിൽ ഒരു വിഭാഗത്തിന് ഉണ്ടാകുന്ന സാമ്പത്തികാഭിവൃദ്ധി ഇത്തരം സുഖാന്വേഷണത്തിലേക്കു നയിക്കുന്നു.

സോഷ്യൽ മീഡിയയാണ് പരബന്ധങ്ങൾക്കു മറ്റൊരു കാരണം. ഉദാഹരണത്തിന് സ്കൂൾ, കോളജ് കാലത്തുള്ള ചില സൗഹൃദകൂട്ടായ്മകൾ പോലും പരബന്ധങ്ങൾക്കു കാരണമാകുന്നതും അതുമൂലമുണ്ടാകുന്ന ദാമ്പത്യപ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തുന്നതും വർധിക്കുന്നതായി കേരളപൊലീസ് തന്നെ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. മാത്രമല്ല, വിവാഹമോചനത്തിനുവേണ്ടി കുടുംബകോടതിയിൽ എത്തുന്ന കേസുകളിൽ പരബന്ധം പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

പോണ്‍ വിഡിയോകള്‍ക്കു പലരും അടിമകളാണ്. സ്ക്രീനിൽ കാണുന്ന സെക്സും സ്വന്തം കിടപ്പറയിലെ സെക്സും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതുകൊണ്ടാണോ പലരും ലൈംഗികകാര്യങ്ങളിൽ അസംതൃപ്തരാകുന്നത്?

സ്ക്രീനിലെ ലൈംഗികതയും സ്വന്തം കിടപ്പുമുറിയിലെ ലൈംഗികതയും തമ്മിലുള്ള വ്യത്യാസം പലർക്കും മനസ്സിലാകാത്തത് പ്രധാനപ്പെട്ട പ്രശ്നമാണ്.

അശ്ലീല വിഡിയോകൾ കാണുന്നവര്‍ ഈ വിഡിയോയിൽ കാണുന്ന അഭിനേതാക്കളുമായി അവരുടെ പങ്കാളിയെ താരതമ്യം ചെയ്യുന്നു. ഇതിന്റെ അനന്തരഫലം വളരെ ഗുരുതരമായിരിക്കും. അത്തരം വിഡിയോകളിൽ അവർ അഭിനയിക്കുകയാണ് ജീവിക്കുകയല്ല. അത് താരതമ്യം ചെയ്യുന്നതുതന്നെ അസംബന്ധമാണ്.

സിനിമയിലെ നായകൻ നാലു പേരെ ഇടിച്ചുവീഴ്ത്തുന്നു. നിങ്ങൾക്ക് അതുപോലെ നാലുപേരെ ഒറ്റയ്ക്ക് ഇടിച്ചുവീഴ്ത്താൻ കഴിയുമോ? ഇതുപോലെയാണു ലൈംഗികവിഡിയോകളുെട കാര്യവും.

‘റീൽലൈഫ്’, ‘റിയൽലൈഫ്’ എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ ആളുകൾക്ക് കഴിയണം ആളുകൾ യഥാർഥമല്ലാത്ത പ്രതീക്ഷകൾ പുലർത്തുന്നുവെങ്കിൽ, അവരുടെ ജീവിതപങ്കാളികളുമായുള്ള ലൈംഗിക ബന്ധത്തിൽ സുഖം തോന്നില്ല. ലൈംഗിക ആരോഗ്യ വിദ്യാഭ്യാസം കൃത്യമായി ലഭിക്കാത്തതിെന്‍റ ദൂഷ്യഫലം കൂടിയാണിത്.