Wednesday 09 October 2019 03:55 PM IST : By Muralee Thummarukudy

‘കുട്ടികൾ ഉണ്ടാകുന്നതെങ്ങനെ’ എന്ന് പറഞ്ഞു കൊടുക്കുന്നതല്ല ലൈംഗിക വിദ്യാഭ്യാസം; മുരളി തുമ്മാരുകുടി എഴുതുന്നു

സൈബര്‍ യുഗത്തില്‍ ജീവിക്കുന്ന ഇന്നത്തെ മലയാളികൾ ലൈംഗികതയെക്കുറിച്ച് എന്തെല്ലാം കൂടുതലായി അറിയണം? 

പന്ത്രണ്ടു വയസ്സ് മുതൽ കേട്ടുതുടങ്ങിയതാണ് ‘കാമസൂത്ര’ എന്ന െെലംഗികശാസ്ത്ര ഗ്രന്ഥത്തെപ്പറ്റി. ആധികാരികമാണ്, അതിപുരാതനമാണ്, കാമകലയെക്കുറിച്ചുള്ള അവസാനവാക്കാണ്, വാത്സ്യായനന്‍ എന്ന മുനി എഴുതിയതാണ് എന്നൊക്കെയാണു പറഞ്ഞും വായിച്ചും അറിഞ്ഞത്. കാമസൂത്രത്തിൽ ഉള്ളത് എന്ന പേരിൽ കുറച്ചു ചിത്രങ്ങൾ കൂടി കണ്ടതോടെ ഇതൊന്നു വായിച്ചിട്ടു തന്നെ കാര്യം എന്ന് ഉറപ്പിച്ചു. അക്കാലത്ത് പല ലൈബ്രറികളിലും പുസ്തകശാലകളിലും അന്വേഷിച്ചെങ്കിലും സാധനം കിട്ടിയില്ല. കേരളത്തിൽ ജീവിച്ചിടത്തോളം കാലം അത് വായിച്ചില്ല എന്നതു പോട്ടെ, കാണാൻ പോലും പറ്റിയില്ല.

ഇരുപത്തിരണ്ടാം വയസ്സിൽ ഐഐടിയിൽ പഠിക്കുമ്പോഴാണ് യാദൃച്ഛികമായി അവിടത്തെ ലൈബ്രറിയിൽ കാമസൂത്ര കണ്ടെത്തിയത്. പിറ്റേന്നു പരീക്ഷയുണ്ടായിട്ടും രാത്രി തന്നെ കുത്തിയിരുന്ന് വായിക്കാൻ തുടങ്ങി. എത്ര നിരാശാജനകമായിരുന്നു ആ അനുഭവമെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല. അറുബോറൻ ഭാഷ, എവിടെയും മുഴച്ചു നിൽക്കുന്ന അശാസ്ത്രീയത, അപ്രായോഗികമായ ലൈംഗിക പാഠങ്ങൾ. സാധാരണ പുസ്തകം ആയിരുന്നെങ്കിൽ ഞാൻ പത്താം പേജിനപ്പുറത്തേക്കു പോകില്ലായിരുന്നു.

കാമസൂത്രത്തിലെ വിവരണം ശരിയാണെങ്കിൽ, അതെഴുതിയ കാലഘട്ടത്തിൽ അധികാരമുള്ളവർ, പരമാവധി സ്ത്രീകളെ വശീകരിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നതു സമൂഹം അംഗീകരിച്ചിരുന്നു. അതുപോലെതന്നെ പണവും അധികാരവുമുള്ളവരിൽ നിന്നു ലൈംഗികത ഉപയോഗിച്ച് പരമാവധി പണം സംഘടിപ്പിക്കുന്നത് ഒരു തൊഴിലായും അംഗീകരിക്കപ്പെട്ടിരുന്നു. ഈ രണ്ടു കൂട്ടർക്കും അവരുടെ അവസരങ്ങൾ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്നതിനുള്ള ‘സൂത്രങ്ങൾ’ ആണ് കാമസൂത്രത്തിൽ അധികവും പറഞ്ഞിരിക്കുന്നത്. അന്നത്തെ കാലത്തു ജീവിച്ചിരുന്ന ഒരു ശരാശരി മനുഷ്യന് (സ്ത്രീക്കോ പുരുഷനോ) അവരുടെ ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള മാർഗങ്ങൾ ആ പുസ്തകത്തിൽ അധികമില്ല.

ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഒട്ടേറെ പോസുകൾ ഉണ്ടെന്നതൊക്കെയാണു പ്രധാന കാര്യമായി േകട്ടിരുന്നത്. ജിംനാസ്റ്റിക്സിൽ മെഡൽ നേടാത്തവർക്കു പറ്റിയതൊന്നും വിശേഷമായി അവിടെ ഞാൻ കണ്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍, കാമസൂത്രം വായിച്ച്, പവനായി ശവമായി!

പക്ഷേ, ഒരു കാര്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആയിരമോ രണ്ടായിരമോ വർഷം മുൻപ് സെക്സിനെ ആധാരമാക്കി ഒരാൾ ഒരു പുസ്തകം എഴുതി എന്നതും, അയാളെ ഒരു സദാചാരവാദിയും ഉപദ്രവിച്ചില്ല എന്നതും ആ പുസ്തകം ആരും കത്തിച്ചു കളയാതെ തലമുറകൾ കൈമാറി നമ്മുടെ അടുത്തെത്തി എന്നതും അഭിമാനിക്കാവുന്ന കാര്യമാണ്. ഇക്കാലത്ത് അത്തരത്തിൽ ഒരു ഗ്രന്ഥം എഴുതിയാൽ സമൂഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്നൊക്കെ അന്ന് ഞാൻ ചിന്തിച്ചു.

ശരാശരി മലയാളിയെപ്പോലെ തന്നെയായിരുന്നു എന്റെയും ലൈംഗികവിദ്യാഭ്യാസം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വായിച്ച ഒരു നാടകത്തിൽ ‘അഭിസാരിക’ എന്ന വാക്കുണ്ടായിരുന്നു. എനിക്കതിന്റെ അർഥം മനസ്സിലായില്ല. ആ വാക്കിലാണ് നാടകത്തിന്റെ രസച്ചരട് കെട്ടിയിരിക്കുന്നത്. ഞാൻ വീട്ടിലൊരു ചേച്ചിയോട് സംശയം ചോദിച്ചു. ചേച്ചി അടുത്ത ചേച്ചിയുടെ അടുത്തേക്കയച്ചു. ആ ചേച്ചി വയലന്റായി, പുസ്തകം കസ്റ്റഡിയിലായി, ലൈബ്രറിയിൽ പോക്കു തന്നെ നിരോധിക്കുമെന്നായി. ഒടുവില്‍ അച്ഛൻ ഇടപെട്ടാണ് ‘അഭിസാരിക’യിൽ നിന്ന് എന്നെ രക്ഷിച്ചത്. അന്ന് തീർന്നതാണ് കുടുംബത്തിൽ നിന്നുള്ള ലൈംഗിക വിദ്യാഭ്യാസം.

സ്‌കൂളിലെ ലൈംഗികവിദ്യാഭ്യാസം ബയോളജി പഠിപ്പിച്ച ശോശാമ്മ ടീച്ചറിന്റെ വകയായിരുന്നു. ഹൃദയവും ആമാശയവും കടന്ന് വിഷയം പ്രത്യുൽപാദന സംവിധാനങ്ങളുടെ ക്ലാസിനെത്തിയതോെട ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണു ക്ലാസിലിരുന്നത്. എന്നിട്ടെന്തായി? അതിവേഗത്തിൽ ശ്വാസം വിടാതെ പാഠഭാഗങ്ങൾ വായിച്ചുതീർത്ത് ടീച്ചർ സ്ഥലംവിട്ടു. ഗർഭം മുതൽ ആർത്തവം വരെയുള്ള വിഷയങ്ങളിൽ ഒരു കുന്തവും പിടികിട്ടാതെ മുഖത്തോടു മുഖം നോക്കി ഞങ്ങള്‍ കുട്ടികളും. സെക്സിനെക്കുറിച്ച് മനസ്സിലാക്കാത്തതായിരുന്നില്ല അന്നത്തെ പ്രശ്നം, പരീക്ഷയ്ക്ക് എങ്ങനെ ഈ പാഠഭാഗങ്ങളുടെ ഉത്തരമെഴുതും എന്നതായിരുന്നു.

സെക്സിനെപ്പറ്റി അറിവു  ലഭിക്കാനുള്ള അവസരം ഇന്നിപ്പോൾ പഴയതു പോലെയല്ല. കാമസൂത്രം വായിക്കാൻ ഐഐടിയിൽ പോകേണ്ട കാര്യമില്ല. ഇക്കിളി െപടുത്തുന്ന െെലംഗിക വര്‍ണനകളുള്ള പുസ്തകങ്ങൾ ആളുകൾ വാങ്ങാറു തന്നെയില്ല. ഓരോ സ്മാർട്ട് ഫോണും ലൈംഗിക വിജ്ഞാനത്തിന്റെ അക്ഷയ ഖനികളാണ്.

എന്നിട്ടും ലൈംഗിക വിഷയങ്ങളിൽ മലയാളികൾക്കു പൊതുവെയുള്ള അജ്ഞത എന്നെ അദ്ഭുതപ്പെടുത്തുന്നു. ലോകത്തെവിടെ പോകുമ്പോഴും ഈ വിഷയം ഞാൻ ചർച്ചയാക്കാറുണ്ട്.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ച് പറയുമ്പോഴൊക്കെ സുഹൃത്തുക്കൾ എന്നോടു പറയുന്ന ഒരു കാര്യമുണ്ട്. ‘ശരിയാണ്, നമ്മുടെ കുട്ടികൾക്ക് ഇതൊക്കെ ശരിയായി പറഞ്ഞുകൊടുക്കണം.’

അതല്ല ശരി. നമ്മുടെ കുട്ടികൾക്ക് ‘കുട്ടികൾ ഉണ്ടാകുന്നതെങ്ങനെ’ എന്ന് പറഞ്ഞു കൊടുക്കുന്നതല്ല ലൈംഗിക വിദ്യാഭ്യാസം. ശോശാമ്മ ടീച്ചറിന്റെ ക്ലാസിൽ പോയിട്ടല്ല, വയനാട്ടിലെ കടുവകൾ പെറ്റുപെരുകുന്നത്. ലൈംഗിക വിദ്യാഭ്യാസം കൊടുത്താലും ഇല്ലെങ്കിലും അതൊക്കെ സംഭവിക്കും. ലൈംഗിക വിദ്യാഭ്യാസത്തെ പ്രത്യുൽപാദന ശാസ്ത്രത്തിലേക്കു മാത്രമായി ഒതുക്കുന്നത്, പാചകശാസ്ത്രത്തെ കഞ്ഞി വയ്ക്കുന്നതിലേക്കു ചുരുക്കുന്നതു പോലെയാണ്.

വിവാഹം കഴിഞ്ഞാൽ ലൈംഗിക കാര്യത്തിൽ സർവജ്ഞപീഠം കയറി എന്ന മട്ടിലാണ് സുഹൃത്തുക്കൾ പെരുമാറുന്നത്. ഡ്രൈവിങ് ലൈസൻസ് കിട്ടി വീട്ടിലേക്കു വണ്ടി ഓടിച്ചു വന്നാൽ താൻ ഒരു ഡ്രൈവിങ് വിദഗ്ധനായി എന്നു കരുതുന്നതു പോലെയേ ഉള്ളൂ ഇത്. നമ്മൾ അറിയാത്ത വഴികൾ എത്രയോ കിടക്കുന്നു, വാഹനത്തെ പറ്റി പോലും നാം അറിഞ്ഞു തുടങ്ങുന്നതേ ഉള്ളൂ.

ലൈംഗികവിജ്ഞാനത്തിന്റെ കാര്യത്തിൽ എനിക്ക് എല്ലാം അറിയാമെന്നോ നിങ്ങളെക്കാൾ കൂടുതൽ അറിയാമെന്നോ ഉള്ള ധാരണയിലല്ല ഇതെഴുതുന്നത്. എല്ലാ വിഷയങ്ങളിലും അറിവുകൾ സമ്പാദിക്കാൻ പഞ്ചേന്ദ്രിയങ്ങളും തുറന്നിരിക്കുന്ന വിദ്യാർഥിയാണ് ഞാൻ. അൻപത്തഞ്ചു വർഷത്തെ ജീവിതം, സ്ഥിരമായ വായന, അഞ്ച് വൻകരകളിലും നൂറു രാജ്യങ്ങളിലുമായി നടത്തിയ യാത്രകൾ, ഒട്ടേറെ ആളുകളുമായുള്ള സമ്പർക്കം, ഓരോ സ്ഥലത്തും അവിടത്തെ കാഴ്ചകൾ അനുഭവിക്കുന്നതുപോലെ, സംസ്‌കാരം അറിയാൻ ശ്രമിക്കുന്നതു പോലെ, ഭക്ഷണശീലങ്ങള്‍ പരിചയപ്പെടുന്നതു പോലെ, ലൈംഗികതയെയും തികച്ചും തുറന്ന മനസ്സോടെ സമീപിച്ചതിൽ നിന്ന് ആർജിച്ചെടുത്ത അറിവുകള്‍... അതാണ് എന്റെ മൂലധനം.

കാമസൂത്ര വായിച്ച് നിരാശനായ കാലത്ത് ഒരു തീരുമാനമെടുത്തിരുന്നു. ഏതെങ്കിലും കാലത്ത് ഈ വിഷയത്തിൽ എനിക്ക് അറിവുണ്ടായാൽ അതിനെക്കുറിച്ച് എഴുതുമെന്ന്. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ ‘ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാമസൂത്രങ്ങൾ’ എഴുതുന്നത്.

പതിവ് സെക്സ് എജ്യുക്കേഷൻ സീരീസ് അല്ല ഇത്. കുട്ടികൾ ഉണ്ടാകാനുള്ള പരിശീലനമോ, ഉണ്ടാകാതിരിക്കാനുള്ള പൊടിക്കൈകളോ അല്ല. ലോകത്തെവിടെയും സഞ്ചരിച്ച്, അവിടത്തെ ആളുകൾ ലൈംഗികതയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലാക്കിയ പശ്ചാത്തലത്തിൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരു മലയാളി ലൈംഗികതയെക്കുറിച്ച് അറിഞ്ഞിരിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളടങ്ങിയ കുറിപ്പുകളാണ് ഇത്.

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

ആ തത്വശാസ്ത്രം

എൻജിനീയറിങ് പഠനകാലത്ത് ബിനോയിയെ പരിചയപ്പെട്ടതാണ് എന്റെ ലൈംഗിക വിദ്യാഭ്യാസത്തിലെ നിർണായക വഴിത്തിരിവ്. ഈ വിഷയം ഞാൻ ഏറ്റവും തുറന്നു സംസാരിച്ചിട്ടുള്ളത് ബിനോയിയോടാണ്. സ്വയംഭോഗം തൊട്ട് ഡിൽഡോ വരെ ഞങ്ങളുടെ ചിന്തയിലും അറിവിലും വന്ന കാര്യങ്ങളെല്ലാം പരസ്പരം പങ്കുവച്ചു. അതിനു മുൻപും ശേഷവും ഇത്രയും തുറന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിട്ടില്ല.

എൻജിനീയറിങ് കഴിഞ്ഞ് ഐഐടിയിൽ എത്തിയതോടെ ഈ സുഹൃദ്ബന്ധം കുറഞ്ഞെങ്കിലും സെക്സിനെക്കുറിച്ചു വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കൂടി. ബിനോയിയുമായുള്ള പരിചയത്തിൽ നിന്നുണ്ടായ ഒരു തത്വം മാത്രം ഞാൻ അന്നുമിന്നും കൂടെ കൊണ്ടുനടക്കുന്നു. ഇതാണ് ആ തത്വശാസ്ത്രം. ‘സെക്സ് എന്നാൽ പവിത്രമോ പാപമോ അല്ല, മറയ്‌ക്കേണ്ടതോ നാണിക്കേണ്ടതോ അല്ല, അറിയേണ്ടതും പരീക്ഷിക്കേണ്ടതും പങ്കുവയ്ക്കേണ്ടതുമാണ്.’

Tags:
  • Vanitha Sex