പോഷകഗുണങ്ങളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന ഒന്നാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് കുടവയർ കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.
വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്. ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതിന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്.
രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും. ഗർഭമലസലിനു കാരണമാകാമെന്നതിനാൽ ഗർഭിണികള്‍ വൈദ്യനിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ ഉപയോഗിക്കാവൂ...
∙ ദഹനത്തിനു സഹായകം
ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിൾ ദഹനപ്രശ്നങ്ങൾ അകറ്റും.
∙ കാൻസർ സാധ്യത കുറയ്ക്കുന്നു
ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അര്‍ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്.
∙ ഇൻഫ്ലമേഷൻ തടയുന്നു
ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഫലപ്രദമാണ്.
∙ സന്ധിവാതത്തിന്
ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ചികിത്സയ്ക്ക് സഹായകം. അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു.
∙ എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ബ്രോമെലെയ്ൻ സഹായിക്കുന്നു.
∙ രോഗപ്രതിരോധ ശക്തിയേകുന്നു
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്‌ഷനുകൾ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും. ബ്രോമലെയ്ൻ സപ്ലിമെന്റ്, കുട്ടികളിലുണ്ടാകുന്ന സൈനസൈറ്റിസ് വേഗം സുഖമാകാൻ സഹായിക്കും. ആസ്മ ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ തടയാനും ഇതിനു കഴിയും.
∙ വേഗം സുഖമാകാൻ
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ൻ സർജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റൽ സർജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും.
∙ ചർമത്തിന്റെ ആരോഗ്യം
പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.