Tuesday 21 April 2020 04:31 PM IST

ശരീരത്തില്‍ പൊട്ടാസ്യം കുറയുന്നുണ്ടോ? ലക്ഷണങ്ങളും കഴിക്കേണ്ട ആഹാരങ്ങളും അറിയാം!

V N Rakhi

Sub Editor

tired-woman-sitting-in-bed

പേശികളുടെ ചലനത്തിലും ഞരമ്പുകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ശരീരത്തിലെ ജലാംശത്തിന്റെ തുലനാവസ്ഥയ്ക്കും പൊട്ടാസ്യം നമ്മുടെ ശരീരത്തിലുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഒരു ലീറ്റര്‍ രക്തത്തില്‍ 3.5 മുതല്‍ 5 മിലീ വരെയാണ് സാധാരണയായി പൊട്ടാസ്യത്തിന്റെ അളവ്. ഹൃദ്രോഗികളിലും ഏറെനാള്‍ ഭക്ഷണമൊന്നും കഴിക്കാതെയിരുന്നാലുമൊക്കെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം. പൊട്ടാസ്യം കൂടിയാല്‍ ഹൈപ്പര്‍ കാലീമിയ എന്നും കുറഞ്ഞാല്‍ ഹൈപോ കാലീമിയ എന്നും പറയും. ഹൃദ്രോഗികള്‍ കഴിക്കുന്ന മരുന്നിലെ ചില ഘടകങ്ങള്‍ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടും. രോഗികളില്‍ മൂത്രതടസ്സം മാറാനായി കൊടുക്കുന്ന മരുന്നുകളിലും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായിരിക്കും. 

ശരീരത്തിനാകെയുള്ള തളര്‍ച്ച, അസ്വസ്ഥത, ഓക്കാനം, ഛര്‍ദ്ദി, ഡയേറിയ, മൂത്രതടസ്സം, ക്രമമല്ലാത്ത ഹൃദയമിടിപ്പ് എന്നിവയാണ് പൊട്ടാസ്യം കൂടുന്നതിന്റെ ലക്ഷണങ്ങള്‍. പൊട്ടാസ്യം കുറയുമ്പോള്‍ ബുദ്ധിമുട്ടി ശ്വാസമെടുക്കേണ്ടി വരിക, പേശികളില്‍ കോച്ചിപ്പിടുത്തം, ക്ഷീണം എന്നീ അവസ്ഥകളുണ്ടാകും. ഡയേറിയ ബാധിച്ച് ശരീരത്തില്‍ നിന്ന് ജലാംശം ക്രമാതീതമായി നഷ്ടപ്പെട്ട് പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞാല്‍ ചെറിയ കുട്ടികളില്‍ മരണം പോലും സംഭവിക്കാം. 

എല്ലാ പഴങ്ങളും അണ്ടിപ്പരിപ്പ് പോലുള്ള നട്‌സും പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്‌സും പൊട്ടാസ്യത്തിന്റെ കലവറയാണ്. പഴങ്ങളേക്കാള്‍ പൊട്ടാസ്യം റിച്ച് ആണ് ജ്യൂസുകള്‍. റോബസ്റ്റ പോലുള്ള പഴങ്ങള്‍, മാമ്പഴം, സപ്പോട്ട, മുസംബി, നെല്ലിക്ക, സീതപ്പഴം, നാരങ്ങ തുടങ്ങിയവയിലും പൊട്ടാസ്യം ധാരാളമുണ്ട്. മല്ലി, മുരിങ്ങ തുടങ്ങിയ ഏതുതരം ഇലക്കറികളും, പച്ചപപ്പായ, മധുരക്കിഴങ്ങ്, കപ്പ, ചേന തുടങ്ങിയവയും പൊട്ടാസ്യം കൂടുതലുള്ള പച്ചക്കറികളാണ്. ടിന്‍, കാന്‍, പ്രിസര്‍വ്ഡ് ഫൂഡ് ഇനങ്ങളില്‍ സാധാരണ ഉപ്പായ സോഡിയം ക്ലോറൈഡിനു പകരം പൊട്ടാസ്യം ക്ലോറൈഡ് അഥവാ ഇന്ദുപ്പ് ആയിരിക്കും മിക്കവാറും ചേര്‍ക്കുക. ഹൈപ്പര്‍ കാലീമിയയുള്ളവര്‍ ഇത്തരം ഭക്ഷണം കഴിക്കരുത്. 

ഹൃദ്രോഗികള്‍ പൊട്ടാസ്യം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ആപ്പിള്‍, പേരയ്ക്ക, പപ്പായ, പൈനാപ്പിള്‍, ചാമ്പയ്ക്ക തുടങ്ങിയവ പൊട്ടാസ്യം കുറഞ്ഞ അളവില്‍ മാത്രമടങ്ങിയ ആഹാരമാണ്. 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഗായത്രി സി പി, അസിസ്റ്റന്റ് പ്രഫസര്‍, ഫൂഡ് ആന്‍ഡ് ന്യൂട്രിഷന്‍ വിഭാഗം, എന്‍എസ്എസ് കോളജ് ഫോര്‍ വിമെന്‍, നീറമണ്‍കര, തിരുവനന്തപുരം.

Tags:
  • Health Tips
  • Glam Up