Saturday 11 July 2020 01:42 PM IST : By Muralee Thummarukudy, Neeraja Janaki

‘രോഗാവസ്ഥയില്‍ ലൈംഗികത ഉപേക്ഷിക്കേണ്ടതില്ല... പക്ഷേ, ചില ചിട്ടകള്‍ ഈ സമയത്തു പാലിക്കുന്നത് നല്ലതാണ്’

couple-annoyed-inbed

ഒരു വ്യക്തിയുടെ ലൈംഗികാസ്വാദനത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. അതിൽ ഒന്നാണ് രോഗങ്ങൾ. ലൈംഗികമായി ഏറ്റവും ഊര്‍ജസ്വലമായിരിക്കുന്ന പ്രായത്തിൽ തന്നെ പലർക്കും ഒന്നോ അതിലധികമോ തരം നീണ്ടുനിൽക്കുന്ന രോഗങ്ങൾ (കാൻസർ, പ്രമേഹം) ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു നമ്മുടെ ലൈംഗികജീവിതത്തെ മാറ്റിമറിക്കും. എന്നാൽ ഇത്തരത്തിൽ രോഗമുണ്ടാകുന്നത് ലൈംഗികജീവിതത്തിന്റെ അവസാനമല്ലതാനും. ഓരോ രോഗവും എങ്ങനെയാണ് ലൈംഗിക ജീവിതത്തെ ബാധിക്കുന്നത് എന്നറിഞ്ഞ് വേണ്ടവിധത്തിൽ കൈകാര്യം ചെയ്താൽ മിക്കവാറും സാഹചര്യങ്ങളിൽ സംതൃപ്തമായ ജീവിതം തുടർന്നു പോകാനാവുമെന്ന് േഡാക്ടര്‍മാരും െസക്സോളജിസ്റ്റുകളും ഉറപ്പു പറയുന്നുണ്ട്.

ചില അസുഖങ്ങൾ ലൈംഗികതയെയോ ലൈംഗികശേഷിയെയോ നേരിട്ടു ബാധിക്കില്ല. പക്ഷേ, ഇത്തരം രോഗാവസ്ഥകളുണ്ടാക്കുന്ന പിരിമുറുക്കം ലൈംഗികജീവിതത്തെ ബാധിക്കാം. നേരിട്ട് ലൈംഗികതാൽപര്യങ്ങളെയും ലൈംഗികശേഷിയെയും ബാധിക്കുന്നവയാണ് മറ്റൊന്ന്. അപകടം, കാൻസർ, ഹൃദ്രോഗം, കിഡ്‌നി / ലിവർ രോഗങ്ങൾ, ഡയബറ്റിസ്, ആർത്രൈറ്റിസ് (വാതം), സ്‌ട്രോക്ക്/പരാലിസിസ്, അപകടം മൂലമുള്ള അംഗപരിമിതികൾ / രൂപവ്യത്യാസം, തുടങ്ങിയ രോഗങ്ങളോ അവസ്ഥകളോ ആണ് ആളുകളുടെ ലൈംഗികജീവിതത്തെ നേരിട്ടു ബാധിക്കുന്നത് അഥവാ ബാധിക്കുമെന്ന് ആളുകൾ കരുതുന്നത്. ഏതൊക്കെ തരത്തിലാണ് രോഗങ്ങൾ ലൈംഗികജീവിതത്തെ ബാധിക്കുന്നതെന്നു നോക്കാം.

∙ സ്തനാർബുദം, വൃഷണത്തിലുണ്ടാകുന്ന അർബുദം തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ (അർബുദം കാരണം സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതുകൊണ്ട്, പലരുടെയും ആത്മവിശ്വാസം കുറയുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ, ഇത് നിങ്ങളുടെ ലൈംഗികാസ്വാദനത്തെ കാര്യമായി ബാധിക്കില്ല എന്നതാണ് വാസ്തവം)

∙ രോഗങ്ങളോ അവയുടെ ചികിത്സകളോ കൊണ്ട് ഉണ്ടാകുന്ന ലൈംഗികശേഷിക്കുറവ്. ചിലതരം വാതങ്ങള്‍, അപകടത്തില്‍ സംഭവിക്കാവുന്ന അംഗപരിമിതി തുടങ്ങിയവ സാധാരണഗതിയിൽ ലൈംഗിക ബന്ധത്തെ ബാധിക്കാം.

∙ രോഗവും ചികിത്സയും അതുണ്ടാക്കുന്ന ശാരീരികമാറ്റങ്ങളും ചിലരില്‍ ലൈംഗികതാൽപര്യം കുറയ്ക്കുന്നതായി കണ്ടുവരുന്നു.

∙ രോഗാവസ്ഥയിലും ലൈംഗികതാൽപര്യമുണ്ടാകുന്നു എന്ന കുറ്റബോധമാണ് മറ്റു ചിലരെ അലട്ടുന്നത്.

∙ രോഗമുള്ള അവസ്ഥയിൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കുമോ എന്ന ചിന്ത ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്നു.

∙ രോഗാവസ്ഥയിലും ലൈംഗികതാൽപര്യം ഉള്ളതും അത് നിവർത്തിക്കാൻ അവസരമില്ലാത്തതും മാനസിക സമ്മർദം കൂട്ടുന്നു.

ഈ ലേഖന പരമ്പരയുടെ തുടക്കത്തിൽ പറഞ്ഞതു പോലെ മനുഷ്യന്റെ ഏറ്റവും ശക്തമായതും പ്രധാനമായതുമായ ലൈംഗിക അവയവം നമ്മള്‍ കരുതുന്നതൊന്നുമല്ല. അതു ചെവികൾക്ക് ഇടയിലാണ് (തലച്ചോർ). നിങ്ങൾക്കു ചിന്താശേഷിയുള്ളിടത്തോളം കാലം ലൈംഗികത ആസ്വദിക്കാൻ സാധിക്കും. ഇക്കാര്യം മനസ്സിൽ ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

രോഗമുണ്ടായതു കൊണ്ട് പങ്കാളിക്ക് നിങ്ങളിലുള്ള താൽപര്യം കുറയുന്നില്ല എന്നും മനസ്സിലാക്കുക. പരിചയപ്പെട്ടു തുടങ്ങുന്ന കാലത്താണ് മനുഷ്യൻ പരസ്പരം ശരീരം ശ്രദ്ധിക്കുന്നതും അതില്‍ താൽപര്യം ജനിക്കുന്നതും ഒക്കെ. പങ്കാളികളായിക്കഴിഞ്ഞാൽ, കൂടുതലും മാനസികവും വൈകാരികവു മായ ഇടപഴകലാണ് നടക്കുക. ഇക്കാര്യം മനസ്സിലാക്കിയാൽ നമ്മുടെ ശാരീരിക മാറ്റങ്ങൾ കാരണം അപകർഷതാബോധം ഉണ്ടാകില്ല.

രോഗാവസ്ഥയിലും ലൈംഗികതയെക്കുറിച്ച്‌ പങ്കാളിയുമായി സംസാരിക്കുന്നതും പ്രധാനമാണ്. ഇക്കാര്യത്തിൽ രോഗമില്ലാത്തയാള്‍ക്കാണ് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുക. അവർ മുൻകൈ എടുത്ത് ലൈംഗികകാര്യങ്ങൾ ചർച്ച ചെയ്യണം. എന്നാൽ രോഗമുള്ളയാളെ ഏതെങ്കിലും തരത്തിൽ സമ്മർദത്തിലാക്കുകയുമരുത്.

രോഗമുള്ളപ്പോൾ സെക്സ് എങ്ങനെ വേണമെന്നതിനെക്കുറിച്ച് ഡോക്ടറോടു സംസാരിക്കാൻ മടിക്കേണ്ട. ബൈപാസ് ഓപ്പറേഷൻ കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു ലൈംഗിക ബന്ധത്തിലേർപ്പെടാം, തളർന്നു കിടക്കുന്നവർക്ക് എങ്ങനെയാണ് ലൈംഗികതൃപ്തി വരുത്താൻ കഴിയുന്നത് തുടങ്ങി എന്തും ഡോക്ടറോട് ധൈര്യമായി ചോദിക്കാം. ആവശ്യമെങ്കിൽ ഒരു സെക്സോളജിസ്റ്റിനെ കാണാം. ഉദ്ധാരണ പ്രശ്നങ്ങളുണ്ടെങ്കിൽ ഒരു യൂറോളജിസ്റിനെ കണ്ട് പരിശോധനകൾ നടത്താം.

ഇന്റർനെറ്റ് ഇക്കാര്യത്തിൽ അക്ഷയഖനിയാണ്. ഈ വിഷയത്തിൽ ലഭ്യമായതൊക്കെ സംഘടിപ്പിച്ച് വായിക്കാം.ലൈംഗികതയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പലതും നിങ്ങളുടെ പുതിയ സാഹചര്യം തുറന്നു തരും.

ലൈംഗികശേഷി  മരുന്നുകൾ

ഉദ്ധാരണം കൂടുതൽ നേരം നിലനിൽക്കാനും ലൈംഗികചോദന വർധിപ്പിക്കാനുമെന്ന പേരിൽ പലതരം മരുന്നുകള്‍ വിപണിയിലുണ്ട്. അവയുടെ പരസ്യങ്ങളും ധാരാളം കാണാം. ഇതിൽ വീണുപോകരുത്. ഗുണമേന്മയിലോ ഫലപ്രാപ്തിയിലോ യാതൊരുറപ്പും ഇവയ്ക്കില്ല എന്നറിയുക. നിലവിൽ ഏതെങ്കിലും അസുഖങ്ങളുള്ളവരാണെങ്കിൽ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് രോഗാവസ്ഥ കൂടുതല്‍ മോശമാക്കാനും സാധ്യതയുണ്ട്.

എന്നാൽ ലൈംഗികതാൽപര്യങ്ങൾ വർധിപ്പിക്കാനും ഉത്തേജനമുണ്ടാക്കാനും മരുന്നുകൾ ഇപ്പോൾ ആധുനിക വൈദ്യത്തിൽ ലഭ്യമാണ്. ഇവയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക, ഡോക്ടറുടെ അറിവോടെ അവര്‍ പറയുന്ന അളവുകളില്‍ മാത്രം ഉപയോഗിക്കുക. േഡാക്ടറെ കണ്ടു സംസാരിക്കുമ്പോള്‍ നിങ്ങൾ ഉപയോഗിക്കുന്ന മറ്റു മരുന്നുകളെക്കുറിച്ചു കൂടി പറയുക. കാരണം െെലംഗികതയ്ക്കുള്ള മരുന്നുകള്‍ മറ്റു മരുന്നുകളുമായി പ്രതിപ്രവർത്തിക്കാനുള്ള സാധ്യതയുണ്ട്.

അംഗപരിമിതിയോ മാനസികവളർച്ചാ പ്രശ്നങ്ങളോ ഉള്ളവര്‍ക്കെന്ന പോലെ രോഗങ്ങളുള്ളവർക്കു വേണ്ടിയും ലൈംഗികസേവനങ്ങൾ നൽകുന്ന ലൈംഗിക തൊഴിലാളികൾ വികസിത രാജ്യങ്ങളിലുണ്ട്. നാട്ടിൽ പ്രായമായവരുടെയും രോഗമുള്ളവരുടെയും എണ്ണം കൂടുന്ന കാലത്ത് കപടസദാചാരം മാറ്റിവച്ച് ഇത്തരം കാര്യങ്ങൾ സമൂഹം ചിന്തിച്ചു തുടങ്ങുമെന്ന് ഉറപ്പ്.

െകാേറാണക്കാലത്തെ െസക്സ്

രോഗാവസ്ഥകൾ മാത്രമല്ല, അമിത സമ്മർദവും ജീവിതത്തിൽ ചില സമയങ്ങളിലുണ്ടാകുന്ന സ്ഥിരതയില്ലായ്മയും ലൈംഗിക ജീവിതത്തെ മോശമായി സ്വാധീനിക്കാം. ഇതിൽ എടുത്തു പറയേണ്ട ഒരു സാഹചര്യമാണ്, നിലവിൽ കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായിരിക്കുന്നത്. േരാഗഭീതി ഒരു വശത്ത്. ഒപ്പം ഭാവിയെക്കുറിച്ചും മറ്റും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിലൂടെയാണ് പലരും കടന്നു പോകുന്നത്. പലർക്കും ജോലി നഷ്ടപ്പെട്ടേക്കാം. ഇങ്ങനെ വളരെയധികം ഭയപ്പാടിൽ, നിയന്ത്രണങ്ങളിൽ ജീവിക്കുമ്പോൾ പങ്കാളികൾ തമ്മിലുള്ള ബന്ധത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാം.

ഇത്തരം ഇമോഷനൽ കാലഘട്ടങ്ങളിൽ ആളുകൾ സെക്സിൽ ഒരൽപം താൽപര്യക്കുറവ് കാണിക്കുന്നതായി െപാതുവേ കണ്ടുവരുന്നു. നിങ്ങൾക്കും പങ്കാളിക്കുമിടയിൽ നിലവിലുള്ള ചെറിയ സംഘർഷങ്ങൾപോലും വലുതാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരം സാഹചര്യത്തിൽ എന്തു ചെയ്യണം?

∙ പങ്കാളികൾക്കിടയിൽ കമ്മ്യൂണിക്കേഷൻ കൂട്ടി പ്രശ്നങ്ങൾ തുടക്കത്തിലേ തീർക്കാൻ ശ്രമിക്കണം.

∙ ഒരുമിച്ചുള്ള സമയം കണ്ടെത്തേണ്ടതുപോലെതന്നെ ഇരുവർക്കും സ്വന്തമായി സമയം ചെലവഴിക്കാനും കഴിയണം. ഭാര്യയുടെ/ഭർത്താവിന്റെ/പാർട്നറുടെ പഴ്സനൽ സ്പേസ് നിര്‍ബന്ധമായും മാനിക്കണം.

∙ പങ്കാളിക്ക് രോഗസാധ്യതയുണ്ടെങ്കിൽ തീർച്ചയായും അകലം പാലിക്കണം. ഒപ്പം നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഇമോഷനൽ സപ്പോർട്ട് കൂടുതല്‍ െകാടുക്കുകയും വേണം.

∙ വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണം.

∙ ഏതെങ്കിലും തരത്തിലുള്ള അണുബാധകളുണ്ടെങ്കില്‍ തീർച്ചയായും ഡോക്ടർ നിർദേശിക്കുന്നതുപോലെ പെരുമാറുക.

∙ നിങ്ങൾ മറ്റുള്ളവരുമായി, പ്രത്യേകിച്ച് രോഗസാധ്യതയുള്ളവരുമായി കൂടുതൽ ഇടപഴകിയിട്ടുണ്ട്, മാത്രവുമല്ല നിങ്ങളുടെ പാർട്നർ റിസ്ക് ഗ്രൂപ്പിൽ ഉൾപ്പെടുന്നയാളുമാണെങ്കിൽ (നിലവിൽ രോഗങ്ങളുള്ളവർ, ഇമ്യൂണിറ്റി കുറഞ്ഞവർ, പ്രായകൂടുതലുള്ളവർ) നിശ്ചയമായും അകലം പാലിക്കുക. ഇതൊന്നും നിങ്ങളുടെ ബന്ധത്തിലെ ഊഷ്മളത കുറച്ചു കളയുമെന്നു ചിന്തിക്കേണ്ട.

∙ നേരിട്ടല്ലാതെയും സെക്സ് ആസ്വദിക്കാവുന്ന മാര്‍ഗങ്ങള്‍ (ഉദാഹരണത്തിന് ഫോൺ സെക്സ്) ഇത്തരം അവസരങ്ങളിലെങ്കിലും പങ്കാളികള്‍ക്കു പരീക്ഷിക്കാവുന്നതാണ്. സ്ട്രെസ് കുറയ്ക്കാനും പങ്കാളിയുമായി സന്തോഷം പങ്കിടാനും ഇതുവഴി സാധിക്കും.

∙ ആരോഗ്യപരമായ റിസ്ക്കുകളൊന്നും തന്നെയില്ലാത്ത ദമ്പതികളാണോ നിങ്ങൾ? എങ്കില്‍ ഒന്നേ പറയാനുള്ളൂ. ടെൻഷനടിച്ചിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല. ഈയവസ്ഥ എത്ര കാലം തുടരുമെന്നും അറിയില്ല. ഏതായാലും നമ്മൾ ഒറ്റക്കല്ല. ലോകം മുഴുവൻ ഒരുപോലെ പ്രതിസന്ധിയിലാണ്. എന്നാൽപിന്നെ കണ്ണുമടച്ചു രസകരമായി ഈ സമയം വിനിയോഗിക്കാം.

പങ്കാളിയുമൊത്ത് അധികമായി കിട്ടുന്ന സമയം ലൈംഗികതയിലെ പുതിയ രീതികളെപ്പറ്റി കൂടുതലറിയാൻ ശ്രമിക്കാം. പുതിയ പരീക്ഷണങ്ങളും നോക്കാം.

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

Tags:
  • Health Tips
  • Glam Up