Tuesday 14 May 2024 03:58 PM IST : By സ്വന്തം ലേഖകൻ

‘വെയിൽ തട്ടുന്നിടത്ത് ചൊറിച്ചിലും ചെറിയ കുരുക്കളും’; സൂര്യപ്രകാശം അലർജിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

sun-allergy6778

സാധാരണ വെയിൽ ശരീരം ചുട്ടുപൊള്ളിക്കും, ചിലപ്പോൾ ചർമം ചൊറിഞ്ഞു ചുവക്കും, ചൊറിഞ്ഞു വീർക്കും, ക്ഷീണവും തളർച്ചയുമെല്ലാമുണ്ടാക്കും. അതേസമയം വെയില്‍ അലർജി (സൂര്യപ്രകാശം) രോഗമുള്ളവർ കൂടുതൽ മുൻകരുതലെടുക്കേണ്ട സമയമാണ്.

സൺ അലർജി (സോളാർ അലർജി)

വെയിലിനോടുള്ള അലർജിയുടെ കാഠിന്യം ഓരോരുത്തരുടേയും ചർമത്തിന്റെ  പ്രത്യേകത അനുസരിച്ച് വ്യത്യസ്തമായിരിക്കും. സൺ അലർജി ഉള്ളവർക്ക് അവരുടെ ശരീരത്തിൽ സൂര്യകിരണങ്ങളെത്തുമ്പോൾ അതിന്റെ ഭാഗമായി ചൊറിച്ചിൽ, ചെറിയ കുരുക്കളുണ്ടാകുക, ശരീരത്തിനുണ്ടാകുന്ന നിറവ്യത്യാസം തുടങ്ങിയവ അനുഭവപ്പെടാം. ഈ അലർജി വെയിൽ തട്ടുന്നിടത്ത് തന്നെ വരണമെന്നില്ല. വെയിൽ കൊള്ളുമ്പോൾ ശരീരത്തിന്റെ ഏതു ഭാഗത്തും ഇതു മൂലം പ്രശ്നങ്ങളുണ്ടായേക്കാം. ഇതിന് കടുത്ത ചൂട് വേണമെന്നില്ല. ഇളം വെയിൽപോലും ഇത്തരക്കാർക്ക് പ്രശ്നമുണ്ടാക്കിയേക്കാം. 

അതായത് പകൽ 10 മുതൽ 4 വരെയുള്ള ഏതു സമയത്തും ഇതു മൂലമുള്ള പ്രശ്നങ്ങളുണ്ടായേക്കാം. ചില മരുന്നുകളുടെ ഉപയോഗം  ചർമത്തിലുണ്ടാക്കുന്ന വ്യത്യാസം പലപ്പോഴും സൺ അലർജിക്ക് കാരണമാകാറുണ്ട്. മറ്റു അലർജികളുള്ളവരും ശ്രദ്ധിക്കുന്നത് നല്ലതാണ്. സാധാരണ ഗതിയിൽ ഇതൊന്നുമില്ലാത്തവരിലും ഈ അലർജി കണ്ടുവരാറുണ്ട്. അലർജി നമുക്ക് പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കില്ല. പക്ഷേ അതു മൂലമുള്ള കൂടുതൽ പ്രശ്നങ്ങൾ  ഒഴിവാക്കുന്നവിധം അലർജി നിയന്ത്രിക്കാൻ ചികിത്സ കൊണ്ട് സാധിക്കും.

അലർജിയുള്ളവർക്ക് വേണം കരുതൽ 

∙ സൂര്യന്റെ ചൂടേറി വരുന്ന സാഹചര്യത്തിൽ ഇത്തരം അലർജിയുള്ളവർ മുൻകരുതലെടുക്കാൻ ശ്രദ്ധിക്കണം. 10 മുതൽ 4 വരെയുള്ള സമയത്തെ വെയിൽ ശരീരത്തിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം

∙ നിർജലീകരണത്തിനും തളർച്ച, ക്ഷീണം എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ വെള്ളം നന്നായി കുടിക്കണം

∙ തണുത്ത വെള്ളത്തിൽ കുളിക്കുക

∙ കുളിക്കുമ്പോൾ സാധാരണ സോപ്പുകൾ ഉപയോഗിച്ചാൽ ചർമം കൂടുതൽ വരളാൻ സാധ്യതയുണ്ട്. വരണ്ട ചർമമുള്ളവർക്ക് അലർജി മൂലമുള്ള പ്രശ്നങ്ങൾ കൂടുതലുണ്ടാകും. അതിനാൽ മോയ്സ്ചറൈസിങ് കണ്ടന്റ്  കൂടുതലുള്ള സോപ്പുകൾ ഉപയോഗിച്ച് കുളിക്കുക

∙ കുളി കഴിഞ്ഞ ഉടൻ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ശീലമാക്കുക. ടാൽക്കം പൗഡറിന്റെ ഉപയോഗം ഒഴിവാക്കുക

∙ കഠിനമായ അലർജിയുള്ളവരും ജോലിക്ക് പോകുന്നതു മൂലവും മറ്റും വെയിൽ സാന്നിധ്യം ഒഴിവാക്കാൻ സാധിക്കാത്തവരാണെങ്കിൽ ഒരു വിദഗ്ധന്റെ നിർദേശപ്രകാരമള്ള മരുന്നുകൾ കഴിക്കുക

∙ ജലാംശം കൂടുതലുള്ള പഴങ്ങൾ കഴിക്കുക. പച്ചക്കറികളും ശീലമാക്കുക

∙ അലർജിയുള്ള ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക. ഓരോ മനുഷ്യരിലും ഭക്ഷ്യവസ്തുക്കളോട് അലർജി വ്യത്യസ്തമായിരിക്കും. അതു തിരിച്ചറിഞ്ഞ് ഒഴിവാക്കുക

∙ പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ലോഷനുകൾ  ഉപയോഗിക്കാം

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ 

ഒരു പരിധിവരെ സൺ അലർജി മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നു ചർമത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ലോഷനുകൾക്ക് സാധിക്കും. സൺ അലർജിയുള്ളവർ സൺപ്രൊട്ടക്‌ഷൻ ഫാക്ടർ ( എസ്പിഎഫ്)30 മുകളിലുള്ളതെങ്കിലും  ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സൺസ്ക്രീനുകളിൽ യുവിഎ കിരണങ്ങളെ തടയുന്നതും യുവിബി കിരണങ്ങളെ തടയുന്നവയുമുണ്ട്. 

രണ്ടു കിരണങ്ങളിൽ നിന്നും ചർമത്തെ സംരക്ഷിക്കും വിധമുള്ള സൺസ്ക്രീനുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. നാലോ അഞ്ചോ മണിക്കൂറേ സൺസ്ക്രീൻ നമ്മുടെ ചർമത്തെ സംരക്ഷിക്കൂ. അതു കഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചർമത്തിനനുസരിച്ചുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ചർമവിദഗ്ധന്റെ സഹായം തേടുന്നതാണ് നല്ലത്.

‌കടപ്പാട്: ഡോ. ബിജോയ്, ജൂനിയർ കൺസൽറ്റന്റ് പീഡിയാട്രിക്സ്, ശാസ്താംകോട്ട താലൂക്ക് ആശുപത്രി

Tags:
  • Health Tips
  • Glam Up