Thursday 23 November 2023 03:00 PM IST : By സ്വന്തം ലേഖകൻ

നീര് ഒരു രോഗമല്ല, രോഗത്തിന്റെ ലക്ഷണം മാത്രം; കാലിൽ നീര് വരുന്നതിനു പുറകിലെ കാരണം അറിയാം

swell0987

കാലിൽ നീരു വന്നാലുടൻ ചൂടു വയ്ക്കുകയോ ഐസ് വയ്ക്കുകയോ ചെയ്യുന്നതാണ് പലരുടേയും രീതി. എന്നാൽ എന്തുകൊണ്ടാണ് നീരു വന്നത് എന്നറിയാതെ ചൂടു വയ്ക്കേണ്ടിടത്തു തണുപ്പും തിരിച്ചും ചെയ്താൽ അതുമതി പ്രശ്നം ഗുരുതരമാകാൻ. 

നീര് ഒരു രോഗമല്ല. രോഗത്തിന്റെ ലക്ഷണം മാത്രമാണ്. വീഴ്ചയിൽ സംഭവിക്കുന്ന ലിഗമെന്റ് ടിയർ, എല്ലിനുണ്ടാകുന്ന പൊട്ടൽ എന്നിവയൊക്കെ നീരു വരാൻ കാരണമാകാം. ഹൃദയം, കരൾ, വൃക്കകൾ തുടങ്ങി പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം കൃത്യമല്ലെങ്കിലും നീരു വരും. 

ഒരു കാലിൽ മാത്രം നീരു വരുന്നതിലും കൂടുതൽ ശ്രദ്ധവേണം രണ്ടു കാലുകൾക്കും നീരു വന്നാൽ. ഹൃദയത്തിനു തകരാറുണ്ടെങ്കിൽ വ്യായാമം ചെയ്യുമ്പോഴും നടക്കുമ്പോഴും കാലിൽ നീരു വരാനുള്ള സാധ്യതയുണ്ട്. തുടർച്ചയായി നീരു വരുന്നെങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്. 

രക്തസമ്മർദം പോലുള്ള രോഗങ്ങൾക്കു മരുന്ന് കഴിക്കുന്നവരിൽ പാർശ്വഫലമായി കാലിൽ നീരു വരാം. അങ്ങനെയുള്ളപ്പോൾ ഡോക്ടറോട് പറഞ്ഞ് ആ മരുന്ന് മാറി മറ്റൊന്ന് പകരം വാങ്ങാം. നീരുള്ളപ്പോൾ കസേരയിൽ കാൽ തൂക്കിയിട്ടിരിക്കാതെ കഴിവതും ചമ്രം പടിഞ്ഞിരിക്കുകയോ മുന്നിൽ ചെറിയ സ്റ്റൂളിട്ട് അതിനു മുകളിൽ കാലുയർത്തി വയ്ക്കുകയോ ചെയ്യുക. 

Tags:
  • Health Tips
  • Glam Up