കർക്കടകമാസത്തിൽ മാത്രം ഉപയോഗിക്കേണ്ടതാണോ ഇലക്കറികൾ? ആർക്കും സംശയം തോന്നാം. പക്ഷേ, ഇലകളുടെ പോഷകാംശം ഏറ്റവും കൂടുതൽ ഉള്ളത് മഴക്കാലത്തായതുകൊണ്ടാണ് മിഥുനം, കർക്കടകം എന്നീ മാസങ്ങളിൽ കഴിക്കാൻ പറയുന്നത്. അതെങ്ങനെയെന്നു വ്യക്തമാക്കാം.
കർക്കടകമാസമെന്നാൽ പണ്ടൊക്കെ പഞ്ഞമാസമെന്നു പറഞ്ഞിരുന്നു. അതു കൃഷി അതായത് നെൽകൃഷി കൊണ്ടു കേരളം ജീവിച്ചിരുന്ന കാലത്തെ കഥയാണ്. ഇപ്പോൾ കഥ മാറി. കൃഷിയുമില്ല, പഞ്ഞവുമില്ല. അതാരും ചോറുണ്ണാത്തതുകൊണ്ടല്ല. അരി വരവായതുകൊണ്ടുമാത്രം. എല്ലാക്കാലവും സുലഭമായി അരി കിട്ടിയാൽ പിന്നെ പഞ്ഞമെവിടെ, വാങ്ങാനുള്ള പണവും ഉണ്ടെങ്കിൽ എന്തിനു കൃഷി ചെയ്യണം. ഇനി കർക്കടകത്തിൽ പ്രചാരത്തിലുള്ള പത്തിലക്കൂട്ടത്തിലേക്കു വരാം.
പ്രാദേശികമായ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സാധാരണ ഉപയോഗിച്ചു വരുന്ന പത്തിലകൾ ഇവയാണ്. (1) കുമ്പളം (2) മത്തൻ (3) വെള്ളരി (4) താള് (5) തകര (6) ചേമ്പ് (7) ചീര (8) തഴുതാമ (9) ചേന (10) കീഴാർനെല്ലി.
ചിലരാകട്ടെ തഴുതാമ, മുക്കുറ്റി, കൊടിത്തൂവ, കൂവളം, പയർ എന്നിവയുടെ ഇലകളും ഉപയോഗിച്ചു വരാറുണ്ട്. ഏറ്റവും തളിരിലകളാണ് ഉപയോഗിക്കുന്നത്. എന്താണ് ഇവ കർക്കടകമാസത്തിൽ ഉപയോഗിക്കാൻ പറയുന്നതിന്റെ പ്രസക്തി?
ലോകം മുഴുവനായി കാണുമ്പോൾ ഔഷധഗുണമില്ലാത്തതായി ഒരു സസ്യവും ഇല്ലെന്നാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നത്. “ജഗത്യേവമനൗഷദം” – ജഗത്തിൽ (ലോകത്തിൽ) ആനൗഷധം (ഔഷധമല്ലാത്തതായി) ഒന്നും തന്നെയില്ല.
വ്യക്തമാക്കുകയാണെങ്കിൽ ഒരു സസ്യം അത് എപ്പോഴാണോ രോഗശമനത്തിനായി ഉപയോഗിക്കപ്പെടുന്നത് അപ്പോൾ അത് ഔഷധമായി. ആയുർവേദ സിദ്ധാന്തപ്രകാരം ആഹാരം തന്നെ ഔഷധമാക്കി ശീലിക്കുക എന്ന ദർശനമാണ് ഇവിടെ പ്രസക്തമാകുന്നത്. രോഗം വരാതെ എങ്ങനെ ശരീരത്തെ ആയുസ്സെത്തുവോളം നിലനിർത്തിക്കൊണ്ടു പോകാം എന്നാണു ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. വന്നതിനെ ചികിത്സിക്കാനുള്ള ഔഷധക്കൂട്ടുകൾ മാത്രം നിർദ്ദേശിക്കുന്ന ഒരു ശാസ്ത്രമാണ് ആയുർവേദം. ഒരു സസ്യം അത് ഔഷധമായി മാറുന്നതു വൈദ്യന്റെ ബുദ്ധിയും യുക്തിയും കൊണ്ടാണ്. രോഗനിർണയും (Diagnosis) ആണു വൈദ്യന്റെ മഹത്വം നിർണയിക്കുന്നത്.
ഔഷധത്തിന്റെ പ്രാധാന്യം അതു കഴിഞ്ഞേ വരൂ. ജ്ഞാനം കൊണ്ടും പ്രവൃത്തിപരിചയം കൊണ്ടും ഏതൊരു സസ്യത്തെയും എങ്ങനെ രോഗിക്കനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്താം എന്നതു വൈദ്യന്റെ ബുദ്ധിയും കർമകുശലതയും അനുസരിച്ചിരിക്കുന്നു. രോഗം വരാതെ സ്വസ്ഥനായിരിക്കാനുള്ള ജീവിതക്രമങ്ങളും ശാസ്ത്രം നിഷ്കർഷിക്കുന്നു. അവയനുസരിച്ചുള്ള ജീവിതത്തെ ചിട്ടപ്പെടുത്താൻ സഹായിക്കുക മാത്രമേ വൈദ്യനു സാധിക്കയുള്ളൂ. അതിനുള്ള പ്രാഗത്ഭ്യം അവൻ ശാസ്ത്രത്തിൽ നിന്നും പ്രവൃത്തി പരിചയം കൊണ്ടും നേടിയെടുക്കേണ്ടതാണ്.
എന്നാൽ രോഗാവസ്ഥയിലെത്തുന്നതിനു മുൻപേ ആരോഗ്യമുള്ള ഒരു ശീരത്തിനു വേണ്ട ചില ആചാരങ്ങൾ ശാസ്ത്രം വിശദമാക്കുന്നുണ്ട്. അതായത് ഒരുവൻ ശീലിക്കേണ്ട ദിനചര്യ, ഋതുചര്യ എന്നീ ജീവിതരീതികളും, സദാചാരം, സാമൂഹികാരോഗ്യസംരക്ഷണം ഇതെല്ലാം വ്യക്തമാക്കിയതിനുശേഷമാണ് രോഗശമനത്തിനെക്കുറിച്ചു വ്യക്തമാകുന്നത്.
ശരീരമാകുന്ന സ്തംഭത്തെ താങ്ങി നിർത്തുന്ന മൂന്നു തൂണുകളാണ് ആഹാരം, നിദ്ര, വ്യായാമം, ആദ്യത്തേതാണ് ആഹാരം. ആഹാരത്തിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടണം. മിതമായും ശുദ്ധിയായും കൃത്യമായും കഴിക്കുന്ന ആഹാരം തന്നെ ഔഷധമാണ്. ഇവിടെയാണ് പത്തിലക്കൂട്ടം കഴിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത്.
ഇലക്കറികൾ പൊതുവെ പോഷകമൂല്യമുള്ളയും മലശോധന ഉണ്ടാക്കുന്നതും കണ്ണിനു കാഴ്ചശക്തി തരുന്നതും തൊലിക്കു സൗകുമാര്യം തരുന്നതും വിഷഹാരിയായതും എല്ലാമാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇലക്കറി ശീലിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും മൂത്രം ധാരാളം ഉണ്ടാക്കുന്നതിനും നല്ലതാണ്. തൊലിക്കു മാർദവം തരുന്നതും കണ്ണിനു കാഴ്ചശക്തി കൂട്ടുന്നതുമാണ്.
എന്തുകൊണ്ട് പത്തിലക്കറി?
കർക്കടകമാസത്തിൽ പുതുജീവൻ കിട്ടിയ പ്രകൃതിയാണ്. ആ പ്രകൃതിയുടെ പച്ചപ്പ് ഉപയോഗിച്ചു ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഈ സമയത്ത് ഈ ഇലകൾ ഉപയോഗിക്കാൻ പ്രത്യേകം നിർദേശിക്കുന്നത്. വേനൽക്കാലത്തിലെ വരൾച്ചയും ക്ഷീണവും ഇല്ലാതായി വർഷകാലത്തു പ്രകൃതിയിൽ നിന്ന് ഒരു നവോന്മേഷം വീണ്ടെടുക്കുന്ന അനുഭവം ഇല്ലാത്ത മലയാളികൾ ഉണ്ടാകയില്ല.
പോയ ഒരു വർഷത്തെ ആരോഗ്യം വീണ്ടെടുക്കാനും പുനർജീവിപ്പാനും രോഗം കൊണ്ടോ ഔഷധസേവ കൊണ്ടോ ക്ഷീണിച്ച അവയവങ്ങളെ ഉത്തേജിപ്പിക്കാനും ഒപ്പം തന്നെ കൂടുതൽ ഊർജസ്വലതയോടെ കർമനിരതരാകാനും ഇത്തരം ചിട്ടകൾ സഹായിക്കും.
ഔഷധഗുണങ്ങളറിയാം
പത്തിലകളും വളരെയേറെ ഔഷധഗുണമുള്ളവയാണ്.
കുമ്പളം – വിത്തും കായുമാണ് സാധാരണ ഉപയോഗിക്കുന്നത്. ഇത് അധികമായുളള മേദസ്സിനെ കുറയ്ക്കുന്നു. ബുദ്ധി ശക്തി കൂട്ടുന്നു. വൃക്കയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു. ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നതിനാൽ ശ്വാസകോശ രോഗങ്ങൾ ശമിപ്പിക്കുന്നു. വിത്ത് കൃമിനാശകമാണ്. രക്തസ്രാവം നിയന്ത്രിക്കും.
മത്തൻ – മത്തന്റെ പൂവും കാമ്പും കുരുവും ഭക്ഷ്യയോഗ്യമാണ്. ഇൻസുലിൻ ക്രമീകരിക്കുന്നതിനാൽ പ്രമേഹരോഗികൾക്കു ഗുണകരം. പ്രോസ്‌റ്റേറ്റ് പ്രശ്നങ്ങൾ കുറയ്ക്കാനും ചർമാരോഗ്യത്തിനും നല്ലത്. മത്തനിലയിൽ വൈറ്റമിൻ എയും സിയും ധാരാളമുണ്ട്.
വെള്ളരി – ശരീരക്ഷീണം മാറ്റും. കഫം, പിത്തം എന്നിവ കുറയ്ക്കാനും, മൂത്രതടസ്സം മാറാനും നല്ലത്.
താള് – ദഹനത്തിനു സഹായകം. ധാരാളം കാൽസ്യവും ഫോസ്ഫറസുമുണ്ട്.
തകര – വിത്തും ഇലയും സാധാരണയായി ഉപയോഗിക്കുന്നു. തൊലിപ്പുറമേയുള്ള രോഗങ്ങൾക്കു നല്ലതാണ്. ചർമകാന്തി ഉണ്ടാക്കും. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. ആയുർവേദത്തിൽ മാത്രമല്ല, പാരമ്പര്യ ചൈനാ വൈദ്യത്തിലും തകര ഉപയോഗിക്കുന്നുണ്ട്.
ചേമ്പ് – ചേമ്പിലയും തണ്ടും മാത്രമല്ല കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. ദഹനത്തിനു നല്ലത്. ഹൃദയാരോഗ്യത്തിനും കാഴ്ചയ്ക്കും ഗുണകരം. പ്രതിരോധശേഷി വർധിപ്പിക്കും.
ചീര – വിളർച്ച മാറ്റാൻ ഗുണകരം. ഇരുമ്പ് ധാരാളമായുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിനും കുടൽപ്രശ്നങ്ങൾ പരിഹരിക്കാനും നല്ലത്. മുള്ളൻചീര, നെയ്യുണ്ണി ചീര, പൊന്നാങ്കണ്ണി ചീര, സാമ്പാർ ചീര എന്നിങ്ങനെ പച്ചയും ചുവപ്പും നിറത്തിൽ വ്യത്യസ്തങ്ങളായ ചീരകളുണ്ട്. പ്രാദേശികമായി പലയിടത്തും വ്യത്യസ്തങ്ങളായ ചീരയിനങ്ങളാണ് കർക്കടകത്തിൽ ഉപയോഗിക്കുന്നത്.
തഴുതാമ – വേര്, ഇല എന്നിവ മാത്രമായോ ചെടി മുഴുവനായുമോ ഉപയോഗിക്കാം. തഴുതാമ വൃക്കയുടെ പ്രവർത്തനം വർധിപ്പിക്കുന്നു. മൂത്രവിസർജനം നന്നാക്കുന്നു. വിഷത്തെ ഇല്ലാതാക്കുന്നു. ശരീരത്തിലെ നീരു കുറയ്ക്കാൻ സഹായിക്കുന്നു. ചുമ കുറയ്ക്കാൻ നല്ലതാണ്. ഹൃദ്രോഗനിയന്ത്രണത്തിനും ഗുണകരം.
ചേന – ചേനയിലയോടൊപ്പം തണ്ടും പാചകം ചെയ്ത് ഉപയോഗിക്കാം. പ്രമേഹരോഗികൾക്കു ഗുണകരം. ധാരാളം നാരുകളും കാൽസ്യവും ഫോസ്ഫറസുമുണ്ട്.
കീഴാർനെല്ലി – ചെടി മുഴുവനായും ഔഷദഗുണമുള്ളതാണ്. കരൾരോഗത്തിനു വളരെയധികം പ്രചാരമുള്ളതാണ്. വിഷത്തെ നശിപ്പിക്കുന്നു. വയറുവേദനയ്ക്കും ദഹനക്കുറവിനും ഔഷധമാണ്.
ചിലയിടങ്ങളിൽ കൊടിത്തൂവ, മുക്കുറ്റി, കൂവളം, പയർ ഇല എന്നിവയും ഉപയോഗിക്കാറുണ്ട്.
∙ കൊടിത്തൂവ – വേരിനാണ് ഔഷധമൂല്യം. സമൂലമായും ഉപയോഗിക്കാറുണ്ട്. രക്തശുദ്ധി, മലശോധന ഇവയ്ക്കു നല്ലതാണ്. ശ്വാസകോശരോഗങ്ങൾ, ചുമ എന്നിവയ്ക്ക് ഔഷധമാണ്.
∙ മുക്കുറ്റി – ചെടി മുഴുവനായും ഉപയോഗിക്കാം വയറിളക്കത്തിനും പനിക്കും നല്ലതാണ്.
∙ കൂവളം – വേരും ഇലയും കായും ഔഷധമൂല്യമുള്ളതണ്. വിഷത്തെ നശിപ്പിക്കുന്നു. പ്രമേഹരോഗനിയന്ത്രണത്തിനു ഫലപ്രദം.
വളരെയധികം പോഷകമൂല്യം ഉള്ളതാണെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ചില പ്രശ്നങ്ങൾ കാരണം മുരിങ്ങയില കർക്കടകത്തിൽ ഉപയോഗിക്കാറില്ല.
ആയുർവേദം നിർദേശിക്കുന്നതു പ്രകൃതിയുമായി ഇണങ്ങി കാലാവസ്ഥയ്ക്കനുസരിച്ചു ജീവക്കാനാണ്. രോഗം വരാതിരിക്കാൻ ശ്രമിക്കുക. ഉപവാസം, മിതമായ ആഹാരരീതികൾ, വ്യായാമം, കൃത്യമായ ദിനചര്യ, കൃത്യസമയത്തുള്ള ഉറക്കം, ഉണരൽ ഇതെല്ലാം സ്വന്തം ജീവിതത്തെ നയിക്കുന്നതിൽ നാം ശ്രദ്ധിക്കണം. നിവൃത്തിയില്ലാത്ത പക്ഷം മാത്രമേ വൈദ്യോപദേശം തേടേണ്ടതുള്ളൂ.
ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനമാണ്. കൃത്യസമയത്തുള്ള ആഹാരം, ഉറക്കം ഇവയെല്ലാം മാനസിക സമ്മർദ്ദങ്ങളെ ഇല്ലാതാക്കാം. അമിത ഉത്കണ്ഠ, ആസക്തി, ആലസ്യം ഇതെല്ലാം കഴിക്കുന്ന ആഹാരത്തെയും നയിക്കുന്ന ചിന്തകളെയും ആശ്രയിക്കുന്നു.
ദിനചര്യ, ഋതുചര്യ എന്നിവ ചിട്ടപ്പെടുത്തി മിതമായും ലഘുവായും ഉള്ള ആഹാരം സംതൃപ്തിയുള്ള മനസ്സ്, ലിളിത ജീവിതരീതികൾ ഇവ ശീലിച്ചു മനുഷ്യത്വം ശാസ്ത്രത്തോടൊപ്പം സ്വാംശീകരിച്ച് ഒരു മാതൃകാമലയാളമാക്കി ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാം. അതിനുവേണ്ടി ഭാരതീയ വൈദ്യശാഖയിലെ അടിസ്ഥാനതത്വങ്ങളെ അവലംബിച്ചു ലോകം മുഴുവൻ സുഖമായിരിക്കണമെന്ന ഭാരതീയ ദാർശനികതയെ നമുക്ക് ആദരിക്കാം. നമ്മളാലാവും വിധം ശ്രമിക്കാം.
പത്തില തോരൻ
പത്തിലകൾ – മൂന്നു നാലു കപ്പ്
തേങ്ങ – കാൽ മുറി
പച്ചമുളക് – രണ്ട് – മൂന്ന് എണ്ണം (എരിവനുസരിച്ച്)
ചുവന്നുള്ളി – 4–5 എണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
(മൂന്നു ചേരുവകളും മിക്സിയിലരച്ചു വയ്ക്കുക)
ഉപ്പ് – പാകത്തിന്
കടുക് – ഒരു നുള്ള്
വെളിച്ചെണ്ണ – ആവശ്യത്തിന്
പത്തിലകളുടെ തളിരിലകൾ എടുത്ത് വളരെ ചെറുതായി അരിയുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഇലകൾ ചെറുതായി വഴറ്റുക. അതിലേക്ക് തേങ്ങാ അരപ്പും ഉപ്പും ചേർത്ത് കുറച്ച് വെള്ളവും കുടഞ്ഞ് മൂടിവച്ച് വേവിക്കുക. മൂന്നു നാലു മിനിറ്റ് കഴിഞ്ഞ് ഇല കുടഞ്ഞിളക്കി വാങ്ങുക.
താള് പച്ചടി
താള് നുറുക്കിയത് – മൂന്നു കപ്പ്
തേങ്ങ – അര മുറി
പച്ചമുളക് – നാല്
മഞ്ഞൾപ്പൊടി – കാൽ ടീസ് പൂൺ
തൈര് – മുക്കാൽ കപ്പ്
കടുക് – കാൽ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് കതിർപ്പ്
താള് ആവശ്യത്തിനു വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു വേവിക്കുക. തേങ്ങ, പച്ചമുളക്, അൽപം കടുക് ഇവ മിക്സിയിൽ അരച്ച് വെന്ത താളിലേക്ക് ചേർത്തിളക്കുക. അരപ്പ് ചൂടായിക്കഴിയുമ്പോഴേക്കും കടുകു പൊട്ടിച്ച് കറിവേപ്പിലയും ചേർത്ത് എണ്ണ താളിച്ച് ഒഴിക്കുക.