Wednesday 20 October 2021 02:06 PM IST : By സ്വന്തം ലേഖകൻ

ഇലകളും പച്ചക്കറികളും കഴിച്ച് ഈസിയായി വണ്ണം കുറയ്ക്കാം; അർബുദ സാധ്യത കുറയ്ക്കും ‘വീഗൻ ഡയറ്റ്’, അറിയേണ്ടതെല്ലാം

veegggdiiiiibhh66556

ആരെങ്കിലും പറയും, ‘ഈ ഡയറ്റ് പരീക്ഷിച്ചു നോക്കീല്ലേ? എന്തൊരു വ്യത്യാസമാണെന്നോ...’ പിറ്റേദിവസം മുതൽ അതുവരെ പിൻതുടരുന്ന ഡയറ്റ് ഉപേക്ഷിച്ച് പുതിയ അറിവിന്റെ പിന്നാലെ പായും. ഇങ്ങനെ ഡയറ്റിന് അഡിക്ടായാൽ എന്താണ് സംഭവിക്കുകയെന്നോ? ഒന്നുകിൽ വണ്ണം കൂടും, അല്ലെങ്കിൽ മെലിഞ്ഞ് അസുഖം ബാധിച്ചവരെപ്പോലെയാകും. വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതാണ് ഡയറ്റ്. സ്വന്തം ശരീരപ്രകൃതി, ജീവിതശൈലി, ആരോഗ്യം തുടങ്ങി നമ്മുടെ ജോലിയും സാമ്പത്തികാവസ്ഥയും വരെ ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം. എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കൂ. 

ഇന്ന് പരിചയപ്പെടുത്തുന്നത് വീഗൻ ഡയറ്റാണ്. ‘വീഗൻ’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഇത് പൂർണ്ണമായും സസ്യാഹാരം ഇഷ്ടപ്പെടുന്നവർക്ക് ഉള്ളതാണ്. 

വീഗൻ ഡയറ്റ്

വീഗനിസം ഒരു ഡയറ്റ് എന്നതിലപ്പുറം ഒരു ജീവിതരീതിയും ഫിലോസഫിയുമാണ്. മത്സ്യം, മാംസം, മുട്ട എന്നിവയാണ് വെജിറ്റേറിയൻസ് സാധാരണയായി ഒഴിവാക്കുന്ന ഭക്ഷണം. എന്നാൽ ഇവ കൂടാതെ പാൽ, തേൻ, മീനെണ്ണ എന്നിങ്ങനെ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു ഭക്ഷണവും കഴിക്കില്ല വീഗൻസ്. പരിസ്ഥിതി പ്രശ്നങ്ങളും മൂല്യങ്ങളും കണക്കിലെടുത്ത് തുകലോ തുകലുൽപന്നങ്ങളോ ഉപയോഗിക്കുകയുമില്ല ഇവർ.

വീഗൻ ഡയറ്റ് തൂക്കം കുറയ്ക്കാൻ മാത്രമല്ല, തൂക്കം കൂടാതെ നോക്കാനും സഹായിക്കും. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, സീറിയലുകൾ, പയറു പരിപ്പ് വർഗങ്ങൾ, നട്സ്, സോയയിൽ നിന്നുണ്ടാക്കുന്ന ടോഫു, സീഡുകൾ, ന്യൂട്രീഷനൽ യീസ്റ്റ് എന്നിവ വീഗൻ ഡയറ്റിൽ ഉപയോഗിക്കാം. മാംസവും മീനും വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് പ്രോട്ടീൻ ലഭ്യത കുറയാം. ഇതു പരിഹരിക്കാൻ ധാന്യങ്ങളും പയർ പരിപ്പു വർഗങ്ങളും മുളപ്പിച്ചു കഴിക്കുന്നത് നല്ലതാണ്. പോഷക ആഗീകരണശേഷി കൂട്ടാനായി പുളിപ്പിച്ച ഭക്ഷണം കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, അയഡിൻ, കാത്സ്യം തുടങ്ങി പല പോഷകങ്ങളുടെയും അളവ് കുറയുന്നതുകൊണ്ട് ഇത്തരം പോഷകങ്ങളുടെ സപ്ലിമെന്റുകൾ കഴിക്കേണ്ടി വരാം. സംസ്കരിച്ച ഭക്ഷണം കഴിക്കരുത്.

പ്രമേഹം ഉള്ളവർക്ക് വീഗൻ ഡയറ്റ് നല്ലതാണ്. വാതരോഗികളിലെ സന്ധിവേദനയും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റ് സഹായിക്കും. രക്തസമ്മർദവും കൊളസ്ട്രോളും  കുറയ്ക്കാനും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അർബുദ സാധ്യത കുറയ്ക്കാനും വീഗൻ ഡയറ്റ് സഹായിക്കും.

FOOD CHART

തിങ്കൾ

രാവിലെ : ബ്രെഡും ടോഫു സ്ക്രാമ്പിൾ ചെയ്തതും.

ഉച്ചയ്ക്ക് : ഗ്രീൻ ബീൻസ് സാലഡും സ്ക്രാമ്പിൾഡ് ടോഫുവും.

രാത്രി : തേങ്ങ ചേർത്ത പച്ചക്കറി വിഭവങ്ങൾ.

സ്നാക്സ് : ക്രാക്കർ ബിസ്ക്കറ്റുകളിൽ പീനട്ട് ബട്ടർ പുരട്ടി കഴിക്കാം. സെലറിയും ഇത്തരത്തിൽ കഴിക്കാം.

ചൊവ്വ

രാവിലെ : ബ്രെഡും സ്ക്രാമ്പിൾഡ് ടോഫുവും.

ഉച്ചയ്ക്ക് : തേങ്ങ ചേർത്ത പച്ചക്കറി വിഭവങ്ങൾ.

രാത്രി : ലെന്റിൽ സൂപ്പ്.

സ്നാക്സ് : പിസ്ത.

ബുധൻ

രാവിലെ : ബ്രെഡും സ്ക്രാമ്പിൾഡ് ടോഫുവും.

ഉച്ചയ്ക്ക് : ലെന്റിൽ സൂപ്പ്.

രാത്രി : എള്ളും ചേർത്തിളക്കിയ ടോഫുവും പച്ചക്കറികളും.

സ്നാക്സ് : പീനട്ട് ബട്ടറും ക്രാക്കേഴ്സ് ബിസ്ക്കറ്റും സെലറിയും.

വ്യാഴം

രാവിലെ : പഴവും ചോക്‌ലെറ്റും ചേർത്ത പോ റിഡ്ജ്.

ഉച്ചയ്ക്ക് : എള്ളും ടോഫും പച്ചക്കറികളും ചേർത്തുള്ള വിഭവം.

രാത്രി : പലതരം പച്ചക്കറികൾ ചേർത്ത സാലഡ്.

സ്നാക്സ് : പിസ്ത കൊണ്ടുണ്ടാക്കിയ എനർജി ബോൾസ്.

വെള്ളി

രാവിലെ : ബനാന ചോക്‌ലെറ്റ് പോറിഡ്ജ്.

ഉച്ചയ്ക്ക് : പലതരം പച്ചക്കറികൾ.

രാത്രി : ഉരുളക്കിഴങ്ങും ലെന്റിലും ടോഫുവും ചേർത്ത സൂപ്പ്.

സ്നാക്സ് : പീനട്ട് ബട്ടറും ക്രാക്കേഴ്സ് ബിസ്ക്കറ്റും സെലറിയും.

ശനി

കാലത്ത് : പഴവും ചോക്‌ലെറ്റും ചേർത്ത പോറിഡ്ജ്.  

ഉച്ചയ്ക്ക് : ഉരുളക്കിഴങ്ങും ലെന്റിലും ടോഫുവും ചേർത്ത സൂപ്പ്.

രാത്രി : ക്വിനോയും തൈമും ബീൻസും വേവിച്ച് കഴിക്കാം.

സ്നാക്സ് :  പിസ്ത എനർജി ബോൾസ്.

ഞായർ

രാവിലെ : ബനാന ചോക്‌ലെറ്റ് പോറിഡ്ജ്.

ഉച്ചയ്ക്ക് : വൈറ്റ് ബീൻസും തൈമും ചേർത്ത ക്വിനോ.

രാത്രി : ടോഫു ചേർത്ത ഗ്രീൻ ബീൻ സാലഡ്.

സ്നാക്സ്: പീനട്ട് ബട്ടർ പുരട്ടിയ ക്രാക്കേഴ്സും സെലറിയും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനൂപ്കുമാർ എ.എസ്,  ചീഫ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Health Tips
  • Glam Up