Friday 27 September 2024 04:35 PM IST : By സ്വന്തം ലേഖകൻ

‘മലാശയ കാന്‍സര്‍, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ തടയും, ചർമത്തിനു നിറവും തിളക്കവും’; അറിയാം ചുവന്ന ചീരയുടെ ഗുണങ്ങൾ

red-spinach566

വൈറ്റമിനുകളുടെ ഒരു കലവയാണ് ചുവന്ന ചീര. വീടുകളില്‍തന്നെ കൃഷി ചെയ്തെടുക്കാവുന്ന ഒന്ന്. എങ്കിലും പലര്‍ക്കും ചീര കഴിക്കാന്‍ മടിയാണ്. ചുവന്ന ചീരയുടെ ഗുണഗണങ്ങള്‍ കേട്ടാല്‍ ആ ശീലം ഒന്ന് മാറ്റി വയ്ക്കുമെന്ന് ഉറപ്പാണ്. മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാം ഇതിൽ ഉണ്ടെന്നു പറയാം.  

ഇതിലെ ഫൈബര്‍ അംശം ദഹനത്തിന് ഏറെ പ്രയോജനകരമാണ്. അതുപോലെ മലബന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്. മലാശയ കാന്‍സര്‍, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ  തടയാനും ചുവന്ന ചീര ഉത്തമം. ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും.  ഇതിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. നാരുകളാൽ സമ്പന്നമായ ചീര അമിത ഭാരം കുറയ്ക്കാനും ഉത്തമമാണ്. വൈറ്റമിൻ ബി, സി, ഇ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഇവയിലുണ്ട്. 

ചുവന്ന ചീരയ്ക്ക് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമുണ്ട്.  ഇതിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്നചീരയ്ക്കു സാധിക്കും.  

ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിത്തരും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. തലവേദന, മൈഗ്രെയ്ന്‍, ആര്‍ത്രൈറ്റിസ്, അസ്ഥിക്ഷതം എന്നിവ മൂലമുണ്ടാകുന്ന വേദനകള്‍ക്കു ശമനം നല്‍കാനും ചുവന്ന ചീര സ്ഥിരമായി കഴിയ്ക്കുന്നത് ഗുണം ചെയ്യും. 

ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ചീര സഹായിക്കും. കോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുന്ന വൈറ്റമിൻ എ ഇവയിലടങ്ങിയിട്ടുണ്ട്. ഇതിലൂടെ ചർമത്തിനു തിളക്കവും നിറവും വർധിക്കുന്നു.

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ചീര. ചില പ്രത്യേക അസുഖം ഉള്ളവർ ചീര കഴിക്കുന്നതു ദോഷം ചെയ്യും. വൃക്കയിൽ കല്ല് ഉള്ളവർക്ക് ചീരയിലയിലെ ഓക്സലേറ്റിന്റെ സാന്നിധ്യം കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

വൈറ്റമിൻ കെ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രക്തം കട്ട പിടിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ശ്രദ്ധിക്കണം. ഒരിക്കൽ കറിയാക്കിയ ചീര വീണ്ടും ചൂടാക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

Tags:
  • Health Tips
  • Glam Up