Thursday 07 March 2024 02:22 PM IST

വെജിറ്റേറിയൻ ഭക്ഷണം അർബുദം തടയാൻ സാധ്യതയുണ്ടോ? കാൻസർ പാരമ്പര്യരോഗമാണോ? അറിയാം ഇക്കാര്യങ്ങള്‍

V R Jyothish

Chief Sub Editor

1988093276

കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും. മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു വേണ്ട രീതിയിൽ ചികിത്സിച്ചാൽ മാറുന്നതാണു കാൻസർ എന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതീക്ഷയേകുകയാണ് ഏറ്റവും പുതിയ കാൻസർ ഗവേഷണങ്ങൾ. 

കാൻസർ പാരമ്പര്യരോഗമാണോ?

കുടുംബത്തിൽ ആർക്കെങ്കിലും കാൻസർ രോഗം വന്നതുകൊണ്ട് എനിക്കും കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും ശരീരത്തിൽ എന്തെങ്കിലും ലക്ഷണം ഉണ്ടെങ്കിൽ അതു കാൻസർ ആയിരിക്കുമെന്നും ഉറപ്പിച്ച് ആത്മഹത്യ ചെയ്തവർ വരെയുണ്ടു നമ്മുടെ നാട്ടിൽ. എന്നാൽ എന്താണു വാസ്തവം? ഇന്നോളമുള്ള പഠനങ്ങൾ പറയുന്നതു വെറും അഞ്ചു ശതമാനത്തിൽ താഴെയാണു കാൻസർ പാരമ്പര്യമായി കണ്ടിട്ടുള്ളത് എന്നാണ്. ഒരു കുടുംബത്തിലെ രണ്ടുപേർക്കു കാൻസർ വരുകയാണെങ്കിൽ അതു പാരമ്പര്യം ആയിരിക്കണം എന്നില്ല. 

മുൻകൂട്ടി അറിയാൻ കഴിയുന്നവ ഏതൊക്കെ ?

മൂന്ന് അർബുദങ്ങൾ മുൻകൂട്ടി കണ്ടെത്താവുന്നതും നിയന്ത്രിക്കാവുന്നതുമാണ്. സ്തനാർബുദം, വായിലെ അർബുദം, ഗർഭാശയഗള അർബുദം എന്നിവയാണ് അവ. നാൽപതു വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ സ്തനാർബുദം മുൻകൂട്ടി കണ്ടെത്താനുള്ള മാമോഗ്രാം പരിശോധന നടത്തേണ്ടതാണ്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ നിർദേശം അനുസരിച്ചു നാൽപത്തിയഞ്ചിനും അമ്പത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾ  വർഷത്തിലൊരിക്കൽ മാമോഗ്രാഫി പരിശോധന നടത്തേണ്ടതാണ്. 

അമ്പത്തിയഞ്ചിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ  ഒന്നിടവിട്ട വർഷങ്ങളിൽ മാമോഗ്രാഫി പരിശോധനയ്ക്കു വിധേയരാവണം. മുപ്പത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്സ്മിയർ ടെസ്റ്റ് ഓരോ മൂന്നു വർഷം കൂടുമ്പോഴും ചെയ്യേണ്ടതാണ്. തുടർച്ചയായി മൂന്നു പരിശോധനകളിൽ കോശമാറ്റം കാണുന്നില്ല എങ്കിൽ പിന്നീടു രോഗം വരാനുള്ള സാധ്യത കുറവാണെന്ന് ഉറപ്പിക്കാം. ജീവിതശൈലി മാറ്റിയും പുകയില, മദ്യം മുറുക്ക് തുടങ്ങിയ ലഹരിപദാർഥങ്ങൾ ഒഴിവാക്കിയും അർബുദ സാധ്യത കുറയ്ക്കാം.

ഫലങ്ങൾ അർബുദം തടയാൻ സാധ്യതയുണ്ടോ?

വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്കു നോൺവെജിറ്റേറിയൻ കഴിക്കുന്നവരെക്കാൾ കാൻസർ വരാനുള്ള സാധ്യത കുറവാണെന്നാണു ശാസ്ത്രീയപഠനം പറയുന്നതു. അതായത്, നോൺവെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന പത്തു പേർക്കു കാൻസർ രോഗം വരുമ്പോൾ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരിൽ ഒരാ‍ൾക്കു മാത്രമേ രോഗം വരുന്നുള്ളു. ‘പത്തിന് ഒന്ന്’ എന്നാണ് അനുപാതം. 

പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവ (ഇവയിൽ ഉപയോഗിച്ച കീടനാശിനിയുടെ അളവു വളരെ ശ്രദ്ധിക്കണം) കഴിക്കുന്നതും ചുവന്ന മാംസവും സംസ്കരിച്ച മാംസവും കുറയ്ക്കുന്നതും സ്ഥിരമായി വ്യായാമം ചെയ്യുന്നതും കാൻസർ സാധ്യത കുറയ്ക്കും.

കാൻസർ ബാധ എത്ര ദിവസം കൊണ്ട്?

കാൻസർ കണ്ടുപിടിച്ചിട്ട് ആറുമാസമേ ജീവിച്ചിരുന്നുള്ളു എന്നു ചിലർ പറയുന്നതു കേൾക്കാം. എന്നാൽ യഥാർഥത്തിൽ അസുഖം തുടങ്ങിയിട്ടു വർഷങ്ങളായിട്ടുണ്ടാകും. നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു കോശത്തിനു സമനില തെറ്റിയതിനു ശേഷം അഞ്ചു മുതൽ പത്തു വർഷം കഴിഞ്ഞതിനു ശേഷമാണു ശരീരം എന്തെങ്കിലും ലക്ഷണം പുറത്തു കാണിക്കുന്നത്. മുഴയായോ തടിപ്പായോ മറ്റോ. അതായതു പത്തു വർഷത്തോളമായി കാൻസർ ശരീരത്തിൽ ഉണ്ടായിരുന്നു എന്നു സാരം. 

ഇവിടെയാണു പുതിയ രോഗനിർണയ സമ്പ്രദായങ്ങളുടെ പ്രസക്തി. രോഗനിർണയ രംഗത്ത് അദ്ഭുതാവഹമായ കണ്ടുപിടുത്തമാണു ലിക്വിഡ് ബയോപ്സി. അധികം വൈകാതെ തന്നെ കേരളത്തിലും ഈ രോഗനിർണയസമ്പ്രദായം വ്യാപകമാവും. പ്രമേഹം കണ്ടുപിടിക്കുന്നതുപോലെ രക്തം പരിശോധിച്ചു സർക്കുലേറ്റിങ് ഡിഎൻഎ വഴി കാൻസർ കോശങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതാണ് ഈ രീതി. 

ചൂടുള്ള ഭക്ഷണം ശുദ്ധമല്ലേ?

ആവി പറക്കുന്ന ചൂടുള്ള ഭക്ഷണം  മേശപ്പുറത്തു കൊണ്ടുവച്ചാൽ അതു ശുദ്ധമാണെന്നും എത്ര വേണമെങ്കിലും കഴിക്കാം എന്നുമാണു മലയാളികളുടെ ധാരണ. എന്നാൽ ഭക്ഷണശാലകളിലും മറ്റും നേരത്തെ പകുതി വേവിച്ചു വച്ചതും, പുളി, എരിവ്, കയ്പ്പ്, മധുരം തുടങ്ങിയ രസങ്ങൾക്കു വേണ്ടി മറ്റു കെമിക്കൽസ് ഉപയോഗിക്കുന്നതും രുചി കൂട്ടാൻ വേണ്ടി രാസവസ്തുക്കൾ ചേർക്കുന്നതുമായ ഭക്ഷണമാണു മുന്നിലിരുന്ന് ആവി പറത്തുന്നത് എന്ന യാഥാർഥ്യം മനസ്സിലാക്കണം. ഇതു കാൻസറിനു കാരണമാകും എന്നുപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഹെയർ ഡൈ കാൻസറിനു കാരണമാകുമോ ?

ലോകാരോഗ്യ സംഘടനയുടെ കീഴിൽ കാൻസർ ഗവേഷണത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ. ഈ സംഘടനയുടെ പഠനപ്രകാരം കാൻസറിനു കാരണമാകുന്നവയെ പല വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്. കാൻസറിനു കാരണമാകും എന്ന് ഉറപ്പുള്ളവയാണ് ഒന്നാം കാറ്റഗറിയിൽ വരുന്നത്. പുകയില, പാൻ പരാഗ്, ഹാൻസ് എന്നിവയിൽ തുടങ്ങി പാചകത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ വരെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 

കാൻസറിനു കാരണമാകും എന്നു സംശയിക്കപ്പെടുന്ന സാധനങ്ങളാണു രണ്ടാം കാറ്റഗറിയിൽ വരുന്നത്. നിത്യോപയോഗ സാധനങ്ങളിൽ ചിലത് ഈ ലിസ്റ്റിൽ വരുന്നവയാണ്. ഉണക്കമീൻ ആണ് ഒരു ഉദാഹരണം. ഈ ലിസ്റ്റിൽ ഉള്ള ഒന്നായിരുന്നു ഹെയർ ഡൈ. എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം െഹയർ ഡൈയുടെ സ്ഥാനം ഇപ്പോൾ കാറ്റഗറി ഒന്നിലാണ്. അതായതു കാൻസറിനു കാരണമാകും എന്നു നിസ്സംശയം തെളിയിക്കപ്പെട്ട ഒന്നാണു നാം ഉപയോഗിക്കുന്ന െഹയർ ൈഡ. കരൾ, കിഡ്നി, ത്വക്ക് തുടങ്ങിയവയെയൊക്കെ ബാധിക്കുന്ന കാൻസറിനു ഹെയർ ഡൈ കാരണമാകുന്നു.‌‌

സ്ത്രീകൾ കാൻസറിനെ കൂടുതൽ പേടിക്കണോ ?

ഗർഭാശയാർബുദത്തേക്കാൾ വ്യാപനതോത് കൂടുകയാണു സ്തനാർബുദത്തിന്. വിദ്യാഭ്യാസം, വ്യക്തിശുചിത്വം, കാൻസർ അവബോധം, ഒൻപതു വയസ്സിനും ഇരുപത്തിയെട്ടു വയസ്സിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾക്ക് എടുക്കാവുന്ന പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയ ഘടകങ്ങൾ സ്ത്രീകൾക്കിടയിലെ ഗർഭാശയ കാൻസർ ഒരുപരിധി വരെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എന്നാൽ സ്തനാർബുദം ഇപ്പോഴും വെല്ലുവിളി തന്നെയാണ്.

സ്തനാർബുദം വർധിക്കാൻ എന്താകും കാരണം ?

പ്രത്യക്ഷത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നു ഹോർമോൺ വ്യതിയാനമാണ്. മുൻപു പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന പ്രായം 15 വയസ്സു മുതൽ മുകളിലോട്ടായിരുന്നു. ആർത്തവവിരാമം നാൽപത്തിയഞ്ചിനും അമ്പതിനും ഇടയ്ക്കും. 

എന്നാലിപ്പോൾ എട്ടു വയസ്സു മുതൽ പെൺകുട്ടികൾ ആർത്തവാരംഭത്തിനുള്ള പ്രവണതകൾ കാണിക്കുന്നു. ആർത്തവവിരാമം നടക്കുന്നത് ഏകദേശം അമ്പത്തിയഞ്ചു വയസ്സു മുതൽ മുകളിലും. അതായതു സ്ത്രീകളുടെ ആർത്തവസമയത്തിന് ഏകദേശം പതിനഞ്ചു മുതൽ ഇരുപതു വർഷം വരെ വ്യത്യാസം ഉണ്ടായിരിക്കുന്നു. ഇതു സ്ത്രീശരീരത്തിൽ ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനം വളരെ കൂടുതൽ ആണ്. ആർത്തവകാലം നീണ്ടുനിൽക്കുന്നതു ചില രോഗങ്ങളുടെ പ്രതിരോധത്തിനു നല്ലതാണെങ്കിലും ഹോർമോൺ വ്യതിയാനം കാൻസറിനു കാരണമാകാം.

Tags:
  • Health Tips
  • Glam Up