Thursday 02 February 2023 04:28 PM IST : By സ്വന്തം ലേഖകൻ

സന്ധികളിൽ എപ്പോഴും വേദന, നിങ്ങൾക്ക് വൈറ്റമിൻ ഡി അപാകതയുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

vitaminnndddd

വൈറ്റമിൻ ഡിയാണ് നമ്മുടെ എല്ലിന്റെയും പല്ലിന്റെയും ഒക്കെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രധാന ഘടകമായ കാൽസ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത്. അതു കൊണ്ട് തന്നെ വൈറ്റമിൻ ഡി കുറയുമ്പോൾ നമ്മുടെ ഭക്ഷണത്തിലൂടെയുള്ള കാൽസ്യത്തിന്റെ ആഗിരണം കുറയ്ക്കും. അങ്ങനെ വരുമ്പോൾ എല്ലിലും പല്ലിലും ഒക്കെയുള്ള സൂക്ഷിച്ചിട്ടുള്ള കാൽഷ്യം ശരീരം മെല്ലെ മെല്ലെ ഉപയോഗിച്ച് തീർക്കും. ഫലമോ എല്ലുകൾക്കും പല്ലുകൾക്കും തെയ്മാനം! 

രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തുന്നതിലും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ഒക്കെ വൈറ്റമിൻ ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ റിക്കറ്റ്സ് പോലുള്ള അസുഖങ്ങളും മുതിർന്നവരിൽ എല്ലിന്റെ തെയ്മാനവും ബലക്കുറവും ഒക്കെ വരാം.

ലക്ഷണങ്ങള്‍

joint-painnn55677

∙ എല്ലുകൾക്ക് ബലക്കുറവ്. അധികം പ്രായമാകാത്തവർക്ക് നിരന്തരമായി കഴുത്ത് വേദന വരുന്നെങ്കിൽ അതൊരു ലക്ഷണമാകാം. പ്രധാനമായി കൈകലിലേക്ക് അരിച്ചിറങ്ങുന്നതു പോലുള്ള കഴുത്ത് വേദന.

∙ വലിയ ആഘാതമുണ്ടാക്കാന്‍ സാധ്യതയില്ലാത്ത ചെറിയൊരു വീഴ്ചയിൽ വരെ എല്ലിന് പൊട്ടൽ വരുക.

∙ സന്ധികളിൽ എപ്പോഴും വേദന അനുഭവപ്പെടുക.

∙ നട്ടെല്ലിനും നടുവിനും വേദന തോന്നുക.

∙ നടക്കുമ്പോഴോ ഓടുമ്പോഴോ ഒക്കെ എല്ലിന് ബലക്കുറവുണ്ടെന്ന് തോന്നുക.

∙ മുട്ടുകൾക്ക് തെയ്മാനം തോന്നുക, കുഴതെന്നുന്ന പോലെയോ മറ്റോ തോന്നുക, നടക്കുമ്പോൾ ശബ്ദം വരിക.

∙ ഇടുപ്പിനൊക്കെ വേദന അനുഭവപ്പെടുക.

∙ പല്ലിന് ബലക്കുറവ്, ആട്ടം.

∙ അസുഖങ്ങൾ എളുപ്പത്തിൽ വരിക.

∙ മുടി കൊഴിച്ചിൽ, തളർച്ച, ക്ഷീണം എന്നിവ കൂടുക.

രക്ത പരിശോധനയിലൂടെയാണ് വൈറ്റമിൻ ഡിയുടെ കുറവ് ശരിക്ക് കണ്ടുപിടിക്കാൻ കഴിയുക. ലക്ഷണങ്ങൾ കണ്ടാൽ വച്ച് താമസിപ്പിക്കാതെ ഡോക്ടറുടെ സഹായം തേടാം. ചിലർക്ക് സൂര്യപ്രകാശവും ഡയറ്റിലെ മാറ്റങ്ങളും കൊണ്ട് പ്രശ്നം പരിഹരിക്കാം. തീവ്രത കൂടുന്നതിനനുസരിച്ച് സപ്ലിമെന്റ്സോ മരുന്നോ ഒക്കെ വേണ്ടിവരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൂര്യപ്രകാശം ചർമ്മത്തില്‍ കൊള്ളുമ്പോൾ അതിലെ അൾട്രാവയലറ്റ് കിരണങ്ങൾ കാരണമുള്ള ചില രാസപ്രകിയകളാണ് വൈറ്റമിൻ ഡി ഉണ്ടാക്കുന്നത്. അതിനായി കൃത്യമായ അളവിൽ സൂര്യപ്രകാശം കിട്ടിയേ തീരൂ. 5–10 മിനിറ്റ് എങ്കിലും ദിവസവും സൂര്യപ്രകാശം ഏൽക്കാൻ ശ്രദ്ധിക്കാം. പകൽ ഒൻപത് മണി വരെയുള്ള വെയിൽ കൊള്ളാൻ ശ്രദ്ധിക്കുക. അതുപോലെ വൈകുന്നേരം അഞ്ചു മണി തൊട്ടുള്ള വെയിൽ കൊള്ളാനും ശ്രമിക്കുക. നട്ടുച്ചയ്ക്കുള്ള വെയിൽ കൊള്ളുന്നത് കഴിവതും ഒഴിവാക്കുക. 

വീട്ടിന് മുന്നിലോ ബാൽക്കണിയിലോ നിന്ന് വെയിൽ കൊള്ളാം. അവിടെ നിന്ന് വ്യായാമം, യോഗ തുടങ്ങിയവ ചെയ്യുന്നതും ശീലിക്കാം. വെയിലും കിട്ടും വ്യായാമവും ആകും. സൂര്യാഘാതം ഏൽക്കാത്ത തരത്തിൽ വേണം ഇത് ക്രമീകരിക്കാൻ. ചുട്ടുപോള്ളുന്ന വെയിലത്ത് പോയി നിന്ന് മറ്റ് അപകടങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Tags:
  • Health Tips
  • Glam Up