വേണോ വേണ്ടയോ എന്നു സംശയം ? ഉപയോഗിച്ചാൽ വേണ്ട ഫലം ലഭിക്കുമോ? ഇനി ലഭിക്കുന്നതു പാർശ്വഫലങ്ങളാകുമോ എന്ന് ആശങ്ക. സോഷ്യൽ മീഡിയയിലെ പല സൗന്ദര്യമന്ത്രങ്ങളും നമ്മുടെ മനസ്സിലേക്ക് പോസ്റ്റ് ചെയ്യുന്നതു പല ചോദ്യങ്ങളാണ്.
ഓരോ സമയത്തും വൈറലാകുന്ന ബ്യൂട്ടി ട്രെൻഡുകൾക്കു പിന്നാലെ ഒന്നും ചിന്തിക്കാതെ പായുന്നവരുമുണ്ട്. ഇത്തരത്തിൽ കണ്ടും കേട്ടും വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ചില ബ്യൂട്ടി ഹാക്കുകളെ കുറിച്ചു വിദഗ്ധർക്ക് എന്താണു പറയാനുള്ളതെന്ന് അറിയാം.
ABC ജ്യൂസ് അഴക് കൂട്ടുമോ?
ആദ്യം എബിസി ജ്യൂസിലെ ചേരുവകൾ നോക്കാം. വൈറ്റമിൻ സി, ബി കോംപ്ലക്സ്, പൊട്ടാസ്യം എന്നിവ നിറഞ്ഞ ആപ്പിൾ, ഫോളേറ്റ്, വൈറ്റമിൻ സി, മാംഗനീസ്, അയൺ എന്നിവയാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ട്, വൈറ്റമിൻ എ, കെ, ബയോട്ടിൻ എന്നിവയങ്ങിയ കാരറ്റ് ഇവ മൂന്നും ചേർന്നതാണ് എബിസി ജ്യൂസ്.
ആന്റി ഓക്സിഡന്റുകളാലും നാരുകളാലും സമ്പുഷ്ടമാണ് ഇത്. ഹൃദയാരോഗ്യം, പ്രതിരോധശക്തി, ദഹനം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താന്‍ എബിസി ജ്യൂസ് സഹായിക്കും.
ചർമത്തിനുമുണ്ട് ഗുണങ്ങൾ. ശരീരത്തിലെ മാലിന്യങ്ങൾ നീക്കാൻ കരളിനെ സഹായിക്കുന്ന ഡീടോക്സിഫൈയിങ് ഡ്രിങ്ക് ആണ് എബിസി ജ്യൂസ്. ചർമത്തിന്റെ ഭംഗിക്കും തിളക്കത്തിനും ഡീടോക്സിഫൈയിങ് വളരെ നല്ലതാണ്.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന, പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ തടയുന്ന പോഷകങ്ങളും എബിസി ജ്യൂസിൽ ചേർന്നിട്ടുണ്ട്. അതിനാൽ ചർമം സുന്ദരമാക്കാൻ കൊതി ക്കുന്നവർ എബിസി ജ്യൂസിനെ കൂട്ടുപിടിക്കുന്നതു നല്ലതാണ്.
ആഴ്ചയിൽ മൂന്നു തവണ എബിസി ജ്യൂസ് കൂടി ആഹാരശീലത്തിൽ ഉൾപ്പെടുത്താം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്,
കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ബ്യൂ എസ്തെറ്റിക്ക, കൊച്ചി