ആറു മാസം വരെ കുഞ്ഞിനു മുലപ്പാൽ മാത്രം നല്കിയാല് മതി. ആറു മാസമാകുമ്പോൾ കട്ടിയാഹാരം കഴിക്കുവാൻ കുഞ്ഞിനെ പരിശീലിപ്പിക്കണം. കുഞ്ഞുങ്ങളുടെ ശരീരപുഷ്ടിക്കും ആരോഗ്യത്തിനും കുറുക്കു കൊടുക്കുന്നത് വളരെ നല്ലതാണ്. ആദ്യമായി ധാന്യങ്ങൾ, കൂവരക്, അരി, ഗോതമ്പ് എന്നിവ നൽകാം. ശേഷം ക്രമേണ രണ്ടു ഭാഗം ധാന്യത്തിന് ഒരു ഭാഗം പയറുവർഗം, (ചെറുപയർ, ഉഴുന്ന്, സോയബീന്‍, കടല) എന്നിവ ചേർത്ത് നൽകണം. പുതിയ ആഹാരപദാർഥങ്ങള്‍ രാവിലെ നൽകി തുടങ്ങണം. പരിചയിച്ചവ വൈകുന്നേരത്തേക്കു മാറ്റാം. കുഞ്ഞുങ്ങളെ കുറുക്കു കഴിപ്പിക്കാൻ ചില കുറുക്കുവഴികള്‍ ഇതാ..
∙ ഒരു ധാന്യം കൊണ്ടുള്ള കുറുക്ക് വേണം കുഞ്ഞിന് ആദ്യം നൽകാൻ. റാഗി ചതച്ചു തെളിയെടുത്തു ശര്‍ക്കര ചേര്‍ത്തു കാച്ചിയെടുത്താൽ കുഞ്ഞിന്റെ വിശപ്പു മാറുമെന്നു മാത്രമല്ല, ആവശ്യത്തിനു കാത്സ്യവും ഇരുമ്പും കിട്ടും.
∙ കിഴങ്ങു വർഗങ്ങളിൽ നിന്നു കിട്ടുന്ന അന്നജം കുഞ്ഞിനു നല്ലതാണ്. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ നന്നായി വേവിച്ചുടച്ചു നല്‍കാം. വേണമെങ്കില്‍ പച്ചക്കറികളോ ചെറുപയറോ ചേര്‍ത്തും ഇവ വേവിക്കാം.
∙ കുഞ്ഞിനു ഭാരക്കുറവുണ്ടെന്നു ഡോക്ടര്‍ പറഞ്ഞെങ്കില്‍ മാത്രം തയാറാക്കുന്ന കുറുക്കിൽ രണ്ടുതുള്ളി ശുദ്ധമായ നെയ്യ് ചേര്‍ക്കാം. മധുരത്തിനു ശര്‍ക്കരയോ കല്ക്കണ്ടമോ ആണു നല്ലത്. അണ്ടിപ്പരിപ്പോ നിലക്കടലയോ പൊടിച്ചതും അൽപം കുറുക്കിൽ ചേര്‍ക്കാം. ആഴ്ചയില്‍ ഒന്നോ ര ണ്ടോ തവണ മതിയാകും ഇത്.
∙ വീട്ടിലുണ്ടായ പഴങ്ങള്‍ കൈ കൊണ്ടുടച്ചു നൽകാം. മിക്സിയില്‍ അരച്ചുകൊടുക്കുന്നതിനേക്കാൾ കുഞ്ഞിനു തനതു രുചി കിട്ടുന്നത് ഇങ്ങനെ ചവച്ചു കഴിക്കുമ്പോഴാണ്. സമയാസമയത്തു പാകം ചെയ്തെടുക്കുന്ന ഭക്ഷണം ഇളം ചൂടോടെ നൽകുന്നതാണു കുഞ്ഞിനു നല്ലത്.