ചുവന്നു തുടുത്ത അധരങ്ങളുടെ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. ഇനി ചുവന്ന അധരങ്ങള്‍ക്കായി ലിപ്സ്റ്റിക്കുകളെ ആശ്രയിക്കേണ്ടതില്ല. ആരും കൊതിക്കുന്ന ചെഞ്ചുണ്ടുകൾ സ്വന്തമാക്കാന്‍ വീട്ടിൽ ചെയ്യാവുന്ന സിമ്പിള്‍ ടിപ്സ് ഇതാ..
സ്ക്രബ്
ആഴ്ചയിലൊരിക്കൽ നാച്ചുറൽ ലിപ് സ്ക്രബർ ഉപയോഗിക്കുന്നത് ചുണ്ടുകൾക്കു നല്ലതാണ്. ഇതുവഴി തൊലിയ്ക്കകത്തെ മൃതകോശങ്ങൾ ഇല്ലാതാവുകയും ചുണ്ടുകൾ മിനുസമുള്ളതാവുകയും ചെയ്യും. ഏതാനും തുള്ളി ഒലിവ് എണ്ണയിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേര്‍ത്ത് മസാജ് ചെയ്യാം. കഴുകി കളഞ്ഞതിനു ശേഷം വെണ്ണയോ ലിപ് മോയ്സ്ചറൈസറോ ഇടാം.
നാരങ്ങ
കറുത്ത പാടുകളും മറുകുകളും നീക്കാൻ ഉത്തമമാണ് നാരങ്ങ. നാരങ്ങയിലെ ഘടകങ്ങള്‍ കറുത്ത ചുണ്ടുകളെ മാറ്റി തിളക്കമുള്ളതാക്കും. ദിവസവും കിടക്കാൻ പോകുന്നതിനു മുന്‍പ് നാരങ്ങാനീരു ചുണ്ടിൽ പുരട്ടാം. മാസങ്ങൾക്കുള്ളിൽ മികച്ച ഫലം ലഭിക്കും. അതുമല്ലെങ്കിൽ ഒരു കഷ്ണം നാരങ്ങയെടുത്ത് അതിനു മുകളിൽ പഞ്ചസാര തൂവി ചുണ്ടിൽ സ്ക്രബ് ചെയ്യാം. ഇതും പെട്ടെന്നു ഫലം ചെയ്യും.
ബീറ്റ്റൂട്ട്
ചുവന്നു തുടുത്ത അധരങ്ങൾക്കായി മറ്റൊരു ഉത്തമ മാര്‍ഗമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിലെ പ്രകൃതിദത്തമായ ബ്ലീച്ചിങ് ഘടകങ്ങൾ ചുണ്ടിലെ കറുത്ത നിറം ഇല്ലാതാക്കും. എന്നും കിടക്കുന്നതിനു തൊട്ടു മുന്‍പായി ബീറ്റ്റൂട്ട് നീര് ചുണ്ടിൽ പുരട്ടാം. അടുത്ത ദിവസം കഴുകിക്കളയുക. ബീറ്റ്റൂട്ടിലെ ചുവപ്പു നിറമുള്ള നീര് ചുണ്ടുകൾക്കു നിറം പകരും. കാരറ്റ് ജ്യൂസും ബീറ്റ്റൂട്ട് ജ്യൂസും മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടി പത്തു മിനുറ്റോളം മസാജ് ചെയ്ത് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയുന്നതും ചുണ്ടുകൾക്കു ചുവപ്പുനിറം നൽകും.