മേക്കപ് മികച്ചതാകണമെങ്കിൽ അതിനു മുൻപ് വേണം ‘സ്കിൻ പ്രിപറേഷൻ’.
പ്രിപറേഷന് അഞ്ചു കാര്യങ്ങൾ
ഏതു ചർമപ്രകൃതമുള്ളവരിലും ക്ലെൻസർ, ടോണർ, മോയിസ്ചറൈസർ, പ്രൈമർ, ഫെയ്സ് സീറം എന്നീ അഞ്ചു പ്രൊഡക്ട്സ് ആണ് മേക്കപ്പിന് മുൻപ് മുഖ ചർമം തയാറാക്കാനായി ഉപയോഗിക്കുന്നത്. ചർമത്തിന്റെ സ്വഭാവം അനുസരിച്ച് ഇവ തിരഞ്ഞെടുക്കണം. വാട്ടർ ബേസ്ഡ് ആയും ഓയിൽ ബേസ്ഡ് ആയും ചർമം തയാറാക്കാനുള്ള ഈ അഞ്ചു ഉൽപന്നങ്ങളും ലഭിക്കും.

ഐസ് കൊണ്ടൊരു മസാജ്
ചർമത്തെ മേക്കപ്പിനായി ഒരുക്കുമ്പോൾ ആദ്യമായി ചെയ്യേണ്ടത്, ഒരു തൂവാലയിൽ ഐസ് ക്യൂബ് ഇട്ട് മു ഖം മുഴുവൻ മൃദുവായി മസാജ് ചെയ്യുകയാണ്. ഒരു ക്യൂബ് തീരുമ്പോൾ അടുത്തത് എടുക്കാം. 10 മുതൽ 15 മിനിറ്റ് വരെ ഇത്തരത്തിൽ മസാജ് ചെയ്യണം. മുഖത്തും ചുണ്ടുകളിലും ഉള്ള നീർക്കെട്ട് കുറഞ്ഞ് ചർമം നനവാർന്ന് മൃദുവാകാനും മേക്കപ് ശരിയായി ചർമത്തിൽ ബ്ലെൻഡ് ആകാനും ഇത് സഹായകമാണ്.
കൺതടങ്ങളിൽ കറുപ്പുണ്ടോ?
കണ്ണിനു താഴെ കറുപ്പുള്ളവർക്കായി അണ്ടർ ഐ മാസ്ക് ലഭ്യമാണ്. അലോവേര, റോസ് വാട്ടർ, സ്ട്രോബെറി തുടങ്ങിയ ഗുണങ്ങളോടെ ഇവ ലഭിക്കും. കണ്ണിനു താഴെ കറുപ്പുണ്ടെങ്കിൽ അണ്ടർ ഐ മാസ്ക് ഇട്ട ശേഷമേ മേക്കപ് പ്രിപ്പറേഷൻ തുടങ്ങാവൂ. അതിനു ശേഷം ക്ലെൻസറും ടോണറും ഉപയോഗിക്കാം.

സൗന്ദര്യ ചികിത്സ നേരത്തേ വേണം
മുഖത്തെ കൂടുതൽ സുന്ദരമാക്കാൻ ചെയ്യുന്ന ഫേഷ്യൽ, വാക്സിങ് തുടങ്ങിയവയും ചിലർക്ക് മുഖക്കുരു, അലർജി എന്നിവ ഉണ്ടാക്കാറുണ്ട്. മേക്കപ് അണിയേണ്ട, ആഘോഷ ദിവസത്തിന് തൊട്ടു മുൻപ് ഇത്തരം ബ്യൂട്ടി ട്രീറ്റ്മെന്റ് ചെയ്യുന്നത് ഒഴിവാക്കുക. വിദഗ്ധരുടെ അടുത്തു നിന്നു മാത്രം ബ്യൂട്ടി ട്രീറ്റ്മെന്റ്സ് സ്വീകരിക്കുക. സ്ഥിരമായി മാസ്ക് ധരിക്കുന്നത് മൂലം മുഖക്കുരു ഉണ്ടാകുന്നെങ്കിൽ മൃദുവായ കോട്ടൻ തുണികൊണ്ട് ഉണ്ടാക്കിയ മാസ്ക് മാത്രം ധരിക്കുക.