Monday 07 November 2022 03:24 PM IST

അമിത വിയർപ്പ് നിയന്ത്രിക്കാം, കക്ഷങ്ങളിലെ കറുപ്പുനിറം മാറ്റാം; കോസ്മറ്റിക് ട്രീറ്റ്മെന്റിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

Ammu Joas

Sub Editor

shutterstock_468657560

മുഖം വെളുപ്പിക്കൽ അല്ല സൗന്ദര്യം കൂട്ടാനുള്ള മാർഗമെന്ന് യൂത്ത് തിരിച്ചറിഞ്ഞു. സ്വന്തം ചർമഭംഗി തനിമയോടെ കാത്തുസൂക്ഷിക്കുന്നതിനാണ് ഭൂരിപക്ഷവും മുൻഗണന നൽകുന്നത്. ഏതു ചർമക്കാർക്കും അവരുടെ നിറത്തിനും സ്കിൻ ടെക്സ്ചറിനും യോജിച്ച കോസ്മറ്റിക് ട്രീറ്റ്മെന്റ് ഉള്ള കാലമാണിത്. ലേസർ ആണ് അക്കൂട്ടത്തിലെ സൂപ്പർസ്റ്റാർ.

കക്ഷത്തിലെ കറുപ്പ് മാറ്റാം

മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് കക്ഷങ്ങളിലെ കറുപ്പുനിറം. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇതു കൂടുതൽ കാണുക. അമിതവണ്ണം, പ്രമേഹം, ഹോർമോൺ വ്യത്യാസങ്ങൾ, ചില ഡിയോഡറന്റുകളുടെ ഉപയോഗം, അമിതമായ വിയർപ്പ്, മൃതകോശങ്ങൾ, ചില രോഗങ്ങൾ, ഷേവിങ് മൂലവും വസ്ത്രങ്ങൾ ഉരസിയുമുണ്ടാകുന്ന ഫ്രിക്‌ഷൻ എന്നിവയൊക്കെ കക്ഷത്തിലെ കറുപ്പിന് കാരണമാകാം.

ഗ്ലോകോളിക് ആസിഡ്, അസലൈക് ആസിഡ്, റെറ്റിനോൾ, ഹൈഡ്രോക്വിനോൺ തുടങ്ങിയവ അടങ്ങിയ ടോപ്പിക്കൽ ക്രീമും ലോഷനും പുരട്ടുക വഴി ഇരുണ്ടനിറം കുറയ്ക്കാനാകും. കെമിക്കൽ പീലിങ്, ലേസർ ട്രീറ്റ്മെന്റ്, അമിത വിയർപ്പ് നിയന്ത്രിക്കാനുള്ള ബോട്ടോക്സ് തുടങ്ങിയ കോസ്മെറ്റിക് ചികിത്സകളും ഫലപ്രദമാണ്. 

രോമങ്ങള്‍ നീക്കാനുള്ള ലേസർ ട്രീറ്റ്മെന്റ് ചെയ്താൽ ഷേവ് ചെയ്തോ വാക്സ് ചെയ്തോ കക്ഷത്തിലെ രോമം നീക്കേണ്ടി വരില്ല. ഇതിലൂടെ കക്ഷത്തിൽ ഏൽക്കാവുന്ന ഫ്രിക്‌ഷൻ കുറയ്ക്കാനും ഇരുണ്ടനിറം വരാതെ കാക്കാനും കഴിയും.

മുറിവിന്റെ പാടുകളും സ്ട്രെച് മാർക്സും

കുട്ടിക്കാലത്തുണ്ടായ മുറിവിന്റെ പാടുകൾ മുതിർന്നാലും മായാതെ കിടക്കും. ഏതു തരം മുറിവാണെന്നു മനസ്സിലാക്കി അതനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. കുഴിഞ്ഞ മുറിപ്പാടുകൾക്കും തിണർത്ത പാടുകൾക്കും ഇരുണ്ടിരിക്കുന്നവയ്ക്കുമൊക്കെ ചികിത്സ വ്യത്യസ്തമാണ്. പൾസ്ഡ് ഡൈലേസർ, 1450 എൻഎം ഡയോഡ് ലേസർ തുടങ്ങിയവ മുറിപ്പാടിന്റെ സ്വഭാവമനുസരിച്ച് നൽകും.   

ഇത്തരം പാടുകൾ പൂർണമായി മാറ്റാൻ കഴിയില്ലെങ്കിലും ശരീരത്തിലെ സ്കിൻ ടോണിനോട് ചേരുവിധം  കാഴ്ചയിൽ തിരിച്ചറിയാതാക്കാൻ കഴിയും.  സ്ട്രെച്ച് മാർക്സിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ഒരിക്കൽ വന്നു കഴിഞ്ഞാൽ പൂർണമായി മാറ്റാനാകില്ല. മുഖത്തെയും ശരീരത്തിലെയും മറുകുകളും ലേസർ ചികിത്സയിലൂടെ മായ്ക്കാനാകും. ടാറ്റൂ മായ്ക്കാനും ലേസർ ചികിത്സയുണ്ട്.

Tags:
  • Glam Up
  • Beauty Tips