നാവിൽ കൊതിയൂറുന്ന, ആരും അലിഞ്ഞു പോകുന്ന ഡാർക്ക് ചോക്‌ലെറ്റ് സൗന്ദര്യസംരംക്ഷണത്തിന്റെ ഭാഗമാക്കിയാൽ ഗുണങ്ങൾ പലതാണ്. ഡാർക്ക് ചോക്‌ലെറ്റിലുള്ള ഫ്ലവനോൾസ് സൂര്യാതപത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കും. ചർമത്തിലെ രക്തയോട്ടം കൂടാനും ഈർപ്പം സംരംക്ഷിക്കാനും ഇതു സഹായിക്കും. കൊക്കോ സോളിഡ്സ്, കൊക്കോ ബട്ടർ, പഞ്ചസാര എന്നിവ ചേർത്താണ് ഡാർക്ക് ചോക്‌ലെറ്റ് ഉണ്ടാക്കുന്നത്.
മുടിയിഴകൾക്കു കരുത്തേകാൻ
ശിരോചർമത്തിലേക്കു കൂടുതൽ പോഷകങ്ങൾ എത്താൻ ഡാർക്ക് ചോക്‌ലെറ്റിലുള്ള ധാതുക്കൾ സഹായിക്കും. മുടിയിഴകൾക്കു ശക്തിയും ബലവും വർധിച്ച് വളർച്ച ത്വരിതപ്പെടുകയും ചെയ്യും. മാത്രമല്ല, ശിരോചർമത്തിലെ അണുബാധ തടയാനും ഡാർക്ക് ചോക്‌ലെറ്റ് സഹായകമാണ്.
∙ ഒരു വാഴപ്പഴം ഉടച്ചെടുത്തതിൽ മൂന്ന്–നാലു കഷണം ഡാർക്ക് ചോക്‌ലെറ്റ് ഉരുക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ തേൻ കൂടി ചേർക്കണം. മിശ്രിതത്തിന്റെ ചൂടാറിയ ശേഷം ശിരോചർമത്തിൽ പുരളാതെ മുടിയിഴകളിൽ തേച്ചു പിടിപ്പിക്കൂ. ക്ലിങ് ഫിലിം ഉപയോഗിച്ചു മുടി പൊതിയാം. അരമണിക്കൂർ കഴിഞ്ഞു കഴുകിക്കളയണം.
കരിവാളിപ്പ് അകറ്റാം
സൂര്യപ്രകാശമേറ്റു ചർമത്തിലുണ്ടാകുന്ന കരിവാളിപ്പ് അകറ്റാൻ ഡാർക്ക് ചോക്‌ലെറ്റ് സ്ക്രബ് ഉപയോഗിക്കാം.
∙ ഡാർക്ക് ചോക്‌ലെറ്റ് അൽപം ഉരുക്കിയെടുക്കുക. ഇതിലേക്കു കോഫി പൗഡറും പാൽപ്പാടയും ചേർത്തു കട്ടിയുള്ള കുഴമ്പാക്കുക. കരുവാളിപ്പു ബാധിച്ച ഭാഗങ്ങളിലെല്ലാം പുരട്ടി അഞ്ച് – പത്തു മിനിറ്റ് കഴിഞ്ഞു കൈ കൊണ്ടോ ലൂഫ ഉപയോഗിച്ചോ മസാജ് ചെയ്തു കഴുകിക്കളയാം. എക്സ്‌ഫോളിയേറ്റിങ് ഗ്ലൗസ് ഉപയോഗിച്ചു മസാജ് ചെയ്താൽ സലൂണിൽ സ്പാ ചെയ്യുന്നതു പോലെ മൃതചർമം മുഴുവനായി മാറും.
ചർമത്തിലെ ചുളിവുകൾ തടയാം
ചർമത്തിലെ കൊളാജനു ശക്തി നൽകാനും രക്തയോട്ടം വർധിപ്പിക്കാനും ജലാംശം നിലനിർത്താനും ഡാർക്ക് ചോക്‌ലെറ്റ് നല്ലതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള അയൺ, സിങ്ക് എന്നീ ധാതുക്കൾ ചർമത്തിലെ കോശവളർച്ച വേഗത്തിലാക്കുന്നു. ഇതിലൂടെ പഴയ ചർമകോശങ്ങൾ മാറി പുതിയ ചർമം ലഭിക്കും.
∙ ഉരുക്കിയെടുത്ത ഡാർക്ക് ചോക്‌ലെറ്റിൽ പാൽ, പൊടിച്ച പഞ്ചസാര എന്നിവ ഒരുമിച്ചോ ഇവയിലേതെങ്കിലും ഒന്നു മാത്രമോ ചേർത്തു പുരട്ടാം. ഉണങ്ങി വരണ്ടു പോകും മുൻപ് കഴുകിക്കളയണം.