Monday 02 September 2024 04:10 PM IST : By സ്വന്തം ലേഖകൻ

‘ഉലുവയ്ക്കൊപ്പം അൽപം ഒലിവെണ്ണ ചേര്‍ത്തു പുരട്ടാം’; മുഖം തിളങ്ങാന്‍ ആയുർവേദം, സിമ്പിള്‍ ടിപ്സ് ഇതാ..

hair-growth678

നമുക്കു പരിചിതമായ ഔഷധങ്ങളും, വീട്ടിലും തൊടിയിലും ലഭ്യമായ ആയുർവേദ മരുന്നുകളും ഉപയോഗിച്ചു തന്നെ മുഖസൗന്ദര്യം സംരക്ഷിക്കാൻ നിരവധി മാർഗങ്ങളുണ്ട്.

മുഖകാന്തിക്ക് ആയുർവേദം

∙ ഉലുവ കുതിർത്ത് അരച്ച് അൽപം ഒലിവെണ്ണ ചേർത്ത് അരച്ച് മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ചുളിവുകൾ വീഴുന്നത് തടയാം.

∙ കുങ്കുമാദി തൈലം മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകാം. മുഖത്തെ കറുപ്പു നിറം മാറും.

∙ ഏലാദി വെളിച്ചെണ്ണ ദിവസവും മുഖത്തു പുരട്ടാം മുഖത്തിന് നിറവും മാർദ്ദവവും കൂടും.

∙ പച്ചമഞ്ഞൾ നേർമയായി അരച്ച് മുഖത്തു പുരട്ടിയാൽ മുഖക്കുരു മാറി മുഖകാന്തി വർധിക്കും.

∙ രാമച്ചം, കസ്തൂരി മഞ്ഞൾ എന്നിവ ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തിൽ ചാലിച്ച് മുഖത്തുപുരട്ടുക.

മുഖക്കുരുവിന് ഹെർബൽ സ്റ്റീം

മുഖക്കുരു വരാതിരിക്കാനും വന്നാൽ തടയാനും ഏറ്റവും ഫലപ്രദമായ പരിചരണമാണു മുഖത്ത് ആവികൊള്ളൽ. വേപ്പില, മഞ്ഞൾ എന്നിവയിട്ട് വെള്ളം തിളപ്പിച്ചതിനുശേഷം കണ്ണുകൾ നന്നായി തുണികൊണ്ടു കെട്ടി മുഖത്തും നെറ്റിക്കും കഴുത്തിനും ആവി കൊള്ളിക്കാവുന്നതാണ്. പത്ത് മുതൽ പതിനഞ്ചു മിനിറ്റു വരെ മുഖത്ത് ആവി കൊള്ളിക്കണം. അപ്പോൾ ത്വക്കിലെ സുഷിരങ്ങൾ തുറന്ന് അതിലൂടെ വിസർജ്യവസ്തുക്കൾ പുറത്തേക്കു പോകുന്നു.

ആവി കൊണ്ടതിനുശേഷം മുഖം നന്നായി തുടച്ച് ഏലാദിചൂർണം തെളിമോരിൽ ചേർത്തു ലേപനമാക്കി മുഖത്തും നെറ്റിക്കും കഴുത്തിനും ഇടുക. മുപ്പതു മിനിറ്റു കഴിഞ്ഞാൽ ചെറുചൂട് വെള്ളത്തിൽ കഴുകിക്കളയണം.

പച്ചമഞ്ഞൾ, ആര്യവേപ്പില- കിഴി

പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ച് ഒരു ചെറിയ തുണിക്കഷണത്തിൽ, കിഴികെട്ടിയിട്ടു കുറച്ചു വെള്ളം ചൂടാക്കി കിഴിവെള്ളത്തിൽ മുക്കി മുഖക്കുരുവുള്ള പ്രദേശം വിയർപ്പിക്കണം. അതിനുശേഷം തുടച്ചു നിംബഹരിദ്രാദിചൂർണം മോരിലോ, വെള്ളത്തിലോ ചാലിച്ചു ലേപനം ചെയ്യുക. മുപ്പതു മിനിറ്റു കഴിഞ്ഞാൽ വെള്ളം കൊണ്ടു കഴുകി തുടയ്ക്കുക.

മുഖക്കുരുവിന്റെ പാടിന്

ചെറുപയർ വെയിലത്തുണക്കി നേർമയായി പൊടിച്ചെടുക്കുക. ഒരു ചെറിയ കഷണം കസ്തൂരിമഞ്ഞൾ അരച്ചെടുത്തതും ഈ ചെറുപയർപൊടിയും പശുവിൻപാലിന്റെ പാടയിൽ കുഴച്ചു മുഖത്തു തേക്കുക. ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.

പഞ്ചഗന്ധചൂർണം പനിനീർവെള്ളത്തിൽ യോജിപ്പിച്ച് മുഖത്തു ലേപനം ഇടുക. അരമണിക്കൂർ കഴിഞ്ഞു കുറച്ചു പച്ചവെള്ളം തളിച്ചു ചെറുതായി മുഖത്തു മസാജ് ചെയ്യുക. (രണ്ട്—മൂന്ന് മിനിറ്റ്) പിന്നീട് കഴുകിക്കളയാവുന്നതാണ്.

കറുത്തപാടിന് കുങ്കുമാദിതൈലം

മാനസിക പിരിമുറുക്കം, ക്രോധം തുടങ്ങിയവ ഉള്ളവരിൽ കണ്ണിനു താഴെയും മുഖത്തും കനത്തോടുകൂടി കറുത്ത നിറത്തിൽ ഉത്ഭവിക്കുന്ന മണ്ഡലങ്ങളാണ് വ്യംഗം, കരിമുഖം എന്നിങ്ങനെ പേരുകളുള്ള കറുത്ത പാട്.

മുഖത്തെ കറുത്തപാടുകൾ മാറി മുഖം തെളിയാൻ കറുത്ത എള്ള്, കരിംജീരകം, കടുക്ക, ജീരകം ഇവ നന്നായി പൊടിച്ചു പാലിൽ ലേപനം ചെയ്യുക.

കുങ്കുമാദിതൈലം പുരട്ടുകയും ഓരോ തുള്ളി രണ്ടു മൂക്കിലും ഇറ്റിക്കുകയും ചെയ്യുക.

∙ നീർമാതളത്തിന്റെ തൊലി പാലിലരച്ചു പുരട്ടാം.

∙ ഉലുവ പാലിലരച്ചു പുരട്ടിയാൽ ഏഴു ദിവസം കൊണ്ടു കരിമുഖം ശമിക്കുന്നു.

Tags:
  • Glam Up
  • Beauty Tips