Friday 26 November 2021 03:22 PM IST : By ശ്യാമ

മുതിര പൊടിച്ചതും കടലപ്പൊടിയും പാലും ചേർത്ത സൂപ്പർ സ്ക്രബ്; വീട്ടിൽ ചെയ്യാവുന്ന 50 സൗന്ദര്യ സംരക്ഷണ ടിപ്‌സുകൾ

horse-gram775578987

സൗന്ദര്യത്തെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട. അഴകോടെ തിളങ്ങാൻ പാർശ്വഫലങ്ങളില്ലാത്ത പ്രതിവിധികളുമായി ആയുർവേദം. വീട്ടിൽ ചെയ്യാവുന്ന 50 സൗന്ദര്യ സംരക്ഷണ ടിപ്സ്. ആയുർവേദത്തിൽ ഉളളി‌ലെ ശുദ്ധിയാണു പുറമേയുളള മോടി പിടിപ്പിക്കലിനെക്കാൾ പ്രധാനം. അതിനു കുറച്ചു മെനക്കെടാനുളള മനസ്സും ക്ഷമയും കൂടിയേ തീരൂ. നിങ്ങളുടെ ശ്രമം പാഴായി പോകില്ല എന്ന ഉറപ്പ് ആയുർവേദം നൽകുന്നു. ഇതു തന്നെയാണ് കെമിക്കലും കൃത്രിമത്വവും മറന്നു പലരും ആയുർവേദത്തിലേക്ക് മടങ്ങാനുളള കാരണം. ശരീരത്തിന്റെ സമ്പൂർണ ആരോഗ്യത്തിനു മുതൽക്കൂട്ടാകുന്ന സൗന്ദര്യ സംരക്ഷണ വഴികൾ ശീലിക്കാം. പ്രകൃതിയുടെ നന്മ നമ്മിലേക്ക് പടരട്ടെ...

പത്തരമാറ്റൊത്ത മുഖകാന്തി

∙ മുഖക്കുരു അകറ്റാൻ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാൻ ബുദ്ധിമുട്ടുളളവർ രക്തചന്ദനം പൊടിച്ച് കുപ്പിയിൽ മുറുക്കി അടച്ച് സൂക്ഷിക്കാ വുന്നതാണ്. അൽപ്പാൽപ്പമായി എടുത്ത് വെളളത്തിൽ ചാലിച്ചു പുരട്ടാം. ഉറങ്ങും മുൻപോ രാവിലെ എഴുന്നേൽക്കുമ്പോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകുക. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വർധിക്കും.

∙ ഉറക്കക്കുറവ് ക്ഷീണം, എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുത്ത് വട്ടം പോലെ വരാം. മുഖക്കുരു കൊണ്ടുളള പാടുകൾ, നഖം തട്ടിയുണ്ടായ കറുപ്പ് നിറം എന്നിവ മുഖസൗന്ദര്യത്തിനു കളങ്കം വരുത്താറുണ്ട്. ഇതിനു പരിഹാരമായി വീട്ടിൽ തയാറാക്കാവുന്ന ആയുർവേദിക്ക് ഫെയ്സ് പായ്ക്ക്. തേൻ ഒരു ചെറിയ സ്പൂൺ, പച്ചമഞ്ഞൾ ഒരു ചെറിയ സ്പൂൺ, ചെറുപയറുപൊടി 50 ഗ്രാം എന്നിവ വെളളം ചേർത്ത് കുഴമ്പു രൂപത്തിലാക്കി ഫെയ്സ്പായ്ക്കാക്കി മുഖത്തിടാം. ഉണങ്ങി കഴിഞ്ഞ് തണുത്ത വെളളം കൊണ്ട് മുഖം കഴുകാം. കണ്ണിനടിയിലെ കറുപ്പു നിറവും മുഖത്തെ കലകളും മാറിക്കിട്ടും.

∙ മൂക്കിന്റെ വശങ്ങളിലും കവിളിലും വരുന്ന വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും സൗന്ദര്യ സംരക്ഷണത്തിൽ ഏറെ വെല്ലു വിളി സൃഷ്ടിക്കുന്നവയാണ്. മുഖം വ‍ൃത്തിയായി സൂക്ഷിക്കാ ത്തതാണ് ഇവയുണ്ടാകാനുളള കാരണം. വൈറ്റ്ഹെഡ്സി നെയും ബ്ലാക് ഹെഡ്സിനെയും തടുക്കാൻ മുതിര നിങ്ങളെ സഹായിക്കും. മുതിര പൊടിച്ചതും കടലപ്പൊടിയും സമം എടുത്ത് അതിൽ അൽപ്പം പാലും ചേർത്ത മിശ്രിതം സ്ക്രബ് ആയിട്ട് ഉപയോഗിക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി.

∙ രാത്രി കിടക്കും മുൻപ് പച്ചമഞ്ഞളരച്ച് കട്ടിയായി മേൽച്ചുണ്ടിൽ പുരട്ടാം. കാലത്തെഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങൾ കൊഴിഞ്ഞു പോകും.

∙ പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖരോമങ്ങൾ കളയാൻ ഉത്തമമാണ്.

∙ കറുത്ത മുന്തിരി നന്നായി കഴുകി ജ്യൂസടിച്ചു വച്ച് അടുത്ത ദിവസം രാവിലെ അതു പുരട്ടി മുഖം കഴുകുക. പാടുകൾ മാറി മുഖം തുടുക്കും.

മുല്ലമൊട്ടായി പല്ലുകൾ

∙ വീട്ടിൽ തന്നെ പൽപ്പൊടി ഉണ്ടാക്കാം. കാവി മണ്ണ്, തൃഫല, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ് ഇത്രയും 50 ശതമാനവും ബാക്കി 50 ശതമാനവും പഴുത്ത മാവില ഉണക്കിപ്പൊടിച്ചതും ചേർത്ത് പൽപ്പൊടി തയാറാക്കി വയ്ക്കാം. പല്ലിനും മോണയ്ക്കും നല്ല ബലം കിട്ടു. കെമിക്കലുകൾ ഉപയോഗിച്ചു വെളു പ്പിക്കുന്നതിനേക്കാൾ ആരോഗ്യപ്രദവുമാണ്.

∙ ഉമിക്കരിയിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്തു പല്ലു തേക്കുന്നതും പല്ലുകൾക്ക് ശക്തി പകരാൻ നല്ലതാണ്.

∙ എന്നും രാത്രി കിടക്കുന്നതിനു മുമ്പ് കുറച്ച് എളളു വായിലിട്ട് രണ്ടു മിനിറ്റു നേരം ചവച്ച് അതിന്റെ നീര് തുപ്പിക്കളയാം. എന്നിട്ടു പല്ലു തേക്കാം. ഇതു രോഗങ്ങൾ അകറ്റി മോണ ബലമുളളതാക്കും.

അധരങ്ങൾ തുടുക്കാൻ 

∙ ഇളം ചൂടുവെളളത്തിൽ അൽപ്പം ഉപ്പിട്ട് അതു കവിൾ കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും.

∙ പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം . പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീങ്ങും.

∙ ചെറുനാരങ്ങാനീരിൽ ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളിൽ പല്ലിന്റെ മഞ്ഞ നിറത്തിൽ മാറ്റം വരും.

∙ ഒരു ചെറിയ സ്പൂൺ എള്ളെണ്ണ കവിൾ‌ കൊളളുക. വായ്നാറ്റം അകലും.

വിയർപ്പു നാറ്റം അകറ്റി നിർത്താം

∙ തുളസിയോ നാൽപ്പാമരമോ ഇട്ട് വെളളം തിളപ്പിച്ചു കുളിക്കാം.

∙ കുളിക്കും മുൻപേ ശരീരത്തിൽ താന്നിക്കാത്തോട് അരച്ചു പുരട്ടുക.

∙ ഒരു ബക്കറ്റ് വെളളത്തിൽ രണ്ടു ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ചിട്ട് കുളിച്ചാൽ വിയർപ്പുനാറ്റം മാറി നല്ല വാസനയുണ്ടാകും.

ആരോഗ്യമുളള നഖം

∙ നല്ലെണ്ണ നഖത്തിൽ പുരട്ടി 10–15 മിനിറ്റു വച്ച ശേഷം ഉപ്പിട്ട ഇളം ചൂടുവെളളത്തിൽ മുക്കി വയ്ക്കുക. അതിനു ശേഷം തണുത്ത വെളളം കൊണ്ടു കഴുകാം. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യാം.

∙ ദുർവാദി തൈലം നഖങ്ങളിൽ പുരട്ടുന്നത് കുഴിനഖം അകറ്റി നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കും.

∙ നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെൺകുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളിൽ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തിൽ നഖം കഴുകാം. ‌

കരുത്തുറ്റ കാർകൂന്തൽ

∙ ചെമ്പരത്തിയിലയും മൈലാഞ്ചിയിലയും തണലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടുകൂടാതെയിരിക്കും. ആഴ്ചയിൽ രണ്ടു ദിവസം ചെയ്താൽ മതി. തലയ്ക്കു നല്ല കുളിർമ കിട്ടും. മുടി തഴച്ചു വളരുകയും ചെയ്യും. നീർക്കെട്ടുളളവർ കുളി കഴിഞ്ഞു രാസ്നാദി പൊടി നെറുകയിൽ തിരുമുക.

beautyy644fhhhbjk

∙ ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. കറുക ചതച്ചിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് പച്ചവെ ളളത്തിൽ മുടി കഴുകാം. കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടും.

∙ ഷാംപൂവിനു പകരം മുടി വൃത്തിയാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്തമായ കൂട്ട്. ചൂടാറിയ കഞ്ഞി വെളളത്തിൽ അൽപ്പം ഉലുവ അരച്ചു ചേർത്തു മുടി കഴുകുന്നത് അഴുക്കു കളയാൻ വളരെ നല്ലതാണ്. ഉലുവ പൊടിച്ചു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. ഉലുവ ചേർക്കുന്നതു കൊണ്ടു കഞ്ഞിവെളളത്തിന്റെ മണം മുടിയിൽ നിൽക്കുകയുമില്ല. ഇത് നന്നായി പതയുന്നതു കാരണം. നല്ലവണ്ണം വെളളമൊഴിച്ചു മുടി കഴുകാൻ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ ചെയ്താൽ താരനും മറ്റു പ്രശ്നങ്ങൾക്കും ശമനം കിട്ടും. കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് അകാലനര അകറ്റുംകറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് അകാലനര അകറ്റും

∙ കുളിക്കുമ്പോൾ ഒരിക്കലും തലയിൽ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.

∙ പേൻ ശല്യമുളളവർ കിടക്കും മുൻപ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകൾ വച്ചിട്ട് കിടക്കുക.

∙ ആഴ്ചയിൽ രണ്ടു തവണ കടുകരച്ച് തലയിൽ പുരട്ടി കുളി ക്കുക. താരൻ അകലും.

∙ ചെറുപയർ അരച്ച് തൈരിൽ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.

∙ കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അകാല നര അകറ്റും.

∙ കറ്റാർ വാഴ നീര് ഇരട്ടി വെളിച്ചെണ്ണയിൽ കലർത്തി കാച്ചി പുരട്ടുന്നത് അകാലനര തടയാൻ ഉത്തമമാണ്.

മനോഹര ചർമം

വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്ക റ്റുകളിൽ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല.

∙ പയറു പൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുൻപേ ദേഹമാസകലം എണ്ണതൊട്ടു പുരട്ടിയിട്ട് കുളിക്കുന്നതും നല്ലതാണ്.

∙ എണ്ണമയമുളള ചർമമുളളവർ സോപ്പിനു പകരം കടലമാവ് ഉപയോഗിക്കുക. ഇതും വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഉത്തമം. അധികമുളള എണ്ണമയം മാറി ചർമം സുന്ദരമാകും.

∙ കടലപയറു പൊടിയിൽ മുതിര പൊടിച്ചു ചേർത്ത് ഉപയോഗിക്കുന്നതും ചർമ സംരക്ഷണത്തിനു വളരെ നല്ലതാണ്.

ഒളി മങ്ങാത്ത മിഴിയഴക്

∙ എണ്ണമയമുളള ചർമമുളളവർ ഇടയ്ക്ക് പച്ചവെളളത്തിൽ മുഖം കഴുകുന്നത് ശീലിക്കുക.

∙ വരണ്ട ചർമക്കാർ ധാരാളം വെളളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ ഏലാദി ചൂർണവും കടലമാവോ പയറുപൊടിയോ സമാസമം ചേർത്ത് പുരട്ടി കുളിക്കുന്നത് ചർമത്തിലെ കരുവാളിപ്പ് മാറാനും ശരീരകാന്തി വർധിക്കാനും വളരെ നല്ലതാണ്.

∙ എണ്ണമയമില്ലാത്തതും വരൾച്ച തട്ടാത്തതുമായ സാധാരണ ചർമമുളളവർ മഞ്ഞളും ചെറുപയർ പൊടിയും സമം എടുത്ത് വെളളത്തിൽ ചാലിച്ച് ശരീരത്തിൽ പുരട്ടി മസാജ് ചെയ്ത ശേഷം കുളിക്കാം. ചർമത്തിന്റെ നിറം വർധിക്കും.

തളിർ ചില്ല പോലെ....

∙ വിരലുകളുടെയും നഖത്തിന്റെയും ആരോഗ്യം നോക്കുമ്പോഴും നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നിടമാണ് കൈമുട്ട്. വെളുത്ത കൈകളുളളവരുടെ മുട്ട് മാത്രം കറുത്തിരിക്കുന്നത് അഭംഗിയാണു താനും. പച്ചമഞ്ഞൾ, ചെറുനാരങ്ങാ നീര്, മുതിര പൊടിച്ചത്, മോര് ഇവ ചേർത്തു നല്ലവണ്ണം യോജിപ്പിച്ച് കൈമുട്ടിൽ നന്നായി തിരുമ്മി പിടിപ്പിക്കാം 10 മിനിറ്റിനു ശേഷം പച്ചവെളളത്തിൽ കഴുകുക. കറുപ്പ് നിറം കുറഞ്ഞു വരും.

∙ കാൽ പാദത്തിലെ വിളളലുകൾ ഒളിച്ചു വയ്ക്കാതെ എന്നെന്നേക്കുമായി മായ്ച്ചു കളയാം. കിടക്കും മുമ്പ് കാലുകൾ കഴുകി തുടച്ച് വെണ്ണയോ നെയ്യോ പുരട്ടാം.

∙ കറിവേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് തൈരിൽ ചാലിച്ചു പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെളളത്തിൽ ഉരച്ചു കഴുകിയാൽ വിണ്ടു കീറലും പാടുകളും മാറി പാദങ്ങൾ സുന്ദരമാകും.

∙ പച്ചമഞ്ഞൾ വേപ്പെണ്ണയിൽ ചേർത്ത് അരച്ചു നഖത്തിൽ പുരട്ടിയാൽ കുഴി നഖം മാറി കിട്ടു‌ം.

രക്തചന്ദനവും രാമച്ചവും പനിനീരിൽ അരച്ചു പുരട്ടുന്നത് കൈകാലുകളെ മൃദുലമാക്കും.

ഒളിമങ്ങാത്ത മിഴിയഴക്

∙ പല ഐ പെൻസിലുകളിലും കടകളിൽ നിന്നു വാങ്ങുന്ന കൺമഷികളിലും ഉളള രാസപദാർഥങ്ങൾ കണ്ണിനു പല തരത്തിലുളള അലർജികൾ ഉണ്ടാക്കുന്നുണ്ട്. ഇതൊക്കെ സ്ഥിരമായി കണ്ണെഴുത്തിനുപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. വീട്ടിൽ തന്നെ നമുക്ക് കൺമഷി ഉണ്ടാക്കാം.

പൂവാങ്കുറുന്നൽ ഇടിച്ചു പിഴിഞ്ഞ നീരിൽ തിരിത്തുണി ഏഴു ദിവസം മുക്കി ഉണക്കുക. (രാത്രി മുക്കി വച്ചു രാവിലെ ഉണക്കാം). തിരിത്തുണിയിൽ തെച്ചിപ്പൂവ്, പുളിഞരമ്പ്, തൃഫല എന്നിവ ഉണക്കി പൊടിച്ച് തെറുത്ത് വിളക്കു കത്തിക്കുക. തിരിക്കു മുകളിലായി ഒരു പുതിയ മൺചട്ടി ക്രമീകരിക്കാം. ഒരു രാത്രി മുഴുവൻ നല്ലെണ്ണയൊഴിച്ച് കത്തിച്ച വിളക്ക് എരിയട്ടെ. മൺചട്ടിയിൽ പിടിക്കുന്ന കരി അടുത്ത ദിവസം ചുരണ്ടിയെടുത്ത് ആവണക്കെണ്ണയിൽ ചാലിച്ചു വയ്ക്കാം. ഒരു വർഷം വരെ കേടുകൂടാതെയിരിക്കും.

∙ മേൽപ്പറഞ്ഞ കൺമഷി കൊണ്ട് കണ്ണെഴുതിയാൽ‌ നേത്ര രോഗങ്ങൾക്കുളള സാധ്യത കുറയും. സ്ഥിരമായി ഉപയോഗിച്ചാൽ തലവേദനയ്ക്കും കുറവുണ്ടാകും.

∙ കണ്ണുകളുടെ ക്ഷീണം മാറാൻ കട്ടൻ ചായയോ പനിനീരോ പഞ്ഞിയിൽ മുക്കി പത്തു മിനിറ്റുനേരം കൺപോളയ്ക്ക് മുകളിൽ വയ്ക്കാം.

∙ മുരിങ്ങയിലയും പൂവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉൻമേഷവും നൽകും.

അധരങ്ങൾ തുടുക്കാൻ

∙ ചുണ്ടിലെ കറുപ്പുനിറം മാറ്റാൻ‌ വെണ്ണയിൽ (ഉപ്പു ചേരാത്തത്) കുങ്കുമപ്പൂ ചാലിച്ചു ചുണ്ടിൽ പുരട്ടുക. വെണ്ണയിൽ രണ്ടു മൂന്നു തുള്ളി തേൻ ചേർത്തു ചുണ്ടിൽ പുരട്ടുക. ചുണ്ടിലെ കരുവാളിപ്പു മാറി നല്ല തുടുപ്പ് ഉണ്ടാകും.

∙ കറുത്ത ചുണ്ടുകൾ മുഖസൗന്ദര്യത്തെ ആകെ കെടുത്തിക്കളയും. ചുണ്ടു തുടുക്കാൻ കുങ്കുമപ്പൂവ് ഉപയോഗിക്കാം. കുങ്കുമപ്പൂവ് ഒരു തുളളി തേനിൽ‌ ചാലിച്ച് വയ്ക്കുക. ഈ മിശ്രിതത്തിൽ അൽപം പാലും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ കറുപ്പു നിറം അശ്ശേഷം മാറി തുടുത്ത റോസാദലങ്ങൾ പോലെയാകും

∙ ചുണ്ടു വരണ്ടു പൊട്ടുന്നതു തടയാൻ വെണ്ണയോ നെയ്യോ പുരട്ടിയാൽ മതിയാകും. ദിവസത്തിൽ പല തവണകളായി പുരട്ടാം.

∙ നിറം മങ്ങിയ ചുണ്ട് തുടുക്കാൻ ചന്ദനം അരച്ച് പനിനീരിൽ ചാലിച്ചു പുരട്ടുക.

കടപ്പാട്: ഡോ. അപർണ, ചീഫ് റെസിഡന്റ് ഡോക്ടർ, ഡോ. ആരതി. അഡീഷണൽ റെസിഡന്റ് ഡോക്ടർ, പൂമുളളി മന, പാലക്കാട്

Tags:
  • Glam Up
  • Beauty Tips