Saturday 22 July 2023 02:37 PM IST

‘സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കും’; മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Rakhy Raz

Sub Editor

1880279806

നീട്ടി വളർത്തുകയോ ഷോർട് കട്ട് ചെയ്തു സ്റ്റൈൽ ചെയ്യുകയോ ഏതു രീതി സ്വീകരിച്ചാലും മുടിയുടെ അഴകു നിശ്ചയിക്കുന്നത് ഉള്ളും ആരോഗ്യവും ആണ്. മുടി ഒട്ടൊക്കെ പാരമ്പര്യമാണെങ്കിലും നന്നായി ശ്രദ്ധിച്ചാലേ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനാകൂ. മുടിയെ ബാധിക്കുന്ന പ്രശ്നങ്ങളെ യഥാസമയം അറിഞ്ഞു പരിഹാരം ക ണ്ടെത്തുകയും വേണ്ട കരുതൽ നൽകുകയും  ചെയ്യണം. എത്രത്തോളം സ്നേഹം നൽകുന്നുവോ അത്രത്തോളം തിരികെ സ്നേഹിക്കുന്ന ഒന്നാണു  മുടി.

മുടി കൊഴിയുന്നത് എന്തുകൊണ്ട് ?

മുളയ്ക്കുകയും വളരുകയും കൊഴിയുകയും ചെയ്യുന്നതു മുടിയുടെ സ്വാഭാവിക പ്രക്രിയയാണ്. ആനജൻ, കാറ്റജൻ, ടീലോജൻ എന്നീ മൂന്നു വളർച്ചാ ഘട്ടങ്ങളിൽ അ വസാന ഘട്ടമായ ടീലോജനിലാണു മുടി കൊഴിയുന്നത്. ഒരു വ്യക്തിയുടെ ജീവിതകാലത്തോളം ഈ മൂന്നു ഘട്ടങ്ങൾ തുടരുന്നു. ഒരു ദിവസം 50–100 മുടിയിഴകൾ വരെ കൊഴിയുന്നതു സ്വാഭാവികമാണ്.  

 മുടി ഏറ്റവും നന്നായി വളരുന്നതു കൗമാര കാലത്താണ്. മുപ്പതുകളും നാൽപതുകളും എത്തുമ്പോൾ മുടി കൊഴിച്ചിൽ കൂടും. കൊഴിഞ്ഞ മുടിയുടെ എണ്ണമെടുക്കുക സാധ്യമല്ലെങ്കിലും മുടി കെട്ടി വയ്ക്കുമ്പോൾ വല്ലാതെ ഉള്ളു കുറവ് അനുഭവപ്പെടുകയും ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നയിടത്തും കുളിമുറിയിലും ചീപ്പിലും എപ്പോഴും മുടി കൊഴിഞ്ഞു കാണുകയും ചെയ്യുന്നുവെങ്കിൽ  മുടികൊഴിച്ചിൽ പ്രശ്നമായി മാറി എന്നു മനസ്സിലാക്കാം. ഇതിനു ചികിത്സ ആവശ്യമാണ്.

കാലാവസ്ഥയിലെ  മാറ്റം താൽ‍ക്കാലികമായ   മുടി കൊ ഴിച്ചിലിനു കാരണമാകാം. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും മുടികൊഴിച്ചിൽ വരാം. ഏതു സാഹചര്യത്തിലായാലും അമിതമുടികൊഴിച്ചിൽ കണ്ടാൽ വി ദഗ്ധ ഡോക്ടറെ കണ്ടു പരിഹാരം തേടണം. സ്വയംചികിത്സയ്ക്കും  കേട്ടുകേൾവി അനുസരിച്ചുള്ള എണ്ണകളുടെ ഉപയോഗത്തിനും മുതിരരുത്. തുടക്കത്തിലേ ചികിത്സ സ്വീകരിച്ചാൽ പരിഹാരം എളുപ്പമാകും.

എണ്ണതേച്ചു കുളി മുടി കൊഴിച്ചിൽ അകറ്റുമോ ?

സാധാരണ നിലയിൽ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നിത്യവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളി ൽ എണ്ണ തേച്ചു കുളിക്കാം. വീട്ടിൽ കാച്ചിയെടുക്കുന്നതോ ആയുർവേദ വിധി പ്രകാരം കാച്ചിയെടുക്കുന്ന എണ്ണയോ ഉപയോഗിക്കാം. നീർവീഴ്ച, ജലദോഷം, തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ആരോഗ്യാവസ്ഥ പ റഞ്ഞ് ആയുർവേദ വിദഗ്ധർ നിർദേശിക്കുന്ന എണ്ണ  തലയിൽ തേച്ചു കുളിക്കുന്നതാണു നല്ലത്.

എണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ മൃദുവായി തേച്ചു പിടിപ്പിച്ച്  അര മണിക്കൂർ കഴിഞ്ഞു കുളിക്കുക. തല കുളിക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളവും  പ്രധാനമാണ്. ഏറെ തണുപ്പും ചൂടും ഇല്ലാത്ത വെള്ളത്തിൽ കുളിക്കുകയാണ് അഭികാമ്യം.

പോഷകാഹാരക്കുറവ് മുടിയെ ബാധിക്കുമോ ?

വൈറ്റമിൻ, ഹീമോഗ്ലോബിൻ, സിങ്ക് പോലുള്ള ഘ‍ടകങ്ങളുടെ കുറവ് മുടികൊഴിച്ചിലിനു കാരണമാകും. ഡോക്ടർ നിർദേശിക്കുന്ന രക്ത പരിശോധനകളിലൂടെ ഇവ കണ്ടെത്താൻ കഴിയും. ഇത്തരം സാഹചര്യം ഒഴിവാക്കാ ൻ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ചർമരോഗവിദഗ്ധരെ കണ്ടു മുടി വളർച്ചയ്ക്കായി വൈറ്റമിൻ സപ്ലിമെന്റ്സ് കഴിക്കാവുന്നതാണ്.   

ഭാരം കുറയ്ക്കാൻ ക്രാഷ് ഡയറ്റ് സ്വീകരിക്കുക, പോഷകപ്രദമല്ലാത്ത ഡയറ്റ് പിന്തുടരുക എന്നിവയും മുടി കൊഴിച്ചിലിനു കാരണമാകും. ആയുർവേദമാണു താൽപര്യമെങ്കിൽ പോഷകക്കുറവു പരിഹരിക്കുന്നതിനൊപ്പം മുടി വളർച്ചയ്ക്കായി നരസിംഹ രസായനം, ദ്രാക്ഷാരിഷ്ടം എന്നിവ വൈദ്യനിർദേശപ്രകാരം കഴിക്കാവുന്നതാണ്.

മുടി പൊട്ടിപ്പോകുന്നത് എങ്ങനെ തടയാം ?

മുടി പൊട്ടിപ്പോകുന്നതും അറ്റം പിളരുന്നതും ആരോഗ്യക്കുറവാണ് സൂചിപ്പിക്കുന്നത്. പോഷകങ്ങളുടെ അഭാവം മുടിയുടെ പരിചരണത്തിലുള്ള അശ്രദ്ധ എന്നിവ ഈ പ്രശ്നങ്ങളിലേക്കു നയിക്കും. രാസവസ്തുക്കളുടെ അമിതോപയോഗം മുടിയുടെ ഉള്ളു കുറയ്ക്കും. മുടി പൊട്ടിപോകാനും ഇടയാക്കും.   

യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും മുടി അഴിച്ചിടുന്നത് ഒഴിവാക്കുക. മുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഷാംപൂ ചെയ്ത ശേഷം കണ്ടീഷനർ ഉപയോഗിക്കുകയോ കണ്ടീഷനർ അടങ്ങിയ ഷാംപൂ ഉപയോഗിക്കുകയോ ചെയ്യാം. രാസ ട്രീറ്റമെന്റുകൾ കഴിഞ്ഞാൽ ചെയ്യേണ്ട പരിപാല നം കൃത്യമായി ചെയ്യുക.

നീലിഭൃംഗാദി കേര തൈലം, കുന്തള കാന്തി തൈലം, കയ്യുണ്യാദി തൈലം എന്നിവ ശിരോചർമത്തിലെ വരൾച്ച തടയും. ത്രിഫലാദി തൈലം മുടിയുടെ വേരുകളിലും അ റ്റത്തും പുരട്ടി ഇരുപതു മിനിറ്റിനു ശേഷം നെല്ലിക്കയും ചിറ്റമൃതും പൊടിയാക്കിയതു സമം ചേർത്തത് ഉപയോഗിച്ചു കഴുകുക. ഇതു മുടിയുടെ അറ്റം പിളരുന്നതു തടയും. ഉചിതമായതു വൈദ്യനിർദേശപ്രകാരം സ്വീകരിക്കാം.   

രോഗങ്ങൾ മുടി കൊഴിച്ചിലുണ്ടാക്കുമോ ?

രോഗാവസ്ഥകളിൽ മുടികൊഴിച്ചിലുണ്ടാകും. ആ രോഗ്യക്കുറവ് മുടിയേയും ബാധിക്കും. സാധാരണ നിലയിലുള്ള രോഗാവസ്ഥകളിൽ അവ ഭേദമാകുമ്പോൾ മുടികൊഴിച്ചിലും മാറും.

പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്, തൈ റോയ്ഡ് എന്നീ രോഗങ്ങളിൽ മുടി കൊഴിച്ചിൽ  പ്രധാന ലക്ഷണമാണ്. ഈ രോഗങ്ങളുണ്ടെങ്കിൽ സ്ഥിരമായി ചികിത്സ വേണ്ടതും ജീവിതശൈലി ക്രമീകരിച്ചു നിയന്ത്രിക്കേണ്ടതുമാണ്. തലയിൽ പല ഭാഗത്തു നിന്നായി മുടി കൊഴിയുക, ഏതെങ്കിലും ഭാഗത്തു നിന്നു വട്ടത്തിൽ മുടി കൊഴിയുക എന്നിവ  ഡിഫ്യൂസ് അലോപേഷ്യ, അലോപേഷ്യ ഏരിയെറ്റ എന്നീ രോഗാവസ്ഥ കാരണമാകാം.

പ്രസവശേഷമുള്ള മുടികൊഴിച്ചിലിനു കാരണമെന്താണ്?

പ്രസവശേഷം രണ്ടു മൂന്നു മാസം കഴിയുമ്പോഴാണ് പലർക്കും മുടി കൊഴിച്ചിൽ ആരംഭിക്കുന്നത്. ഗർഭാവസ്ഥയിലെ പ്രധാന ഹോർമോണുകളായ ഈസ്ട്രജൻ, കോർട്ടിസോൾ മുതലായവയുടെ പ്രവർത്തനം മുടി വളർച്ച കൂട്ടുന്നു.

പ്രസവാനന്തരം ഈ ഹോർമോണുകൾ സാധാ രണ അളവിലേക്ക് എത്തും. ഇതു വളർച്ചാ ഘട്ടത്തിലുള്ള മുടി കൊഴിയുന്നതിനു കാരണമാകും. എന്നാൽ ക്രമത്തിൽ പൂർവസ്ഥിതിയിലേക്ക് എ ത്തേണ്ടതാണ്. അതു സംഭവിക്കുന്നില്ലെങ്കിൽ ആ യുർവേദ വിദഗ്ധരെയോ ചർമരോഗ വിദഗ്ധരെയോ കണ്ടു ചികിത്സ തേടണം.

കഷണ്ടി വരുന്നത് എന്തുകൊണ്ട് ?  

സ്ത്രീകളിലും പുരുഷന്മാരിലും പുരുഷ ഹോർമോണായ ആൻഡ്രോജന്റെ അളവു വർധിക്കുന്നതാണു കഷണ്ടി എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ജനിതക കാരണങ്ങളും പ്രധാന പങ്കുവഹിക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത രീതിയിലാണു കഷണ്ടി ഉണ്ടാകുന്നത്. ചെറിയ ശതമാനം സ്ത്രീകളിൽ മാത്രമേ പുരുഷന്മാരുടേതു പോലെ നെറ്റി കയറുകയും മൂർധാവിൽ നിന്ന് ഉള്ളു കുറയുകയും ചെയ്യാറുള്ളൂ.

കഷണ്ടിക്ക് ഫലപ്രദമായ മരുന്നുകളുണ്ട്. കഴിക്കേണ്ടവയും പുരട്ടേണ്ടവയുമായ ഇത്തരം മരുന്നുകൾ വൈദ്യനി ർദേശപ്രകാരമേ സ്വീകരിക്കാവൂ. ചികിത്സയിലൂടെ ഫലം ലഭിക്കാത്തവർക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ആണു പരിഹാരം. തലയുടെ പിൻ ഭാഗത്തു നിന്നു മുടിയെടുത്തു മുൻഭാഗത്തു പിടിപ്പിക്കുന്ന ചികിത്സാരീതിയാണു ഹെയർ ട്രാൻസ്പ്ലാന്റ്.

താരൻ നിയന്ത്രിക്കാൻ എന്തു ചെയ്യണം ?

ശിരോചർമത്തിലെ ഫംഗസ് ബാധയാണ് താരൻ. വരണ്ട കാലാവസ്ഥ, തലയോട്ടിയുടെ ശുചിത്വമില്ലായ്മ, രാസപദാർഥങ്ങളുടെ അമിതോപയോഗം മൂലം തലയോട്ടിയിലെ ചർമം വരണ്ടതാകുക, ശിരോചർമത്തിൽ കൂടുതൽ സെബം ഉത്പാദിപ്പിക്കപ്പെടുക എന്നിവ താരനു കാരണമാകും. ഇളം ചൂടുള്ള എണ്ണകൊണ്ടു നിത്യവും മസാജ് ചെയ്യുന്നതു താരൻ കുറയ്ക്കും. എണ്ണ നേരിട്ടു ചൂടാക്കുകയല്ല വേണ്ടത്. ഒരു പാത്രമോ സ്പൂണോ ചൂടാക്കിയതിലേക്ക് എണ്ണയൊഴിക്കുക. അതിലൂടെ ലഭിക്കുന്ന ചൂട് മതിയാകും.  

ചീവയ്ക്കാ പൊടിയോ താളിയോ ഉപയോഗിച്ചു ശിരോചർമം വൃത്തിയാക്കാം. വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിക്കാം.

തേങ്ങാപ്പാലും ചെറുനാരങ്ങയുടെ നീരും ചേർത്ത മിശ്രിതം തലയിൽ തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം  കുളിക്കുന്നതു താരൻ കുറയ്ക്കും. ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നതു താരൻ നിയന്ത്രിക്കും. താരൻ വർധിച്ച അളവിലെങ്കിൽ ചർമരോഗ വിദഗ്ധനെ കാണാൻ മടിക്കരുത്. മെഡിക്കേറ്റഡ് ഷാംപൂവും മരുന്നുകളും വേണ്ടി വരാം.  

ആയുർവേദത്തിൽ താരനെ നേരിടാൻ പരിഹാരമാർഗങ്ങളുണ്ട്. ദന്തപാല കേരതൈലം, ധുർദ്ധൂര പത്രാദി കേ ര തൈലം എന്നിവയും ബ്രഹ്മരസായനം പോലുള്ള മരുന്നുകളും വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാം.

അകാല നര തടയാനാകുമോ ?

പാരമ്പര്യം, മാനസിക സമ്മർദം, പോഷകാഹാരക്കുറവ് എന്നിവയാണ് അകാല നരയ്ക്കു കാരണം.  മുടിയുടെ വേരുകളുടെ ഭാഗത്തുള്ള ഹെയർ ബബിളിൽ മെലനോസൈറ്റ് എന്ന കോശങ്ങൾ ഉണ്ട്. അ വയാണു മുടിക്കു നിറം നൽകുന്നത്. ഈ കോശങ്ങളുടെ കുറവു മുടിയുടെ നിറം നഷ്ടപ്പെടുത്തും.  മെലനോസൈറ്റ് കോശങ്ങൾ വളർത്താൻ സഹായിക്കുന്ന അലോപ്പതി മരുന്നുകൾ ലഭ്യമാണ്.

ആവണക്കെണ്ണ, ബദാം എണ്ണ എന്നിവ സമം ചേർത്തു പുരട്ടുന്നത് അകാല നര കുറയ്ക്കും. കുങ്കുമാദി തൈലം രണ്ടു തുള്ളി വീതം മൂക്കിലൊഴിക്കുന്നതും ഫലപ്രദമാണ്.

448713871

മുടിയുടെ അടിവേരുകളെ അറിയാം

തലയോട്ടിയിലെ രോമകൂപങ്ങൾ അഥവാ ഹെയർ ഫോളിക്കിളിൽ നിന്നാണു മുടി വളരുന്നത്. ഹെയർ ഫോളിക്കിളുകളിലെ മെലാനിൻ മുടിക്കു കറുപ്പ് നിറം നൽകും. മുടിയിലേക്കു തുറക്കുന്ന സെബേഷ്യസ് ഗ്രന്ഥികൾ അവയ്ക്ക് എണ്ണമയവും തിളക്കവും നൽകുന്നു. ആനജൻ, കാറ്റജൻ, ടീലോജൻ എന്നിങ്ങനെ മൂന്നു ഘട്ടങ്ങൾ മുടിക്കുണ്ടെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ. ഇതിൽ ആനജൻ ഘട്ടത്തിന്റെ ദൈർഘ്യമാണ് മുടിയുടെ നീളം നിർണ്ണയിക്കുന്നത്. ഒരാളുടെ തൊണ്ണൂറു ശതമാനം മുടിയും ആനജൻ ഘട്ടത്തിലായിരിക്കും. ആനജൻ ഘട്ടം പാരമ്പര്യവും ആരോഗ്യവും അനുസരിച്ചു വ്യത്യസ്തമായിരിക്കും. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ മുടിയുടെ ആനജൻ ഘട്ടം കൂടുതലാണ്.

ആനജൻ ഘട്ടത്തിനു ശേഷം ഹെയർ ഫോളിക്കിളുകൾ ചുരുങ്ങി വളർച്ച കുറഞ്ഞു മുടി കാറ്റജൻ ഘട്ടത്തിലേക്കു കടക്കും. ഇത് ഏകദേശം മൂന്നാഴ്ച തുടരും. അതിനു ശേഷം ടീലോജൻ ഘട്ടത്തിൽ വളർച്ച നിലച്ചു മുടി കൊഴിയും. ഇതേ ഹെയർ ഫോളിക്കിളിൽ പുതിയ മുടി വരും. ഈ ചാക്രിക പ്രവർത്തനം തുടരും. പ്രായം കൂടുമ്പോൾ ആനജൻ ഘട്ടത്തിന്റെ ദൈർഘ്യം കുറയും.

മുടിക്കു വേണം നല്ല ഭക്ഷണം

മുടിയുടെ ആരോഗ്യകരമായ വളർച്ചാ കാലഘട്ടം രണ്ടു മുതൽ ഏഴു വരെ വർഷങ്ങളാണ്. ചിട്ടയായ ജീവിതരീതി, ഭക്ഷണം എന്നിവയിലൂടെ ഈ വളർച്ചാ കാലഘട്ടം കുറയാതെ കാക്കാനാകും.

മുടിയുടെ ആരോഗ്യത്തിനു നല്ല ഭക്ഷണം തന്നെയാണ് ഏറ്റവും പ്രധാനം.  മുടിയുടെ സ്വാഭാവിക വളർച്ചയ്ക്ക് പ്രോട്ടീൻ, ബയോട്ടിൻ, അയൺ, വൈറ്റമിൻ സി എന്നിവ പ്രധാനമാണ്.

മുട്ട, പാൽ, പനീർ, തൈര്, ചീസ് പോലുള്ളവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. സമൃദ്ധമായ മുടിക്കു ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർധിപ്പിക്കുക.  

പയർ, കോളിഫ്ലവർ, കാരറ്റ്, ബദാം എന്നിവയിൽ ബ യോട്ടിൻ അടങ്ങിയിട്ടുണ്ട്. പച്ചിലക്കറികൾ, പേരയ്ക്ക, മാംസം എന്നിവയിൽ ഇരുമ്പ് ധാരാളമായുണ്ട്. പുളിരസമുള്ള പഴങ്ങൾ, കാപ്സിക്കം, നാരങ്ങാവെള്ളം എന്നിവ വൈറ്റമിൻ സി ലഭിക്കുന്നതിനായി കഴിക്കാം. സിങ്ക് രോമകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.  

പിസിഒഡി, തൈറോയ്ഡ് എന്നീ രോഗാവസ്ഥകളെ നേരിടാൻ മരുന്നിനൊപ്പം ജീവിതശൈലി ക്രമീകരണവും വേണം. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കുന്നതിലൂടെ രോഗത്തെയും ലക്ഷണമായി വരുന്ന മുടികൊഴിച്ചിലിനെയും നേരിടാം.

മുടിയഴകിനു നസ്യം

മൂക്കിൽ തൈലം ഇറ്റിക്കുന്ന രീതി മുടി വളർച്ചയെ ഗുണപരമായി സ്വാധീനിക്കും. മുടി കൊഴിച്ചിലിനു കാരണമാകുന്ന പല രോഗങ്ങളെയും അകറ്റി നിർത്താനും നര തടയാനും നിത്യവും നസ്യം ചെയ്യുന്നത് സഹായിക്കും. അണുതൈലം, ഷഡ്ബിന്ദു തൈലം എന്നിവ  നസ്യം ചെയ്യാൻ ഉപയോഗിക്കാം. വാതം, പിത്തം, ക ഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥയാണ് ആയുർവേദപ്രകാരം ആരോഗ്യം. ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിൽ കൊണ്ടുണ്ടാകുന്ന മുടി കൊഴിച്ചിൽ തടയാൻ നസ്യം സഹായിക്കും. വൈദ്യനിർദേശപ്രകാരം ഉചിതമായതു സ്വീകരിക്കാം.

ആവി പിടിച്ച ശേഷം നസ്യത്തിനുള്ള തൈലം എടുത്ത പാത്രം ചെറുചൂടുള്ള വെള്ളത്തിൽ വച്ചു തൈലം ചൂടാക്കുക. തല അൽപം കീഴോട്ട് വരുന്ന വിധത്തിൽ  സുഖകരമായി നീണ്ടു നിവർന്നു കിടക്കുക. രണ്ടു മൂക്കിലും രണ്ടു തുള്ളി മരുന്ന് ഇറ്റിച്ചു കൊടുക്കുക. പത്ത് മിനിറ്റു നേരം അതേ രീതിയിൽ കിടക്കുക. നസ്യം ചെയ്യാൻ ഏറ്റവും നല്ല സമയം രാവിലെ ആറു മണി മുതൽ ഏഴു വരെയും വൈകുന്നേരം അഞ്ചു മണി മുത ൽ ആറു വരെയുമാണ്.

മുടിക്കായ മാറ്റാൻ സാധിക്കുമോ ?

മുടിയിൽ മണൽത്തരി പറ്റിപ്പിടിച്ചതുപോലെ അനുഭവപ്പെടുന്ന ഫംഗസ് ബാധയാണു മുടിക്കായ. ചൂടും വിയർപ്പും കൂടുന്ന കാലാവസ്ഥയിൽ ഇതു വർധിക്കാം. മുടിക്കായ ഉള്ള ഭാഗത്തു നിന്നു മുടി പൊട്ടിപോകും.   

മുടിയിൽ ആവശ്യത്തിലധികം എണ്ണമയം നില നിൽക്കുന്നത് അഴുക്കും നനവും പിടിച്ചു നിർത്തും. ഇതു മുടിക്കായയ്ക്കു കാരണമാകും. നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതും മുടിക്കായയ്ക്കു കാരണമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ആന്റി ഫംഗ ൽ മരുന്നുകളും ഷാംപൂവും ഉപയോഗിച്ച് ഇതിനെ നേരിടാം.

അരുത് ഈ രീതികൾ

കാറ്റും കടുത്ത സൂര്യപ്രകാശവും ഏൽക്കുന്നത്  മുടിയുടെ ആരോഗ്യം കെടുത്തും. മുടിയുടെയും ചർമത്തിന്റെയും പ്രത്യേകതകൾക്കു യോജിക്കാത്ത കെമിക്കൽ ട്രീറ്റ്മെന്റുകൾ സ്വീകരിക്കരുത്. ഇ തു മുടികൊഴിച്ചിലിനു കാരണമാകും.

നനഞ്ഞ മുടി ശക്തിയായി വലിച്ചു ചീകുക  യോ തോർത്തുകയോ ചെയ്യരുത്. മുടി വലിച്ചു മുറുക്കി കെട്ടാതിരിക്കുക. മുടി കെട്ടിവച്ചിരിക്കുന്ന ഹെയർ ബാന്റ് വലിച്ച് ഊരരുത്.

പല്ലകലം തീരെ കുറഞ്ഞ ചീപ്പ് ഉപയോഗിച്ചു മുടി ചീകരുത്. മുടികുരുങ്ങി പൊട്ടിപ്പോകാൻ കാരണമാകാം.

രാത്രി മുടി അയവുള്ള വിധം കെട്ടി വയ്ക്കാതെ ഉറങ്ങരുത്. മുടി ദുർബലമാകാൻ ഇടയാക്കും. സിൽക്, സാറ്റിൻ തലയണ കവറുകളാണ് മുടി ഉരസി പൊട്ടിപ്പോകാതിരിക്കാൻ നല്ലത്.

വീട്ടിലുണ്ടാക്കാം മുടി വളർത്തും എണ്ണ

കയ്യുണ്യം, ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) നീലയമരി, ചെമ്പരത്തി, ഇരട്ടിമധുരം, എള്ള്, ക റ്റാർ വാഴ, കറിവേപ്പില, ഉള്ളി എന്നിവ മുടി വളർച്ചയെ സഹായിക്കുന്ന മരുന്നുകളാണ്.

ഇവ ഒന്നായോ പല വിധത്തിൽ ചേർത്തോ എ ണ്ണ  കാച്ചാം. നൂറൂ മില്ലി എണ്ണയ്ക്കു നാലിലൊന്ന് മരുന്ന് 400 മില്ലി വെള്ളം ചേർത്ത് അരച്ച്, അരപ്പു മണൽ പോലെ തരുതരുപ്പായി വരുന്നതു വരെ കാച്ചുകയാണ് വേണ്ടത്. മുടിക്കു കറുപ്പു നിറം ലഭിക്കാൻ അഞ്ജനം ചേർക്കാവുന്നതാണ്. എണ്ണയുടെ തണുപ്പു കുറയ്ക്കാൻ കുരുമുളകും തുളസിയും കൂടി ചേർക്കാം. ചെമ്പരത്തി, കുറുന്തോട്ടി, നെന്മേനി വാക, വെള്ളില എന്നിവ അരച്ച് ഷാംപൂവിനു പകരം ഉപയോഗിക്കാം.

വെള്ളം കൊടുക്കാം, മുടിക്ക്

മുടിയുടെ ആരോഗ്യത്തിൽ മുടിയിലെ ജലാംശം പ്രധാനമാണ്. മുടി വരണ്ടു പൊട്ടിപ്പോകാതിരിക്കാൻ ജലം അത്യാവശ്യമായതിനാൽ  ദിവസവും രണ്ടര ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. ജലാംശം ധാരാളമുള്ള പച്ചക്കറികളും പഴങ്ങളും നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഹെയർ ഡൈ ഉപയോഗിക്കാമോ ?

ഹെയർ ഡൈ ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. തലയോട്ടിയിൽ ചൊറിച്ചിൽ, മുഖത്തു നിറം മാറ്റം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

പാരാഫെനിലിൻ ഡൈഅമീൻ എന്ന രാസവസ്തുവാണു പ്രധാനമായും അലർജിക്കു കാരണമാകുന്നത്. അതു പരിശോധിച്ചു വാങ്ങാൻ ശ്രമിക്കാം. ഡോക്ടറുടെ നിർദേശപ്രകാരവും ഹെയർ ഡൈ തിരഞ്ഞെടുക്കാവുന്നതാണ്.

ഏതു ബ്രാൻഡ് ഡൈ ആയാലും അൽപം എടുത്ത് കയ്യിലോ ചെവിക്കു പുറകിലോ പുരട്ടി 24 മണിക്കൂർ നിരീക്ഷിച്ച ശേഷം പ്രശ്നമൊന്നുമില്ലെങ്കിൽ മാത്രം ഉപയോഗിക്കുക.

-ഡോ. കെ. ടി. ബീന

ആയുർവേദ വിഭാഗം

ഇന്ദിരാഗാന്ധി കോ ഓപറേറ്റീവ് ഹോസ്പിറ്റൽ

കൊച്ചി.

ഡോ.അനുരാധ കാക്കനാട്ട് ബാബു

സീനിയർ കൺസൽറ്റന്റ്

ഡെർമറ്റോളജി വിഭാഗം 

ആസ്റ്റർ മെഡ് സിറ്റി, കൊച്ചി

Tags:
  • Glam Up
  • Beauty Tips