Friday 30 June 2023 03:42 PM IST

‘മുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ മതി’; ഉള്ളും ആരോഗ്യവുമുള്ള മുടിയഴകിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Rakhy Raz

Sub Editor

1070503037

നീട്ടി വളർത്തുകയോ ഷോർട് കട്ട് ചെയ്തു സ്റ്റൈൽ ചെയ്യുകയോ ഏതു രീതി സ്വീകരിച്ചാലും മുടിയുടെ അഴകു നിശ്ചയിക്കുന്നത് ഉള്ളും ആരോഗ്യവും ആണ്. മുടി ഒട്ടൊക്കെ പാരമ്പര്യമാണെങ്കിലും നന്നായി ശ്രദ്ധിച്ചാലേ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനാകൂ. മുടിയെ ബാധിക്കുന്ന പ്രശ്നങ്ങളെ യഥാസമയം അറിഞ്ഞു പരിഹാരം കണ്ടെത്തുകയും വേണ്ട കരുതൽ നൽകുകയും  ചെയ്യണം. എത്രത്തോളം സ്നേഹം നൽകുന്നുവോ അത്രത്തോളം തിരികെ സ്നേഹിക്കുന്ന ഒന്നാണു  മുടി. 

മുടി കൊഴിയുന്നത് എന്തുകൊണ്ട് ?

മുളയ്ക്കുകയും വളരുകയും കൊഴിയുകയും ചെയ്യുന്നതു മുടിയുടെ സ്വാഭാവിക പ്രക്രിയയാണ്. ആനജൻ, കാറ്റജൻ, ടീലോജൻ എന്നീ മൂന്നു വളർച്ചാ ഘട്ടങ്ങളിൽ അ വസാന ഘട്ടമായ ടീനേജിലാണു മുടി കൊഴിയുന്നത്. ഒരു വ്യക്തിയുടെ ജീവിതകാലത്തോളം ഈ മൂന്നു ഘട്ടങ്ങൾ തുടരുന്നു. ഒരു ദിവസം 50–100 മുടിയിഴകൾ വരെ കൊഴിയുന്നതു സ്വാഭാവികമാണ്.  

മുടി ഏറ്റവും നന്നായി വളരുന്നതു കൗമാര കാലത്താണ്. മുപ്പതുകളും നാൽപതുകളും എത്തുമ്പോൾ മുടി കൊഴിച്ചിൽ കൂടും. കൊഴിഞ്ഞ മുടിയുടെ എണ്ണമെടുക്കുക സാധ്യമല്ലെങ്കിലും മുടി കെട്ടി വയ്ക്കുമ്പോൾ വല്ലാതെ ഉള്ളു കുറവ് അനുഭവപ്പെടുകയും ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നയിടത്തും കുളിമുറിയിലും ചീപ്പിലും എപ്പോഴും മുടി കൊഴിഞ്ഞു കാണുകയും ചെയ്യുന്നുവെങ്കിൽ  മുടികൊഴിച്ചിൽ പ്രശ്നമായി മാറി എന്നു മനസ്സിലാക്കാം. ഇതിനു ചികിത്സ ആവശ്യമാണ്.

കാലാവസ്ഥയിലെ  മാറ്റം താൽ‍ക്കാലികമായ  മുടി കൊഴിച്ചിലിനു കാരണമാകാം. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും മുടികൊഴിച്ചിൽ വരാം. ഏതു സാഹചര്യത്തിലായാലും അമിത മുടികൊഴിച്ചിൽ കണ്ടാൽ വിദഗ്ധ ഡോക്ടറെ കണ്ടു പരിഹാരം തേടണം. സ്വയംചികിത്സയ്ക്കും  കേട്ടുകേൾവി അനുസരിച്ചുള്ള എണ്ണകളുടെ ഉപയോഗത്തിനും മുതിരരുത്. തുടക്കത്തിലേ ചികിത്സ സ്വീകരിച്ചാൽ പരിഹാരം എളുപ്പമാകും. 

എണ്ണതേച്ചു കുളി മുടി കൊഴിച്ചിൽ അകറ്റുമോ ?

സാധാരണ നിലയിൽ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നിത്യവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളി ൽ എണ്ണ തേച്ചു കുളിക്കാം. വീട്ടിൽ കാച്ചിയെടുക്കുന്നതോ ആയുർവേദ വിധി പ്രകാരം കാച്ചിയെടുക്കുന്ന എണ്ണയോ ഉപയോഗിക്കാം. നീർവീഴ്ച, ജലദോഷം, തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ആരോഗ്യാവസ്ഥ പറഞ്ഞ് ആയുർവേദ വിദഗ്ധർ നിർദേശിക്കുന്ന എണ്ണ  തലയിൽ തേച്ചു കുളിക്കുന്നതാണു നല്ലത്.

എണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ മൃദുവായി തേച്ചു പിടിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞു കുളിക്കുക. തല കുളിക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളവും  പ്രധാനമാണ്. ഏറെ തണുപ്പും ചൂടും ഇല്ലാത്ത വെള്ളത്തിൽ കുളിക്കുകയാണ് അഭികാമ്യം.

മുടി പൊട്ടിപ്പോകുന്നത് എങ്ങനെ തടയാം ?

മുടി പൊട്ടിപ്പോകുന്നതും അറ്റം പിളരുന്നതും ആരോഗ്യക്കുറവാണ് സൂചിപ്പിക്കുന്നത്. പോഷകങ്ങളുടെ അഭാവം മുടിയുടെ പരിചരണത്തിലുള്ള അശ്രദ്ധ എന്നിവ ഈ പ്രശ്നങ്ങളിലേക്കു നയിക്കും. രാസവസ്തുക്കളുടെ അമിതോപയോഗം മുടിയുടെ ഉള്ളു കുറയ്ക്കും. മുടി പൊട്ടിപോകാനും ഇടയാക്കും.   

യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും മുടി അഴിച്ചിടുന്നത് ഒഴിവാക്കുക. മുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഷാംപൂ ചെയ്ത ശേഷം കണ്ടീഷനർ ഉപയോഗിക്കുകയോ കണ്ടീഷനർ അടങ്ങിയ ഷാംപൂ ഉപയോഗിക്കുകയോ ചെയ്യാം. രാസ ട്രീറ്റമെന്റുകൾ കഴിഞ്ഞാൽ ചെയ്യേണ്ട പരിപാല നം കൃത്യമായി ചെയ്യുക.

നീലിഭൃംഗാദി കേര തൈലം, കുന്തള കാന്തി തൈലം, കയ്യുണ്യാദി തൈലം എന്നിവ ശിരോചർമത്തിലെ വരൾച്ച തടയും. ത്രിഫലാദി തൈലം മുടിയുടെ വേരുകളിലും അ റ്റത്തും പുരട്ടി ഇരുപതു മിനിറ്റിനു ശേഷം നെല്ലിക്കയും ചിറ്റമൃതും പൊടിയാക്കിയതു സമം ചേർത്തത് ഉപയോഗിച്ചു കഴുകുക. ഇതു മുടിയുടെ അറ്റം പിളരുന്നതു തടയും. ഉചിതമായതു വൈദ്യനിർദേശപ്രകാരം സ്വീകരിക്കാം.   

കഷണ്ടി വരുന്നത് എന്തുകൊണ്ട് ?  

സ്ത്രീകളിലും പുരുഷന്മാരിലും പുരുഷ ഹോർമോണായ ആൻഡ്രോജന്റെ അളവു വർധിക്കുന്നതാണു കഷണ്ടി എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ജനിതക കാരണങ്ങളും പ്രധാന പങ്കുവഹിക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത രീതിയിലാണു കഷണ്ടി ഉണ്ടാകുന്നത്. ചെറിയ ശതമാനം സ്ത്രീകളിൽ മാത്രമേ പുരുഷന്മാരുടേതു പോലെ നെറ്റി കയറുകയും മൂർധാവിൽ നിന്ന് ഉള്ളു കുറയുകയും ചെയ്യാറുള്ളൂ. 

കഷണ്ടിക്ക് ഫലപ്രദമായ മരുന്നുകളുണ്ട്. കഴിക്കേണ്ടവയും പുരട്ടേണ്ടവയുമായ ഇത്തരം മരുന്നുകൾ വൈദ്യനിർദേശപ്രകാരമേ സ്വീകരിക്കാവൂ. ചികിത്സയിലൂടെ ഫലം ലഭിക്കാത്തവർക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ആണു പരിഹാരം. തലയുടെ പിൻഭാഗത്തു നിന്നു മുടിയെടുത്തു മുൻഭാഗത്തു പിടിപ്പിക്കുന്ന ചികിത്സാരീതിയാണു ഹെയർ ട്രാൻസ്പ്ലാന്റ്.

Tags:
  • Glam Up