Saturday 07 September 2019 12:02 PM IST : By സ്വന്തം ലേഖകൻ

അനാവശ്യ രോമങ്ങൾ നീക്കാൻ ഷേവിങ് മാത്രമല്ല പരിഹാരം; ത്രെഡിങ്, ലേസർ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളെ പരിചയപ്പെടാം

hair

നനുത്ത സ്വർണവർണമാർന്ന രോമങ്ങൾ സൗന്ദര്യലക്ഷണമായിരുന്നു പണ്ട്. സ്ലീവ്‌ലെസ് വസ്ത്രങ്ങളും ഇറക്കം കുറഞ്ഞ സ്കർട്ടുമൊക്കെ പ്രചാരത്തിലായതോടെ സ്ത്രീകളിൽ രോമങ്ങൾ നീക്കം ചെയ്യുന്നതായി ട്രെൻഡ്. പുരികം ഷേപ്പ് ചെയ്യുന്നത് മാത്രമല്ല കയ്യിലെയും കാലിലെയും കക്ഷത്തിലെയും സ്വകാര്യഭാഗങ്ങളിലെയും രോമം നീക്കം ചെയ്യലും ഇപ്പോൾ സാധാരണമായി. വിയർപ്പുഗന്ധം കുറയ്ക്കാനും ഫംഗസ് അണുബാധകളും ചൂടുകുരുവും പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അകറ്റാനും രോമം നീക്കൽ സഹായിക്കും. ത്രെഡിങ്ങും ഷേവിങ്ങും പോലെ വീടിന്റെ സ്വകാര്യതയിൽ ചെയ്യാവുന്നവ മുതൽ ലേസറും ഇലക്ട്രോലിസിസും പോലെ വിദഗ്ധ സഹായം ആവശ്യമുള്ളതുവരെ ഒട്ടേറെ മാർഗങ്ങളുണ്ട് രോമം നീക്കാനായി. സ്ഥിരമായിത്തന്നെ രോമം നീക്കാനും ഇപ്പോൾ നിഷ്പ്രയാസം കഴിയും. രോമം നീക്കുന്നതിന് മുഖ്യമായും രണ്ടു തരം രീതികളാണുള്ളത്.

∙ ഡെപിലേഷൻ അഥവാ ചർമത്തിന്റെ ഉപരിതലത്തിൽ ഉയർന്നുനിൽക്കുന്ന രോമങ്ങൾ നീക്കുക. ഷേവിങ്ങും ട്രിമ്മിങ്ങും സാധാരണമായ ഡെപിലേഷൻ രീതികളാണ്. രാസവസ്തുക്കളുപയോഗിച്ചും ചർമോപരിതലത്തിലെ രോമം നീക്കാറുണ്ട്. ഫലം താൽക്കാലികമാണ്.

∙ എപ്പിലേഷൻ അഥവാ രോമം വേരോടെ നീക്കുന്ന രീതി. വാക്സിങ്, ഷുഗറിങ്, എപ്പിലേറ്റർ എന്നറിയപ്പെടുന്ന ഉപകരണങ്ങൾ കൊണ്ടുള്ള രോമം നീക്കൽ, ലേസർ ചികിത്സ, ത്രെഡിങ്, ഇന്റൻസ് പൾസ്ഡ് ലൈറ്റ്, ഇലക്ട്രോലിസിസ്, പ്ലക്കിങ് എന്നിവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഈ രീതികൾ ദീർഘകാലത്തേക്ക് ഗുണം ചെയ്യും.

താൽക്കാലികമായി നീക്കാൻ

∙ ഷേവിങ്

ഏറ്റവും എളുപ്പവും ചെലവു കുറഞ്ഞതുമായ മാർഗമാണിത്. പുരുഷന്മാരാണ് ഷേവിങ് കൂടുതൽ പ്രയോജനപ്പെടുത്തുന്നത്. വേഗം രോമം വളരുന്നവർക്ക് പതിവായി ഷേവ് ചെയ്യേണ്ടിവരാറുണ്ട്. തുടർച്ചയായി ചർമത്തിലേൽക്കുന്ന ഈ ഉരസൽ മൂലം മുഖചർമം കട്ടിപിടിക്കാനും പിഗ്‌മെന്റേഷൻ വർധിച്ച് അവിടെയൊരു കരിവാളിപ്പു പരക്കാനും സാധ്യതയുണ്ട്. കൃത്യമായി രോമം നീക്കിയില്ലെങ്കിൽ കുറ്റിരോമങ്ങൾ ചർമത്തിൽ കൊണ്ട് ചെറിയൊരു തടിപ്പ് പോലെ (ബംപ്) ചർമത്തിൽ വരാം. രോമം വളർന്നുമൂടുമ്പോഴേക്കും അവ മാറും. വളരെ മൂർച്ചയുള്ളതോ മൂർച്ചയില്ലാത്തതോ ആയ ബ്ലേഡുകൾ കൊണ്ടുള്ള മുറിവാണ് മറ്റൊരു പ്രശ്നം. ഷേവ് ചെയ്താൽ രോമവളർച്ച കൂടുമെന്നൊരു ധാരണയുണ്ട്. യാഥാർഥ്യം അതല്ല. ഷേവ് ചെയ്യുമ്പോൾ രോമകൂപത്തിന്റെ ചർമത്തിനു പുറത്തേക്കുനിൽക്കുന്ന അഗ്രഭാഗമാണ് നീക്കംചെയ്യപ്പെടുന്നത്. രോമകൂപത്തിന്റെ വേരിനോടു ചേർന്ന ഭാഗം വീണ്ടും വളർന്ന് പുറത്തേക്ക് തള്ളുന്നതാണ് കൂടുതൽ കരുത്തുള്ളതും കറുപ്പുമായി തോന്നുന്നത്.

താടിയും മീശയും ശരിയാക്കാൻ അനുയോജ്യം.

ടിപ്സ്– ഷേവിങ് ക്രീം ധാരാളമായി ഉപയോഗിച്ചു ഷേവ് ചെയ്താൽ മുറിവുകളും തടിപ്പും തടയാം. സെൻസിറ്റീവായ ചർമമുള്ളവർക്ക് ഇലക്ട്രിക് ഷേവിങ് അനുയോജ്യം.

∙ ട്വീസിങ്– പ്ലക്കർ ഉപയോഗിച്ച് രോമം പിഴുതുനീക്കുന്ന രീതിയാണിത്. വലിയൊരു ഭാഗത്തെ രോമം നീക്കാൻ‍ ശ്രമിച്ചാൽ വടുക്കളോ രോമവളർച്ചയോ (ഇൻഗ്രോൺ ഹെയർ) ഉണ്ടാകാനിടയാക്കും.

പുരികം, മേൽചുണ്ട് പോലെ ചെറുഭാഗങ്ങൾക്ക് ഫലപ്രദം.

h2

∙ ത്രെഡിങ്

പ്രത്യേകതരം നൂൽ ഉപയോഗിച്ച് രോമംനീക്കുന്നതാണ് ത്രെഡിങ്. വേരോടെ രോമം പിഴുതുകളയുന്നതിനാൽ പതുക്കെയേ വളരൂ. കുറ്റിച്ചുവളരുകയുമില്ല. എന്നാൽ ഒരേ നൂല് കൊണ്ട് പലർക്കും ത്രെഡ് ചെയ്യുന്നതു വഴി അരിമ്പാറ പോലുള്ള അണുബാധകൾ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് പകരുന്നതായി കണ്ടിട്ടുണ്ട്. നൂല് കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ ചെറിയ മുറിവുകളുണ്ടാകാം.

പുരികത്തിലെ രോമം നീക്കാനാണ് സാധാരണ ഉപയോഗിക്കുന്നത്. സ്ത്രീകളിൽ മേൽചുണ്ടിലെ അമിതരോമ

വളർച്ച കുറയ്ക്കാനും ത്രെഡ് ചെയ്യാറുണ്ട്.

ടിപ്സ്– ത്രെഡിങ്ങിനെ തുടർന്നുള്ള അസ്വാസ്ഥ്യവും

വേദനയും കുറയ്ക്കാൻ മോയിസ്ചറൈസിങ് ലോഷനോ കലാമിൻ ലോഷനോ പുരട്ടാം. ആർത്തവത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ സ്ത്രീകളിൽ ത്രെഡ് ചെയ്യാത്തതാണ് നല്ലത്. ഈ സമയത്ത് വേദന അസഹ്യമായി അനുഭവപ്പെടാം.

∙ വാക്സിങ്– ചൂടുള്ളതോ തണുത്തതോ ആയ വാക്സ് രോമവളർച്ചയുടെ ദിശയിൽ പുരട്ടിയാണ് വാക്സ് ചെയ്യുന്നത്. വാക്സ് കട്ടയായി കഴിയുമ്പോൾ തുണിക്കഷണങ്ങൾ വച്ചമർത്തിയിട്ട് രോമവളർച്ചയുടെ എതിർദിശയിലേക്ക് വലിച്ചിളക്കുന്നു. കൈകാലുകളിലെ പോലെ വലിയ ഭാഗങ്ങളിലെ രോമംനീക്കാനും അനുയോജ്യം. വീട്ടിലും വാക്സ് ചെയ്യാം. വാക്സിങ്ങിനുപയോഗിക്കുന്ന മെഴുകിനു ചൂടു കൂടിപ്പോയാൽ പൊള്ളലുണ്ടാകാൻ സാധ്യതയുണ്ട്. ചിലരിൽ ഹെയർ ഫോളിക്കിളിന് അണുബാധ (ഫോളിക്കുലൈറ്റിസ്) വരാം. ഷുഗറിങ് അഥവാ ഉരുക്കിയ പഞ്ചസാര പുരട്ടി രോമം നീക്കുന്ന രീതിയും ഒരുതരം വാക്സിങ്ങാണ്. ഇതിനും പാർശ്വഫലമായി ഫോളിക്കുലൈറ്റിസ് വരാം. മുഖം വാക്സ് ചെയ്യരുത്. വാക്സ് ചെയ്യുമ്പോൾ ചർമത്തിന്റെ മേൽപാളി നീക്കം ചെയ്യപ്പെടും. കണ്ണിനു താഴെയുള്ള ഭാഗങ്ങളിലോ സെൻസിറ്റീവായ ചർമമുള്ളവരിലോ ഇത് കേടുപാടുകൾ വരുത്താം.

h1

കൈകാലുകളിലെയും ശരീരം മുഴുവനിലെയും രോമം നീക്കാനും കക്ഷത്തിലെയും മേൽചുണ്ടിലെയും രോമം നീക്കാനും വാക്സ് ചെയ്യാറുണ്ട്.

ടിപ്സ്– വാക്സിങ്ങിനെ തുടർന്ന് ചർമം വരണ്ടുപോകാം. അലോവെര പോലെയുള്ള ഘടകങ്ങളുള്ള ലോഷൻ പുരട്ടുന്നത് നല്ലതാണ്.

ഡെപിലേറ്ററി ക്രീമുകൾ, പ്യുമിക് സ്റ്റോൺ എപ്പിലേറ്ററുകൾ എന്നിവയും രോമം നീക്കാൻ ഉപയോഗിക്കാറുണ്ട്.

സ്ഥിരമായി നീക്കാൻ വഴിയുണ്ട്

ലേസർ, ഇലക്ട്രോലിസിസ് പോലുള്ളവയാണ് സ്ഥിരമായി രോമം നീക്കാൻ സഹായിക്കുന്ന പ്രധാന മാർഗങ്ങൾ. സ്ഥിരമായി രോമം നീക്കാം എന്നാണു പറയുന്നതെങ്കിലും നീക്കം ചെയ്തശേഷം രോമം പൂർണമായും വളരാതിരിക്കില്ല, കട്ടികുറഞ്ഞ് അങ്ങിങ്ങായാകും വളരുക എന്നുമാത്രം. പിസിഒഡി, ഹൈപ്പോതൈറോയ്ഡിസം എന്നിങ്ങനെ രോമവളർച്ചയ്ക്കു കാരണമാകുന്ന മറ്റു ഘടകങ്ങൾ ഇല്ലെങ്കിലേ ഈ രീതി കൊണ്ടു പൂർണഫലം ലഭിക്കൂ.

∙ ഇലക്ട്രോലിസിസ്– രോമകൂപങ്ങളിലേക്ക് (ഹെയർ ഫോളിക്കിൾ) വൈദ്യതി കടത്തിവിട്ട് നശിപ്പിക്കുകയാണ് ഇലക്ട്രോലിസിസിൽ ചെയ്യുന്നത്. ഒന്നിലധികം സെഷനുകൾ വേണ്ടിവരുമെന്നതും ചെലവു കൂടുമെന്നതുമാണ് പ്രധാന പോരായ്മ. ചില ഭാഗങ്ങളിൽ വടുക്കളും പിഗ്‌മെന്റേഷനും സാധ്യതയുണ്ട്.

ലേസർ ചെയ്യുമ്പോൾ

രോമവളർച്ച ദീർഘകാലത്തേക്ക് തടയാനുള്ള മാർഗങ്ങളിൽ ഒന്നാണ് ലേസർ ചികിത്സ. ഇതു വഴി ശരീരത്തിലെവിടെയുമുള്ള അനാവശ്യരോമങ്ങൾ നീക്കാം. ചെലവു കൂടുതലാണെന്നതും വേദന ഉണ്ടാകാമെന്നതുമാണ് പോരായ്മ. പലതരം ലേസറുകളുണ്ട്.

∙ ഇന്റൻസ് പൾസ്ഡ് ലൈറ്റ് തെറപ്പി അഥവാ ഐപിഎൽ. വിളറിയ ചർമക്കാർക്കും നേർത്ത രോമം നീക്കാനും ഉപകാരപ്രദം.

∙ അലക്സാൻഡ്രൈറ്റ്– ഒലീവ് നിറമുള്ള ചർമത്തിന് അനുയോജ്യം

∙ എൻഡി: യാഗ്– ഇരുണ്ട ചർമത്തിന് അനുയോജ്യം

∙ ഡയോഡ്– എല്ലാത്തരം ചർമങ്ങൾക്കും അനുയോജ്യം

∙ റൂബി– വെളുത്തനിറമുള്ള ചർമത്തിന് നല്ലത്.

ചില ലേസറുകൾ ഉപയോഗിക്കുമ്പോൾ പൊള്ളൽ തടയാൻ നീക്കം ചെയ്യേണ്ട രോമഭാഗം ഷേവ് ചെയ്യാറുണ്ട്. ഉപയോഗിക്കുന്ന ലേസറിനനുസരിച്ച് ടെക്നീഷ്യനും രോഗിയും കണ്ണുകളെ മൂടി സുരക്ഷാകവചം ധരിക്കേണ്ടതുണ്ട്. ചർമത്തിന്റെ ഉപരിപാളികളെ സംരക്ഷിക്കാനായി തണുത്ത ജെൽ പുരട്ടുകയോ തണുപ്പിക്കുകയോ ചെയ്യും. ലേസർ രശ്മിക്ക് എളുപ്പം ചർമം തുളച്ചുകയറാൻ ഇതു സഹായിക്കും. ചികിത്സ തുടങ്ങും മുൻപ് ഒരു പൾസ് ലേസർ നൽകി എന്തെങ്കിലും റിയാക്‌ഷൻ ഉണ്ടോയെന്നു നിരീക്ഷിക്കാറുണ്ട്.

ചുറ്റുപാടുമുള്ള ചർമത്തിന് ദോഷം വരുത്താതെ ഒരു പ്രത്യേകഭാഗത്തെ രോമം നീക്കാൻ ലേസർ വഴി സാധിക്കും. ഒരേസമയം ഒന്നിലധികം രോമങ്ങൾ നീക്കാം. മേൽചുണ്ട് പോലുള്ള ചെറുഭാഗങ്ങളിലെ രോമം നീക്കാൻ ഒരു മിനിറ്റിൽ താഴെ സമയം മതി. പിൻഭാഗത്തെയും കാലുകളിലെയും രോമം നീക്കാൻ ഒരു മണിക്കൂർ മതിയാകും. മൂന്നു മുതൽ ഏഴ് സെഷൻ കൊണ്ട് രോമംനീക്കൽ പൂർത്തിയാക്കാം.

ചികിത്സയ്ക്കുശേഷം ഒന്നു രണ്ടു ദിവസത്തേക്ക് ചർമത്തിൽ സൂര്യാഘാതം ഏറ്റതുപോലെ കാണപ്പെടാം. തണുപ്പേൽപിക്കുന്നതും മോയിസ്ചറൈസർ പുരട്ടുന്നതും ആശ്വാസം നൽകും. ഒരു മാസം കഴിയുന്നതോടെ ലേസർ ചെയ്തഭാഗത്തെ രോമം കൊഴിയും. തുടർന്നുള്ള മാസം സൺസ്ക്രീൻ പുരട്ടിവേണം പുറത്തിറങ്ങാൻ. കുമിളകൾ അപൂർവമാണെങ്കിലും ഇരുണ്ട ചർമക്കാരിൽ കൂടുതലായി വരുന്നുണ്ട്. വീക്കം, ചുവപ്പ്, പിഗ്‌മെന്റേഷൻ കൂടുക, വെള്ള കുത്തുകളും വടുക്കളും , സ്ഥിരമായി ചർമത്തിന്റെ നിറം മാറുക എന്നീ പാർശ്വഫലങ്ങളും ചിലരിൽ കാണാറുണ്ട്. ലേസർ ചെയ്തശേഷം ചിലരിൽ രോമവളർച്ച പെട്ടെന്നു കൂടാം. ഇതിനെ ‘പാരഡോക്സിക്കൽ ഹെയർ ഗ്രോത്ത്’ എന്നാണു പറയുക. ലേസർ കൃത്യ അളവിലല്ലെങ്കിലാണ് ഇങ്ങനെ സംഭവിക്കുക. അതുകൊണ്ട് ലേസർ ചികിത്സയ്ക്ക് മികച്ച കേന്ദ്രങ്ങളെ സമീപിക്കുക.

മരുന്നുണ്ടോ?

രോമവളർച്ച കുറയ്ക്കാനുള്ള മരുന്നുകൾ വന്നുകഴിഞ്ഞു. പക്ഷേ, രോമം വേരോടെ കളയുന്ന മാർഗങ്ങളോടൊപ്പം ഉപയോഗിക്കുമ്പോഴേ ഇവ മികച്ച ഫലം നൽകൂ. മാത്രമല്ല, ചർമരോഗവിദഗ്ധന്റെ മേൽനോട്ടത്തിലേ മരുന്നു കഴിക്കാവൂ.

സ്വകാര്യഭാഗങ്ങളിലെ രോമം നീക്കാൻ

കൗമാരപ്രായത്തിലോ ആദ്യാർത്തവ സമയം മുതലോ സ്ത്രീകളിൽ സ്വകാര്യഭാഗങ്ങളിലെയും മറ്റും രോമം നീക്കിത്തുടങ്ങാം. വിദേശങ്ങളിൽ വളരെ സാധാരണമായുള്ള ബിക്കിനി ഏരിയയിലെ രോമം നീക്കുക എന്നത് നമ്മുടെ നാട്ടിലും പ്രചാരത്തിലായി കഴിഞ്ഞു. മുലക്കണ്ണിനു ചുറ്റും നെഞ്ചിലും അടിവയർ ഭാഗത്തുമുള്ള രോമം നീക്കാൻ  ഷേവിങ്, ട്രിമ്മിങ്, ക്രീമുകൾ, എപ്പിലേറ്ററുകൾ എന്നിവയിലേതെങ്കിലും വീട്ടിൽ  ഉപയോഗിക്കാം. ഷേവ് ചെയ്യുമ്പോൾ കുളിച്ചയുടൻ ചെയ്യുക, പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ഷേവിങ് ക്രീം ധാരാളമായി പുരട്ടാം.  വാക്സിങ്  പാർലറിൽ പോയി ചെയ്യുന്നതാകും നല്ലത്. സ്ഥിരമായി രോമം നീക്കാനാഗ്രഹിക്കുന്നവർക്ക് ഇലക്ട്രോലിസിസോ ലേസറോ ചെയ്യാം. ഗർഭകാലത്ത് വയറു വലുതാകുന്നതുമൂലം സ്വകാര്യഭാഗങ്ങളിലെ രോമം സ്വയം നീക്കാൻ സാധിക്കണമെന്നില്ല. മാത്രമല്ല, ഗർഭകാലത്ത്ചിലർക്ക് പ്രെഗ്‌നൻസി ഡെർമറ്റോസിസ് എന്ന ചർമരോഗം കാണാറുണ്ട്. ഇതൊക്കെ കൊണ്ട് ആറാംമാസത്തിനുശേഷം സ്വയം രോമം നീക്കാത്തതാണ് നല്ലത്. പ്രസവശേഷവും ആറുമാസം കഴിഞ്ഞുമതി രോമം നീക്കുന്നത്. താൽക്കാലികമാർഗങ്ങളാണ് ഗർഭകാലത്ത് അനുയോജ്യം.

വിവരങ്ങൾക്ക് കടപ്പാട്;
ഡോ. മായ വിൻസന്റ്
സീനിയർ കൺസൽറ്റന്റ്
ഡോ. യോഗിരാജ് സെന്റർ ഫോർ
ഡെർമറ്റോളജി& കോസ്മറ്റോളജി, തിരുവനന്തപുരം